Image

കേരളത്തില്‍ ആദ്യ കോവിഡ് മരണം; കൊ​ച്ചി​യി​ല്‍ 69 കാരന്‍ മ​രി​ച്ചു

Published on 28 March, 2020
കേരളത്തില്‍ ആദ്യ കോവിഡ് മരണം; കൊ​ച്ചി​യി​ല്‍ 69 കാരന്‍ മ​രി​ച്ചു
കൊച്ചി:  കേരളത്തില്‍ ആദ്യ കോവിഡ് മരണം. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 69 കാരനാണ് മരിച്ചത്. ഹൃദ്രോഗി കൂടിയായിരുന്നു ഇദ്ദേഹം. 

എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ്. 

ഇദ്ദേഹത്തിന്റെ വീട്ടിലെ മൂന്നു പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഭാര്യയ്ക്കും പോസിറ്റീവ് ആണ്. ഇദ്ദേഹത്തെ നെടുമ്ബാശ്ശേരിയില്‍ നിന്നും വീട്ടിലെത്തിച്ച ടാക്‌സി ഡ്രൈവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.


ശനിയാഴ്ച രാവിലെ എട്ടോടെയായിരുന്നു മരണം. ഉച്ചയോടെയാണ് മരണ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കര്‍ശന മാനദണ്ഡങ്ങളോടെയാകും സംസ്കാരം.


മാര്‍ച്ച്‌ 16നാണ് ഇദ്ദേഹം ദുബൈയില്‍നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. രക്തസാമ്ബിള്‍ ഉള്‍പ്പെടെ നല്‍കി വീട്ടിലേക്ക് നിരീക്ഷണത്തില്‍ കഴിയാന്‍ പോയി. തുടര്‍ന്ന് മാര്‍ച്ച്‌ 22ന് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിക്കുകയും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 


കടുത്ത ന്യൂമോണിയ ലക്ഷണങ്ങളുണ്ടായ ഇദ്ദേഹം ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ഇദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

പിന്നാലെ, ഇദ്ദേഹത്തിന്‍റെ ഭാര്യക്കും ദുബൈയില്‍ നിന്നെത്തിയ ഇദ്ദേഹം വീട്ടിലേക്ക് പോയ ടാക്സി ഡ്രൈവര്‍ക്കും കോവിഡ് ബാധിച്ചു. ടാക്സി ഡ്രൈവര്‍ വൈപ്പിനിലെ എസ്.ബി.ഐ ബാങ്കിലും സഹകരണ ബാങ്കിലും എത്തിയിരുന്നു. ഇതോടെ ഇവരെയെല്ലാം നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

 ഇദ്ദേഹം ഒരു ഫ്ലാറ്റ് സന്ദര്‍ശിച്ചതായി കണ്ടെത്തിയ ജില്ല ഭരണകൂടം നേരത്തെ തന്നെ ഫ്ലാറ്റ് ഒഴിപ്പിക്കുകയും ആളുകളോട് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇദ്ദേഹം എത്തിയ വിമാനത്തിലെ 40 ‍യാത്രക്കാരും നിരീക്ഷണത്തിലാണ്.

കേരളത്തില്‍ ഇതുവരെ 164 പേര്‍ക്കാണ് കോവിഡ് 19 രോഗം ബാധിച്ചത്. ഇന്നലെ മാത്രം 39 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക