Image

വിശപ്പറിയിക്കാതെ കമ്യൂണിറ്റി കിച്ചനുകൾ

Published on 28 March, 2020
വിശപ്പറിയിക്കാതെ കമ്യൂണിറ്റി കിച്ചനുകൾ

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആവശ്യക്കാർക്ക് ഭക്ഷണം നൽകാനായി തിരുവനന്തപുരം നഗരസഭയും പഞ്ചായത്തുകളും കമ്യൂണിറ്റി കിച്ചനുകൾ ആരംഭിച്ചു. സംസ്ഥാനത്ത് ആരും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാകരുതെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന്‌ പിന്നാലെയാണിത്. 

 നഗരസഭയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിറ്റി കിച്ചൻ തൈക്കാട് ഗവ. എൽ പി സ്‌കൂളിലാണ് ആരംഭിച്ചത്. ഉള്ളൂർ ഇ കെ നായനാർ ചാരിറ്റബിൾ ട്രസ്റ്റ് റസ്റ്റ് ഹൗസ്,പാറോട്ടുകോണം, കുന്നുകുഴി എന്നിവിടങ്ങളിൽ കമ്യൂണിറ്റി കിച്ചനുകൾ സജ്ജമാക്കി. 
0നഗരസഭയുടെ നേതൃത്വത്തിൽ കുടുംബശ്രീ, എൻജിഒ, സർവീസ് സംഘടനകൾ, കാറ്ററേഴ്സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തിക്കുന്നത്.
 
വീടുകളിൽ കരുതൽ നിരീക്ഷണത്തിലുള്ളവർ, ലോക്ക്ഡൗൺ കാരണം ഭക്ഷണം ലഭിക്കാതെ ഒറ്റപ്പെട്ട് കഴിയുന്നവർ, ഒറ്റപ്പെട്ട് കഴിയുന്ന പ്രായമായവർ, ഇതരസംസ്ഥാനത്തൊഴിലാളികൾ, നഗരസഭയുടെ ക്വാറന്റൈൻ സെന്ററുകളിൽ കഴിയുന്നവർ, പുത്തരിക്കണ്ടത്ത് താമസിപ്പിച്ചിരിക്കുന്നവർ എന്നിവർക്ക്‌ ആവശ്യമായ ഭക്ഷണം സൗജന്യമായി എത്തിക്കുന്നുണ്ട്. 
 
മൂന്നുനേരത്തേക്കുള്ള ഭക്ഷണമാണ് കമ്യൂണിറ്റി കിച്ചനിൽ തയ്യാറാക്കുന്നത്. വെള്ളൈക്കടവ്, നന്തൻകോട് എന്നിവിടങ്ങളിൽ ശനിയാഴ്‌ച കമ്യൂണിറ്റി കിച്ചനുകൾ പ്രവർത്തനസജ്ജമാവും. ജില്ലയിൽ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ നിലവിൽ 48 കമ്യൂണിറ്റി കിച്ചനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഭക്ഷണം ആവശ്യമുള്ളവർ അതാത് പഞ്ചായത്ത് കമ്മിറ്റി നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണം.
 
വളന്റിയർ സംഘത്തിന്റെ സഹായത്തോടെ ഭക്ഷണം വീടുകളിൽ എത്തിക്കും. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത് . 24 മണിക്കൂറും പ്രവർത്തിക്കുന്ന കുടുംബശ്രീ കമ്യൂണിറ്റി കിച്ചൻ മോണിറ്ററിങ് സെല്ലിൽ ഭക്ഷണം സംബന്ധിച്ച പരാതിയും അഭിപ്രായങ്ങളും അറിയിക്കാം.0471-2447552, 9446615509, 9447894148എന്നീ നമ്പറുകളിൽ ഇതുമായി ബന്ധപ്പെടാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക