Image

കൊള്ള വ്യാപകമാകുമെന്ന്‌ ഭയം; കൊറോണക്കാലത്ത്‌ അമേരിക്കക്കാർ തോക്കുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ

Published on 28 March, 2020
കൊള്ള വ്യാപകമാകുമെന്ന്‌ ഭയം; കൊറോണക്കാലത്ത്‌ അമേരിക്കക്കാർ തോക്കുകൾ വാങ്ങിക്കൂട്ടുന്ന തിരക്കിൽ

ലോസ്‌ ആഞ്ചലസ്‌ > കോവിഡ്‌ പരക്കുന്നതുമൂലം അമേരിക്കയിൽ അടച്ചുപൂട്ടൽ വ്യാപകമാകുന്ന സാഹചര്യത്തിൽ കൊള്ളകളും സാമൂഹ്യ അസ്വസ്ഥതകളുമുണ്ടാകുമെന്ന്‌ ഭയന്ന്‌ ജനങ്ങൾ തോക്കുകളും വെടിക്കോപ്പുകളും വാങ്ങിക്കൂട്ടുന്നു. രാജ്യം പൂർണ  അടച്ചുപൂട്ടലിൽ ആകുന്നതോടെ ആരെങ്കിലും തങ്ങളുടെ വീട്ടിൽക്കയറി പണമോ  ഭക്ഷണമോ കുപ്പിവെള്ളമോ ടോയ്‌ലെറ്റ്‌ പേപ്പറോ കൊള്ളയടിക്കുമോ എന്ന ഭയത്തിലാണ്‌ പലരും.

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ തോക്ക്‌ വിൽപ്പന 800 ശതമാനം വർധിച്ചതായി ഒക്‌ലഹോമയിലെ ടൾസയിലെ തോക്കുകച്ചവടക്കാരനായ ഡേവിഡ്‌ സ്‌റ്റോൺ പറഞ്ഞു. സ്‌റ്റോക്ക്‌ തീർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ കട തുറക്കാൻ എത്തുമ്പോൾ തോക്ക്‌ വാങ്ങാനെത്തുന്നവരുടെ നീണ്ട നിരയാണ്‌ കാണുന്നതെന്ന്‌ വാഷിങ്‌ടണിലെ ഒരു തോക്ക്‌ വിൽപ്പനശാലയുടെ ഉടമസ്ഥ ടിഫാനി തീസ്‌ഡെയ്‌ൽ പറഞ്ഞു. സാധാരണ 20–-25 തോക്കുകളാണ്‌ ഒരുദിവസം വിറ്റിരുന്നത്‌. ഇപ്പോൾ 150ന്‌ മുകളിലാണെന്ന്‌ ടിഫാനി പറയുന്നു.

      രാജ്യത്താകെ ചെറുതോക്കുകൾക്ക്‌ ക്ഷാമം നേരിടുന്നതായി വിൽപ്പനക്കാർ പറയുന്നു. അതിനാൽ ചെറുതോക്കോ കൈത്തോക്കോ കിട്ടുന്നതെന്തായാലും വാങ്ങി കരുതിയിരിക്കാനാണ്‌ ജനങ്ങൾ പരക്കംപായുന്നത്‌. ആവശ്യം ഏറിയതിനാൽ അവധിയില്ലാതെ 24 മണിക്കൂറും തോക്ക്‌  ഉൽപ്പാദനശാല പ്രവർത്തിപ്പിക്കുയാണെന്ന്‌ ഒരു കമ്പനിയുടമ പറഞ്ഞു. എല്ലാ പ്രായത്തിലും വംശീയ വിഭാഗത്തിലുംപെട്ടവർ തോക്ക്‌ വാങ്ങാൻ വരുന്നുണ്ട്‌. ഭൂരിപക്ഷം പേരും ആദ്യമായി വാങ്ങുന്നവരാണ്‌. ഇവരുടെ പശ്ചാത്തലം പരിശോധിച്ച്‌, ഉപയോഗിക്കാൻ പഠിപ്പിച്ചാണ്‌ തോക്ക്‌ നൽകുന്നത്‌. കടയിലെ അവസാനത്തെ കുപ്പിവെള്ളത്തിനുവേണ്ടി രണ്ട്‌ സ്‌ത്രീകൾ ശണ്ഠകൂടുന്നത്‌ കണ്ടാണത്രെ ഒരാൾ തോക്ക്‌ വാങ്ങാൻ തീരുമാനിച്ചത്‌.

ഇതിനിടെ രോഗം വരാതിരിക്കാൻ മെഡിക്കൽ മാസ്‌ക്‌ ഉപയോഗിച്ച്‌ മുഖംമറച്ച്‌ കൈയിൽ ഗ്ലൗസ്‌ ധരിച്ച്‌ പോസ്‌റ്റ്‌ഓഫീസിലേക്ക്‌ കടന്നുവന്ന രണ്ട്‌ സ്‌ത്രീകൾക്കെതിരെ തോക്ക്‌ ചൂണ്ടിയ വൃദ്ധനെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സ്‌ത്രീകൾ രോഗബാധിതരാണെന്ന്‌ കരുതിയ വൃദ്ധൻ അവർ തന്റെ വഴിയിൽനിന്ന്‌ മാറിപ്പോകാനാണ്‌ തോക്ക്‌ ചൂണ്ടിയത്‌. കോടതിയിൽ ഹാജരാക്കിയ ഇയാളെ 1500 ഡോളറിന്റെ ബോണ്ടിൽ ജാമ്യത്തിൽ വിട്ടു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക