Image

കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം

Published on 21 May, 2012
കൊല്ലം ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം
കൊല്ലം: ജില്ലയില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. 15 ഓളംപേര്‍ക്ക് പരിക്ക്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചവറ, ഇത്തിക്കര, ഇടപ്പള്ളിക്കോട്ട, പുന്തലത്താഴം എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. ചവറയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ശൂരനാട് വടക്ക് രഞ്ജിത്ത് ഭവനില്‍ രാജേന്ദ്രന്റെമകന്‍ രഞ്ജിത്ത് (22), ഇത്തിക്കരയില്‍ ഒമ്നിവാനും മണല്‍ലോറിയും കൂട്ടിയിടിച്ച് ഒമ്നിവാനില്‍ ഉണ്ടായിരുന്ന തഴവ ചിറ്റുമൂല പറയന്റയ്യത്തുതെക്കതില്‍ ഫാത്തിമബീവി (50), അന്‍വര്‍ (14), ഒമ്നി ഡ്രൈവര്‍ ഷെമീര്‍(23) എന്നിവരാണ് മരിച്ചത്. മകള്‍ ഉമ്റയെ ഗള്‍ഫിലേക്ക് അയച്ചശേഷം ഗല്‍ഫില്‍നിന്ന് രാവിലെയെത്തിയ മകനേയും കൊണ്ട് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍നിന്ന് കരുനാഗപ്പള്ളിയിലേക്ക് വരികയായിരുന്നു ഫാത്തിമാബീവി. പത്തോളം പേരാണ് ഒമ്നിവാനിലുണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേരെ ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒമ്നിവാന്‍ ലോറിയിലിടിച്ചശേഷം മറിഞ്ഞ് പിന്നാലെയെത്തിയ ഇന്നോവകാറിലിടിക്കുകയായിരുന്നു. ഇന്ന് രാവിലെ 5.45ന് ദേശീയപാതയില്‍ ഇത്തിക്കരപാലത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട മണല്‍ലോറി സമീപത്തെ പോസ്റ് ഇടിച്ചുതകര്‍ക്കുകയും ചെയ്തു. നീണ്ടകര ഫൌണ്േടഷന്‍ ആശുപത്രിക്ക് സമീപമുണ്ടായ അപകടത്തിലാണ് രഞ്ജിത്ത് മരിച്ചത്. കൊല്ലത്ത് ലക്ഷ്മിനടയിലുള്ള കുടുംബവീട്ടിലാണ് രഞ്ജിത്ത് താമസിച്ചുവന്നത്. പുലര്‍ച്ചെ ശൂരനാട്ട് പിതാവിനെ കാണാനായി പോകുന്നതിനിടയിലായിരുന്നുഅപകടം. രഞ്ജിത്തിന്റെ തലയിലൂടെ ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങി. റോഡില്‍ കിടന്ന മൃതദേഹം ചവറ പോലീസും ഹൈവേപോലീസുമെത്തിയാണ് കൊല്ലം ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. മാതാവ് ലീല. സഹോദരി രഞ്ജിനി. ഇടപ്പള്ളിക്കോട്ടയില്‍ രാവിലെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ ഐആര്‍ ഇ ജീവനക്കാരന്‍ സേവ്യര്‍ , മകന്‍ ബ്രിട്ടോ എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരെയും ജില്ലാആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ പുന്തലത്താഴം ജംഗ്ഷനില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ മൂവരേയും ഇരവിപുരം പോലീസ് മേവറത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധചികിത്സയ്ക്കായി പരിക്കേറ്റവരെ മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മേവറത്തെ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നത് ഒച്ചപ്പാടുണ്ടാക്കി. ഒടുവില്‍ കാറുവരുത്തിയാണ് ഗുരുതരാവസ്ഥയിലായവരെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. ഇത്തിക്കരയിലെ അപകടത്തില്‍ മരിച്ച ഇരുവരുടെയും മൃതദേഹങ്ങള്‍ ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക