Image

മോദിയുടെ ലോക് ഡൗണ്‍ പ്രഖ്യാപനം ടിവിയിലൂടെ കണ്ടത് 19.7 കോടി ജനങ്ങള്‍

Published on 27 March, 2020
മോദിയുടെ ലോക് ഡൗണ്‍ പ്രഖ്യാപനം ടിവിയിലൂടെ കണ്ടത് 19.7 കോടി ജനങ്ങള്‍


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെലോക് ഡൗണ്‍ പ്രഖ്യാപന പ്രസംഗം ടിവിയിലൂടെ തത്സമയം കണ്ടത് 19.7 കോടി ജനങ്ങള്‍. ബാര്‍ക്ക് ഇന്ത്യ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ടിവിയിലൂടെ തത്സമയം വീക്ഷിച്ചത് പ്രധാനമന്ത്രിയുടെ ലോക്ക് ഡൗണ്‍ പ്രസംഗമാണ്. 

കൊറോണ വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ട് മണിക്കാണ് 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ബാര്‍ക്ക് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ടിവിയിലൂടെ കണ്ട പരിപാടി മോദിയുടെ ഈ പ്രസംഗമാണെന്ന് പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.  ദൂരദര്‍ശന് പുറമേ രാജ്യത്തെ ഇരുന്നൂറിലേറെ ന്യൂസ് ചാനലുകള്‍ ലോക് ഡൗണ്‍ പ്രഖ്യാപനം സംപ്രേഷണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍ തത്സമയം വീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ ആളുകള്‍ ലോക് ഡൗണ്‍ പ്രഖ്യാപനം കണ്ടു. 13.3 കോടി ജനങ്ങളാണ് ഐപിഎല്‍ ഫൈനല്‍ തത്സമയം കണ്ടിരുന്നത്. 

നേരത്തെ മോദി നടത്തിയ ജനതാ കര്‍ഫ്യൂ പ്രഖ്യാപനം 191 ചാനലുകളിലൂടെ 8.3 കോടി ജനങ്ങളാണ് കണ്ടത്. 2016ലെ നോട്ട് നിരോധന പ്രഖ്യാപനം 5.7 കോടി പേര്‍ തത്സമയം വീക്ഷിച്ചു, 114 ചാനലുകളാണ് ഇത് സംപ്രേഷണം ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റില്‍ നടത്തിയ കശ്മീരിലെ പ്രത്യേക പദവി എടുത്തുകളഞ്ഞ പ്രസംഗം 6.5 കോടി ആളുകളും കണ്ടിരുന്നു. 163 ചാനലുകള്‍ വഴി ഈ പ്രസംഗം സംപ്രേഷണം ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക