Image

ബ്രൌസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാമത്

Published on 21 May, 2012
ബ്രൌസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാമത്
വാഷിംഗ്ടണ്‍: വെബ് ബ്രൌസര്‍ രംഗത്തെ മത്സരത്തില്‍ മൈക്രോസോഫ്റ്റിന്റെ കുത്തക ഗൂഗിള്‍ തകര്‍ത്തു. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ളോററിനെയാണ് ഗൂഗിളിന്റെ ക്രോം പിന്തള്ളിയത്. പ്രശസ്ത വെബ് വിശകലന സ്ഥാപനമായ സ്റ്റാറ്റ് കൌണ്ടര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ബ്രൌസര്‍ യുദ്ധത്തില്‍ ഗൂഗിള്‍ ക്രോം ഒന്നാം സ്ഥാനത്തെത്തിയതായി വ്യക്തമാക്കുന്നത്. ഈ വാരാന്ത്യത്തിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ഭൂരിഭാഗം പേരും ഗൂഗിള്‍ ക്രോം ഉപയോഗിച്ചത്. അവധി ദിവസമായതിനാല്‍ വീട്ടില്‍ നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭൂരിഭാഗവും ക്രോം ബ്രൌസറില്‍ നെറ്റ് എടുക്കാനാകും.

മേയ് 20 ഞായറാഴ്ച 32.76 ശതമാനം ഉപയോക്താക്കളാണ് ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൌസര്‍ ഉപയോഗിച്ചത്. അതേസമയം, 31.94 ശതമാനം പേരാണ് ഇന്റര്‍നെറ്റ് എക്സ്പ്ളോറര്‍ ഉപയോഗിച്ചത്. തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ച ക്രോമിനു ചെറിയ ഇടിവു സംഭവിച്ചെങ്കിലും ആധിപത്യം വിട്ടില്ല. ഇന്നലെ 31.88 ശതമാനം ഉപയോക്താക്കള്‍ ലോകവ്യാപകമായി ഗൂഗിള്‍ ക്രോം ബ്രൌസര്‍ ഉപയോഗിച്ചപ്പോള്‍ എക്സ്പ്ളോററില്‍ 31.47 ശതമാനം പേരാണ് എത്തിയത്. ഇക്കഴിഞ്ഞ മാര്‍ച്ചിലും ഗൂഗിള്‍ ക്രോം മുന്നിലെത്തിയിരുന്നെങ്കിലും എക്സ്പ്ളോററിനെതിരെയുള്ള ആധിപത്യത്തിന്റെ ആയുസ് ഒരു ദിവസം മാത്രമായിരുന്നു.

ഗൂഗിള്‍ ക്രോമിന്റെ മുന്നേറ്റം മറ്റൊരു ജനപ്രിയ ബ്രൌസറായ മോസില്ല ഫയര്‍ഫോക്സിനും തിരച്ചടി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം 29 ശതമാനം പേര്‍ ഫയര്‍ഫോക്സ് ഉപയോഗിച്ചിരുന്നിടത്ത് 2012 മേയില്‍ എത്തിയപ്പോള്‍ ഇത് 26 ശതമാനമായി കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഗൂഗിള്‍ ക്രോം വെറും 20 ശതമാനം പേരാണ് ഉപയോഗിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക