Image

ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കേണ്ടി വരരുത്; കമ്യൂണിറ്റി കിച്ചനുകള്‍ തുറക്കും, ഭക്ഷണം ആവശ്യപ്പെടാന്‍ ഫോണ്‍ നമ്പര്‍ ‐ മുഖ്യമന്ത്രി

Published on 25 March, 2020
ഒരാളും നമ്മുടെ നാട്ടില്‍ പട്ടിണി കിടക്കേണ്ടി വരരുത്; കമ്യൂണിറ്റി കിച്ചനുകള്‍ തുറക്കും, ഭക്ഷണം ആവശ്യപ്പെടാന്‍ ഫോണ്‍ നമ്പര്‍ ‐ മുഖ്യമന്ത്രി
തിരുവനന്തപുരം > രാജ്യമാകെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ മാത്രമല്ല, ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ അത്യാവശ്യം വേണ്ട സാഹചര്യങ്ങള്‍ ഭദ്രമാക്കുക എറ്റവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്ഷണം, മരുന്ന്, രോഗബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എന്നിവരുടെയെല്ലാം പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടും. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ ഒറ്റകേന്ദ്രത്തില്‍ നിന്ന് പരിഹരിക്കാന്‍ കഴിയില്ല. അതിവിപുലമായ വികേന്ദ്രീകൃത സംവിധാനമാണ് ഒരുക്കുന്നത്. അത് ഫലപ്രദമാക്കാന്‍ വാര്‍ഡുതല സമിതികള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ്തലത്തില്‍ വിന്യസിക്കും. കൂടുതല്‍ പേരെ കണ്ടെത്തും. അവരെ നിലവിലുള്ള ആവശ്യത്തിനനുസൃതമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കേണ്ടത്. ഏതെങ്കിലും സംഘടനയുടെ മേന്മകാണിക്കാനോ നിറം കാണിക്കാനോ ഉള്ള സന്ദര്‍ഭമല്ല ഇത് എന്ന് ഓര്‍ക്കണം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കും. പഞ്ചായത്ത്/നഗരസഭ അതിര്‍ത്തിയില്‍ എത്ര കുടുംബങ്ങളിലാണ് ഭക്ഷണം എത്തിക്കേണ്ടത് എന്ന കണക്ക് എടുക്കും. അത്രയും ആളുകള്‍ക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് എത്തിക്കും. ഇക്കാര്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ ടെലിഫോണ്‍ നമ്പര്‍ നല്‍കും. ആ നമ്പറില്‍ വിളിച്ചുപറഞ്ഞാല്‍ ഭക്ഷണം എത്തിക്കുന്ന സംവിധാനം തദ്ദേശ സ്ഥാപനങ്ങളില്‍ ഉണ്ടാക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക