Image

ബ്രിട്ടനില്‍ മരണം 422, ലണ്ടനില്‍ വമ്പന്‍ ആശുപത്രി നിര്‍മിക്കുന്നു

Published on 25 March, 2020
ബ്രിട്ടനില്‍ മരണം 422, ലണ്ടനില്‍ വമ്പന്‍ ആശുപത്രി നിര്‍മിക്കുന്നു
ലണ്ടന്‍: ബ്രിട്ടനില്‍ ആരോഗ്യ അടിയന്തരാവസ്ഥയും ലോക്ക്ഡൗണും  പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിനും മരണനിരക്കിനും കുറവില്ല. ഇന്നലെ മാത്രം 87 പേരാണ് ബ്രിട്ടനില്‍ കോവിഡിന് കീഴടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 422 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 1427പേര്‍ക്ക് പുതുതായി രോഗം കണ്ടെത്തി.  8,077 പേര്‍ക്കാണ് ഇതുവരെ ഔദ്യോഗികമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഒരുലക്ഷത്തോളം ആളുകളെയാണ് പരിശോധനയ്ക്കു വിധേയരാക്കിയത്.

സര്‍ക്കാരിന്റെ അഭ്യര്‍ഥിന മാനിച്ച് അടുത്തിടെ സര്‍വീസില്‍ നിന്നും വിരമിച്ച 2660 ഡോക്ടര്‍മാരും 6147 നഴ്‌സുമാരും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ സന്നദ്ധത അറിയിച്ചു. 18,000 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശുപത്രികളില്‍ സേവനത്തിന് തയാറായി രംഗത്തുണ്ട്. ഇവയ്‌ക്കെല്ലാം പുറമേ എന്‍.എച്ച്.എസ് അടിയന്തരമായി രണ്ടര ലക്ഷം സന്നദ്ധസേവകരുടെ സഹായവും അഭ്യര്‍ഥിച്ചിട്ടുണ്ട്.

ചൈനയില്‍ ചെയ്തതുപോലെ കോവിഡ് രോഗികളെ ചികില്‍സിക്കാന്‍ മാത്രമായി 4000 ബെഡ്ഡിന്റെ താല്‍കാലിക ആശുപത്രി ലണ്ടനില്‍ നിര്‍മിക്കും. ഈസ്റ്റ്‌ലണ്ടനിലെ പ്രസിദ്ധമായ എക്‌സല്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ മിലിട്ടറിയുടെ സഹായത്തോടെ ആശുപത്രിയാക്കി മാറ്റാനാണ് പദ്ധതി. ''എന്‍.എച്ച്.എസ്. നേറ്റിംങ്ങാള്‍ ആശുപത്രി'' എന്നാകും ഇതിന്റെ പേര്. ജി7, ജി20 ഉച്ചകോടികള്‍ ഉള്‍പ്പെടെ നിരവധി രാജ്യാന്തര സമ്മേളനങ്ങള്‍ക്കും ഒളിംപിക്‌സ് ഇന്‍ഡോര്‍ മല്‍സരങ്ങള്‍ക്കും എല്ലാം വേദിയായ ബൃഹത്തായ കണ്‍വന്‍ഷന്‍ സെന്ററാണിത്.

രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും ഇറ്റലിയുടേതിന് സമാനമായ സ്ഥിതിയിലേക്കാണ് ബ്രിട്ടണിലും കോവിഡ് ബാധ പടരുന്നത്. ലണ്ടന്‍ നോര്‍ത്ത് യൂണിവേഴ്‌സിറ്റി ഹെല്‍ത്ത്‌കെയര്‍ ട്രസ്റ്റിനു കീഴില്‍ മാത്രമുള്ള നാല് ആശുപത്രികളില്‍ ഇന്നലെ മാത്രം 21 പേരാണു മരിച്ചത്. ബ്രിട്ടനില്‍ ഇന്നലെ മരിച്ചവരില്‍ 33 വയസുള്ള യുവാവും ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം 18 വയസുള്ള യുവാവും ബ്രിട്ടനില്‍ മരിച്ചിരുന്നു. മറ്റ് രോഗങ്ങള്‍ അലട്ടിയിരുന്നവരാണ് ഇവര്‍ രണ്ടുപേരും. രാജ്യത്താകമാനം ഇന്നലെ മുതല്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചെങ്കിലും ട്യൂബ് ട്രെയിനിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ജനങ്ങള്‍ ഏറെയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ പൊലീസ് നടപടി തുടങ്ങി. പൊതു സ്ഥലങ്ങളില്‍ രണ്ടുപേരില്‍ കൂടുതല്‍ ആളുകള്‍ കൂടിനിന്നാല്‍ ഒരോരുത്തരുടെയും പക്കല്‍നിന്നും 30 പൌണ്ട് വീതം പൊലീസ് പിഴ ഈടാക്കും. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക