Image

ചെറിയ അശ്രദ്ധ, അമിത ആത്മവിശ്വാസം, കുടുംബത്തിന്റെ അസ്ഥിവാരം തകർക്കുമ്പോൾ (ഡോ.ഗംഗ .എസ്)

Published on 25 March, 2020
ചെറിയ അശ്രദ്ധ, അമിത ആത്മവിശ്വാസം, കുടുംബത്തിന്റെ അസ്ഥിവാരം തകർക്കുമ്പോൾ (ഡോ.ഗംഗ .എസ്)
1993 മെയ്‌
ഒരു ചെറിയ വൈറൽ ഫ്ലൂ, ചെറുതെങ്കിലും സാമാന്യ ശക്തിയുണ്ട്.
കഠിന വേനലിൽ വന്നു വീണ പൊടിമഴയിൽ കുരുത്തതാണ് ആ വൈറസ് കാലം.കാലാവസ്ഥ മാറ്റങ്ങളും, പ്രത്യേകിച്ച് പൊടുന്നനെ ഉള്ള മാറ്റങ്ങൾ വൈറസ് പോലെ ഉള്ള ജീവികൾക്ക് ഉത്തേജനം ആകുന്നുണ്ട്.
അവയ്ക്ക് എണ്ണം പെരുകാൻ യോജിച്ച അന്തരീക്ഷ താപനിലയും ഹ്യൂമിഡിറ്റിയും കിട്ടിയാൽ അനുയോജ്യമായ ആതിഥേയരെ കണ്ടെത്തി കൊള്ളും. കൂടാതെ മനുഷ്യന്റെ പ്രതിരോധ ശേഷിക്കുറവും മുതലെടുത്തു അങ്ങ് കോളനി സ്ഥാപിയ്ക്കും.

അന്ന്,
പ്രാദേശികമായി കുറേപ്പേർക്ക് ജലദോഷം ഉണ്ടായിരുന്നു. നാട്ടിൻപുറത്തെ ആശുപത്രി ഫ്ലൂ ക്കാരെ കൊണ്ട് നിറഞ്ഞു.അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് ഒരു ഫ്ലൂ നമ്മുടെ നാട്ടിൽ പതിവ് ആണല്ലോ. അത്‌ അപ്പൂപ്പൻ താടിപോലെ, പഞ്ഞിക്കായ പോലെ ഇങ്ങനെ പറന്ന് നടക്കും.

തൊട്ടാലൊട്ടികൾ.
സ്കൂളിൽ നിന്ന്, ചന്തയിൽ നിന്ന്, ആശുപത്രിയിൽ നിന്ന്, ആൾക്കൂട്ടങ്ങളിൽ നിന്ന് വൈറസുകൾ കൂടെ കൂടും.

പ്രാദേശികമായി, കുറച്ചു ദിവസമേ നില നിൽക്കുള്ളൂ എന്നതും, മിക്കവർക്കും പെട്ടെന്ന് ഭേദമാവുന്നതും,, ചെറിയ വിഭാഗത്തിന് ഒരു ന്യൂമോണിയയോ മറ്റോ സമ്മാനിച്ചു, വന്ന പോലെ മടങ്ങും എന്നത് ആണ് വെറും വൈറൽ ഫ്ലൂവും കൊറോണയുമായി ഉള്ള വ്യത്യാസം.

മരുന്ന് കഴിച്ചാൽ ഏഴ് ദിവസം അല്ലെങ്കിൽ ഒരാഴ്ച എന്നാണ് സാധാരണ വൈറൽ പനിയെ കുറിച്ച് പറയുക.

എനിയ്ക്കും അനുജത്തിയ്ക്കും വൈറൽ ഫ്ലൂ കിട്ടി . ഒപ്പം മൂത്ത സഹോദരിയുടെ 7 വയസുള്ള മകനും.

വീട്ടിൽ കാൻസർ രോഗബാധിതൻ ആയ 95 വയസുള്ള അച്ഛൻ (അമ്മയുടെ അച്ഛൻ ) ഉണ്ട്. മറ്റേമ്മയും അമ്മയും ഉണ്ട്.

ഞാനും അനുജത്തിയും ഒരു മുറിയിൽ മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചു കഴിയുന്നു.

പനി മോശം അല്ല. നല്ല കടുപ്പം ഉണ്ടായിരുന്നു.

ആ ഫ്ലൂ അച്ഛനും മറ്റേമ്മയ്ക്കും പിടിച്ചാൽ പ്രശ്നം ആവും.

ഞങ്ങൾ പരമാവധി ശ്രമിച്ചു.

പക്ഷേ 7 വയസുകാരനെ അടക്കി ഇരുത്താൻ സാധിച്ചില്ല. അവൻ ഇടയ്ക്ക് അച്ഛന്റെ മുറി വാതിൽക്കൽ പോയി നോക്കും.

അച്ഛൻ 89 -90 വയസ്സിൽ പ്രോസ്റ്റേറ്റ് കാൻസർ ബാധിച്ചു tur എന്ന സർജറിയും കഴിഞ്ഞു വലിയ കുഴപ്പം ഇല്ലാതെ പൊയ്ക്കൊണ്ടിരുന്നതാണ്.

അത്രയും ഒക്കെ കിട്ടിയില്ലേ. അത്‌ പോരേ.

കാൻസർ ബാധിതൻ ആയിട്ട് 5 വർഷം ഡിമെൻഷ്യ അല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ.. .

( 92 ൽ പപ്പ ( എന്റെ അച്ഛൻ ) യുടെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് മോചനം കിട്ടിയില്ല. )

അച്ഛൻ ജീവനോടെ ആ മുറിയിൽ കിടന്നാൽ മതിയായിരുന്നു. ഞങ്ങൾക്ക് ധൈര്യവും ആത്മ വിശ്വാസവും കിട്ടും.

പക്ഷേ,

അച്ഛൻ അധികം ദിവസം കിടന്നില്ല. 2-3 ദിവസം.

രണ്ട് ലോക മഹായുദ്ധങ്ങളെ, ക്ഷയത്തെ, ക്ഷാമത്തെ, മസൂരി തുടങ്ങിയ പകർച്ച വ്യാധികളെ, ഒറ്റപ്പെടലിനെ, മരണ ദുഖങ്ങളെ മാനസിക സമ്മർദ്ദങ്ങളെ ക്യാൻസറിനെ ഏറെക്കുറെ അതിജീവിച്ച അച്ഛൻ വൈറൽ പനിയ്ക്ക് കീഴടങ്ങി.

അഞ്ച് പെണ്ണുങ്ങളും 7 വയസുകാരൻ കുട്ടിയും അവശേഷിച്ചു.

കൊറോണ ആണോന്നു സംശയം ഉണ്ടെങ്കിലും ഇല്ലെങ്കിലും, വീട്ടിൽ ക്വാറന്റൈനിൽ ആണെങ്കിലും, വീട്ടിലെ മറ്റു രോഗികളിൽ നിന്ന്, പ്രായം ആയവരിൽ നിന്ന് പ്രത്യേകിച്ച് ചെറിയ കുട്ടികൾ നിന്ന് കർശനമായി അകലം പാലിയ്ക്കൂ.

ചെറിയ കുട്ടികൾക്ക് അസുഖം വന്നാൽ ഒറ്റ പെടുത്താൻ പ്രയാസം ആണ്. അവർ ഓടിനടക്കും. അവർ വീടിനുള്ളിൽ മാത്രം ആയിരുന്നാൽ കൂടി മറ്റുള്ളവർക്ക് അസുഖം പകർത്തും.

ചെറിയ കുട്ടികൾ ക്വാറന്റൈൻ കാലത്തിനും ഐസൊലേഷൻ കാലത്തിനും വെല്ലുവിളി ആണ്.

അത് കൊണ്ട്, ആരോഗ്യം ഉള്ള ചെറുപ്പക്കാർ തങ്ങൾക്ക് കുഴപ്പമില്ല എന്ന ആത്മ വിശ്വാസത്തോടെ പുറത്ത് കറങ്ങി നടന്നു വീട്ടിൽ വന്നു കയറുമ്പോൾ ഇക്കാര്യം ശ്രദ്ധിയ്ക്കുക.

നിങ്ങളുടെ ചെറിയ അശ്രദ്ധ, അമിത ആത്മവിശ്വാസം, ചിലപ്പോൾ ഒരു കുടുംബത്തിന്റെ സാമൂഹിക മാനസിക സാമ്പത്തിക ആരോഗ്യ അസ്ഥിവാരം തകർക്കാൻ സാധ്യത ഉണ്ട്.

എല്ലാവരും സോഷ്യൽ ഡിസ്റ്റൻസ് പാലിയ്ക്കൂ.

ക്വാറന്റൈൻ നിർദേശിയ്ക്കപ്പെട്ടവർ അതിന്റെ ഉദ്ദേശം പൂർണ്ണ അർത്ഥത്തിൽ ഉൾക്കൊണ്ടു അനുസരിയ്ക്കൂ.
ചെറിയ അശ്രദ്ധ, അമിത ആത്മവിശ്വാസം, കുടുംബത്തിന്റെ അസ്ഥിവാരം തകർക്കുമ്പോൾ (ഡോ.ഗംഗ .എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക