Image

തിരുവനന്തപുരത്ത് നിര്‍മാണത്തിനിടയില്‍ ബഹുനിലമന്ദിരം തകര്‍ന്ന് ഒരാള്‍ മരിച്ചു

Published on 21 May, 2012
തിരുവനന്തപുരത്ത് നിര്‍മാണത്തിനിടയില്‍ ബഹുനിലമന്ദിരം തകര്‍ന്ന് ഒരാള്‍ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിര്‍മാണത്തിനിടയില്‍ ബഹുനില മന്ദിരം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു, എട്ടു തൊഴിലാളികള്‍ക്കു പരിക്കേറ്റു. പശ്ചിമ ബംഗാള്‍ തിയാപ്പെട്ടി സ്വദേശി ബിസു (36) ആണ് മരിച്ചത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. 

പാപ്പനംകോട്- മലയിന്‍കീഴ് റോഡില്‍ ചൂഴാറ്റുകോട്ട പെട്രോള്‍ പമ്പിനു പിന്നില്‍ നിര്‍മാണത്തിലിരുന്ന ബഹുനില മന്ദിരമാണ് തകര്‍ന്നു വീണത്. മൂന്നാം നിലയുടെ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതിനിടയില്‍ വൈകിട്ട് ആറോടെയായിരുന്നു അപകടം. മലയാളികളും ബംഗാളികളും ഉള്‍പ്പെടെ 124 പേരാണു സംഭവ സമയത്തു ജോലി ചെയ്തിരുന്നത്. ബംഗാളി തൊഴിലാളികളാണു പരിക്കേറ്റവരില്‍ അധികവും. കാണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍പെട്ട തൊഴിലാളികളെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പുറത്തെടുത്തത്. 

പെട്രോള്‍ പമ്പിലേക്കും കെട്ടിടത്തിന്റെ ഭാഗങ്ങള്‍ തകര്‍ന്നു വീണെങ്കിലും പെട്രോള്‍ വിതരണ യുണിറ്റുകളില്‍ കെട്ടിട അവശിഷ്ടങ്ങള്‍ പതിക്കാത്തതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. കോണ്‍ക്രീറ്റിംഗിന്റെ ഭാരം താങ്ങാന്‍ കഴിയുന്ന ഊന്നു തടികള്‍ സ്ഥാപിക്കാതിരുന്നതാണു ദുരന്തത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക