Image

അനാവശ്യമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക;പൊലീസ്‌ പൊക്കും

Published on 25 March, 2020
അനാവശ്യമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക;പൊലീസ്‌ പൊക്കും

കൊച്ചി
അനാവശ്യമായി നിരത്തിലിറങ്ങുന്നവർ സൂക്ഷിക്കുക. നിങ്ങൾ വീടുകളിൽ നിരീക്ഷണത്തിലായേക്കാം. പൊലീസ്‌ കേസിലും പ്രതിയാകാം. കോവിഡ്‌–-19 പ്രതിരോധം ശക്തമാക്കുന്നതിന്‌ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെത്തുടർന്ന്‌ ജില്ലയിലെ പൊതുനിരത്തുകളിൽ പൊലീസ്‌ ബന്തവസ്‌ കർശനമാക്കുന്നതിന്റെ ഭാഗമായാണ്‌ അനാവശ്യ കറക്കക്കാരെ പിടികൂടി അനന്തര നടപടികൾ എടുക്കുന്നതെന്ന്‌ റൂറൽ എസ്‌പി കെ കാർത്തിക്‌ പറഞ്ഞു.

റൂറൽ പൊലീസ്‌ ജില്ലയിൽ രണ്ടായിരത്തഞ്ഞൂറിലേറെ പൊലീസുകാരാണ്‌ നിരത്തുകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി വിവരങ്ങൾ തേടുന്നത്‌. ചൊവ്വാഴ്‌ച ആരംഭിച്ച പരിശോധന 31 വരെ തുടരും. ചൊവ്വാഴ്‌ചത്തെ പരിശോധനയുടെ ഭാഗമായി റൂറൽ അതിർത്തിയിലെ 34 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലും കർശനപരിശോധന നടന്നു. പുറത്തിറങ്ങി നടക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടെങ്കിലും നിലവിലെ സ്ഥിതിയിൽ അതുവളരെ കൂടുതലാണ്‌. അതിനാലാണ്‌ ബുധനാഴ്‌ചമുതൽ പരിശോധനയും തുടർനടപടികളും കൂടുതൽ കർശനമാക്കുന്നതെന്ന്‌ എസ്‌പി പറഞ്ഞു. ചൊവ്വാഴ്‌ചത്തെ പരിശോധനയിൽ 75 പേർക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിനും സർക്കാർ പുറപ്പെടുവിച്ച നിർദേശങ്ങൾ ലംഘിച്ച്‌ അനാവശ്യമായി പൊതുസ്ഥലങ്ങളിൽ എത്തിയതിനുമാണ്‌ കേസ്‌. 30 പേരെ അറസ്‌റ്റുചെയ്‌തിട്ടുമുണ്ട്‌. ഡിവൈഎസ്‌പിമാർ ഉൾപ്പെടെ പരിശോധനകൾക്ക്‌ നേതൃത്വം നൽകി.

നഗരപ്രദേശത്തെ 24 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിലും പൊലീസ്‌ സംഘങ്ങളുടെ നേതൃത്വത്തിൽ പരിശോധന നടന്നു. നൂറോളം വാഹനങ്ങൾ കസ്‌റ്റഡിയിലെടുത്തു. 42 പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്‌.  നഗരപ്രദേശത്തെ അവശ്യസാധന വിൽപ്പനശാലകളൊഴികെ എല്ലാം അടഞ്ഞുകിടന്നിട്ടും വാഹനയാത്രികർ എത്തിയിരുന്നു. നഗരത്തിന്റെ പ്രധാന കവലകളിലെല്ലാം പരിശോധനയുണ്ടായിരുന്നു. നിസ്സാരകാരണങ്ങൾ പറഞ്ഞ്‌ യാത്രയ്‌ക്കിറങ്ങിയവരെ പൊലീസ്‌ മടക്കി അയച്ചു. വരും ദിവസങ്ങളിൽ പരിശോധനയും നടപടികളും കർശനമായിരിക്കുമെന്ന്‌ ഡെപ്യൂട്ടി പൊലീസ്‌ കമീഷണർ ജി പൂങ്കുഴലി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക