Image

സൗദിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു; യുഎഇയിലും കര്‍ശന നിയന്ത്രണം

Published on 23 March, 2020
സൗദിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു; യുഎഇയിലും കര്‍ശന നിയന്ത്രണം
റിയാദ് : കോവിഡ് 19നെ പ്രതിരോധിക്കാന്‍ സൗദി അറേബ്യയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെ മൂന്നാഴ്ചത്തേക്കാണ് കര്‍ഫ്യു. കോവിഡ് ബാധിതരുടെ എണ്ണം 500 കടന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച്, സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിറക്കിയത്. വൈകിട്ട് ഏഴു മുതല്‍ രാവിലെ ആറു വരെയുള്ള സമയ പരിധിയില്‍ അവശ്യ സേവനങ്ങള്‍ ഒഴികെ മുഴുവന്‍ സ്ഥാപനങ്ങളും അടയ്ക്കണം.

ആരോഗ്യം, രാജ്യസുരക്ഷ, മാധ്യമങ്ങള്‍ ഒഴികെയുള്ള മേഖലകളിലുള്ളവര്‍ക്കു കര്‍ഫ്യു ബാധകമാണ്. കര്‍ഫ്യൂ സമയങ്ങളില്‍ ജനങ്ങള്‍ വീടിനു പുറത്തേക്കിറങ്ങരുതെന്നാണ് നിര്‍ദേശം. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബഖാലകള്‍, ആശുപത്രികള്‍, ലാബ്, ജലവിതരണ സേവനം, ഓണ്‍ലൈന്‍ ഭക്ഷണവിതരണം തുടങ്ങിയവയ്ക്ക് തടസമുണ്ടാകില്ല.

അതേസമയം, അവശ്യവസ്തുക്കളുടേത് ഒഴികെയുള്ള എല്ലാ വ്യാപാര കേന്ദ്രങ്ങളും രണ്ടാഴ്ചത്തേക്കു അടച്ചിടാന്‍ യുഎഇ തീരുമാനിച്ചു. യുഎഇയില്‍ അവശ്യവസ്തുക്കള്‍, ഭക്ഷണ സാധനങ്ങള്‍ എന്നിവ കിട്ടുന്ന സ്ഥലങ്ങളും, ഫാര്‍മസികളും ഒഴികെ എല്ലാ വ്യാപാക കേന്ദ്രങ്ങളും 48 മണിക്കൂറിനുള്ളില്‍ അടക്കണമെന്നു ആരോഗ്യപ്രതിരോധമന്ത്രാലയം നിര്‍ദേശിച്ചു.

റസ്റ്ററന്റുകളില്‍ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഭക്ഷണം, മരുന്ന്, അത്യാവശ്യ ജോലികള്‍ എന്നിവയ്ക്കല്ലാതെ വീടിനു പുറത്തേക്കിറങ്ങരുത്. ഒരു വാഹനത്തില്‍ മൂന്നു പേരില്‍ കൂടുതലുണ്ടാകരുതെന്നാണ് നിര്‍ദേശം. എന്നാല്‍, ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയവ അടയ്ക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. യുഎഇ വിമാനത്താവളങ്ങള്‍ വഴിയുള്ള എല്ലാ സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് റദ്ദാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക