Image

ഖത്തറില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്‌കരണം സജീവമാക്കുന്നു

Published on 21 May, 2012
ഖത്തറില്‍ സ്വകാര്യ മേഖലയിലും സ്വദേശിവത്‌കരണം സജീവമാക്കുന്നു
ദോഹ: പൊതുമേഖലയിലെ സ്വദേശിവത്‌കരണം വിജയകരമായ സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ മേഖലകളിലേക്ക്‌ കൂടി ഇത്‌ വ്യാപിപ്പിക്കാന്‍ ഖത്തര്‍ ഗവര്‍മെന്‍റ്‌ നടപടി തുടങ്ങി. സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്‌മക്ക്‌ പരിഹാരം കാണാനും തൊഴില്‍ സംസ്‌കാരം വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ടാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ഖത്തറിലെ സ്വകാര്യ മേഖലയില്‍ സ്വദേശി തൊഴിലാളികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ്‌ സ്വദേശിവത്‌കരണം കൂടുതല്‍ സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ പ്രമുഖ ഖത്തര്‍ പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

1986ല്‍ പത്ത്‌ ശതമാനമായിരുന്ന സ്വകാര്യ മേഖലയിലെ സ്വദേശി തൊഴില്‍ സാന്നിധ്യം ഇപ്പോള്‍ നാല്‌ ശതമാനമായാണ്‌ കുറഞ്ഞിരിക്കുന്നത്‌. സ്വകാര്യ മേഖലയില്‍ 15 ശതമാനം സ്വദേശികള്‍ക്ക്‌ തൊഴില്‍ ലഭ്യമാക്കണമെന്നാണ്‌ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട ദേശീയ വികസന നയം (എന്‍.ഡി.എസ്‌ 201116) നിഷ്‌കര്‍ഷിക്കുന്നത്‌. ഈ നയം പ്രാബല്യത്തില്‍ വരുത്തുന്നതിന്‌ വിവിധ മന്ത്രാലയങ്ങളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും നേതൃത്വത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കും.
യുവാക്കളെയും ഖത്തരി വനിതകളെയും ലക്ഷ്യമിടുന്ന സംരംഭങ്ങള്‍ക്ക്‌ തുടക്കമിടുകയും തൊഴില്‍ രംഗത്തോടുള്ള സമീപനത്തില്‍ മാറ്റം വരുത്തുകയുമാണ്‌ ഇതില്‍ പ്രധാനം.

സ്വകാര്യ, പൊതു മേഖലകള്‍ തമ്മില്‍ വേതനത്തിലുള്ള അന്തരം കുറക്കാനുള്ള നിര്‍ദേശവും ദേശീയ വികസന നയം മുന്നോട്ടുവെക്കുന്നു. വന്‍ ശമ്പള ആനുകൂല്യങ്ങള്‍ കാരണം പലരും പൊതു മേഖലയിലേക്ക്‌ ചേക്കേറിയതും സ്വകാര്യ മേഖലയിലെ സ്വദേശി സാന്നിധ്യം കുറയാന്‍ കാരണമായിട്ടുണ്ട്‌. സ്വകാര്യ മേഖലക്ക്‌ കൂടുതല്‍ ആനുകൂല്യങ്ങളും ഇന്‍സെന്‍റീവുകളും നല്‍കി സ്വദേശി അനുപാതം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ക്കാകും അധികൃതര്‍ ശ്രമം നടത്തുകയയെന്നാണ്‌ സൂചന.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 4.1 ശതമാനം പേര്‍ തൊഴില്‍ രഹിതരാണെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. മറ്റ്‌ വിഭാഗങ്ങള്‍ക്കിടയിലെ തൊഴില്‍ രഹിതരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്‌ 20 ഇരട്ടിയോളം വരും. 0.2 ശതമാനമാണ്‌ ഖത്തര്‍ ഇതര വിഭാഗങ്ങളിലെ തൊഴിലില്ലായ്‌മ.
എന്നാല്‍ രാജ്യത്തെ മൊത്തം തൊഴിലില്ലായ്‌മയുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വദേശി അനുപാതം എട്ടിരട്ടി മാത്രമാണ്‌. രാജ്യത്തെ മൊത്തം തൊഴിലില്ലായ്‌മാ അനുപാതം 0.5 ശതമാനമാണ്‌. മൊത്തം അര ലക്ഷം സ്വദേശികളാണ്‌ പൊതു മേഖലയില്‍ തൊഴിലെടുക്കുന്നത്‌.

സ്വകാര്യ മേഖലയില്‍ വളരെ കുറഞ്ഞ സ്വദേശികള്‍ മാത്രമാണുള്ളത്‌. രാജ്യത്തെ മൊത്തം തൊഴില്‍ മേഖലയിലെ സ്വദേശി വിദേശി അനുപാതം 1:8 ആണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക