Image

ചിക്കാഗോയിൽ നിന്ന് ഒരു നല്ല വാർത്ത: ഇത് എവിടെയും അനുകരണീയം

അനിൽ മറ്റത്തികുന്നേൽ Published on 22 March, 2020
ചിക്കാഗോയിൽ നിന്ന് ഒരു നല്ല വാർത്ത: ഇത് എവിടെയും അനുകരണീയം
ചിക്കാഗോ: ചൈനയിലും ഇറ്റലിയിലും കനത്ത നാശങ്ങൾ വിതച്ച കോവിഡ് 19 എന്ന കൊറോണാ വൈറസ് നോർത്ത് അമേരിക്കയിൽ ശക്തിപ്രാപിക്കുമ്പോൾ, ഈ മഹാ മാരിയിൽ മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, കഷ്ടത അനുഭവിക്കുന്ന മലയാളി കുടുംബങ്ങൾക്കും വ്യക്തികൾക്കും കൈത്താങ്ങാകുവാനും ഹെൽപ്പ് ലൈൻ നിലവിൽ വന്നു. മത - രാഷ്ട്രീയ - സംഘടനാ വിത്യാസങ്ങൾക്ക് അതീതമായി 150 ഓളം വോളണ്ടീയേഴ്‌സിനെ അണിനിരത്തികൊണ്ട് എട്ടോളം കമ്മറ്റികൾ, ചിക്കാഗോ പ്രദേശത്തെ ആറു റീജിയണുകളായി തിരിച്ചുകൊണ്ട്, സഹായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "കൈകോർത്ത് " എന്ന പേരിലാണ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. 

ബെന്നി വാച്ചാച്ചിറ, ജിതേഷ് ചുങ്കത്ത്, ബിജി സി മാണി എന്നിവരുടെ ഏകോപനത്തിൽ  പ്രവർത്തിക്കുന്ന വിവിധ കമ്മറ്റികൾ പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. 1 833 3KERALA (1 833 353 7252) എന്ന ടോൾ ഫ്രീ നമ്പർ മലയാളി സമൂഹത്തിന് സഹായ ഹസ്തവുമായി തയ്യാറായിട്ടുണ്ട്. കോവിഡ് 19 ബാധിച്ചവരുടെ എണ്ണം ആയിരത്തോട് അടുക്കുന്ന ഇല്ലിനോയി സംസ്ഥാനത്തിൽ ശനിയാഴ്ച വൈകിട്ട് മുതൽ Stay at Home ഓർഡർ വഴി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം പുറത്തു പോകത്തക്ക വിധത്തിൽ ശക്തമായ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിൽ മലയാളി കുടുംബങ്ങൾ ഒറ്റപെട്ട പോകുവാനുള്ള സാഹചര്യം മുന്നിൽ കണ്ടു കൊണ്ടാണ് "കൈകോർത്ത്" എന്ന സാമൂഹ്യ സഹായ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.

കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് ആശുപത്രികളുടെയും മെഡിക്കൽ ടീമുകളുടെയും സേവനം പരിമിതവുമാകുമ്പോൾ മലയാളി സമൂഹത്തിന് എമർജൻസി മെഡിക്കൽ സൗകര്യം ഒഴിച്ച് മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമാക്കത്തക്ക രീതിയിലുള്ള ഡോകർമാരും നേഴ്സ് പ്രാക്ടീഷണര്മാരും നേഴ്സുമാരും ഉൾപ്പെടെയുള്ള സുസജ്‌ജമായ മെഡിക്കൽ ടീമിനെ ഉൾപ്പെടെ അണിനിരത്തിക്കൊണ്ടാണ് " കൈകോർത്ത്" വിഭാവനം ചെയ്തിട്ടുള്ളത്. മെഡിക്കൽ ടീമിന്റെ ഏകോപനം നിർവ്വഹിക്കുന്നത് മറിയാമ്മ പിള്ള, ബ്രിജറ്റ് ജോർജ്ജ്, ജോർജ് നെല്ലാമറ്റം, സ്കറിയാകുട്ടി തോമസ് എന്നിവരാണ്. മെഡിക്കൽ ടീമിന് പുറമെ സമൂഹത്തിലെ പ്രായമായവർക്ക് വേണ്ടി സീനിയർ സിറ്റിസൺ കമ്മറ്റി ജോൺസൺ കണ്ണൂക്കാടന്റെ നേതൃത്വത്തിൽ പ്രവർത്തിക്കും.  അത്യാവശ്യ യാത്ര സംവിധാനങ്ങളും കൗൺസലേറ്റ് സാമ്നനായ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് വേണ്ടി ട്രാവൽ & കോൺസുലേറ്റ് അഫയേഴ്‌സ് കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് ജോൺ പാട്ടപ്പാതി ഗ്ളാഡ്സൺ വർഗ്ഗീസ് എന്നിവരാണ്. 

ഭക്ഷണ സാധനങ്ങളുടെ ദൗർലഭ്യം ഉണ്ടാകുന്ന പക്ഷം ചിക്കാഗോ പ്രദേശത്തെ ഇന്ത്യൻ ഗ്രോസറി കടകളെ ബന്ധിപ്പിച്ചുകൊണ്ട്, മലയാളി സമൂഹത്തിന് വ്യക്തമായ നിർദേശങ്ങൾ കൈമാറാനും, സഹായം വേണ്ടിടത്ത് അത് എത്തിക്കുവാനും വേണ്ടി ഫുഡ് കമ്മറ്റി ജോണി വടക്കുംചേരി, സണ്ണി വള്ളികുളം എന്നിവർ നയിക്കും. അവശ്യ സാധങ്ങളുടെ ദൗർലഭ്യം മനസ്സിലാക്കി മലയാളി സമൂഹത്തെ സഹായിക്കുവാൻ വേണ്ടി സപ്ലൈ & സ്റ്റോക്ക് മോണിറ്ററിങ് കമ്മറ്റിക്ക് സ്കറിയാക്കുട്ടി തോമസാണ് നേതൃത്വം നൽകുന്നത്. മേഴ്‌സി കുര്യാക്കോസിന്റെ നേതൃത്വത്തിൽ കൗണ്സലിങ്ങ് & സോഷ്യൽ ഹെൽത്ത് കമ്മറ്റിയും സജീവമായി കഴിഞ്ഞു. ഹെൽപ്പ് ലൈൻ കൂടാതെ സമൂഹ മാധ്യങ്ങങ്ങളിലൂടെ മലയാളി സമൂഹത്തിന്റെ പ്രശനങ്ങൾ മനസ്സിലാക്കുവാനും സഹായം ആവശ്യമായ സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും വേണ്ടി അരുൺ നെല്ലാമറ്റം, നിഷാ എറിക്ക് എന്നിവരുടെ നേതൃത്വത്തിൽ IT സെല്ലും തയ്യാറായി കഴിഞ്ഞു. സാബു നെടുവീട്ടിൽ, സ്റ്റാൻലി കളരിക്കമുറി എന്നിവർ റീജണൽ കോർഡിനേറ്റേഴ്‌സ് ആയി പ്രവർത്തിക്കും. ഈ മുന്നേറ്റത്തിന്റെ അഡ്വൈസറി ബോർഡ് അംഗങ്ങളായി ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, റവ. ഫാ. ഹാം ജോസഫ്, മോൺസിഞ്ഞോർ തോമസ് മുളവനാൽ എന്നിവർ പ്രവർത്തിക്കും.

ഭീതിയും ഭയവും ഒഴിവാക്കി , സംയമനവും വിവേകവും കൈമുതലാക്കികൊണ്ട് ഉത്തരവാദിത്വത്തോടെ ഒരുമിച്ച്  പ്രവർത്തിച്ചാൽ ഈ മഹാമാരിയിൽ തളരാതെ ഒരു സമൂഹമായി നിലനിൽക്കുവാൻ സാധിക്കും എന്നുള്ള ഉത്തമ വിശ്വാസത്തോടെയാണ് 150 ഓളം വരുന്ന വോളന്റിയേഴ്‌സ് ഒരുമിക്കുന്നത് എന്ന് പബ്ലിസിറ്റി കമ്മറ്റിക്ക് വേണ്ടി ബെന്നി വാച്ചാച്ചിറ അറിയിച്ചു. ഹെൽപ്പ് ലൈനിലേക്ക് വരുന്ന ഓരോ കോളുകൾക്കും , വിളിക്കുന്നവരുടെ സ്വകാര്യത പരിപൂർണ്ണമായും കാത്തു സൂക്ഷിച്ചുകൊണ്ട്, യാതൊരു വിധ വ്യക്തി താല്പര്യങ്ങളുമില്ലാതെ കൈത്താങ്ങാകുവാൻ പ്രതിജ്ഞാബദ്ധമായ ടീമിലേക്ക് എത്തിയിരിക്കുന്ന എല്ലാ വോളന്റിയഴ്‌സിനും നന്ദി അറിയിക്കുന്നതായി, കമ്മറ്റികൾക്ക് വേണ്ടി അദ്ദേഹം അറിയിച്ചു.  ഹെൽപ്പ് ലൈനിലേക്കോ കമ്മറ്റി അംഗങ്ങളെ നേരിട്ടോ വിളിച്ച് സഹായം അഭ്യർത്ഥിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്പ് ലൈനുമായി  1 833 353 7252 എന്ന നമ്പരിൽ ബന്ധപ്പെടുക. 

ചിക്കാഗോയിൽ നിന്ന് ഒരു നല്ല വാർത്ത: ഇത് എവിടെയും അനുകരണീയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക