Image

നീലച്ചിറകുള്ള മൂക്കുത്തികൾ -5 സന റബ്സ്

Published on 22 March, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ -5  സന റബ്സ്


പെട്ടെന്ന് തന്നെ ദാസ്‌ തനൂജയെ അടര്‍ത്തിമാറ്റി.

“അങ്ങനെ അഭിനയിക്കാന്‍ ഞാനൊരു നടനല്ലല്ലോ.” അയാള്‍ ഒന്ന് തല കുടഞ്ഞു നെറ്റിയിലേക്ക് വീണ  മുടിയൊതുക്കി.

“അതിനെന്താണ് റായ്; ഒരു തീം, വളരെ ചെറിയൊരു ക്യാന്‍വാസ്, അതെല്ലാം അറിയാന്‍ നടനാവണോ?  പരിചയമുള്ളവര്‍ കൂടെ ഉണ്ടാകുമ്പോള്‍ കംഫര്‍ടബിള്‍ ആയി ക്യാമറയുടെ മുന്നില്‍ നില്‍ക്കാമല്ലോ.” തനൂജ വീണ്ടും അയാളുടെ കൈ കവര്‍ന്നു.

“എക്സ്ക്യൂസ്മി.., നിങ്ങള്‍ സംസാരിക്കൂ,” കൈകൊണ്ടു ഒരാംഗ്യം കാണിച്ച് ദാസിന്‍റെ മുഖത്തേക്ക് നോക്കാതെ മിലാന്‍ മുന്നോട്ട് നടന്നുപോയി.

അവള്‍ പിന്നീട് അങ്ങോട്ട്‌ നോക്കിയതേയില്ല. വളണ്ടിയര്‍മാരുടെകൂടെ പലതും സംസാരിച്ചു നടന്നു.  അവിടെവിടെ  ചുറ്റിക്കറങ്ങി മുന്നോട്ട് നടന്നപ്പോള്‍  കുറച്ചുകൂടി ഇടുങ്ങിയ വഴിയിലാണ് എത്തിയത്. ചെറിയ വെട്ടുകല്ലുകള്‍ വെട്ടിയുണ്ടാക്കിയ വഴി ഒരു ജീര്‍ണ്ണിച്ച കെട്ടിടത്തിലേക്ക് കയറിപ്പോകുന്നു. മിലാന്‍റെ കാലുകള്‍ അങ്ങോട്ട്‌ തന്നെ ചലിച്ചു. ഇരുട്ടും നിശബ്ദതയും ഇടകലര്‍ന്നൊരു ഭാഗം. പുറമേ നടക്കുന്ന ബഹളങ്ങള്‍ അങ്ങോട്ട്‌ എത്തിപ്പെട്ടില്ലെന്നു തോന്നി. മൂന്നാല് ചാക്കുകള്‍ ഒരുമിച്ച് തുന്നി മറയാക്കിയിട്ട വാതില്‍ വകഞ്ഞു രണ്ട് പുരുഷന്മാര്‍ പുറത്തേക്കിറങ്ങിവന്നു.  ഒരാള്‍ കൈയിലുള്ള കത്തിയുടെ മുനകൊണ്ട് പല്ലിട കുത്തി  നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പി മിലാനെ തറപ്പിച്ചു നോക്കി കടന്നുപോയി.

എന്തോ ഞരക്കം അകത്തുനിന്നു കേട്ടുവോ? മിലാന്‍ അല്പം സംശയിച്ചു. അകത്തേക്ക് കടന്നു നോക്കണോ? സ്ഥലം അത്ര പന്തിയുള്ളതല്ല. കൂടെയുള്ളവര്‍ താനിങ്ങോട്ട് തിരിഞ്ഞപ്പോള്‍ അകലെയായിപ്പോയിരുന്നു. എങ്കിലും തലയിലെ സ്കാഫ് ഒന്നൂടെ മുറുക്കെ കെട്ടി മിലാന്‍ തൂക്കിയിട്ട മറ വകഞ്ഞു അകത്തേക്ക് നോക്കി. ഇരുട്ട് കാരണം ആദ്യം അകത്തുള്ള കാഴ്ച വ്യക്തമായില്ല. പിന്നെപ്പിന്നെ വെളിച്ചം അകത്തേക്ക് വന്നു. വസ്ത്രം പല കെട്ടുകളായി കൂട്ടിയിട്ടിരിക്കുന്നു എന്നാണ് ആദ്യം തോന്നിയത്. ചെറുതും വലുതുമായി നിരനിരയായി കിടക്കുന്ന കയറ്റുകട്ടിലുകള്‍! അവയില്‍ തിങ്ങി നിറഞ്ഞു കിടക്കുന്നത് തുണിക്കെട്ടുകളല്ല  പെണ്‍കുട്ടികളാണെന്ന് മിലാന്‍ വല്ലാത്തൊരു ഞെട്ടലോടെ കണ്ടു. ബോധമില്ലാതെ ഉറങ്ങുകയാണവര്‍. ചിലര്‍ ചാക്കുകൊണ്ട് മൂടിപ്പുതച്ചിരിക്കുന്നു. നാടകസ്റ്റേജിന് തിരശ്ശീല തൂക്കിയത്‌ പോലെ ചില കട്ടിലുകള്‍ക്കു ചുറ്റും കീറിയതോ നേര്‍ത്തതോ ആയ ആവരണങ്ങള്‍! അത്തരം മറകള്‍ക്കുള്ളില്‍ ആ പെണ്‍കുട്ടികളുടെ “കസ്റ്റമര്‍” ഉണ്ടെന്ന് മിലാന് മനസ്സിലായി. മറ്റൊരു കട്ടില്‍ തട്ടാതെയോ ദേഹത്ത് മുട്ടാതെയോ നടക്കാന്‍ സ്ഥലമില്ല. ഇടയ്ക്കാരോ കണ്ണ് തുറന്നു നോക്കി വീണ്ടും തിരിഞ്ഞുകിടന്നു. പതിമൂന്നോ പതിന്നാലോ വയസ്സ് തോന്നിക്കുന്ന മൂന്നു പെണ്‍കുട്ടികള്‍ കുതിര്‍ന്ന ഓലക്കെട്ടുകള്‍പോലെ  വെറും തറയില്‍ തളര്‍ന്നു കിടന്നുറങ്ങുന്നു. അപ്പുറത്തെ മറനീക്കി ഒരു സ്ത്രീ ഇറങ്ങി വന്നു. ചുരുണ്ട മുടി മുകളിലേക്ക് ഉയര്‍ത്തി കെട്ടിവെച്ചിരിക്കുന്നു. കഷ്ടിച്ച് അര മറച്ചിട്ടുണ്ട്‌.

ദേഹം മറക്കാന്‍ മിനക്കെടാതെ ആ സ്ത്രീ ഉറങ്ങിയിരുന്ന ഒരു പെണ്‍കുട്ടിയെ കാലുകൊണ്ട്‌ ശക്തിയായി തട്ടിവിളിച്ചു. “ഉഡോ...,ഉഡോ ബീസ് റുപീ..ഉഡോ...” പിറുപിറുത്തുകൊണ്ട്  പെണ്‍കുട്ടി ഉറക്കച്ചടവോടെ അവരെ നോക്കി.  ഇറങ്ങിവന്ന ഭാഗത്തേക്ക്‌ ചൂണ്ടി  ആ സ്ത്രീ ഹിന്ദിയില്‍  എന്തോപറഞ്ഞു. അവള്‍ എഴുന്നേറ്റുചൂണ്ടിയ ഭാഗത്തേക്ക്‌ നടന്നു. ഈ സമയമൊക്കെയുംആ സ്ത്രീ  മിലാനെത്തന്നെ നോക്കിക്കൊണ്ടിരുന്നു. വാളോങ്ങി നില്‍ക്കുന്ന ഒരു നോട്ടം! ശേഷം അവരും ആ കുട്ടി പോയ ഭാഗത്തേക്ക് കയറിപോയി. ഓരോ പെണ്‍കുട്ടിക്കും അവിടെ നിശ്ചിത വിലയുണ്ട്‌. ആ വിലയാണ്--അവള്‍ ആരോ ആകട്ടെ-- അവളുടെ പേര്.

മിലാന്‍ വല്ലാത്തൊരു വിഷമത്തോടെ തിരിഞ്ഞു നടന്നു.

 “ഞാന്‍ പോകുന്നു, സീ യു എഗൈന്‍.” താഴെ ക്യാമ്പില്‍ വന്നു താന്‍ പോകുകയാണെന്ന് അവരെ അറിയിച്ചു മിലാന്‍ കാറിനടുത്തെക്ക് നടന്നു. മിലാന്‍ നടന്നുപോകുന്നത്‌ കണ്ട് ദാസ്‌ ധൃതിയില്‍ അടുത്തെത്തി ചോദിച്ചു. “അല്പംകൂടി കഴിഞ്ഞു പോയാല്‍ പോരെ?”

 “അല്ല,പോണം,വേറെയും ചില വര്‍ക്കുകളുണ്ട്.” അവള്‍ അയാളെയൊന്നു നോക്കി. “ഇവിടെ കമ്പനി നല്‍കാന്‍ വേറെയും ആളുണ്ടല്ലോ..”പറഞ്ഞിട്ട് അവള്‍ കാറില്‍ കയറി ഡോറടച്ചു.

ദാസ്‌ അതിന് മറുപടി പറഞ്ഞില്ല. തനൂജയെ കണ്ടതിന് ശേഷം മിലാന്‍ അയാളുടെ അരികിലേക്ക് വന്നില്ല എന്നത് അയാള്‍ നോട്ട് ചെയ്തിരുന്നു. അയാള്‍ സീറ്റിനടുത്തേക്ക് കുനിഞ്ഞപ്പോള്‍ അവള്‍ ചില്ല് താഴ്ത്തി. “മിലാന്‍, ഇതൊരു പബ്ലിക്പ്ലേസ് ആണ്.”

അവള്‍ മന്ദസ്മിതത്തോടെ പറഞ്ഞു. “ആയതിനാല്‍ ഞാനിപ്പോള്‍ വിദേതിനെ കെട്ടിപ്പിടിക്കുന്നില്ല. പോട്ടെ...” കാര്‍ തിരിയുമ്പോള്‍ മിലാന്‍ തിരിഞ്ഞുനോക്കി. ദാസ് അവിടെത്തന്നെ നോക്കിനില്‍പ്പുണ്ട്.

ക്യാമ്പസ്സിലെത്തി പഠിക്കാന്‍ ശ്രമിച്ചിട്ടും മിലാന് ഏകാഗ്രത കിട്ടിയില്ല. മനസ്സില്‍ ഫ്ലാഷുകള്‍ ഓടുന്നു. തനൂജയുടെ വരവും വിദേതുമായുള്ള ഇടപഴകലും അല്പം അതിരുവിടുന്നത് പോലെ. മനുഷ്യരുടെ  കറുത്ത ജീവിതം  മനസ്സിലേല്പ്പിച്ച പ്രഹരങ്ങള്‍ വേറെ. എത്രയോ പെണ്‍കുട്ടികള്‍ ശരീരം വില്‍പ്പനച്ചരക്കാക്കി ജീവിക്കുന്നു. സ്വയം തീച്ചൂളയിലേക്ക് ചാടിയവരും അതിലേക്ക് തള്ളിയിട്ടവരുമെല്ലാം ഒരേ വിധിയുടെ ഭാഗങ്ങള്‍ ആടുന്നു. സ്വന്തം പേര് പോലുമിലാതെ വെറുമൊരു നമ്പറില്‍ മരിച്ചു ജീവിക്കുന്നു..!

തന്‍റെ ജാലകവിരി  മാറ്റി മിലാന്‍ വിദൂരതയിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു. സോനഗാച്ചിയിലെ ആയിരക്കണക്കിന് തെരുവുകളിലൊന്നിലെ ഏതോ ഒരു മുറിയില്‍ മിനിട്ടുകള്‍  മാത്രം നീണ്ട  കാഴ്ചകളില്‍ അവള്‍ തളര്‍ന്നുപോയിരുന്നു. 

 “എന്താ ആലോചന?” വാതില്‍ തള്ളിത്തുറന്നു അകത്തുവന്ന ആളെ കണ്ട് മിലാന്‍ വിസ്മയിച്ചുപോയി.

“വാവ്...റിനു..” സന്തോഷത്തോടെ  വാതിലിനരികില്‍ കൈകള്‍ വിടര്‍ത്തി നില്‍ക്കുന്ന റിനുവിനെ മിലാന്‍ ഓടിവന്നു കെട്ടിപ്പിടിച്ചു. “നിനക്കെങ്ങനെ മനസ്സിലായി നിന്‍റെ ആവശ്യം ഇപ്പോഴെനിക്കുണ്ടെന്ന്?”

“അപ്പോള്‍ നീ പ്രോവേര്‍ബ് ഓര്‍ത്തു നില്‍ക്കുകയായിരുന്നോ?”

“ഏതു പ്രോവേർബ്?” മിലാന്‍ റിനുവിനെ കട്ടിലിലിരുത്തിക്കൊണ്ട് ചോദിച്ചു.

“ഹാ..നമ്മുടെ എ ഫ്രണ്ട് ഈസ്‌ ഇന്ഡീഡ്........” റിനു ചിരിച്ചു.

“ഒഹ്..പോടീ..മോളേ...” തന്‍റെ അടുത്ത കൂട്ടുകാരിയെ കണ്ടപ്പോഴുള്ള സന്തോഷം മിലാന്‍ ഒളിച്ചുവെച്ചില്ല. കഴിഞ്ഞ വര്‍ഷത്തെ യൂനിവേർസിറ്റി റണ്ണറപ്പ് ആണ് റിനു. റിനുവിന്റെയും മിലാന്റെയും  പൊതുപരിപാടികളുടെ തിളക്കവും തിരക്കും കാരണം പരസ്പരം കാണുന്നത് മിക്കവാറും സ്റ്റേജുകളില്‍ വെച്ചാണെന്ന് മാത്രം!

കല്‍ക്കത്തയിലെ റെഡ് സ്ട്രീറ്റില്‍ പോയ കാര്യങ്ങള്‍ മിലാന്‍ റിനുവിനോട് വിശദീകരിച്ചു. “അപ്പൊ നിന്നെ അലട്ടുന്നത് തനൂജയുടെ സഡന്‍ എന്‍ട്രി ആണോ? അത് റായുടേയും നിന്‍റെയും ജീവിതത്തെ ബാധിക്കുമെന്ന് നീ കരുതുന്നുണ്ടോ?” റിനു മിലാന്‍റെ കണ്ണുകളില്‍ തന്നെ നോക്കി, തുടര്‍ന്നു.

“മിലൂ, നിനക്ക് റായിയെപ്പറ്റി നല്ലതുപോലെ അറിയാമല്ലോ. അയാളുടെ തന്നെ വാക്കുകളില്‍ അയാള്‍ക്ക്‌ കൗതുകമുള്ളത് നോക്കുക സ്വാഭാവികമാണ്. മറ്റൊരോര്‍ത്ഥത്തില്‍ അത് കാണേണ്ട കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്.ശരിയല്ലേ?”

“ശരിയാണ്, വിദേതിനെപ്പോലെ ഒരാളെ ഫ്ലാഷ് ലൈറ്റില്‍ നിന്നും പിന്നോട്ട് വലിക്കാന്‍ സാധ്യമല്ല. എന്നോടും ഒരുമിച്ചുള്ള ജീവിതത്തോടും ജെനുവിനിറ്റി കാണിച്ചാല്‍ മതി. സ്നേഹമില്ലന്നും കെയര്‍ ഇല്ലെന്നും ഇതുവരെ തോന്നിയിട്ടില്ല.” മിലാന്‍റെ സ്വരം താഴ്ന്നു.

“മറ്റൊരു കാര്യം മിലൂ, നിന്‍റെ പ്രധാനപ്രശ്നം  എന്താണെന്ന് നിനക്കറിയാമോ? നീയൊരു നടിയും മോഡലുമാണെന്ന കാര്യം നിന്‍റെ തലയില്‍ ശരിയായ രീതിയില്‍ കയറിയിട്ടില്ല. നീയിപ്പോഴും നിന്റമ്മ ശാരികയുടെ വിരലില്‍ തൂങ്ങി കുളവും വെള്ളവും കണ്ടാല്‍ ചാടാന്‍ മടിക്കുന്ന കുട്ടിയാണ്.” റിനു ചിരിച്ചു.

“പിന്നെ പിന്നേ...അമ്മ പറഞ്ഞിട്ടല്ലേ ഞാനീ കല്യാണം കഴിക്കുന്നേ..” മിലാന്‍ റിനുവിന്റെ  കണ്ടെത്തല്‍ പാടെ തള്ളിക്കളഞ്ഞുകൊണ്ട് നിഷേധാര്‍ത്ഥത്തില്‍ ചുമലിളക്കി.

“എന്നല്ല. നീ നന്നായിത്തന്നെ ബോള്‍ഡ് ആകേണ്ടതുണ്ട്. ഓരോരുത്തര്‍ക്കും ഓരോ സ്പേസ് ഉണ്ട്.അതിലേക്കു കടന്നു കയറരുത്. സ്വന്തം സ്പേസിലേക്ക് ആരെയും വലിച്ചു കയറ്റുകയും അരുത്. ആവശ്യമില്ലാതെ ആന്‍ക്സയ്റ്റി എന്തിനാണ്?”

“നീ ശരിക്കും വിദേത് ചിന്തിക്കുന്നപോലെയാണ് ചിന്തിക്കുന്നത്. ‘വെറും ക്യൂരിയോസിറ്റി, ജസ്റ്റ്‌ ജോക്കിംഗ്....’ എന്നെല്ലാം...” ഷോള്‍ഡറിളക്കി കൈകള്‍ മലര്‍ത്തി മിലാന്‍ റായ് പറയുന്നപോലെ ആക്ട്‌ ചെയ്തത് കണ്ട് റിനു പൊട്ടിച്ചിരിച്ചു.

“നീയൊരു അസ്സല്‍ നടി തന്നെ...” മിലാനും റിനുവും പൊട്ടിച്ചിരിച്ചു.

“ശരി, അമേരിക്കയില്‍ ഒരു പ്രോഗ്രാം വരുന്നുണ്ട് എനിക്ക്. നീയും കൂടെ വരുന്നോ? ഒരാഴ്ച്ചയുണ്ടാകും പരിപാടികള്‍.” റിനു ചോദിച്ചു.

“എന്നാണ് ഡേറ്റ്?”

“ഡേറ്റ് അവര്‍ അറിയിക്കും. എന്തായാലും ഒരു മാസം കഴിഞ്ഞായിരിക്കും.” റിനു പറഞ്ഞു.

“ഇപ്പോള്‍ ഉറപ്പ് പറയാന്‍ പറ്റില്ല. എന്തായാലും ഡേറ്റ് അറിഞ്ഞാല്‍ നീ വിളിക്കുമല്ലോ. അപ്പോള്‍ പറയാം.” മിലാന്‍ സമ്മതിച്ചു.

കുറച്ചുനേരം കൂടി മിലാനരികില്‍  ചെലവഴിച്ച ശേഷം റിനു തിരികെ പ്പോയി.

അന്ന് രാത്രി വിദേതിന്റെ കാള്‍ വരുന്നത് വരെ അവള്‍ അയാളെ അങ്ങോട്ട്‌ വിളിച്ചില്ല.

“എന്താണ് മൈ എയ്ഞ്ചൽ നേരത്തെ സ്ഥലം വിട്ടത്?”  മിലാന്‍റെ സ്വരം കേട്ട ഉടനെ അയാള്‍ ചോദിച്ചത് ഇതായിരുന്നു.“സ്ത്രീസഹജമായ അസൂയയാണ് കാരണമെന്ന് ഞാന്‍ പറഞ്ഞാല്‍ മിസ്സ്‌ മുംബൈ സമ്മതിക്കുമോ?” കുസൃതിയോടെയും തമാശയോടെയും അയാളുടെ ചോദ്യം  അവളുടെ കാതില്‍ വീണു.

“ഓഹോ...എന്തിന് വേണ്ടി  ഞാന്‍ അസൂയപ്പെടുന്നു എന്നാണ് ധരിക്കുന്നത്?” മിലാന്‍ തിരിച്ചു ചോദിച്ചു.

“ചിലര്‍ നന്നായി തന്നെ തുറന്ന് കാണിക്കുമ്പോള്‍ ആരായാലും നോക്കുമല്ലോ..ആ നോട്ടത്തിനോടുള്ള അസൂയ...” അയാളൊന്നു നിറുത്തി. തനൂജയുടെ ദേഹത്തേക്ക് തന്‍റെ കണ്ണുകള്‍ വീണത്‌ മിലാന്‍ കണ്ടു എന്നത് അയാള്‍ക്കറിയാമായിരുന്നു.

“തുറന്നിട്ടതിലൊക്കെ പാറിച്ചെന്ന് വീഴുക ഈച്ചകളാണ് വിദേത്...; വെറും ഈച്ചകള്‍!”

അയാള്‍ ഫോണിനപ്പുറത്തു ശബ്ദനായത് അവള്‍ അറിഞ്ഞു.

ആ അറിവില്‍ ഊറിവന്ന ചിരിയോടെ അവള്‍ തുടര്‍ന്നു. “ എന്നാല്‍ തേനീച്ചകള്‍ തേനുണ്ണാന്‍ മാത്രമേ പോകൂ...ഏതു വ്രണത്തിലും ചെന്നിരിക്കില്ല.”

                                   {തുടരും}
നീലച്ചിറകുള്ള മൂക്കുത്തികൾ -5  സന റബ്സ്
Join WhatsApp News
seena joseph 2020-03-22 10:19:59
Beautiful narration...waiting for more..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക