Image

മാസ്‌ക്കുകൾ ഇല്ല, സുരക്ഷ പോരാ, മാലാഖമാർ ഭീതിയിൽ (ഫ്രാൻസിസ് തടത്തിൽ)

Published on 21 March, 2020
മാസ്‌ക്കുകൾ ഇല്ല, സുരക്ഷ പോരാ,  മാലാഖമാർ ഭീതിയിൽ (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്സി:ആവശ്യത്തിന് മാസ്‌ക്കുകള്‍ ഇല്ല, സുരക്ഷ ക്രമീകരണങ്ങള്‍ മറ്റൊന്നുന്നുമില്ല; അമേരിക്കയില്‍ കോവിഡ് 19 കൊറോണ വൈറസിനെതിരെ യഥാര്‍ത്ഥ പോരാട്ടം നടത്തുന്ന ഭൂമിയിലെ മാലാഖമാര്‍ വന്‍ പ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് ആശുപതികളില്‍ രോഗബാധിതരുമായി സംസര്‍ക്കം പുലര്‍ത്തുന്നത്.

ഇങ്ങനെ തുടര്‍ന്നാല്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആരോഗ്യം ആര് സംരക്ഷിക്കുമെന്ന ചോദ്യം അവശേഷിക്കുകയാണ്.

കോറോണോ ബാധിതരെ ചികില്‍സിക്കുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും ഉപയോഗിച്ചുകൊണ്ടിരുന്ന എന്‍-95 മാസ്‌ക്കിന് രാജ്യവ്യാപകമായി രൂക്ഷമായ ക്ഷാമം നേരിടുകയാണിപ്പോള്‍. മൂക്കും വായയും പൂര്‍ണമായും കവര്‍ ചെയ്യുന്ന പച്ച നിറമുള്ള മാസ്‌ക്കാണ് എന്‍-95. ന്യൂജേഴ്സിയിലെ പല ഹോസ്പിറ്റലുകളിലും എന്‍-95 മാസ്‌ക്ക് പൂര്‍ണമായും തീര്‍ന്നു കഴിഞ്ഞു. ഇതുതന്നെയാണ് മറ്റു സ്റ്റേറ്റുകളുടെയും സ്ഥിതി.ഇപ്പോള്‍ സാധാരണക്കാര്‍ ധരിക്കുന്ന സര്‍ജിക്കല്‍ മാസ്‌ക്ക് ഉപയോഗിച്ചാണ് ഡോക്ടര്‍മാരും നഴ്സ്മാരും മരണാസന്നനായി കിടക്കുന്ന കൊറോണ ബാധിതരായ രോഗികളെ ചികില്‍സിക്കുന്നത്. അവികസിത രാജ്യങ്ങളില്‍ പോലും കടുത്ത സുരക്ഷയോടെ ഡോക്ടര്‍മാരും നഴ്സുമാരും കൊറോണ ബാധിതരെ ചികില്‍സിക്കുമ്പോള്‍ സമസ്ത മേഖലയിലും ലോകത്തെ ഒന്നാം സ്ഥാനക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയുടെ അവസ്ഥയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.

എന്‍-95 മാസ്‌ക്കിന്റെ ലഭ്യത കുറവുമൂലം ഇനി മുതല്‍ കൊറോണ രോഗികളുമായി സമ്പര്‍ക്കംപുലര്‍ത്താന്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും സര്‍ജിക്കല്‍ മാസ്‌ക്ക് ഉപയോഗിച്ചാല്‍ മതിയെന്ന് ഇന്നലെ സെന്റര് ഫോര്‍ ഡിസീസ് കണ്ട്രോള്‍ (സി.ഡി.സി) പുതിയ മാര്‍ഗനിര്‍ദേശം (ഗൈഡ് ലൈന്‍) ഇറക്കി. അത് പ്രകാരം ഹോസ്പ്പിറ്റലുകളിലെ ഡോക്ടര്‍മാര്‍ക്കുംനേഴ്സുമാര്‍ക്കും മേല്‍ സര്‍ജിക്കല്‍ മാസ്‌ക്ക് ഉപയോഗിക്കാന്‍ ഹോസ്പിറ്റല്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തി വരികയാണ്.

സര്‍ജിക്കല്‍ മാസ്‌ക്കിനു വരെ ദൗര്‍ലഭ്യം വരുന്ന സാഹചര്യമുണ്ടാകുന്ന അവസ്ഥയാണ് ഇപ്പോള്‍. ആരോഗ്യമേഖലയിലെ അനാസ്ഥമൂലം ഡോക്റ്റര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൂട്ടത്തോടെ രോഗം ബാധിച്ചാല്‍ രോഗം ബാധിക്കുന്ന സാധാരണക്കാരെ ആരു ചികല്‍സിക്കുമെന്ന ദീര്‍ഘവീക്ഷണം പോലുമില്ലാതെയാണ്ഭരണകൂടം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

മതിയായ സുരക്ഷാ സംവീധാനങ്ങളില്ലാത്തതിനാലാകാം പല നഴ്‌സിംഗ് ഹോമുകളിലും നിന്നുള്ള നിരവധി നഴ്സുമാരും ഏതാനും ഡോക്ടര്‍മാരും കൊറോണ ബാധിതരായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്ന പല പ്രായമേറിയ രോഗികളും നഴ്‌സിംഗ് ഹോമുകളില്‍ കഴിഞ്ഞു വരുന്നവരാണ്. കാര്യങ്ങള്‍ ഈ നിലക്കാണ് പോകുന്നതെങ്കില്‍ വരാനിരിക്കുന്നത് വന്‍ ദുരന്തമായിരിക്കുമെന്നാണ് സൂചന. മിക്കവാറുംആരോഗ്യ മേഖലയിലെ നല്ലൊരു വിഭാഗം പ്രവര്‍ത്തകര്‍ കൊറോണ ബാധിതരായാല്‍ അത്ഭുതപ്പെടേണ്ടതില്ല.

കൂടുതലായും ചൈനയില്‍ നിര്‍മ്മിക്കുന്ന മാസ്‌ക്കിന്റെ വരവ് ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന് ഗണ്യമായി കുറഞ്ഞതാണ് ലഭ്യത ഗണ്യമായി കുറയാന്‍ കാരണം. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ ചൈനയെ ആശ്രയിച്ചുകൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്ന് കരകയറണമെങ്കില്‍ അടിയന്തിരമായി മാസ്‌ക്കുകളുടെ ആഭ്യന്തര ഉത്പ്പാദനം വര്‍ധിത തോതില്‍ ആരംഭിക്കണം. കേരളത്തില്‍മാസ്‌ക്കുകളുടെ ലഭ്യത കുറഞ്ഞപ്പോള്‍ സാധാരണക്കാര്‍ക്ക് ധരിക്കാനായി സ്വന്തമായി ചില സ്ഥാപനങ്ങള്‍ മാസ്‌ക്കുകള്‍ സ്വയം നിര്‍മ്മിച്ച് സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ വാര്‍ത്ത നാം കണ്ടതാണ്.

സാധാരണ ജനങ്ങള്‍ക്ക് സര്‍ജിക്കല്‍ മാസ്‌ക്കിനു പകരം പ്രാദേശികമായി മാസ്‌ക്കുകള്‍നിര്‍മ്മിച്ച് നല്‍കുകയാണെങ്കില്‍ ആരോഗ്യമേഖലയിലുള്ളവര്‍ക്കു ആവശ്യമായ മാസ്‌ക്കുകള്‍ ലഭ്യമായേക്കും. കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യവ്യാപകമായി ഭൂരിപക്ഷം വരുന്ന അമേരിക്കക്കാരും മാസ്‌ക്കുകള്‍ വാങ്ങിക്കൂട്ടിയതാണ് പെട്ടെന്നുണ്ടായ ഷോര്‍ട്ടേജിനു കാരണം. കൊറോണ വൈറസ് ലോകം മുഴുവന്‍ വ്യാപിച്ചതിനെ തുടര്‍ന്ന്വൈറസ് ബാധിത രാജ്യങ്ങളില്‍ ആഭ്യന്തര ഉപയോഗം വര്‍ധിച്ചു. അതിനാല്‍ തന്നെ മാസ്‌ക്ക് ഇറക്കുമതി പ്രായോഗികമാകണമെന്നില്ല.

മാസ്‌ക്കുകള്‍ മാത്രമല്ല കൊറോണ രോഗികളെ ചികില്‍സിക്കുന്ന ഹെല്ത്ത് വര്‍ക്കേഴ്സ് നിര്‍ബന്ധമായും ധരിക്കേണ്ട കാല്‍പ്പാദം മുതല്‍ ശിരസുവരെ കവര്‍ ചെയ്യുന്ന വായു സഞ്ചാരമില്ലാത്ത വെള്ള നിറത്തിലുള്ള അതീവ സുരക്ഷ നല്‍കുന്ന ഗൗണ്‍ പോലും പല ആശുപത്രികളിലുമില്ല. ഇത്തരം അപകടകരമായ മഹാമാരി അടുത്തകാലത്തൊന്നും അമേരിക്കയില്‍ ഉണ്ടാകാതിരുന്നതിനാലാണ്ആരോഗ്യ മേഖല ഇത്തരം സുരക്ഷാ ഗൗണുകള്‍ സൂക്ഷിക്കാതിരുന്നത്. ചൈനയിലും ഇറ്റലിയിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ വരെ ഇത്തരം ഗൗണുകളാണ് ഹെല്ത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉപയോഗിക്കുന്നത്. എന്തിനേറെ നമ്മുടെ കൊച്ചു കേരളത്തില്‍ വരെ ഇത്തരം ഗൗണുകള്‍ ലഭ്യമാണ്.

മെയ് മാസം ആദ്യത്തോടെ രാജ്യത്തു സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സൂചന നല്‍കിക്കഴിഞ്ഞു. അതിനു തക്കതായ ദിശാബോധം ഭരണകൂടത്തിനുണ്ടോ എന്ന് സംശയകരമാണ്.

കോവിഡ് 19 ലോകം മുഴുവനും വ്യാപിച്ചിരിക്കെ ട്രമ്പ് ഭരണകൂടത്തിന്റെ മെല്ലെപ്പോക്ക് നയം കുഴപ്പങ്ങളില്‍ നിന്ന് വന്‍ ദുരന്തങ്ങളിലേക്കു പോകുമെന്ന് സൂചനയാണ് ഇപ്പോഴുള്ളത്. ലോകം ഭീതിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പ് കാര്യങ്ങളെ വളരെ ലാഘവത്തോടെയാണ് കാണുന്നത്. ലോക ആരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച് ഒ) പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ലോക നേതാക്കന്മാര്‍ കൊറോണ ദുരന്തത്തെ മനുഷ്യരാശിയുടെ അന്തകനെന്നു വരെ വിശേഷിപ്പിക്കുമ്പോള്‍ വുഹാനില്‍ വൈറസ് ബാധ ആരംഭിച്ച കാലം മുതല്‍ട്രമ്പ് ഈ മഹാമാരിയെ ചൈനാവൈറസ് എന്ന് പറഞ്ഞു ലഘൂകരിക്കുകയും നിരന്തരമായി പരിഹസിക്കുകയുമായിരുന്നു.

കഴിഞ്ഞ ദിവസംകൂടി ചൈന വൈറസ് എന്ന് പറഞ്ഞു ട്രമ്പ് ചൈനയെ പ്രകോപിച്ചതിന്റെ പരിണിതഫലമായി ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെ നാലു പത്രങ്ങളുടെ ലേഖകന്മാരെ രാജ്യത്തുനിന്ന് പുറത്താക്കിക്കൊണ്ടാണ് ചൈന ട്രംപിന് മറുപടി നല്‍കിയത്. രാജ്യവ്യാപകമായി ഓഹരിവിപണി തകര്‍ന്നപ്പോള്‍ ചൈനയിലെ അമേരിക്കന്‍ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയും ചൈന ട്രംപിന് മറുപടി നല്‍കി. ഇപ്പോള്‍ പല അമേരിക്കന്‍ കമ്പനികളുടെയും ഭൂരിപക്ഷ ഓഹരിചൈനീസ് സര്‍ക്കാരിന്റെ പക്കലാണെന്നും റിപ്പോര്‍ട്ടുണ്ട്

മറ്റു രാജ്യങ്ങളെ പരിഹസിക്കുകയല്ല സ്വയം പര്യാപ്ത നേടാന്‍ മാര്‍ഗം തേടുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അമേരിക്കയില്‍ കൊറോണ വൈറസ് ആരംഭിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായി ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോള്‍ ഡെമോക്രാറ്റുകള്‍ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഡെമോക്രാറ്റുകള്‍ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു അന്ന് ട്രമ്പ് പ്രതികരിച്ചത്.

ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ തൊലിപ്പുറത്തെ ചികിത്സ നടത്തി വോട്ടു ബാങ്കിനെ സൃഷ്ട്ടിക്കുകയാണ് ചെയ്തുവരുന്നത്. 85 ബില്യണ്‍ ഡോളറിന്റെ സ്റ്റീമില്ലസ് പാക്കേജ് പ്രഖ്യാപിച്ചതില്‍ ടാക്സ് ഇളവ്, ശമ്പളത്തോടുകൂടിയ അവധി, ഓരോ നികുതിദായകര്‍ക്കും 1000 ഡോളര്‍ ചെക്ക് നല്‍കുക എന്നി പദ്ധതികള്‍ക്കാണ് മുന്‍തൂക്കം.അതെല്ലാം നല്ല കാര്യം തന്നെ.

ഓര്‍മിക്കേണ്ട മറ്റൊരു കാര്യമുണ്ട്. വിളവുകള്‍ സംരക്ഷിക്കാന്‍ വേലികളും സംരക്ഷികേണ്ടതുണ്ട്. രോഗത്തെ മുളയിലേ നുള്ളാതെ അനാസ്ഥ കാട്ടിയതിന്റെ പരിണിതഫലമാണ് ഇപ്പോഴത്തെ അവസ്ഥ. മില്ലേനിയത്തില്‍ ജനിച്ച യുവ ജനതയാണ് ഏറ്റവും വലിയ കൊറോണ വാഹകര്‍. അവര്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് പാലിക്കാതെ വന്നതാണ് ഇപ്പോള്‍ രാജ്യം മുഴുവനും കൊറോണയുടെ പിടിയിലായത്.

രാജ്യത്തെ പല ഹോസ്പിറ്റലുകളിലും വെറ്റിലേറ്ററുകളുടെ ഗണ്യമായ കുറവുണ്ട്. കൊറോണ റെസ്പിറ്ററി ഡിസോര്‍ഡര്‍ ആയതിനാല്‍ വെന്റ്റിലേറ്റര്‍ ധാരാളമായി വേണം. ജി.എം. പോലുള്ള വന്‍കിട കമ്പനികള്‍ വെന്റിലേറ്റര്‍ നിര്‍മ്മാണം തുടങ്ങിയത് ആശ്വാസകരമായ വാര്‍ത്തയാണ്. അത്തരത്തില്‍ ആഭ്യന്തരമായി എല്ലാ കാര്യങ്ങളിലും സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞാല്‍ അമേരിക്കയെ തോല്‍പ്പിക്കാന്‍ ഒരു കൊറോണ വൈറസിനും കഴിയില്ല. അതിനുള്ള ദിശാബോധം ഭരണസിരാകേന്ദ്രങ്ങളില്‍ നിന്നുതന്നെ ഉണ്ടാകണം. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക