Image

കൊറോണാ ഒരനുഗ്രഹം (ജോസഫ് ജോണ്‍ )

ജോസഫ് ജോണ്‍ Published on 21 March, 2020
കൊറോണാ ഒരനുഗ്രഹം (ജോസഫ് ജോണ്‍ )
ഈ കൊറോണാ കാലം കഴിഞ്ഞാലും നമുക്ക് ഇതുപോലെ അച്ചടക്കത്തിലും ശുചിയിലും ശാന്തിയിലും ജീവിച്ചുകൂടെ? ഇതിനെ ജീവിതത്തിന്റെ ഒരു റീസ്റ്റാര്‍ട് അഥവാ ഒരു റീസെറ്റ് ബട്ടണായി നമുക്ക് കാണാന്‍ കഴിയേണ്ടിയിരിക്കുന്നു. രാപകല്‍ നോക്കാതെയുള്ള ഈ ഭ്രാന്തമായ പരക്കം പാച്ചിലുകളില്‍ നിന്നും നമുക്കൊരു വിടുതല്‍ അനിവാര്യമാണ്.

എന്തൊരു മത്സര ഓട്ടമായിരുന്നു നാളിതുവരെ? എന്ത് നേടുവാന്‍? ആരെ ബോധിപ്പിക്കുവാന്‍? ആരെ തോല്‍പ്പിക്കാന്‍? ജീവിതത്തെ വീണ്ടും അതിന്റെ മൂല്യങ്ങളിലേക്കു പറിച്ചുനടാന്‍ കഴിഞ്ഞാല്‍ ഈ കൊറോണാ ഒരു അനുഗ്രഹമാണ്.

നഷ്ടപ്പെട്ടുപോയ കുടുംബ ബന്ധങ്ങളെ അതിന്റെ ഊഷ്മളതയില്‍ പുനഃക്രമീകരിക്കാനും അടുക്കും ചിട്ടയും ഇല്ലാതെ പോയ ജീവിതത്തിനു ഒരു താളവും ക്രമവും നല്‍കുവാനും നാം വീണ്ടും പഠിക്കേണ്ടിയിരിക്കുന്നു.

വീടും പരിസരവും ശുചിയായി സൂക്ഷിക്കുവാനും മക്കളോടൊത്തു കളിക്കുവാനും ചിരിക്കുവാനും അവരുടെ ക്രീയാത്മകമായ വാസനകളെ പരിഭോഷിപ്പിക്കുവാനും നാം ഇന്നു വീണ്ടും സമയം കണ്ടെത്തിയിരിക്കുന്നു. അതൊരു നിസ്സാര കാര്യമല്ല.

അടഞ്ഞു കിടക്കുന്ന ഓഫീസും കടകളും വണ്ടികളും ഒക്കെ കുറച്ചുദിവസം വിശ്രമിക്കട്ടെ. അടയപ്പെട്ട ആനവാതില്‍ ക്ഷേത്രങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും അവിടുത്തെ മണിയൊച്ചകള്‍ക്കും ദൈവങ്ങള്‍ക്കും നമുക്ക് തല്‍ക്കാലം അവധികൊടുക്കാം.

നിങ്ങളുടെ സമയത്തും അസമയത്തുള്ള പ്രാര്‍ത്ഥനാജല്‍പ്പനങ്ങള്‍ കേട്ട് അവരും മടുത്തിട്ടുണ്ടാകും. പക്ഷെ ഇപ്പോഴും ഭക്തിഭ്രാന്തുപിടിച്ച കുറെ ശവികള്‍ക്കു തങ്ങളുടെ ആചാര പ്രാര്‍ത്ഥനകളും അനുഷ്ട്ടാന വൃതങ്ങളും അര്‍ത്ഥരഹിതമാണെന്നു ഇനിയും മനസ്സിലായിട്ടുണ്ടാവില്ല.

ഈ മഹാമാരി ഒന്നു കെട്ടടങ്ങുകയേ വേണ്ടൂ... ഉടനെ ധ്യാനകുറുക്കന്മാരും ജോത്സ്യന്മാരും ഊതി കെട്ടുകാരും പിന്നെയും അവരുടെ കറക്കുകമ്പിനികളുമായി കച്ചവടത്തിനു ഇറങ്ങിത്തിരിക്കും. അപ്പോഴും നമ്മില്‍ ചിലരെങ്കിലും അതിന്റെ പിന്നാലെ വാല്‍ ആട്ടുന്ന അനുസരണയുള്ള നായ്ക്കളെപോലെ ഉണ്ടാകും.

മനുഷ്യന്റെ പെട്ടന്നുള്ള ഈ പിന്‍വലിവിന്റെ രഹസ്യമറിയാതെ നമ്മുടെ സഹജീവികളായ പശുപക്ഷികള്‍ അമ്പരക്കുന്നുണ്ടാകും. അവറ്റകള്‍ ചിന്തിക്കുന്നുണ്ടാകും ഈ മനുഷ്യര്‍ക്കിതെന്തുപറ്റി? ഇന്നലെവരെ ഞങ്ങളുടെ ആവാസവ്യവസ്ഥയെപോലും കൈയടക്കിയിരുന്ന ഇവരില്‍ ഇത്രപെട്ടെന്നു മനം മാറ്റം ഉണ്ടാകാന്‍ എന്തായിരിക്കും കാരണം.?

എന്തൊരു നിശബ്ദതയാണ് ചുറ്റുപാടും. റോഡുകളില്‍ ചീറിപ്പായുന്ന വാഹനങ്ങളില്ല. കാതടപ്പിക്കുന്ന ഹോറണുകളില്ല. ക്ഷേത്രങ്ങളിലെ ഉച്ചഭാഷിണികള്‍ എല്ലാം പെട്ടന്നു കേടായതുപോലെ. തീര്‍ച്ചയായും നമ്മുടെ ചുറ്റുപാടുകള്‍ സന്തോഷിക്കുന്നുണ്ടാകും.

നാം എത്രമാത്രമാണ് നമ്മുടെ ചുറ്റുപാടുകളെ മലീമസമാക്കിയിരുന്നത്. എത്രമാത്രമായിരുന്നു നമ്മുടെ ശബ്ദകോലാഹലങ്ങള്‍. ഇപ്പോഴാണ് നാം കാലങ്ങള്‍ക്കു ശേഷം സമാധാനം എന്തെന്നറിയുന്നത്. ഈ ശുചിയും അച്ചടക്കവും ശാന്തിയും മുന്നോട്ടുള്ള ജീവിതത്തിന്റെ ഭാഗമാക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ എന്തുകൊണ്ട് കൊറോണാ ഒരനുഗ്രഹമാണെന്നു പറഞ്ഞുകൂടാ...

കൊറോണാ ഒരനുഗ്രഹം (ജോസഫ് ജോണ്‍ )
Join WhatsApp News
വിവരകേട്‌ അതിര്‍ ഇല്ലാതെ 2020-03-21 06:13:51
നിങ്ങള്‍ക്ക് കൊറോണ പിടിച്ചാല്‍ അത് അനുഗ്രഹം എന്ന് കരുതുമോ? വിവരകേട്‌ പറയുന്നതിനും വേണ്ടേ കുറെ അതിര്‍ ഒക്കെ!
nadukaani 2020-03-21 06:34:45
ജോസഫ് സാറേ ..കൊറോണാക്കാലം കഴിഞ്ഞില്ല . ചേട്ടനെയും എന്നെയുമൊക്കെ തേടി യാത്ര തിരിച്ചതേയുള്ളൂ. മഹാമാരി വന്നപ്പോൾ പറഞ്ഞു നമ്മൾ ഒരു പാഠം പഠിച്ചുവെന്ന്. ഇല്ല സാറേ ..നമ്മൾ പഠിക്കില്ല. സാറ് പറഞ്ഞ ധ്യാനകുറുക്കന്മാരും ജോത്സ്യന്മാരും ഊതി കെട്ടുകാരും ഇത് കഴിയുമ്പോൾ മാളത്തിനു വെളിയിൽ വരും. ഇപ്പോൾ അവർ പ്രാണരക്ഷാർത്ഥം അകത്തു ഒളിവിലാണ്. അവർ വെളിയിൽ വരുമ്പോൾ കൂടെ അവർക്ക് വളം വച്ചുകൊടുക്കുന്ന കുറെ അന്ധ - ഭക്ത - മണ്ട ശിരോമണികൾ ഓശാന പാടി ഒപ്പം കൂടും. ഞങ്ങളാണ് കൊറോണയെ തുരത്തിയത് എന്ന അവകാശ വാദവുമായി കാലനുപോലും വേണ്ടാത്ത സി.സി അടഞ്ഞു തീരാറായ സംഘടനാ പ്രവർത്തകരും വെളിയിലിറങ്ങും. ഇപ്പോൾ അവർ ഓണമാഘോഷിക്കുവാൻ, മദേഴ്‌സ് ഡേ ആഘോഷിക്കുവാൻ കഴിയുമോ എന്ന വേവലാതിയിൽ സോഡയും ടച്ചിങ്‌സുമായി ഹെൽപ്പ് ലൈൻ പ്രഖ്യാപിച്ച് മുറിക്കുള്ളിൽ കഴിഞ്ഞു കൂടുന്നു. സ്വന്തം ഭദ്രാസനങ്ങളിൽ നാളിതുവരെ ഈസ്റ്റർ ശുസ്രൂഷ ചെയ്യാതെ വിദേശ രാജ്യങ്ങൾ കറങ്ങി 4 കാശുണ്ടാക്കുന്ന തിരുമേനിമാർ സ്വന്തം അരമനയിൽ സ്വയം കാലുകഴുകി ഒതുങ്ങിക്കൂടേണ്ടിവരുന്ന ഒരു ഗതികേട് ഭയങ്കരം തന്നെ. കച്ചവട താല്പര്യത്തോടുകൂടിയ കപട ആചാരങ്ങളും ആത്മീയ കച്ചവട തട്ടിപ്പുകളും കണ്ടു മടുത്ത ദൈവം തന്ന ശിക്ഷയാണ് ഈ കൊറോണാ എന്ന സത്യം തിരിച്ചറിയാൻ നമ്മൾ വൈകുന്തോറും ഇത്തരം വ്യാധികൾ ഒഴിയാതെ നിൽക്കും.
George 2020-03-21 19:14:15
‘വീണു കിടക്കുന്നവരെ അടിക്കുന്നത് ശരിയല്ല’ എന്ന പ്രേംനസ്സീർ ജയൻ ഡയലോഗ് അനുസരിച്ചു ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഷെയർ ചെയ്യുന്നത് ശരിയല്ല എന്നറിയാം. എന്നാലും മാർപ്പാപ്പ അടക്കം ലോക ജനത പകച്ചു നിൽക്കുന്ന സമയത്തു ചില കുർബാന തൊഴിലാളികളുടെയും ധ്യാന കുറുക്കന്മാരുടെയും തള്ളുകൾ കാണുമ്പോൾ ഇത് ഷെയർ ചെയ്യാൻ നിർബന്ധിതൻ ആവുന്നു (an FB post👇) എന്തൊക്കെയായിരുന്നു എന്റെ കർത്താവേ നിന്റെപേരിൽ ഈ സഭയിൽ നടന്നുകൊണ്ടിരുന്നത്!!! ഞായറാഴ്ചകളിലും മറ്റ് കടമുള്ള ദിവസ്സങ്ങളിലും കുർബാന കണ്ടില്ലെങ്കിൽ പാപം..... ചാവുദോഷം...... കുടുംബത്തിൽ ഗതിപിടിക്കില്ല..... പാപം ഏറ്റുപറഞ്ഞു കുമ്പസാരിക്കണം..... പരിഹാരം ചെയ്യണം..... അങ്ങനെയെന്തെല്ലാം ബഹളമായിരുന്നു..... !!! "നീ പള്ളിയിൽ വരാത്തതുകൊണ്ടും, ഞായറാഴ്ച്ച കുർബാനയ്ക്കു നിന്നെ കാണാത്തതുകൊണ്ടും നിന്റെ മകളുടെ /മകന്റെ കല്യാണത്തിന് ഞാൻ ചീട്ട് തരില്ല".... ! ഇടവക വികാരിയുടെ ഗർജനം.... !!! ധ്യാന കേന്ദ്ര മുതലാളിമാരും വേറെ കുറേ കൂലി കൂതറകളും രാപകലില്ലാതെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കഥകൾപറഞ്ഞു അലമുറയിട്ടുകൊണ്ടിരുന്നു...... സ്വർഗ്ഗത്തിൽപോയവരുടെയും നരകത്തിൽ വെന്തുരുകുന്നവരുടെയും കണക്കുകൾ നിന്റെയൊക്കെ കൈയ്യിൽ ഭദ്രമായിട്ടുണ്ടല്ലോ അല്ലേ? വേദോപദേശ ക്‌ളാസ്സുകളിലിരുത്തി വള്ളി ട്രൗസർ ഇട്ടുനടന്ന കാലംതുടങ്ങി പള്ളിയേയും പട്ടക്കാരനെയും കൂദാശകളെയും പറ്റി പഠിപ്പിച്ചു പേടിപ്പിച്ചു മനുഷ്യരെ ഒരു വഴിയാക്കി...... എന്തൊക്കെയായിരുന്നു ഇടവക വികാരിയുടെ കൊഴുപ്പുനിറഞ്ഞ ആട്ടങ്ങൾ : കല്യാണം കെട്ടിക്കില്ല.... കണക്കു തീർത്തില്ലെങ്കിൽ കൊച്ചിന്റെ മാമ്മോദീസ നടത്തില്ല..... നിന്റപ്പന്റെ ശവമെടുപ്പ് നടത്തില്ല...... വീട് വെഞ്ചിരിക്കാൻ വരത്തില്ല.... അങ്ങനെപോകുന്നു വികാരിയുടെ കൂദാശവെച്ചുള്ള വിലപേശലുകൾ. ഇപ്പോൾ ധ്യാന ഗുരുക്കന്മാരും ധ്യാന ഗുരുക്കികളും സിലിമാനടീനടന്മാരായി... ! എല്ലാവരും മേക്കപ്പടിച്ചു ട്യൂബിനകത്തുകയറി. അവിടെക്കിടന്നാണ്‌ എല്ലാത്തിന്റേയും ബാങ്കുവിളി.... ! (വയറ്റിപ്പിഴപ്പല്ലേ.... ചില്ലറ ഒപ്പിക്കണമല്ലോ) ആഗോള കത്തോലിക്കാസഭയുടെ തലസ്ഥാനമായ വത്തിക്കാൻ മുതൽ ഇങ്ങ് ഇന്ത്യാ മഹാരാജ്യത്തിലെ സംസ്ഥാനങ്ങളിലുള്ള സഭയുടെ "നേർച്ചപ്പെട്ടി സംഭരണ ശാലകൾ" അടച്ചുപൂട്ടാൻ തുടങ്ങി..... !!! നോമ്പുകാലം.... കത്തോലിക്കാസഭയുടെ കൊയ്ത്തുകാലമായിരുന്നു.... ! കൊറോണയെന്ന മഹാപാപി ഇങ്ങനെ സഭയുടെ കൊയ്ത്തുകാല കൃഷിയിൽ തുരങ്കംവെക്കുമെന്നു ധ്യാന പ്രവാചകന്മാർക്ക് മുൻകൂട്ടി ആത്മാവിന്റെ കൃപ ദാനമായി കിട്ടിയില്ല.... കഷ്ട്ടം !!! മുംബൈയിലെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെ ലെൻഗോനിയോണ വൈറസുകളെ ഹന്നാൻ വാട്ടർ തളിച്ച് നിർവീര്യമാക്കിയ മുതലാളിക്കുപോലും ആത്മാവിന്റെ നിറവ് കിട്ടിയില്ല. അല്ലെങ്കിൽത്തന്നെ....സ്വയംഭോഗം, വ്യഭിചാരം, കള്ളുകുടി, ബീഡി വലി, സിഗരറ്റ്, പാൻപരാഗ്, മുറുക്കാൻ തുടങ്ങിയ ശീലങ്ങൾ ഉള്ളവരുടെ ഭാവിജീവിതത്തെക്കുറിച്ചു മാതാവ് വെളിപ്പെടുത്തിക്കൊടുത്തപോലെ ഒന്നും അണക്കരക്കാരന് വെളിപ്പെട്ടുകിട്ടിയില്ല.(കിട്ടിയിരുന്നെങ്കിൽ കാണാമായിരുന്നു പൂരം) നോമ്പുകാലത്തു വെള്ളക്കുപ്പായക്കാരായ (എല്ലാവരും നൈറ്റിയെന്നു പറയും) കുറേ ട്രാവൽ ഏജന്റുമാരുടെ സ്ഥിരം വരുമാനമായിരുന്നു സ്വർഗ്ഗം കാത്തിരിക്കുന്ന വിശ്വാസികളെ പുണ്ണ്യഭൂമിയിൽകൊണ്ടുപോയി പുണ്ണ്യം വാങ്ങിക്കൊടുക്കുന്ന പരിപാടി. അതും സ്വാഹാ.... !!! പീഡാനുഭവ ധ്യാനം, തിരുമുറിവുകളുടെ ധ്യാനം, തിരുരക്ത ധ്യാനം, കാൽവരിയിലെ ധ്യാനം, ഗാഗുൽത്തായിലെ രക്തം........ധ്യാനങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്തെല്ലാം ഒരുക്കങ്ങളായിരുന്നു ഇടവകകളിൽ...... വാചകമടിച്ചു ആളെ മയക്കി നേർച്ചപ്പെട്ടിയും, ളോഹയുടെ പോക്കറ്റും വീർപ്പിച്ചിരുന്നവർക്കെല്ലാം ഈ നോമ്പുകാലം ഒരു കൊറോണക്കാലം.... 😜😜 ദിവ്യബലിയിൽ കുർബാന കൈയ്യിൽക്കൊടുക്കില്ല, വായിലേ കൊടുക്കുകയുള്ളൂ..... കൈയ്യിൽക്കൊടുത്താൽ സാത്താൻ സേവക്കാരുകൊണ്ടുപോകും. വായിൽക്കൊടുക്കുന്നത് പലരോഗങ്ങൾക്കും കാരണമാകുമെന്ന് ഒരുകൂട്ടർ.... ഞങ്ങൾ അതിൽ ഇടപെടില്ലെന്ന് കോടതി..... ! വായിലും വേണ്ട കൈയ്യിലും വേണ്ടെന്നു ചൈനാകൊറോണ.... 😂 സഭയിലെ വികാരിമാരുടെയും കൂമ്പൻ തൊപ്പിക്കാരുടെയും പ്രതികാരത്തിന്റെ വാൾമുനയിൽ മുറിഞ്ഞു നീറിയ എത്രയോ സ്വദേശത്തും വിദേശത്തുമുള്ള വിശ്വാസികൾ ഇന്ന് സന്തോഷിക്കുന്നുണ്ടാകും. 💖💖 എല്ലാം ഒരു തിരിച്ചടിയാണ്...... ! കാലം കരുതിവെച്ചൊരു ആപ്പടി 😛 സഭയിലെ അനീതികളേയും കൊള്ളരുതായ്മകളെയും അതുമായി ബന്ധപ്പെട്ട ക്രിമിനലുകളെയും ചോദ്യം ചെയ്തവരെയും വിമർശ്ശിച്ചിരുന്നവരെയും സഭാവിരുദ്ധരെന്നും, സാത്താൻ സേവക്കാരെന്നും വിളിച്ചാക്ഷേപിച്ചിരുന്നവരും ഇന്നെവിടെ ? വിമർശ്ശിക്കുന്നവരെ ശപിക്കുവാനും അപമാനിക്കുവാനും മൈക്കും ഇല്ല അൾത്താരയുമില്ല.... ഗദം ഗദം !!! പള്ളിയും പൂട്ടി.... നേർച്ചപ്പെട്ടിയും കാലി..... !!! എല്ലാത്തിനും ഒരു തിരിച്ചടിയുണ്ട് മെത്രാന്മാരേ...... ! കർത്താവിനെ വിൽക്കുന്നതിനും, വിശ്വാസികളെ വഞ്ചിക്കുന്നതിനും, സഭയിലെ പാവപ്പെട്ട കുടുംബങ്ങളെ ദ്രോഹിക്കുന്നതിനും....... തീർന്നില്ല.....!!! കൊറോണയിലൂടെ നിങ്ങളെ ഒരുപാട് പഠിപ്പിക്കും.... ഒരുപാട് പരിഹാരം ചെയ്യിപ്പിക്കും. !!! ഇന്ന് ഞാൻ..... നാളെ നീ.... !!! പ്രിയപ്പെട്ട വിശ്വാസികളെ ! ബൈബിളിൽ എവിടെയോ....ഏതോ ഒരു മൂലയിൽ എഴുതിയിട്ടുണ്ട്: നീ നന്മചെയ്താൽ, ദാനധർമ്മം ചെയ്താൽ ഭൂമിയിൽ സുരക്ഷിതനായി ജീവിക്കാമെന്ന്... ! എന്തിന് വെറുതേ ഇവന്മാരുടെ പിറകേനടന്നു അന്ധവിശ്വാസികളായി അടിമജീവിതം നയിച്ച് ഭീരുക്കളായി മരിക്കുന്നു.....?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക