Image

ആൽഫ മെയിൽ (കഥ: പുഷ്പമ്മ ചാണ്ടി)

Published on 21 March, 2020
ആൽഫ മെയിൽ (കഥ: പുഷ്പമ്മ ചാണ്ടി)



നഗരത്തിൽ പുതിയതായി തുടങ്ങിയ കോഫി ഹൗസ് എങ്ങനെയുണ്ടെന്ന്  നോക്കാനായിരുന്നു ഇന്ദുബാലയും അവളും  അവിടെ പോയത്.

വളരെ നല്ല ഇൻറ്റീരിയർ, 
 ഇളം തടിയുടെ ടോണും മിനുസവും  കൈകളെ തലോടുന്നു. 
 വൃത്തിയും ചിട്ടയും കുളിരും നിറഞ്ഞ അന്തരീക്ഷം...  കൂർപ്പിച്ച കാലുകളുള്ള  കസേരകൾ.... പൂ പാത്രത്തിലെ പൂക്കൾക്ക് പോലും വേറിട്ട ഭംഗി.

മെനു കാർഡ് അഹാന കൗതുകത്തോടെ  കൈയിലെടുത്തു. 
ഇലയുടെ ആകൃതിയിൽ വെട്ടിയൊതുക്കിയ മെനുകാർഡിൽ  പല നിറങ്ങളിൽ ഡിഷസ്  തിളങ്ങിക്കിടന്നു.

ഒരു ഓൺലൈൻ മാഗസിൻ എഡിറ്റെർസ് ആണ് ഇന്ദുബാലയും അഹാനയും. സിറ്റിയിലെ  കോഫീ ഹൗസുകൾ,   റെസ്റ്റോറന്റുകൾ,  സ്റ്റാർട്ടപ്പ്സ്  എന്നിവയെപ്പറ്റി ഇവർ എഴുതുന്ന ലേഖനങ്ങൾ കണ്ടു   പ്രത്യേകിച്ച് ചെറുപ്പക്കാർ  ഏറെ എത്തുന്നുണ്ട്.  അതിനാൽ റെസ്റ്റോറന്റ് ഉടമകൾ അവരെ വളരെ സന്തോഷത്തോടെ സ്വീകരിക്കാറുണ്ട്. 
 അഹാന നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്.   അവളുടെ കാൻഡിഡ് ഫോട്ടോസ് പല പ്രാവശ്യം അവാർഡ് വാങ്ങിയിട്ടുണ്ട്. നിഴലും  വെളിച്ചവും  ഇഴചേരുന്ന ചിത്രങ്ങളിൽനിന്നും സുഗന്ധം ചുറ്റും പരക്കുന്നത് പോലെ തോന്നിപോകും. കണ്ണെടുക്കാതെ പലരും ആ ചിത്രങ്ങൾ നോക്കിനിൽക്കുന്നത് കാണാം. 

കോഫി കോർണറിന്റെ ഓരോ അഴകുകളിലും മയങ്ങിനിന്ന  അവരുടെ അടുത്തേക്ക് അയാൾ നടന്നു വന്നു. 
അയാളെ നോക്കിയ ഇന്ദുബാല  അഹാനയുടെ ചെവിയിൽ മന്ത്രിച്ചു.
 "ലുക്ക്‌, ഒരു ആൽഫ മെയിൽ.."

നേരാണ്.
 ഒറ്റ നോട്ടത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരാൾ... വേഷവിധാനവും നടപ്പും  മുഖത്തെ പ്രസന്നതയും.... ആരും പിന്നെയും നോക്കുന്ന ഒരാൾ..ശരിക്കും പുരുഷത്വമുള്ള ആണൊരുത്തൻ.

"ഇന്ദുബാല ആൻഡ് അഹാനാ?"

"യെസ് " 

 അയാൾ കസേര വലിച്ചിട്ടു അവരുടെ നേരെ  ഇരുന്നു.
"ഞാൻ ആദർശ് "

ആളിന് ചേരുന്ന പേര്...

"ഞാനാണ് ഇതിന്റെ ഓണർ,  എല്ലാ മെട്രോ സിറ്റിയുലും ഞങ്ങൾ " ഫ്രണ്ട്‌ലി ബീൻ " തുടങ്ങാൻ ആഗ്രഹിക്കുന്നു , ഇവിടെ ആണ് ഫസ്റ്റ് കോഫി  ഷോപ്പ്."

"ഇന്റീരിയർ ആരാണ് ചെയ്തത്? വളരെ പുതുമ തോന്നുന്നു."
അഹാന അയാളുടെ കണ്ണുകളിലേക്കു നോക്കി.  

"അതോ... എന്റെ സിസ്റ്റർ  അമൃതയാണ് ചെയ്തത്. അവൾ ആർക്കിടെക്ട് ഫൈനൽ ഇയർ ആണ്...
ബൈ ദേ വേ ഇന്നത്തെ നിങ്ങളുടെ കോഫീ ആൻഡ് കേക്ക് ഓൺ ദി ഹൗസ് ആണ് കേട്ടോ "
കുശലത്തിനു ശേഷം അയാൾ നടന്നകന്നു. കൈകൾ വീശിയുള്ള നടത്തം!

"നമുക്ക് ഒരു തകർപ്പൻ റിപ്പോർട്ട് എഴുതണം. ആദർശനെ ഇഷ്‌പ്പെട്ടതു കൊണ്ട് മാത്രമല്ല,  'ഫ്രണ്ട്‌ലി ബീൻ' ഒരു നല്ല കോസി സ്ഥലം ആയതു  കൊണ്ടാണ് " 
ഇന്ദു  പറഞ്ഞത് അഹാനയുടെ ചെവിയിൽ വീണില്ല . അവൾ വേറെ  ലോകത്തായിരുന്നു.
ശരിക്കും ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.... ചുമ്മാ.... 
ഒരു ചിരിയോടെ അഹാന  തല കുടഞ്ഞു. 

ആദർശിന്റെ വിസിറ്റിംഗ് കാർഡ്! അതും ഒരു ചിത്രം പോലെ തോന്നിച്ചു. മൊത്തത്തിൽ " ഫ്രണ്ട്‌ലി ബീൻ" അവളെ മയക്കിക്കളഞ്ഞിരുന്നു!

ഒരു മണിക്കൂർ കൊണ്ട് അവൾ നിറയെ ഫോട്ടോസ് എടുത്തു.
 എത്ര എടുത്തിട്ടും മതിയാകാത്തപോലെ...

 'സോൾട്ട്ട് കാരമേൽ കപ്പ്  കേക്കി'ന്റെ രുചി  നാവിൽ തന്നെ തങ്ങി നിന്നു.
രാത്രിയിൽ വീട്ടിൽ എത്തിയ ഉടനെ  ഫോട്ടോസ് എല്ലാം ചിട്ടപ്പെടുത്തി നല്ലൊരു  തലക്കെട്ടോടെ ഇന്ദുബാലയ്ക്ക് മെയിൽ ചെയ്തു.  പിന്നെ കുറേനേരം ആദർശിന്റെ  പേര് ഗൂഗിളിൽ പരതി. പ്രത്യേകിച്ചൊന്നും കിട്ടിയില്ല . തിരിഞ്ഞും  മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.
ഉടൽ ഒരു കടൽ പോലെ.... ചെറിയ ഓളങ്ങൾ....
പിന്നീട് വലിയ  തിരമാലപോൽ.....
 എന്താ എനിക്ക് പറ്റിയത് ?
പതുക്കെ ഫോൺ എടുത്തു ഇന്ദുബാലയ്ക്ക് ഒരു  മെസ്സേജ് അയച്ചു 
" ഉറങ്ങിയോ "  കുറെ നേരം നോക്കിയിട്ടും അവൾ മെസ്സേജ് കണ്ടില്ല. 
പിന്നെ എപ്പോഴോ ഉറങ്ങി പോയിരുന്നു. 
കാലത്തെ കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
ഇന്ദുബാല മുൻപിൽ!

"എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു?  ചത്ത് കിടക്കുകയായിരുന്നോ ? മനുഷ്യരെ പേടിപ്പിക്കാൻ.... പോയി മുഖം കഴുകി വാ "

"ഒരു കാപ്പി കിട്ടുമോ "? അല്ലേൽ വേണ്ട ഞാൻ ഇടാം "

"ഇന്നലെ കുറെ വൈകി ഉറങ്ങിയപ്പോൾ " 

എനിക്ക് തോന്നി " 

" ഫോട്ടോസ് കണ്ടോ?   എങ്ങനെയുണ്ട് ?"

"സൂപ്പർ "


അവൾ ലാപ് തുറന്നു വെച്ചു.
 "നീ ഇതൊന്നു വായിച്ചു നോക്കൂ , ഓകെ ആണെങ്കിൽ ഇപ്പോൾ പോസ്റ്റ് ചെയ്യാം."

പ്രത്യേകിച്ചു  മാറ്റമൊന്നും  വരുത്താൻ ഇല്ലായിരുന്നു .

"ഇന്ദൂ....ആദർശിന്‌ കൂടി ആറിപ്പോർട്ട് ഒന്ന് അയച്ചേയ്ക്കൂ" 

കാപ്പി കുടിച്ചു തീരും മുൻപേ പണി തീർത്തു .
"അഹാന....ഞാൻ ഇന്നലെ നമ്മുടെ എമിലിയോട്  'ഫ്രണ്ട്‌ലി ബീനിൽ' പോയ കാര്യം പറഞ്ഞു . ആദർശിന്റെ എതിർവശത്തുള്ള ഫ്ലാറ്റിൽ അവർ കുറച്ചു നാൾ വാടകയ്ക്ക്  താമസിച്ചിട്ടുണ്ട്.  എല്ലാവരെയും നന്നായിട്ടു അറിയാം എന്ന്....
പിന്നെ.... അഹാനാ...." ഇന്ദുബാല ഒന്ന്  നിറുത്തിയിട്ട് തുടർന്നു.

 "ഹി ഈസ് എ ഡിവോർസി... വളരെ കുറച്ചു നാളെ നിലനിന്നുള്ളൂ ആ വിവാഹം , അച്ഛന്റെയും അമ്മയുടെയും നിർബന്ധം മൂലം കല്യാണം കഴിച്ചതാണ് . "
അഹാനയ്ക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല , അവളുടെ സങ്കല്പത്തിലെ ഒരു ആൽഫ മെയിൽ...

"എന്താ പിരിയാൻ കാരണം ?" 

അതല്ലേ രസം , ഹി ഈസ് എ ഗേ "

" എന്താ പറഞ്ഞത് ?" ഇന്ദു  പറഞ്ഞത് അഹാന ശരിക്ക് കേട്ടില്ല എന്ന് തോന്നി. 

"അത് തന്നെ , കേട്ടില്ലേ? "

"നീയല്ലെ പറഞ്ഞത്  അയാളെ കണ്ടാൽ ഒരു ........"

അഹാന വാചകം മുഴുമിപ്പിക്കുന്നതിനു മുൻപേ 
ഇന്ദു  തടഞ്ഞു. 

" ആൽഫ  മെയിൽ...ഇപ്പോൾ മനസ്സിലായോ  ഈ  കാഴ്ച്ചയിൽ  കാര്യമൊന്നും  ഇല്ലെന്ന്..."

എന്തോ ഉള്ളിൽ  തകർന്നു വീഴുന്നത് തടയാൻ  കഴിയാതെ അഹാന ഒന്ന്  ഉഴറി. 

പെട്ടെന്ന് ഫോൺ അടിച്ചു. 
ആദർശ് കാളിങ്.... !
ഫോൺ കട്ട് ചെയ്തിട്ട് അവൾ ഒരു മെസ്സേജ് അയച്ചു.

കുറച്ചു തിരക്കാണ്....
 തിരികെ വിളിക്കാം."


pushpamma chandy ph 91 98416 09409

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക