Image

ജര്‍മനിയും ലോക്ക്ഡൗണിലേക്ക്

Published on 20 March, 2020
 ജര്‍മനിയും ലോക്ക്ഡൗണിലേക്ക്


ബര്‍ലിന്‍:ആഗോളതലത്തില്‍ കോവിഡ് 19 ശക്തമായി പിടി മുറുക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലിക്കും സ്‌പെയിനും ഫ്രാന്‍സിനും സ്വിറ്റ്‌സര്‍ലന്‍ഡിനും പുറകെ ജര്‍മനിയും ലോക് ഡൗണിലേക്കു നീങ്ങുന്നു. ഇതിന്റെ ആദ്യഘട്ടമെമേന്നോണം ലോക് ഡൗണ്‍ നടപ്പിലാക്കിയ ആദ്യ സംസ്ഥാനമായി ബവേറിയ മാറി. വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ രണ്ടാഴ്ചവരെയാണ് നിയമം പ്രാബല്യത്തിലാവുക.നിയമം തെറ്റിക്കുന്നവര്‍ക്കു 25,000 യൂറോ വരെ പിഴ ഈടാക്കുമെന്ന് ബവേറിയന്‍ ആഭ്യന്തര മന്ത്രി ജോവാഹീം ഹെര്‍മാന്‍ പറഞ്ഞു.

കൊറോണ വൈറസ് തടയുന്നതിനാണ് ദൂരവ്യാപകമായ എക്‌സിറ്റ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതെന്നു സംസ്ഥാന മുഖ്യമന്ത്രി മാര്‍ക്കൂസ് സോഡര്‍ പറഞ്ഞു. ദൈവം നമ്മുടെ മാതൃരാജ്യത്തെ സംരക്ഷിക്കുകയും എല്ലാവര്‍ക്കും ആരോഗ്യം നല്‍കുകയും ചെയ്യട്ടെയെന്നും വൈകാരികമായി പ്രതികരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

സാധുവായ കാരണങ്ങളുണ്ടെങ്കില്‍ മാത്രമേ ബവേറിയയില്‍ താസിക്കുന്നവര്‍ക്ക് വസതികളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കൂ. ജോലി ചെയ്യാനും ആവശ്യമായ ഷോപ്പിംഗ്, ഡോക്ടറുടെയും ഫാര്‍മസിയുടെയും സന്ദര്‍ശനങ്ങള്‍, മറ്റുള്ളവര്‍ക്ക് സഹായം, ജീവിത പങ്കാളികളിയെ സന്ദര്‍ശനം, കായികവും ശുദ്ധവായു വ്യായാമവും എന്നിവയ്ക്ക് നിയമം തടസമാവില്ല. റസ്റ്ററന്റുകള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കില്ല.

വൈറസ് ബാധ കാരണം ഈ സംസ്ഥാനത്തിലെ മിറ്റര്‍ടൈഷ് എന്ന ഗ്രാമം നേരത്തെതന്നെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇവിടെയുള്ളവര്‍ പുറത്തു പോയി ജോലി ചെയ്യുന്നവരോ, ഇവിടെ വന്നു ജോലി ചെയ്യുന്നവരോ യാത്ര ചെയ്യാന്‍ തൊഴിലുടമയുടെ കത്ത് ഹാജരാക്കണമെന്നാണ് നിര്‍ദേശം. 6500 പേര്‍ താമസിക്കുന്ന പട്ടണമാണ് മിറ്റര്‍ടൈഷ്. ഇവിടെ ഇതിനകം 38 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ വാരാന്ത്യത്തില്‍ ജര്‍മനിയിലുടനീളം ആളുകളുടെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനാണ് മെര്‍ക്കല്‍ സര്‍ക്കാരിന്റെ തീരുമാനം. കൊറോണ വൈറസ് പോരാട്ടത്തില്‍ കര്‍ശനമായ കര്‍ഫ്യൂ നിര്‍ണയിക്കുന്നതില്‍ വ്യക്തമായ തീരുമാനം വാരാന്ത്യത്തില്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്.

ജര്‍മനിയില്‍ ഇതുവരെയായി 18858 കേസുകളാണുള്ളത്. മരണം 52 ആയി. രോഗവിമുക്തി നേടിയവര്‍ 180.ജര്‍മനിയില്‍ കൊറോണ വൈറസ് കേസുകളുടെ എണ്ണം ഒറ്റരാത്രികൊണ്ട് മൂവായിരത്തോളം വര്‍ധിച്ചതു സര്‍ക്കാരിനെപ്പോലും അമ്പരപ്പിച്ചു.

രാജ്യമെമ്പാടും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും പാര്‍ക്കുകളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ കടകമ്പോളങ്ങളില്‍ നിസാരമായ നിയന്ത്രണങ്ങള്‍ മാത്രമാണുള്ളത് ജനജീവിതം സാധാരണ നിലയിലാണെങ്കിലും അധികം ആള്‍ക്കൂട്ടങ്ങളും ആരവങ്ങളും ഇല്ല. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പല നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ട്. കൊറോണവൈറസ് ബാധ കാരണമുള്ള പ്രതിസന്ധികള്‍ നേരിടാന്‍ സൈന്യത്തെയും സര്‍ക്കാര്‍ രംഗത്തിറക്കി. രോഗികളെ ചികിത്സിക്കുന്നതു മുതല്‍, ഗതാഗത സംവിധാനം ഒരുക്കുന്നതിനും പോലീസിനെയും പ്രാദേശിക ഭരണകൂടത്തെയും സഹായിക്കുന്നതിനാണ് സൈന്യത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത്.

വൈറസ് ബാധ പടരുന്നതിന്റെ വേഗം കുറയ്ക്കാന് രാജ്യവ്യാപകമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്തെ 16 സ്റ്റേറ്റുകളും അവരവരുടേതായ നടപടികളും പ്രഖ്യാപിച്ചു കഴിഞ്ഞു. ജര്‍മനിയോട് ചേര്‍ന്നു കിടക്കുന്ന അഞ്ചു രാജ്യങ്ങളുടെ അതിര്‍ത്തികളും നേരത്തെ തന്നെ അടച്ചിരുന്നു. വിദേശികള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക