Image

ഹോട്ടലില്‍ വെച്ച് യുവതിയെ അപമാനിച്ചതായി പോമര്‍ബാഷിന്റെ കുറ്റസമ്മതം

Published on 21 May, 2012
ഹോട്ടലില്‍ വെച്ച് യുവതിയെ അപമാനിച്ചതായി പോമര്‍ബാഷിന്റെ കുറ്റസമ്മതം
ന്യൂഡല്‍ഹി: ഹോട്ടലില്‍ വെച്ച് യുവതിയെ അപമാനിച്ചതായി ഐപിഎല്ലിലെ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ താരം ലൂക്ക് പോമര്‍ബാഷ് സമ്മതിച്ചു. മദ്യലഹരിയില്‍ യുവതിയെ മോശം ലക്ഷ്യത്തോടെ കയറിപ്പിടിച്ചതായിട്ടാണ് പോമര്‍ബാഷിന്റെ കുറ്റസമ്മതം. പോലീസിനോടാണ് പോമര്‍ബാഷ് കുറ്റം സമ്മതിച്ചത്.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സിന്റെ മറ്റൊരു താരം കെ.പി. അപ്പണ്ണയും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്‌ടെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് പരിശോധിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയുടെ മുറിയിലേക്ക് വരുന്ന പോമര്‍ബാഷിനൊപ്പം അപ്പണ്ണയും ഉണ്ട്. കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങള്‍ കോടതിയും പരിശോധിച്ചിരുന്നു. അപ്പണ്ണയോട് സംസാരിച്ചതായും എന്നാല്‍ ചോദ്യം ചെയ്യല്‍ ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ചയാണ് ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് പോമര്‍ബാഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മിലുള്ള മത്സരത്തിന് ശേഷം മൗര്യ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ചായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെയും കാമുകനെയും ലൂക്ക് തന്റെ മുറിയിലേക്ക് മദ്യസല്‍ക്കാരത്തിന് ക്ഷണിക്കുകയായിരുന്നു. സല്‍ക്കാരത്തിന് ഒറ്റയ്ക്ക് പോയ യുവതി തിരികെ തന്റെ മുറിയിലേക്ക് മടങ്ങവേ ലൂക്ക് പിന്തുടര്‍ന്ന് മുറിയിലെത്തി ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ കാമുകനെയും ലൂക്ക് മര്‍ദ്ദിച്ചു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക