Image

ധീര സമീരേ ( കവിത: അനുജി. കെ.ഭാസി )

Published on 20 March, 2020
ധീര സമീരേ ( കവിത: അനുജി. കെ.ഭാസി )

നിൻറ കണ്ണിൽ
കടമ്പുകൾ പൂക്കുന്നതെന്ത് ഭംഗി, 
വിഹായസിൻ താഴെയീ
കൊമ്പിലേക്കൊന്നിരിക്കൂ
പ്രണയമേ നിന്നു
തങ്ങുകീ മായാവിരലിലായ്
രാവിതേറെക്കഴിയുന്നു
കാട്ടിലെ,
താരവീഥിയിലൂടെ നടന്നുനാം
കാളിയൻറ വിഷം വീണ
നീറ്റിലൂടായിരം കൈ
പുണർന്നു നീരാടണം

നിൻ നഖത്തിൻ മുനകൊണ്ട്
കണ്ണനാ-മെൻറ ജീവൻ
മുറിയട്ടെ-പാൽക്കുടം
നെഞ്ചിലേക്കമർന്നീ
പട്ടു ചേല തൻ
വർണമേഴായ്
ഒഴുകട്ടെയോമനേ.....

ദിക്ക് തോറും നനവാർന്ന
കൈകളാൽ
തൊട്ടുനോക്കിയ
ഭൂതകാലങ്ങൾക്ക്
വെച്ചിരിക്കാനൊരുക്കിയ
ആവണിത്തട്ടമാണാ
ആകാശ വീഥിയിൽ!

കാർകുഴലിൻ കറുപ്പിൽ
ഇരുളുന്നു,
പൂമുഖത്താലുണരുന്നു
സൂര്യനും
സൗരയൂഥങ്ങളത്രയും
നമ്മുടെ 
ചുംബനത്തിൻ
അനുരണനങ്ങളാം

ഗോപികേ,ആർദ്രമാകുമീ
സൗഭഗ
ത്തേരിലൂടെയീ
മാധവൻ പോകവേ-
പ്രേമപൂർവം
ഉണരുകയാണൊരു
ഗാനം! നീയെന്ന
രാധികാ സ്പന്ദനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക