Image

അച്ചന്റെ നെറ്റിയിലേ പുഴ (കവിത: അനീഷ് ചാക്കോ)

Published on 18 March, 2020
അച്ചന്റെ നെറ്റിയിലേ പുഴ (കവിത: അനീഷ് ചാക്കോ)
ശുഷ്കിച്ച കൈകളില്‍ ചുളിഞ്ഞ
നാഡി ഞരബുകളില്‍
ജീവന്റെ ഭുപടം പടര്‍ന്നിരിപ്പുണ്ട്
കവിള്‍ ചുളിവുകള്‍ക്കിടയില്‍
വേദന വിങ്ങുന്നെരായുസ്സ്
പതുങ്ങിയിരുപ്പുണ്ട് .
ചര്‍മമങ്ങള്‍ ചാലു കീറിയ
എന്റെയച്ചന്റെ നെറ്റിത്തടങ്ങളില്‍
ഒരു പുഴ ഒഴുകുന്നുണ്ട് ..
കാലത്തിനു കുറുകെ പങ്കായമെറിയാന്‍
പഠിപ്പിച്ചൊരു പുഴ!
വര്‍ഷങ്ങള്‍ ചാലു കീറി വേനലുരുകി പുഴയായൊരച്ചന്റെ നെറ്റി!
അക്ഷരങ്ങളുടെ കുഞ്ഞാറ്റു വഞ്ചികളെ തലോടിയൊഴുക്കിയൊരു പുഴ!
കുസൃതിയുടെ കളിയോടങ്ങളെ
തഴുകിയുറക്കിയൊരു പുഴ !
നിലയില്ലാ കയങ്ങളില്‍
നിദ്രാ വിഹീന രാത്രികളില്‍ ..
ആ പുഴയോളങ്ങളുടെ താരാട്ടില്‍
ഒരു ബാല്യം ഇന്നും ഉറങ്ങി പോവാറുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക