Image

കൊറോണ ഭീതി: 5 സ്റ്റേറ്റുകളില്‍ ഡെമോക്രാറ്റിക് പ്രൈമറികള്‍ മാറ്റി

ഏബ്രഹാം തോമസ് Published on 18 March, 2020
കൊറോണ ഭീതി: 5  സ്റ്റേറ്റുകളില്‍   ഡെമോക്രാറ്റിക് പ്രൈമറികള്‍ മാറ്റി
കൊറോണ വൈറസ് ഭീതി ഡെമോക്രാറ്റിക് പ്രൈമറികളെയും ബാധിച്ചു. അഞ്ച് സംസ്ഥാനങ്ങള്‍ തങ്ങളുടെ പ്രൈമറികളും കോക്കസുകളും മാറ്റി വയ്ക്കുകയാണെന്ന് ഡെമോക്രാറ്റിക് നാഷനല്‍ കമ്മിറ്റിയെ അറിയിച്ചു. ഒഹായോ,ലൂസിയാന, കെന്റക്കി, ജോര്‍ജിയ, മെരിലാന്‍ഡ് എന്നിവയാണു പ്രൈമറികള്‍ മാറ്റിയത്.

ഒഹായോ ഗവര്‍ണര്‍ മൈക്ക് ഡി വൈന്‍ സംസ്ഥാനത്ത്ഹെല്ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചതിനാല്‍ പോളിങ്ങ് സ്റ്റേഷനുകള്‍ അടച്ചിടുകയാണെന്ന് അറിയിച്ചു.

ജോര്‍ജിയ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ബ്രാഡ് റാഫന്‍ സ്‌പെര്‍ഗര്‍ സംസ്ഥാനത്തെ പ്രൈമറി മാര്‍ച്ച് 24 ല്‍ നിന്ന് മെയ് 19 ലേക്കു മാറ്റി. മെറിലാന്‍ഡ് ഗവര്‍ണര്‍ ലാരി ഹോഗന്‍ സംസ്ഥാനത്തെ പ്രൈമറി ഏപ്രില്‍ 28 ല്‍ നിന്ന് ജൂണ്‍ 2 ലേക്കു മാറ്റി. പട്ടിക നീളുകയാണ്.

എന്നാല്‍ സംസ്ഥാന കമ്മിറ്റികളുടെ ഈ തീരുമാനത്തില്‍ പാര്‍ട്ടി നേത്രുത്വംഅതൃപ്തി പ്രകടിപ്പിച്ചു. പ്രസിഡന്‍ഷ്യല്‍ ഡെലിഗേറ്റ്സെലക്ഷന്‍ പാനലിന്റെ രണ്ട് ചെയര്‍മാന്മാര്‍ ജെയിംസ് റൂസ്‌വെല്‍റ്റും ലൊ റെയിന്‍ മില്ലറും സംസ്ഥാന ഘടകങ്ങള്‍ക്ക് അയച്ച മെമ്മോയില്‍ ഓരോ സംസ്ഥാനവും ഡെലിഗേറ്റുകളെ നിശ്ചയിക്കുന്നത് ജൂണ്‍ 9 ന് മുന്‍പ് വേണമെന്നും പ്രൈമറികള്‍ നീട്ടി വയ്ക്കരുതെന്നു അറിയിച്ചു. കണ്‍വെന്‍ഷന്‍ പ്രതിനിധികളെ തീരുമാനിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 20 ആണ്.

പ്രൈമറികള്‍ നിശ്ചിത തീയതിക്കുള്ളില്‍ നടത്താന്‍ കഴിയാത്ത സംസ്ഥാനങ്ങള്‍ പിഴ നല്‍കേണ്ടി വരും. അവരുടെ പ്രതിനിധികളുടെ എണ്ണം 50% കുറയ്ക്കും. ഇത് ഡെലിഗേറ്റ് സെലക്ഷന്‍ റൂള്‍ 21 ല്‍ പറഞ്ഞിട്ടുള്ളതാണ്-- റൂസ്വെല്‍റ്റും ലൊ റെയിനും മെമ്മോയില്‍ പറഞ്ഞു.

ഡെമോക്രാറ്റിക് നോമിനിയെ കണ്ടെത്താന്‍ ധാരാളം റോഡ് ബമ്പുകള്‍ (ബ്ലോക്കുകള്‍) മറി കടക്കേണ്ടി വരുമെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ലോ പ്രൊഫസര്‍ എഡ്വേര്‍ഡ് ഫോളി പറഞ്ഞു. തപാലില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കുന്ന സംസ്ഥാനങ്ങളെല്ലാം തപാലില്‍ വോട്ട് സ്വീകരിക്കണം. ഇപ്പോള്‍ 33 സംസ്ഥാനങ്ങളില്‍ ഇത് അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ 23 എണ്ണത്തില്‍ വോട്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇങ്ങനെ ചെയ്യാനാകു. രണ്ടാം ലോകമഹായുദ്ധക്കാലത്തും ആഭ്യന്തര യുദ്ധക്കാലത്തും നാം വോട്ടു ചെയ്തു. ഈ വര്‍ഷവും നമ്മള്‍ വോട്ട് ചെയ്യും ഫോളി പറഞ്ഞു.

പൗരാവകാശ പ്രവര്‍ത്തകര്‍ ഇത് വോട്ടര്‍മാരുടെ ആരോഗ്യവും ഭരണഘടനാവകാശവും തമ്മിലുള്ള ഏറ്റുമുട്ടലായി വിശേഷിപ്പിക്കുന്നു. സാമൂഹ്യ അകലം പാലിക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ നീണ്ട മണിക്കൂറുകള്‍ ക്യൂ (ചിലപ്പോള്‍ 9 മുതല്‍ 13 മണിക്കൂര്‍ വരെ-ഹൂസ്റ്റണില്‍ ഒരു വോട്ടര്‍ക്കുണ്ടായ അനുഭവം) നില്‍ക്കേണ്ടി വരുന്നു.

വോട്ടര്‍മാര്‍ ഓരോരുത്തരായി ബൂത്തുകളില്‍ കടക്കുന്നു. ബൂത്തുകളില്‍ ബാലറ്റ് മെഷീനും മറ്റും ആവശ്യമായ ശുചിത്വവും ഇടവേളകളില്‍ നടപ്പാക്കാന്‍ കഴിയുന്നുണ്ടോ എന്നത് സുപ്രധാന പ്രശ്‌നമാണ്. പോളിങ്ങ് സ്ഥലത്തെ ജോലിക്കാരും വോളണ്ടിയര്‍മാരും സാധാരണയായി പ്രായമായവരാണ്. വോട്ടര്‍ റജിസ്‌ട്രേഷന്‍ കാര്‍ഡ് വാങ്ങി റജിസ്റ്ററിന്റെ താളുകള്‍ പല തവണ പരതിയാണ് ഇവര്‍ വോട്ടര്‍മാരുടെ വിവരം കണ്ടെത്തുന്നത്. ആവശ്യമായ ശുചിത്വ നിബന്ധനകള്‍ ഇവിടെയും പാലിക്കപ്പെടണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക