Image

ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു; സുല്‍ഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി

Published on 18 March, 2020
ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു; സുല്‍ഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി
അല്‍ഹസ്സ:  നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ മേഖലകമ്മിറ്റി അംഗവും, മസറോയിയ യൂണിറ്റ് ഭാരവാഹിയുമായ സുള്‍ഫിക്കര്‍, പ്രഭാതസവാരിയ്ക്കിടയില്‍ നടപ്പാതയില്‍ വീണു കിട്ടിയതിനെത്തുടര്‍ന്നു പൊലീസിന് കൈമാറിയ പണത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. അല്‍ഹസ്സയില്‍ ഒരു കമ്പനിയില്‍ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്ന സുഡാന്‍ സ്വദേശിയായ ഉമര്‍ ഹുസ്സൈന്‍ എന്ന വ്യക്തി, ഉടമസ്ഥത തെളിയിയ്ക്കുന്ന രേഖകള്‍ സഹിതം റുഖയ്ഖ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി പണം ഏറ്റുവാങ്ങി. സുല്‍ഫിയുടെ സത്യസന്ധതയെക്കുറിച്ചുള്ള സാമൂഹ്യപ്രവര്‍ത്തകനായ നാസര്‍ മദനിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഉടമസ്ഥനെ കണ്ടെത്താന്‍ സഹായകരമായത്.

കമ്പനിയുടെ പണമായ പത്തൊന്‍പതിനായിരം റിയാല്‍ അടങ്ങുന്ന നോട്ടുകെട്ട്, ഒരാഴ്ച മുന്‍പാണ് രാത്രി ജോലി കഴിഞ്ഞു വീട്ടിലേയ്ക്ക് മടങ്ങുന്ന വഴി, ഉമര്‍ ഹുസ്സൈന്റെ കൈയ്യില്‍ നിന്നും നഷ്ടമായത്. രാവിലെ പ്രഭാതനടത്തയ്ക്ക് ഇറങ്ങിയ സുല്‍ഫിക്കര്‍ ഈ പണം കാണുകയും, അതിനെ റുഖയ്ഖ പോലീസ് സ്‌റ്റേഷനില്‍ കൊണ്ട് പോയി കൊടുക്കുകയും ചെയ്യുകയായിരുന്നു.

പണം നഷ്ടപ്പെട്ട വിവരം ഉമര്‍ ഹുസ്സൈന്‍ ആ പ്രദേശത്തുള്ള കടകളിലെല്ലാം അറിയിച്ചിരുന്നു. 'നോട്ടുകെട്ട് വീണുകിട്ടി' എന്ന തലക്കെട്ടില്‍ സാമൂഹ്യപ്രവര്‍ത്തകനായ നാസര്‍ മദനി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കണ്ട മലയാളിയായ ഒരു കടക്കാരനാണ് , ഉമര്‍ ഹുസൈനോട് പണം പോലീസ് സ്‌റ്റേഷനില്‍ ഉണ്ട് എന്നറിയിച്ചത്. അതിനെത്തുടര്‍ന്ന് ഉമര്‍ ഹുസ്സൈന്‍ റുഖയ്ഖ പോലീസ് സ്‌റ്റേഷനില്‍ എത്തി. രേഖകള്‍ പരിശോധിച്ച്  ഉമറിന്റെ പണമാണ് അത് എന്ന് തിരിച്ചറിഞ്ഞതോടെ  പോലീസ് പണം അദ്ദേഹത്തിന് കൈമാറി.

പോലീസ് നല്‍കിയ നമ്പറില്‍ ഉമര്‍ ഹുസ്സൈന്‍, സുല്‍ഫിയെ ഫോണില്‍ ബന്ധപ്പെട്ടു തന്റെ റൂമിലേക്ക് ക്ഷണിക്കുകയും, ഒരുപാട് നന്ദിയും കടപ്പാടും അറിയിക്കുകയും, ഒരു പാരിതോഷികം സമ്മാനിയ്ക്കുകയും  ചെയ്തു.

ഈ സത്യസന്ധതയുടെ അംഗീകാരമായി നവയുഗം സാംസ്‌കാരികവേദി മസ്‌റൂയിയ്യ യൂണിറ്റ് സുല്‍ഫിയെ കഴിഞ്ഞ ദിവസം ആദരിച്ചിരുന്നു.

ഫോട്ടോ: ഉമ്മര്‍ ഹുസ്സൈന്‍ (ഇടത്) സുല്‍ഫിക്കറിന് പാരിതോഷികം സമ്മാനിയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ് സഹായിച്ചു; സുല്‍ഫിയ്ക്ക് കളഞ്ഞു കിട്ടിയ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക