Image

ബിഗ്ബോസ് എന്ന പ്രതിഭാസം (സുധക്കുട്ടി കെ.എസ്)

Published on 17 March, 2020
ബിഗ്ബോസ് എന്ന പ്രതിഭാസം (സുധക്കുട്ടി കെ.എസ്)
കൊട്ടിഘോഷിക്കപ്പെട്ടത് കൊണ്ടും സമയം ഇഷ്ടം പോലെ ഉള്ളത് കൊണ്ടും ജീവിതാസക്തി വറ്റിപ്പോയത് കൊണ്ടും ബിഗ് ബോസ് കണ്ട ഒരാളാണ് ഞാൻ.പത്തു വയസ്സുകാരിയായ എന്റെ പേരക്കിടാവ് കുഞ്ഞുലക്ഷ്മി എറണാകുളത്തും ഞാൻ തിരുവനന്തപുരത്തുമിരുന്ന് കൊണ്ട് ഫോണിൽ "വളരെ ഗൗരവ " ത്തോടെ പരിപാടി ചർച്ച ചെയ്യാറുണ്ട്. എന്റെ മക്കൾ അമ്മ എന്താ ഇങ്ങനെ എന്ന മട്ടിൽ അത്ഭുതത്തോടെ എന്നെ നോക്കുന്നത് ഞാൻ അവഗണിച്ചു. രണ്ടാം ബാല്യത്തിലേയ്ക്കുള്ള എന്റെ യാത്ര തുടങ്ങിക്കഴിഞ്ഞു എന്ന് ഞാനറിയുന്നു.

ഹിപ്പോക്രസിയാണ് ശരാശരി മലയാളിയുടെ മുഖമുദ്ര. ഒളിഞ്ഞുനോട്ടമാണ് നമ്മുടെ ഐഡിയോളജി. അധമവാസനയ്ക്ക് മേൽ കുട്ടിക്കൂറാ പൗഡറിട്ട് മുഖം മിനുക്കി, സ്വന്തം കാലിലെ ഭീമൻമന്ത് മറച്ച് നമ്മളുറക്കെ മോങ്ങുന്നു ,
" ദേണ്ട , ഒരുണ്ണി മന്തൻ പോണത് കണ്ടോ ?"

ഒരു ആറാംകിട പരിപാടിയാണ് ബിഗ് ബോസ്,തർക്കമില്ല.
വൻ താരങ്ങളുടെ ഇപ്പോഴിറങ്ങുന്ന
ചില സിനിമ പോലെ മറ്റൊരു തരികിട.
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ചട്ടക്കൂടുണ്ടെങ്കിലും യാദൃശ്ചികമായി മനുഷ്യമനസ്സിന്റെ ഒളിയിടങ്ങൾ മറ നീക്കി അനാവരണം ചെയ്യപ്പെടുന്ന യാതൊരു നൈതികതയുമില്ലാത്ത ഒരു പരിപാടി. പ്രേക്ഷകൻ ആരാധനയാൽ ഉറഞ്ഞു തുള്ളുമ്പോൾ പങ്കെടുക്കുന്നവർ ദിവസക്കൂലിക്ക് കളം നിറയും..

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല നമ്മുടെ താരഭ്രമം. പ്രേംനസീറിന്റെയോ മധുവിന്റെ യോ സുകുമാരന്റെയോ കാലത്ത് ഇത്രയ്ക്ക് മത്ത് പിടിച്ചവരായിരുന്നില്ല നമ്മൾ. അന്നും നമുക്ക് ഇഷ്ടാനിഷ്ടങ്ങളുണ്ടായിരുന്നു ,
അഭിനിവേശമുണ്ടായിരുന്നു ; നല്ല ചിത്രങ്ങൾക്ക് കൈയ്യടിക്കുന്ന ശീലവുമുണ്ടായിരുന്നു.
എഴുപതുകളുടെ പകുതിയിൽ കമലഹാസൻ തരംഗം വന്ന് വീശിയടിച്ച് പോയതൊഴിച്ചാൽ താരാരാധന ഇത്രയ്ക്ക് തലയ്ക്ക് പിടിച്ചിരുന്നില്ല.

സൂപ്പർ താരങ്ങളുടെ ആരാധകർ പരസ്പരം കൂകി തോല്പിക്കുന്ന. വെള്ളിത്തിര വലിച്ചു കീറുന്ന, കയ്യാങ്കളി നടത്തുന്ന, പാലഭിഷേകം നടത്തുന്ന പ്രബുദ്ധ മലയാളി സമൂഹത്തെയും നമ്മൾ കണ്ടു.
തമ്മിൽ കാണുമ്പോൾ കെട്ടിപ്പിടിക്കുകയും, തിരശ്ശീലയ്ക്ക് പിന്നിലിരുന്ന് ഫാൻസ് എന്ന കുട്ടിക്കുരങ്ങന്മാരെക്കൊണ്ട് ചുടു ചോറ് മാന്തിക്കുകയും ചെയ്യുന്ന സൂപ്പർ താരങ്ങളെയും നമ്മളറിയും.

സ്ത്രീവിരുദ്ധ ഡയലോഗുകൾക്ക് നമ്മൾ കയ്യടിച്ചു. അത് ചൂണ്ടിക്കാട്ടിയ യുവനടിയെ അശ്ലീലച്ചുവയുള്ള വാക്കുകൾ കൊണ്ട് എറിഞ്ഞെറിഞ്ഞ് അതിർത്തി കടത്തിവിട്ടു.
പെരുവഴിയിൽ ക്രൂരമായ് നടി അക്രമിക്കപ്പെട്ടതിനെക്കുറിച്ച് അപലപിക്കാൻ ചേർന്ന യോഗത്തിൽ തമാശിച്ചിരുന്ന് പടം വരച്ച് കളിക്കുന്ന വമ്പൻ സ്രാവുകളെ കണ്ടു...

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ സഹോദരിമാരായ രണ്ട് സ്ത്രീകളെ ,തന്റെ കൂടെ കിടക്കാൻ മത്സരിക്കുന്ന വേശ്യകളെന്ന്
ഒരു കോമഡി ( ?) താരം വിളിച്ച് പറഞ്ഞത് കേട്ട് അവതാരകനായ സൂപ്പർ നടൻ കോൾമയിർ കൊണ്ടു.സ്ത്രീവിരുദ്ധനെന്ന് പേരുള്ള രജത് കുമാർ എന്ന മത്സരാർത്ഥി മാത്രമാണ് അതിനെതിരെ പ്രതികരിച്ചത്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളും അർദ്ധ സത്യങ്ങളും പുറത്ത് പ്രസംഗിച്ചു നടന്ന രജത് കുമാർ എന്ന വ്യക്തിക്ക് അനുദിനം ആരാധകർ വർദ്ധിച്ചത് ഇങ്ങനെയൊക്കെയാവാം.

നല്ല ഭാഷ തീരെ വശമില്ലാത്ത കുറെ മൂന്നാം നിര നടീനടന്മാരും, സ്ഥലകാലബോധമില്ലാത്ത ചിലമാക്രിക്കുഞ്ഞുങ്ങളും ചേർന്ന് രജത്കുമാറിന് കണ്ടമാനം സ്പേസ് നൽകി.
15 പേർ ഒരാൾക്കെതിരെ അണിനിരന്നത് ആശയങ്ങളുടെ പേരിലായിരുന്നില്ല. അയാൾ ആരാണെന്നു പോലും അവർക്കറിയില്ലായിരുന്നു.
മാനുഷിക പരിഗണന നൽകാതെ , അനുകമ്പയില്ലാതെ ,അകാരണമായി അവർ അയാളെ നിരന്തരം വേട്ടയാടി .
സാധാരണ പ്രേക്ഷകൻ ഇരയ്ക്കൊപ്പം നിന്നത് സ്വാഭാവികം. അയാളുടെ തല തിരിഞ്ഞ ആശയങ്ങൾ ചോദ്യം ചെയ്യാനുള്ള കോപ്പ് അവരുടെ പക്കൽ ഇല്ലായിരുന്നു.. അവതാരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് ഇങ്ങനെയാണ്.

വാർത്താവിനിമയ ബന്ധങ്ങളറ്റ വീടിനുള്ളിൽ അയാൾ ഉൾപ്പടെ ആരും അതറിഞ്ഞില്ല..
സ്ത്രീവിരുദ്ധമോ മനുഷ്യ വിരുദ്ധമോ ആയ പ്രസ്താവനകളൊന്നും നടത്താൻ ബുദ്ധിമാനായ രജത് കുമാർ തുനിഞ്ഞതുമില്ല. സഹോദരീ സഹോദരന്മാരെ ലൈനാണ് അയാൾ പിടിച്ചത്. എന്തെന്നാൽ അയാൾക്ക് ഗെയിം അറിയാമായിരുന്നു.
ഒറ്റപ്പെടുത്തിയപ്പോഴും ദേഹോപദ്രവം ഏല്പിച്ചപ്പോഴും അയാൾ സ്വയം പതം പറഞ്ഞ് മസോക്കിസ്റ്റായി മാറി. അയാളുടെ വ്യഥകളെ അവതാരകനും ചാനലും നിരന്തരം അവഗണിക്കുന്നതായി പ്രേക്ഷകർക്ക് തോന്നി. അവതാരകൻ ചിലപ്പോഴങ്കിലും അസഹിഷ്ണുത കാട്ടി.അതോടെ ആരാധകർ അയാളെ ചേർത്ത് പിടിച്ചു.

അങ്ങനെ രജത് കുമാറിനെ വച്ച് ചാനൽ കരുനീക്കം തുടങ്ങി.റേറ്റിംഗ് കുതിച്ചുയർന്നു. , ജസ്ല മാടശ്ശേരി എന്ന മത്സരാർത്ഥിയുടെ അരോചകമായ ഒരു ആക്ഷൻ പുറത്ത് വിട്ട് ചാനൽ സ്ത്രീവിരുദ്ധതയുടെ ബാനർ ഉയർത്തി. രജത് കുമാറിനെ കശാപ്പ് ചെയ്യാനുള്ള വ്യഗ്രതയിൽ ജസ്ലയും കൂട്ടരും അക്കാര്യം മിണ്ടിയില്ല.
എഡിറ്റിംഗ് ടേബിളിലെ ഏതോ ഞരമ്പ് രോഗിക്ക് സുഖം കിട്ടിയിരിക്കാം.
"മതം വിട്ട പെണ്ണ് " എന്ന ലേബൽ നെറ്റിയിൽ ഒട്ടിക്കപ്പെട്ടിരുന്ന ജസ്ല ആശയപരമായി രജത്തിനെ നേരിടുമെന്ന് ഒരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു. എന്നാൽ സഭ്യമല്ലാത്ത വാക്കുകളുടെ പൊള്ളയായ അലറൽ മാത്രമായി അവൾ. വ്യക്‌തിത്വം നഷ്ടപ്പെടുത്തി കുന്നായ്മകളുടെ കൂട്ടാരത്തിലേക്ക് വലിഞ്ഞു. ചാനലാകട്ടെ കക്കൂസിലേക്ക് ക്യാമറ തിരിച്ച് വച്ച് ,ജസ്ലയെ പൊതു സമൂഹത്തിന് പരിഹസിക്കാൻ പാകത്തിലുളള ദൃശ്യങ്ങൾ പുറത്ത് വിട്ടു. അവൾക്ക് കൃമിശല്യത്തിനുള്ള മരുന്ന് നിർദ്ദേശം നിരവധി കണ്ടു. ചാനൽ വരുത്തിയ അവമതിപ്പിനെതിരെ പുറത്തായിട്ടും ഒരക്ഷരം മിണ്ടിക്കണ്ടില്ല.

ഒരു ടാസ്കിനിടയിൽ മനപ്പൂർവമല്ലാതെ സംഭവിച്ച കൈയ്യബദ്ധം ,കൂടുതൽ വഷളായില്ല എന്ന് ബോധ്യപ്പെട്ടപ്പോഴെങ്കിലും ഇരുവരെയും ഒന്നിച്ചിരുത്തി, മാപ്പ് പറയിച്ച് പരിഹരിക്കേണ്ട വകതിരിവ് അവതാരകനും ചാനലും കാട്ടണമായിരുന്നു. ചാനലിന്റെ പുണ്യാളൻ ചമയലാണ് കുഴപ്പമുണ്ടാക്കിയത്.
ഫാൻസിന്റെ അതിപ്രസരമുണ്ടായിരുന്ന രജത് കുമാർ .എന്ന മത്സരാർത്ഥി ,പത്താം ക്ലാസ്സ്കാരൻ വികൃതിക്കുട്ടിയായ് വേഷപ്പകർച്ചയാടിയപ്പോൾ എങ്ങുനിന്നോ പ്രത്യക്ഷപ്പെട്ട പച്ചമുളകാണല്ലോ ഭൂകമ്പത്തിന്
കാരണമായത്.
മുളകിന്റെ എരിവ് കണ്ണിൽ നിന്നും മനസ്സിലേയ്ക്ക് പടർന്നപ്പോൾ ആ പെൺകുട്ടിയും ഉളളിൽ ചില കൂട്ടിക്കിഴിക്കലുകൾ നടത്തി.
അവൾക്കും ചില കണക്കുകൾ തീർക്കാനുണ്ടായിരുന്നു..

ഡയലോഗുകൾ കാണാതെ പഠിച്ച് അഭിനയിക്കുന്ന അവതാരകനാകട്ടെ അവസരത്തിനൊത്ത് ഉയർന്നതുമില്ല.. അദ്ദേഹം മികച്ച നടനാണ് ; ദൈവമല്ല. അയാളിലെ നടനമികവിനാണ് കീർത്തി. അതാണ് പ്രേക്ഷകർ ഇഷ്ടപ്പെടുന്നത്, വ്യക്തിയെ അല്ല.
ആയതിനാൽ രജത് എന്ന മനുഷ്യനെ അപമാനിക്കാൻ അയാൾക്ക് അവകാശമില്ല. മനുഷ്യൻ മറ്റൊരു മനുഷ്യന്റെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കേണ്ട കാര്യവുമില്ല.
കേരള സർവകലാശാല നൽകിയതാണ് രജത്തിന്റെ ബിരുദങ്ങൾ .അന്വേഷണം അവിടെ തുടങ്ങട്ടെ.
മുഖപുസ്തകത്തിൽ കേട്ടാലറയ്ക്കുന്ന വാക്കുകൾ കൊണ്ട് അയാളെ അഭിസംബോധന ചെയ്യുന്നവരും ,നെടുമ്പാശ്ശേരിയിൽ തിങ്ങിക്കൂടിയ ആരാധകരും ഏതാണ്ട് ഒരേ തട്ടിൽ തന്നെ. വ്യക്തിഹത്യ ആര് ചെയ്താലും തെറ്റാണ്.
സംഭവിച്ച തെറ്റ് ഏറ്റ് പറയുന്നതും മാപ്പിരക്കുന്നതും വിലകുറഞ്ഞ കാര്യമല്ല.
ലക്ഷക്കണക്കിന് പ്രേക്ഷകർ സാക്ഷ്യം വഹിച്ച രംഗങ്ങളാണത്. സൂപ്പർസ്റ്റാറുകളെ സൃഷ്ടിച്ചതും ഇതേ പ്രേക്ഷകർ തന്നെ.
അവർ നിന്ദിക്കപ്പെട്ടവന്റെ ഒപ്പം ചേരുകയും പ്രതിഷേധിക്കുകയും ചെയ്തു. ചാനൽ തിരസ്ക്കരിച്ചയാളെ അവർ നെഞ്ചിലേറ്റി. അവർക്കതല്ലേ കഴിയൂ.

ജനക്കൂട്ടത്തിന്റെ വികാരം നിയമങ്ങൾക്കും സൂചനകൾക്കും താക്കീതുകൾക്കും മേലെയായി. തടവറയിൽ നിന്ന് പുറത്തു വന്ന ഒരാളെന്ന നിലയിൽ രജത് കുമാർ ആരാധകരെ നിരാശപ്പെടുത്തിയില്ല .രാജ്യം നേരിടുന്ന അതീവ ഗുരുതരമായ പ്രതിസന്ധി അറിയാമായിരുന്ന പോലീസ് നിഷ്ക്രിയരായി കണ്ടു നിന്നു. ക്ഷീണം കൊണ്ടാവാം ജില്ലാ ഭരണകൂടവും ഇത്തിരി നേരം ഉറങ്ങിപ്പോയി.

സർക്കാരിലെ ഉന്നതന്മാർ ,ആരോഗ്യ പരിപാലകർ , അന്തം വിട്ട പ്രതി എന്തും ചെയ്യുമെന്ന മട്ടിൽ പകച്ചുപോയ , ടൂറിസ്റ്റ് പാക്കേജ്കാർ ഇവരൊക്കെ ചെയ്ത തെറ്റുകളും കണ്ണട മാറ്റി വച്ച് നോക്കി കാണരുത്.
നിയമം നടപ്പിലാക്കാനുള്ളതാണ്, ആരുതന്നെയായാലും ....

അതിജീവനത്തിന്റെ ,പൊരുതലിന്റെ കാലമാണിത്. വ്യക്തിശുചിത്വം ഏറ്റവും പ്രധാനം. ജീവിത സൗകര്യങ്ങൾ വർദ്ധിച്ചപ്പോൾ പ്രതിരോധശേഷി നേർത്തു പോയവരാണ് നമ്മൾ .ജാഗ്രത !

ചാനൽ ഷോയിലെ അനീതിയെക്കുറിച്ച് നിരന്തരം പറയുന്ന സാധാരണക്കാരായ കുറെ സുഹൃത്തുക്കൾക്ക് വേണ്ടിയാണത്. ബുദ്ധിജീവികളാകാൻ തീരെ ഇഷ്ടമില്ലാത്തവർ. സ്ത്രീവിരുദ്ധത എന്ന മയക്കുവെടിയിൽ വീഴാത്ത , അവരവരുടെ ഇടങ്ങളിൽ നിശബ്ദമായി പൊരുതി സ്വത്വം വീണ്ടെടുക്കുന്നവർ. മണ്ണിൽ ഉറച്ചു നിൽക്കുന്നവർ.
അവർക്ക് വേണ്ടി ഞാനെഴുതി ,അത്രയേയുള്ളൂ ....

നിരന്ന പീലികൾ നിരക്കവെ കുത്തി
നിങ്ങൾ വന്നോളൂ ,സുഹൃത്ചങ്ങലപ്പൊട്ടിക്കൂ
സന്തോഷം മാത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക