Image

അക്ഷമയോടെ താന്‍ കാത്തിരുന്നു, ഒടുവില്‍ അച്ഛന്‍ കെട്ടിപ്പിടിച്ചു; കല്യാണി പറയുന്നു

Published on 17 March, 2020
അക്ഷമയോടെ താന്‍ കാത്തിരുന്നു, ഒടുവില്‍ അച്ഛന്‍ കെട്ടിപ്പിടിച്ചു; കല്യാണി പറയുന്നു

സം വിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളെന്ന മേല്‍വിലാസത്തില്‍ സിനിമയിലെത്തിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഹെലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം. അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒടുവില്‍ മലയാളത്തിലും എത്തി. ശോഭനയും സുരേഷ് ഗോപിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ കല്യാണിയുടെ നിഖിത എന്ന വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു.


ഒട്ടനവധി പേര്‍ തനിക്ക് ആശംസകള്‍ അറിയിക്കുമ്ബോഴും താന്‍ കാത്തിരുന്നത് അച്ഛന്റെ വാക്കുകള്‍ക്ക് വേണ്ടിയാണെന്ന് പറയുകയാണ് കല്യാണി. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുമായി തിരക്കിലായതിനാല്‍ പ്രിയദര്‍ശന് തന്റെ മകളുടെ ആദ്യ മലയാള ചിത്രം കാണാന്‍ സമയം ലഭിച്ചിരുന്നില്ല. ഒടുവില്‍ പ്രിയദര്‍ശന്‍ ചിത്രം കണ്ടു, അതെക്കുറിച്ച്‌ കല്യാണി പറയുന്നതിങ്ങനെ...


''അച്ഛന്‍ ഒടുവില്‍ എന്റെ സിനിമ കണ്ടു. അദ്ദേഹം സംവിധായകനെയും മറ്റുള്ളവരെയും വിളിച്ച്‌ പ്രശംസിക്കുന്നതിന്റെ തിരക്കിലാണ്. ഞാന്‍ ആകട്ടെ ആ കോള്‍ കട്ട് ചെയ്ത് എന്നെ പ്രശംസിക്കുന്നത് കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ്... എനിക്കുള്ള ആലിംഗനം എപ്പോള്‍ ലഭിക്കും''- കല്യാണി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം കല്യാണി കുറിച്ചതിങ്ങനെ... ''ഒടുവില്‍ എന്നെ അദ്ദേഹം ആശ്ലേഷിച്ചു. സിനിമയും സിനിമയിലെ എന്റെ കഥാപാത്രത്തെയും അദ്ദേഹം ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞു''- സന്തോഷത്തോടെ കല്യാണി കുറിച്ചു.

മോഹന്‍ലാല്‍ നായകനായ മരയ്ക്കാറില്‍ കല്യാണിയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ജുന്‍ സര്‍ജ, മധു, ഫാസില്‍, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, ഹരീഷ് പേരടി, സുഹാസിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക