Image

156 രാജ്യങ്ങളില്‍ കോവിഡ്, പൊലിഞ്ഞത് 6,069 ജീവനുകള്‍; മരണക്കയത്തില്‍ യൂറോപ്പ്

Published on 16 March, 2020
156 രാജ്യങ്ങളില്‍ കോവിഡ്, പൊലിഞ്ഞത് 6,069 ജീവനുകള്‍; മരണക്കയത്തില്‍ യൂറോപ്പ്


ജനീവ: ലോകത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,000 കവിഞ്ഞു. ഒടുവില്‍ ലഭിക്കുന്ന കണക്കുകള്‍ പ്രകാരം കൃത്യമായി പറഞ്ഞാല്‍ 6,069 പേരാണ് ലോകവ്യാപകമായി മരിച്ചത്. 162,588 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതില്‍ 76,219 പേര്‍ രോഗവിമുക്തി നേടി. 6016 പേര്‍ക്ക് ഞായറാഴ്ച ലോകത്ത് കോവിഡ്-19 സ്ഥിരീകരിച്ചു, 246 പേര്‍ രോഗബാധയില്‍ മരിച്ചു.

നിലവില്‍ 80,300 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 5655 പേരുടെ നില ഗുരുതരമാണ്. ഇത് ആകെ ചികിത്സയില്‍ കഴിയുന്നവരുടെ ഏഴു ശതമാനം വരും. ബാക്കിയുള്ള 74,645 പേരുടെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കപ്പെടാനില്ല. 156 രാജ്യങ്ങളിലും നിയന്ത്രണ മേഖലകളിലുമാണ് നിലവില്‍ കോവിഡ്-19 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനയിലാണ് ഏറ്റവുമധികം കോവിഡ്-19 മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ്-19 സ്ഥിരീകരിച്ച 80,849 പേരില്‍ 3,199 പേര്‍ മരണത്തിനു കീഴടങ്ങി. 25 പുതിയ കേസുകളാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേര്‍ ഞായറാഴ്ച ചൈനയില്‍ മരിച്ചു. 10,719 പേരാണ് ഇപ്പോള്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലുള്ളത്. ബാക്കി 66,931 പേര്‍ രോഗമുക്തി നേടിക്കഴിഞ്ഞു.

ഇറ്റലിയാണ് കൊറോണ ബാധയില്‍ കുതിപ്പ് നടത്തിയ രാജ്യം. 21,157 പേരാണ് ഇവിടെ കോവിഡ്-19 ബാധിച്ചവര്‍. ഇതില്‍ 1441 പേര്‍ മരിച്ചു. 17,750 പേര്‍ രോഗം ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇറാനാണ് പതിനായിരത്തിനുമേല്‍ ആളുകള്‍ രോഗബാധിതരായ മറ്റൊരു രാഷ്ട്രം. 13,938 പേര്‍ക്കാണ് ഇവിടെ കോവിഡ്-19 സ്ഥിരീകരിച്ചത്. 1209 കേസുകളും 113 മരണങ്ങളും ഇറാനില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 724 പേരാണ് ഇവിടെ മരിച്ചിരിക്കുന്നത്.

കോവിഡ്-19 ബാധിതരുടെ എണ്ണത്തില്‍ ദക്ഷിണ കൊറിയ പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ച 8162 പേരില്‍ 75 പേര്‍ മരിച്ചുകഴിഞ്ഞു. 76 കേസുകളും മൂന്നു മരണങ്ങളുമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ഇതുവരെ കോവിഡ്-19 നിയന്ത്രിക്കാനായിട്ടില്ല. സ്‌പെയിനില്‍ 1362, സ്വിറ്റ്‌സര്‍ലന്‍ഡില്‍ 842, ജര്‍മനിയില്‍ 827 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ റിപ്പോര്‍ട്ടിംഗ്. സ്‌പെയിനില്‍ ഞായറാഴ്ച മാത്രം 95 പേര്‍ മരിച്ചു. 291 പേരാണ് രാജ്യത്ത് ആകെ കോവിഡ്-129 ബാധിച്ച് മരിച്ചിരിക്കുന്നത്.

നെതര്‍ലന്‍ഡ്‌സ് (പുതിയ കേസുകള്‍-176, ആകെ- 1135), ബെല്‍ജിയം (പുതിയ കേസുകള്‍-197, ആകെ- 886), ഓസ്ട്രിയ (പുതിയ കേസുകള്‍-145, ആകെ- 800), മലേഷ്യ (പുതിയ കേസുകള്‍-190, ആകെ- 48), നോര്‍വേ (പുതിയ കേസുകള്‍-96, ആകെ- 1205) എന്നിവിടങ്ങളിലും കോവിഡ്-19 രോഗികളുടെ എണ്ണത്തില്‍ കുതിപ്പ് ദൃശ്യമാണ്.

ഇന്ത്യയില്‍ നിലവില്‍ 108 പേര്‍ക്കാണ് കോവിഡ്-19 ബാധിച്ചിരിക്കുന്നത്. ഇവരില്‍ രണ്ടുപേര്‍ മരിച്ചു. 10 പേര്‍ രോഗമുക്തി നേടി. 96 പേര്‍ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക