Image

മുന്‍ ഇസ്രേലി പ്രസിഡന്റിനു ഏഴു മണിക്കൂര്‍ സ്വാതന്ത്യ്രം

Published on 20 May, 2012
മുന്‍ ഇസ്രേലി പ്രസിഡന്റിനു ഏഴു മണിക്കൂര്‍ സ്വാതന്ത്യ്രം
ജറൂസലം: ലൈംഗിക പീഡനക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന മുന്‍ ഇസ്രേലി പ്രസിഡന്റ് മോഷെ കട്സാവിനു ഇന്നലെ ഏഴു മണിക്കൂര്‍ സ്വാതന്ത്യ്രം അനുവദിച്ചു. മകന്റെ വിവാഹചടങ്ങില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് കട്സാവിനു പ്രത്യേക അനുമതി നല്‍കിയത്. മനശാസ്ത്രജ്ഞന്റെ പരിശോധനയ്ക്കു വിധേയനായ ശേഷമാണ് കട്സാവിനു സ്വാതന്ത്യ്രം അനുവദിക്കാന്‍ മാസിയോഹു ജയില്‍ അധികൃതര്‍ തയാറായത്. ടൂറിസം മന്ത്രിയായിരുന്ന കാലയളവില്‍ മുന്‍ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ കട്സാവിനെ ഏഴു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചത്. പ്രസിഡന്റിന്റെ വസതിയിലെ രണ്ടുവനിതാ ജീവനക്കാരെ പീഡിപ്പിച്ച കേസിലും അദ്ദേഹം പ്രതിയാണ്. പതിനെട്ടുമാസം ദീര്‍ഘിച്ച വിചാരണയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ടെല്‍അവീവ് ഡിസ്ട്രിക്ട് കോടതി 65കാരനായ കട്സാവിനെ ശിക്ഷിച്ചത്. ഇതിനെതിരേ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബറിലാണ് കട്സാവിന്റെ ജയില്‍ശിക്ഷ ആരംഭിച്ചത്. ഇസ്രയേലില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന ആദ്യ പ്രസിഡന്റാണ് കട്സാവ്. 1951ല്‍ ഇറാനില്‍ നിന്ന് ഇസ്രയേലില്‍ കുടിയേറിയ കട്സാവ് രണ്ടായിരത്തിലാണു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കാലാവധി തീരുംമുമ്പ് 2007ല്‍ രാജിവച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക