Image

കുഞ്ഞിക്കൈ പിടിക്കാന്‍ ഒരുഗ്രാമം വേണം (സീമാ സ്റ്റാലിന്‍)

സീമാ സ്റ്റാലിന്‍ Published on 14 March, 2020
കുഞ്ഞിക്കൈ പിടിക്കാന്‍ ഒരുഗ്രാമം വേണം (സീമാ സ്റ്റാലിന്‍)

ഇത്തവണ ആര് വിളിച്ചാലും തിരിഞ്ഞുനോക്കില്ല, എത്ര മധുരമുള്ള കല്‍ക്കണ്ടകല്ല് തരാമെന്നു പറഞ്ഞാലും തിരിച്ചു വീട്ടിലേയ്ക്കില്ല എന്നൊക്കെ ഓര്‍ത്തു ഉയര്‍ത്തി പിടിച്ച അലൂമിനിയം പെട്ടിയുമായി വെള്ളച്ചാലിലൂടെ നടക്കുമ്പോഴാണ് പിന്നില്‍, നിന്നും മാമാട്ടിയേ എന്നവിളി. തിരിഞ്ഞുനോക്കാതെ തന്നെ അറിയാം കുഞ്ഞേട്ടനാണ്.
പലവട്ടം ഞാന്‍ പറഞ്ഞിട്ടുള്ളതാണ്, മാമാട്ടി, ചീമാട്ടി എന്ന് എന്നെ വിളിക്കരുതെന്ന്, ആ കുണുങ്ങി പെങ്കൊച്ചിന്റെ സിനിമ വന്നു കഴിഞ്ഞപ്പോ മുടിവെട്ടുകാരന്‍ പ്രകാശന്‍ ചേട്ടന്‍ എന്റെ മുടി നെറ്റിയിലേക്ക് ചീകിയിട്ടു പകുതിയ്ക്കു വെട്ടി കണ്ണിനു മുകളില്‍ ആക്കിയിട്ടു പറയുകാണ് ഇപ്പൊശരി മാമാട്ടിക്കുട്ടി 'അമ്മ തന്നെ എന്ന് ..
മുടി കണ്ണിലേക്ക് വീഴുന്നതിനെ തട്ടിമാറ്റി മടുത്തപ്പോള്‍ വീട്ടിലെ കത്രികകൊണ്ട് എലികറണ്ട പോലെ ഞാന്‍ തന്നെ പറ്റെ വെട്ടിക്കളഞ്ഞു .. എന്നാലും ആള്ക്കാര് വിളിച്ചോളും ഒരു മാമാട്ടി.

വെള്ള ഷര്‍ട്ടും മുണ്ടും ഉടുത്തു , വെള്ളച്ചാലിലൂടെ നടക്കുമ്പോള്‍ ചെളി തെറിക്കാതിരിക്കാന്‍ ചെരുപ്പുകള്‍ ഊരി കയ്യില്‍ പിടിച്ചു കൊണ്ട് കോര്‍ട്ടേഴ്സ്മലയുടെ അപ്പുറത്തുള്ള കരിങ്കല്‍ മടയില്‍ പണിക്കാരെത്തുന്നതിനു മുന്‍പ് എത്താന്‍ ധൃതി പിടിച്ചു നടന്ന കുഞ്ഞേട്ടന്‍ എന്നെ കണ്ടപ്പോ നടപ്പു പതുക്കെയാക്ക .
ഇപ്പൊ നോക്കിക്കോ ഇനി വിശേഷം മുഴുവന്‍ ചോദിച്ചു തുടങ്ങും .. ഇന്ന് എന്തായിരുന്നു പ്രശനം , പൊങ്ങല്യത്തിന്റെ എത്ര കൊമ്പൊടിഞ്ഞു , ഇത്തവണത്തെ യാത്ര എങ്ങോട്ടാണ് ?
ചോദ്യത്തിനൊന്നും ഞാന്‍ മിണ്ടാന്‍ നിന്നില്ല, കേള്‍ക്കാത്ത ഭാവത്തില്‍ അങ്ങ്നടന്നു, ഇത്തിരി സ്പീഡില്‍ തന്നെ. അപ്പൊ പറയുവാ വളവിന്റെ അപ്പുറത്തു കക്കാട് അമ്പലത്തില്‍ പറയെടുക്കാന്‍ വന്ന ആന നില്‍പ്പുണ്ട്, വേഗം വീട്ടില്‍ പോകാന്‍ ...
പിന്നെ ആന വന്നു വളവില്‍ പാത്തു നില്‍ക്കുകയല്ലേ ? വെറുതെ പറയുന്നതാണ് , എന്റെ യാത്ര മുടക്കാന്‍ .. അല്ല ഇനി ഉത്സവം ആവാറായോ? ആന വരുമ്പോള്‍ എന്തായാലും ചെണ്ടക്കാരുണ്ടാവും , ഒച്ചയൊന്നും ഇത്വരെ കേട്ടില്ലാലോ..

'ആനനന്നായി വിശന്നിട്ടാണ് നില്‍ക്കുന്നത്, വെള്ളത്തിന്റെ ഒപ്പം നിന്നെക്കൂടി മൂക്കിലൂടെ വലിച്ചു കേറ്റികളയും, വാ ഞാന്‍ എടുത്തു കേറ്റാം കയ്യാലപ്പുറത്തേയ്ക്ക്'
തല മെല്ലെ ആട്ടികൊണ്ടു കുഞ്ഞേട്ടന്‍ പറഞ്ഞു .

വേണോ വേണ്ടയോ എന്ന് ഞാന്‍ ആലോചിച്ചു നില്‍ക്കുന്നതിനിടയ്ക്കു കയ്യില്‍ പിടിച്ചിരുന്ന ചെരുപ്പ് ഈട്ടിലേക്കിട്ടു പുള്ളി എന്നെ പൊക്കി മതിലിന്റെ അപ്പുറത്തേയ്ക്ക്നിര്‍ത്തി., എന്നിട്ടു തിരിഞ്ഞു നോക്കാതെ ഒറ്റപോക്ക് .

എന്നപിന്നെ അപ്പുറത്തെ പറമ്പ് വഴി നേരെ കേറി രണ്ടു മൂന്നു വീട്ടു മുറ്റം ചാടി റോഡിലൂടെ പോയേക്കാം എന്നോര്‍ത്തപ്പോള്‍ ദാണ്ടെ ആടുകളുമായി പഴേടത്തെ കമലാമ്മ...
'കൊച്ചെ ദേ മുട്ടന്‍ കുത്തൂട്ടോ , വേഗം വീട്ടി പൊയ്ക്കോ , എന്നെകൊണ്ട് അവന്റെ പിന്നാലെ ഓടാന്‍ വയ്യ '
കേള്‍ക്കാത്ത മട്ടില്‍ മുന്നോട്ടു നടന്നപ്പോള്‍, തോട്ടുവക്കത്തെചിറയില്‍ അലക്കി കുളിക്കാന്‍ തുണിക്കെട്ടുമായി നന്ദിനി ചേച്ചി

' സീമാട്ടി വാ ചേച്ചീടെ കയ്യിപിടിച്ചോ , പോണവഴി വീട്ടിലാക്കാം'
മോന്ത വീര്‍പ്പിച്ചു കൈവിടുവിച്ചു തെങ്ങും തോട്ടത്തി കേറിയപ്പോ , കള്ളുംകുടവുമായി തെങ്ങിന്റെ മോളീന്ന് വിളി

' തെങ്ങേകേറാന്‍ പഠിച്ചെങ്കി കേറിചെല്ലാന്‍, മോളിലിരുന്നു കാഴ്ച ഒക്കെകാണാമെന്നു '
ചെത്തുകാരന്‍ സുപ്രന്‍ചേട്ടന്‍ ..

പാടം വഴിപോവാന്‍ ഒരു രക്ഷയുമില്ല, വരമ്പുകളുടെ അതിര്‍ത്തി ഭടനായി തോനാട്ടെ വല്യപ്പന്‍ , കാറ്റത്തു തേങ്ങാ വീഴുന്നത് നാട്ടുകാര് പറക്കിയാലോ എന്നോര്‍ത്ത് ഓടി പാഞ്ഞു നടക്കുന്ന മുറിയിക്കലേ വല്യപ്പന്‍ ..

ഏതുവഴി നാട്വിടും എന്നോര്‍ത്ത് വഴിയില്നിന്നപ്പോ, പാറ്റിക്കൊണ്ടിരുന്ന അരിമുറം താഴെവച്ച് , വയ്യാത്ത കാലുംവച്ച് നിരങ്ങി നിരങ്ങി കോക്കടയിലെ വല്യമ്മ ചോദിക്കുന്നു
'എന്നതാ കാര്യം, നീ എവടെ പോണു , കയ്യിലെ പെട്ടിയില്‍ എന്താണ്, എപ്പോള്‍ തിരിച്ചുവരും , ആരുടെ കൂടെ പോണു, വിശക്കുന്നുണ്ടേല്‍വാ , കഞ്ഞിവെള്ളംകുടിച്ചു വര്‍ത്തമാനം പറഞ്ഞിരിക്കാം, 'അമ്മ പയ്യെ വിളിച്ചു വന്നോളും , എന്ന് '...

നാട് വിടാന്‍ സമ്മതിക്കാത്ത നാട്ടുകാര്‍ ...
A village to raise a child എന്ന ്ഒര ുആഫ്രിക്കന്‍ പഴമൊഴി ഉണ്ട് .
ഒരു കുഞ്ഞിനെ സുരക്ഷിതമായും , നന്നായും വളര്‍ത്താന്‍ വീട് മാത്രം പോരാ ഒരു ഗ്രാമം മുഴുവനും വേണമെന്ന്പറയുന്നത് ആഫ്രിക്കക്കാര്‍ മാത്രമല്ല , നമ്മുടെനാടും അങ്ങനെ ആയിരുന്നു , അങ്ങനെതന്നെ ആവണം .

അല്ലെങ്കിലും വീട്ടിലുള്ളവര്‍ മാത്രമാണോ ഒരു കുഞ്ഞിന്റെ വളര്‍ച്ചയില്‍ പങ്കുകാര്‍ ?
ചുറ്റുമുള്ള നാടും, നാട്ടുകാരും, ബന്ധുക്കളും, പക്ഷിമൃഗാദികളും, മരങ്ങളും, അദ്ധ്യാപകരും, പള്ളിയും, അമ്പലവും , വിശ്വാസങ്ങളും വായിക്കുന്ന അക്ഷരങ്ങളും ഇവയെല്ലാം ചേരുമ്പോഴല്ലേ ഒരു കുഞ്ഞു വളരുന്നത് .. വീട്ടിലും നാട്ടിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരായെ മതിയാകൂ ..

കുഞ്ഞിന്റെ കരച്ചില്‍ കേട്ടാല്‍ വേലിത്തലപ്പു വകഞ്ഞുമാറ്റി , എന്തിനു കരഞ്ഞു, ആരാണ് അടിച്ചത് എന്ന് ചോദിയ്ക്കാന്‍ ആരെങ്കിലും വേണം ..
തനിയെ ഒരു കുഞ്ഞു നടന്നു പോകുന്നത് കണ്ടാല്‍ 'എവിടെപോകുന്നു, എന്തിനു പോകുന്നു, എന്ന് ചോദിയ്ക്കാന്‍ ചുറ്റും പത്തുപേരുണ്ടാവണം .

കൈപിടിച്ചു തിരികെ വീടിന്റെ മതിലിന ്പുറത്തു കേറ്റാന്‍ സ്നേഹമുള്ള കുഞ്ഞേട്ടന്മാര്‍ വേണം , വരമ്പും കുളവും കാക്കുന്ന വല്യപ്പന്‍മ്മാര്‍ വേണം .
കഞ്ഞിവെള്ളം കൊടുത്തില്ലെങ്കിലും കുഞ്ഞി കൈകള്‍ മണ്ണില്‍ കമിഴ്ത്തിവച്ച് അപ്പനും അമ്മയും തേടിവരുന്നത്വരെ
'അത്തില് പിത്തല് തവളാച്ചി , ചുക്ക് മേടിക്കണ ബീരാട്ട, മറിയം വന്നു വിളക്കൂതി, സാറ മാണി കോട്ട '
എന്നൊക്കെ പറഞ്ഞു കിക്കില്‍ കൂട്ടി ചിരിപ്പിക്കുന്ന വല്യമ്മമാര്‍ ഓരോ വീട്ടു മുറ്റത്തും വേണം .
ഒരു കൊച്ചുപുഴുക്കുത്തു പോലുമേല്‍ക്കാതെ നമ്മുടെ കുഞ്ഞുങ്ങളെ കാക്കാന്‍ നമുക്കായെങ്കില്‍. ദിനപത്രത്തിലേതുപോലെ സങ്കടവാര്‍ത്തകള്‍ നമ്മെ വിളിച്ചുണര്‍ത്താതിരിക്കട്ടെ

Join WhatsApp News
Boby Varghese 2020-03-15 08:48:25
Excellent. Thanks.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക