Image

ആത്മരാഗങ്ങളുടെ ദേവരാജഗീതം - സിജിത അനിൽ ,പാലാ

Published on 14 March, 2020
ആത്മരാഗങ്ങളുടെ ദേവരാജഗീതം -   സിജിത അനിൽ ,പാലാ
                     തന്റെ സർഗാത്മകതയെ ജനകീയ സംഗീതത്തിനായി സമർപ്പിച്ച് മലയാളി മനസുകൾ കീഴടക്കിയ സംഗീത സംവിധായകനായിരുന്നു ദേവരാജൻ മാസ്റ്റർ. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ
കാലത്തിന്റെ പ്രതിഫലനങ്ങളും, പ്രകൃതിയുടെ ദുരവസ്ഥകളും, ജീവിതത്തിന്റെ നിരർത്ഥതകളും, അതിനിടയിൽ അനുവാദമില്ലാതെ കടന്നു വരുന്ന പ്രണയങ്ങളും പ്രണയഭംഗങ്ങളും വളരെ മനോഹരമായി വർണ്ണിക്കപ്പെടുന്നുണ്ട് .ശബ്ദങ്ങളെ ശ്രുതിപാതയിൽ നിരത്തി ഈണങ്ങളാക്കി, ഈണങ്ങളെ താളങ്ങളുടെ വിരൽത്തുമ്പിലൂഞ്ഞാലാട്ടി സുന്ദര സംഗീതമാക്കിയ പ്രതിഭ. ദേവരാജൻ മാസ്റ്ററുടെ സംഗീത മാന്ത്രികതയിൽ ലയിക്കാത്തവരായി ആരും ഉണ്ടാകാനിടയില്ല.മലയാള ചലച്ചിത്ര ഗാനങ്ങളിൽ ഏറ്റവും കൂടുതൽ രാഗങ്ങൾ ഉപയോഗിച്ചതും ദേവരാജൻ മാസ്റ്റർ ആണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേയ്ക്ക് ആകൃഷ്ടനായ മാസ്റ്റർ നാടകവേദിയായിരുന്ന കെ.പി.എ.സി.ക്കു വേണ്ടി ഈണം പകർന്ന നാടകഗാനങ്ങൾ ഇന്നും മലയാളി മനസിൽ മായാതെ നിൽക്കുന്നു.
  'പൊന്നരിവാളമ്പിളിയിൽ കണ്ണെറിയുന്നോളെ ', എന്ന ഗാനവും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും അദ്ദേഹത്തിന്റെ  സംഗീത ജീവിതത്തിൽ ഒരു വഴിത്തിരിവായിരുന്നു എന്നു പറയാം.
അതു കൊണ്ടു തന്നെ കാളിദാസ കലാകേന്ദ്രം എന്ന നാടക സമിതി രൂപീകരിക്കാൻ മുൻകൈയ്യെടുക്കുകയും ചെയ്തിരുന്നു.
         ദേവരാജൻ - വയലാർ ജോഡിയുടെ സംഗീതകാലഘട്ടം മലയാളസിനിമ സംഗീതത്തിന്റെ സുവർണ്ണകാലഘട്ടമായിരുന്നു. ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് ഒരു നിരീശ്വരവാദി ആയിരുന്ന അദ്ദേഹത്തിന് എങ്ങനെയാണ്  മലയാളത്തിലെ പ്രശസ്തമായ പല ഭക്തിഗാനങ്ങൾക്കും ഈണം പകരാൻ കഴിഞ്ഞത് എന്ന്. ഗുരുവായൂരമ്പലനടയിൽ, നിത്യ വിശുദ്ധയാം കന്യാമറിയമേ തുടങ്ങിയ ഗാനങ്ങൾ ഇന്നും ദിവസത്തിലൊന്നെങ്കിലും കേൾക്കാത്തവരോ, മനസിലോർക്കാത്തവരോ ആയി ആരും ഉണ്ടാവില്ല. ദേവരാജൻ മാസ്റ്ററുടെ സംഗീതം പലപ്പോഴും നാടൻ പാട്ടുകളുടെ ഈണങ്ങളും പാശ്ചാത്യ സംഗീതവും കർണ്ണാടക - ഹിന്ദുസ്ഥാനി സംഗീതവുമായി ഒന്നിച്ചു ചേർന്നിരുന്നു.
'സന്യാസിനി നിൻ പുണ്യാശ്രമത്തിൽ', 'ചന്ദ്രകളഭം ചാർത്തിയൊഴുകും തീരം'
,'ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ' തുടങ്ങി എനിക്കിഷ്ടപ്പെട്ട ഗാനങ്ങളുടെ പട്ടിക നീളുകയാണ്. സത്യം പറഞ്ഞാൽ പുതിയ ഗാനങ്ങളെക്കാൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നവ ദേവരാജൻ മാസ്റ്റർ ഈണം പകർന്ന ഗാനങ്ങളാണ്. അവയിൽ അർത്ഥവും ഭാവവും രാഗവും താളവും സല്ലീനമാകുന്നുണ്ട്.
സംസ്കാരങ്ങളുടെ മതിലുകൾ തകർത്ത് മനുഷ്യന്റെ ഹൃദയധമനികളിലെ തന്ത്രികൾ തൊട്ടുണർത്തിയ എന്റെ പ്രിയപ്പെട്ട സംഗീത സംവിധായകൻ ദേവരാജൻ മാസ്റ്ററുടെ മരിക്കാത്ത ഓർമ്മകളുടെ പാദത്തിലർപ്പിക്കുന്നു ആദരവിന്റെ അശ്രുപൂജയും അഞ്ജലിപ്പൂക്കളും.
Join WhatsApp News
kanAkkoor 2020-03-27 08:51:27
ദേവരാജന്‍ മാസ്റ്ററെ കുറിച്ചെഴുതിയ ലേഖനം വായിച്ചു. ചെറുതെങ്കിലും നല്ല ലേഖനം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക