Image

അസാധാരണ സാഹചര്യം (ഡോ: എസ്. എസ്. ലാല്‍)

ഡോ: എസ്. എസ്. ലാല്‍ Published on 14 March, 2020
അസാധാരണ സാഹചര്യം (ഡോ: എസ്. എസ്. ലാല്‍)
ലോകം മുഴുവന്‍ നമുക്ക് മുന്‍പൊരിക്കലും പരിചയമില്ലാത്ത സംഭവങ്ങള്‍ നടക്കുന്നു. കൊറോണ രോഗം സൃഷ്ടിച്ചിരിക്കുന്നത് ഒരു അസാധാരണ സാഹചര്യമാണ്. അതിനാല്‍ നമുക്ക് പല അസാധാരണ സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകേണ്ടി വരും.

നമ്മുടെ ഒരുപാട് ആവശ്യങ്ങള്‍ നടക്കാതെ വരും. ഒരുപാട് കാര്യങ്ങള്‍ മുടങ്ങിപ്പോകും. ക്ഷമിക്കുകയും സഹിക്കുകയും മാത്രമേ വഴിയുള്ളൂ. മനുഷ്യരെ മുഴുവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് നമ്മളിത് ചെയ്യുന്നത്. അവരവരുടെ ഭരണകൂടങ്ങള്‍ പറയുന്നത് കേള്‍ക്കുക. അനുസരിക്കുക.

യാത്രകളില്‍ കൂടുതല്‍ വിലക്കുകള്‍ വന്നേയ്ക്കും. സ്വാതന്ത്യക്കുറവ് ഇതിലും അധികം അനുഭവപ്പെട്ടേക്കും. അത് രോഗാണുവിന്റെ യാത്രയും സ്വാതന്ത്ര്യവും കുറയ്ക്കാനാണ്. രോഗാണുവിനെ തളയ്ക്കാനാണ്.

അത്യാവശ്യമില്ലാത്ത യാത്രകള്‍ നമ്മള്‍ കഴിയുന്നത്ര കുറയ്ക്കുക. വീട്ടിലിരുന്ന് ചെയ്യാവുന്ന ജോലികള്‍ അങ്ങനെ ചെയ്യുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അത്യാവശ്യമുള്ളവര്‍ മാത്രം വരുന്ന സ്ഥിതിയാക്കുക. ഇന്ന് ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥര്‍ പോലും വീടുകളില്‍ നിന്നാണ് ജോലി ചെയ്തത്.

രോഗം ആരുടെയും കുറ്റമല്ല. രോഗി കുറ്റവാളിയുമല്ല. ഒരാളും സ്വയം ആഗ്രഹിച്ചിട്ടല്ല രോഗം വരുന്നത്. കൂടുതല്‍ പേര്‍ക്ക് ഇനിയും രോഗം വന്നേക്കാം. രോഗം വന്നവരോട് കൂടുതല്‍ സഹാനുഭൂതിയോടെയും സ്‌നേഹത്തോടെയും പെരുമാറണം. അല്ലെങ്കില്‍ രോഗികള്‍ കൂടുതല്‍ ഒറ്റപെടും. കഷ്ടപ്പെടും. നമ്മള്‍ തന്നെയാണ് രോഗികള്‍ ആകുക. രോഗം നമുക്ക് കിട്ടുന്നതു വരെയാണ് രോഗി അന്യനാകുന്നത്.

നമുക്ക് രോഗം സംശയമുണ്ടെങ്കില്‍ ഡോക്ടറെ ഫോണില്‍ വിളിക്കുക. ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ ആശുപത്രിയില്‍ പോകുക. മറ്റു നിര്‍ദ്ദേശങ്ങളും അനുസരിക്കുക.

വീട്ടിലെ അംഗങ്ങളുമായി സംസാരിക്കുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും കഴിയുമെങ്കില്‍ ഫോണില്‍ വിളിക്കുക. പറയാന്‍ മറന്നുവച്ച വിശേഷങ്ങള്‍ ഒരുപാട് ബാക്കി കാണും. രണ്ടു കൂട്ടര്‍ക്കും.

പരസ്പരം സഹായിക്കാനുള്ള അവസരമാണിത്. അന്നന്ന് ജോലി ചെയ്ത് ജീവിക്കുന്ന ഒരുപാട് മനുഷ്യര്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് വീട്ടിലിരുന്നാല്‍ വരുമാനമുണ്ടാകില്ല. രോഗം കൂടി വന്നാല്‍ ചിലപ്പോള്‍ അവര്‍ പട്ടിണിയാകും. നമ്മള്‍ അവരെ കാണാതെ പോകരുത്. അത്തരത്തില്‍ നമുക്കറിയാവുന്നവരെ ഈ സമയത്ത് സാമ്പത്തികമായും സഹായിക്കുക.

രോഗം പകരാതിരിക്കാന്‍ ശരീരങ്ങള്‍ തമ്മില്‍ ഒരു മീറ്റര്‍ എങ്കിലും അകലം പാലിക്കണമെന്നത് ശരി തന്നെ. പക്ഷേ മനസ്സുകള്‍ ഏറ്റവും അടുപ്പിക്കേണ്ട സമയമാണിത്. പരസ്പരം കിലോ മീറ്ററുകള്‍ അകന്നു നില്ക്കുന്ന മനസുകള്‍ ഒരു മില്ലി മീറ്റര്‍ പോലും അകലം പാലിക്കാന്‍ പാടില്ലാത്ത സമയം.

ഇന്ന് ഞാനും വീട്ടില്‍ നിന്നാണ് ജോലി ചെയ്യുന്നത്. സന്ധ്യയും മക്കളും വീട്ടിലുണ്ട്. ഞങ്ങള്‍ ഇന്ന് പരസ്പരം കൂടുതല്‍ സംസാരിക്കുന്നുമുണ്ട്. ഉച്ച ഭക്ഷണവും ഒരുമിച്ച്.

കൊറോണ നിയന്ത്രിക്കാനും രോഗം വന്നവരെ ചികിത്സിക്കാനും അക്ഷീണം പരിശ്രമിക്കുന്ന ആരോഗ്യ രംഗത്തെ മുഴുവന്‍ പ്രവര്‍ത്തകരെയും പിന്തുണയ്ക്കുക.
കൊറോണക്കാലവും നമ്മള്‍ മറികടക്കും.

അസാധാരണ സാഹചര്യം (ഡോ: എസ്. എസ്. ലാല്‍)
Join WhatsApp News
Mathew Joys 2020-03-16 00:07:16
ഡോക്ടർ ലാലിന്റെ നല്ല ചിന്തകളും ഉപദേശങ്ങളും സ്വാഗതാർഹം. ലോകാരോഗ്യ സംഘടനയുടെ വക്താവെന്ന നിലയിൽ നാം അവയൊക്കെയും പാലിക്കാൻ ശ്രമിച്ചാൽ നമുക്ക് നല്ലത് . സ്‌കൂളുകളും നിരവധി സ്ഥാപനങ്ങളും ലോക് ഔട്ട് വ്യവസ്ഥയിൽ തുടരുന്നത് ഈ രോഗം പടരുന്നതിൽനിന്നും കുറെയൊക്കെ സഹായകമാകും. ഈ ദുരവസ്ഥയിൽ എല്ലാവരും വീട്ടിൽ ഇരുന്നാലും , ത്യാഗോജ്വലമായി ജോലിക്കു പോയി നമുക്കായി സുസജ്ജമായി ജീവിക്കുന്ന ഡോക്ടർമാർ നേഴ്‌സുമാർ ഫാര്മസിക്കാർ ആംബുലൻസുകാർ തുടങ്ങിയവർക്കെല്ലാം നന്ദിയോടെ പ്രണാമം 🙏🏼 Mathew Joys, Las Vegas
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക