Image

കിന്നര ഗായകർ (കഥ: പുഷ്പമ്മ ചാണ്ടി )

Published on 12 March, 2020
കിന്നര ഗായകർ  (കഥ: പുഷ്പമ്മ ചാണ്ടി )
സമയത്തിനും കാലത്തിനും അപ്പുറം അവർ കണ്ടുമുട്ടി, ഒരാൾ കിന്നരം മീട്ടി മധുരമായി പാടുന്നുണ്ടായിരുന്നു, മാലാഖമാർ പോലും അത് കേട്ട്  മതിമറന്നു, 
എത്ര മനോഹരമായ ശബ്‍ദം. ദിവസവും ആ ഗാനം അവിടെ മുഴങ്ങി, നീല വാനവും , മനോഹരമായ പൂക്കളും നിറഞ്ഞ സ്വർഗീയ ആരാമം, അവിടെ സന്തോഷം മാത്രം , സമാധാനം മാത്രം, അങ്ങനെ കുറച്ചു നാളുകൾ കടന്നു പോയി,
ഒരിക്കൽ ആ സ്വർഗീയ സ്വരമാധുരിയിൽ ലയിച്ചിരിന്നപ്പോൾ ഒരു ആത്മാവ് 
 പെട്ടെന്ന് എന്തോ ഓർത്തപ്പോൾ    എഴുന്നേറ്റു ആ ഗായകൻറെ അടുത്ത് ചെന്ന് , അവരുടേതായ ഭാഷയിൽ   ആശയവിനമയം നടത്തി.

" ഞാൻ   ഭൂമിയിലേക്ക് പോകാൻ തീരുമാനിച്ചു  ഒരു പുരുഷനായി "
" നിന്റെ പാതിയാകാൻ സ്ത്രീയായി ഞാൻ ജനിക്കട്ടെ ?" നീയെന്നെ കൂടെ കൂട്ടുമോ ? "
"നീ എന്നെ സ്നേഹിക്കുമോ ?"
" തീർച്ചയായും "
" നീ എന്നെ മാത്രമേ സ്നേഹിക്കാവു "
" അതിനു എനിക്ക് വാക്കു പറയാൻ പറ്റില്ല , ചിലപ്പോൾ ഭംഗിയുള്ള മറ്റു സ്ത്രീകളിലും ഞാൻ ആകൃഷ്ടനാകും "
" ഞാൻ അപ്പോൾ എന്ത് ചെയ്യും ?
" നീ എന്നോട് വഴക്കു കൂടും , എന്നെ വിട്ടുപോകാൻ ശ്രമിക്കും , പക്ഷെ പോകല്ലേ , നീ പിന്നെയും എല്ലാം മറന്നു എന്നെ സ്നേഹിക്കും "
" എനിക്കതു താങ്ങാൻ പറ്റുമോ ?
" എന്തുകൊണ്ട് പറ്റില്ല , നീ മനുഷ്യസ്ത്രീയായി അല്ലെ ജനിക്കുന്നത് "
" ഞാൻ മറ്റു പുരുഷനിൽ ആകൃഷ്ട ആയാലോ?"
" എന്നെ കണ്ടുമുട്ടിയാൽ പിന്നെ നിനക്കതിനാവില്ല  , നീ എന്നെ മാത്രമേ സ്നേഹിക്കൂ  അതാണ് നിന്റെ കരാർ "
" നീ കുടുബം പുലർത്തുമോ ? എന്നെ സംരക്ഷിക്കുമോ?"
" ഞാനും നീയും ചേർന്ന് കുടുംബം പുലർത്തും , നീ എനിക്ക് ഇണ മാത്രമല്ല , തുണയും ആയിരിക്കും "
" നമ്മൾക്ക് മൂന്ന് കുട്ടികൾ വേണം "
" അതിലൊരാൾ രണ്ടാം വയസ്സിൽ ഭൂമിയിൽ നിന്നും പോകും " 
" അതെന്താ ?'"
" നമ്മൾക്ക് പുത്രദുഃഖം തരാൻ വന്നവൻ ആണ് അത് "
" അപ്പോൾ നീ എന്നെ ആശ്വസിപ്പിക്കുമോ ?"
" നമ്മളുടെ രണ്ടു പേരുടെയും കുഞ്ഞല്ലേ നമ്മൾ തമ്മിൽ തമ്മിൽ ആശ്വസിപ്പിക്കും "
" നമ്മുടെ മക്കൾ നമ്മളെ സ്നേഹിക്കുമോ ?"
" നമ്മൾ  തമ്മിൽ സ്നേഹിക്കുന്നത് കണ്ടു മക്കൾ വളരും " അവർ അത് കണ്ടു സ്നേഹം എന്താണെന്ന് പഠിക്കും അപ്പോൾ അവർക്കു നമ്മളെ സ്നേഹിക്കാതിരിക്കാൻ സാധിക്കുമോ ?"
" നമ്മൾക്കു സങ്കടങ്ങൾ ഉണ്ടാകുമോ ?"
" അതിൽ ഒരു സംശയവും വേണ്ട , നിറയെ സങ്കടങ്ങൾ ഉണ്ടാകും , വിഷമതകൾ ഉണ്ടാകും , നമ്മൾ ജീവിതമാകുന്ന തേരിൽ ഭൂമിയിൽ സഞ്ചരിക്കുകയല്ലേ ? "
" നീ എനിക്ക് പാട്ടു പാടി തരുമോ ?" ഈ കിന്നരം നമുക്ക് കൊണ്ടുപോകാം "
" ഈ ജൻമം ഞാൻ ഗായകനാകില്ല , ആസ്വാദകൻ മാത്രം "
" ഞാൻ ഗായിക ആകട്ടെ ?"
" നീ കഴിഞ്ഞ രണ്ടു ജന്മവും ഗായിക ആയിരുന്നില്ലേ ? നീ എഴുതൂ, നല്ല കഥകൾ , കവിതകൾ , എല്ലാവരും വായിച്ചു വളരട്ടെ , എഴുത്തു അനശ്വരം അല്ലെ ? നിന്റെ ആർദ്ര ഹൃദയത്താൽ ഒരു നല്ല , വൈദ്യനാകു  മുറിവുണക്കൂ , സേവനം ചെയ്യാനുള്ള അവസരം അല്ലെ ?"
" നമ്മുടെ മാതാപിതാക്കളോ"?
"അവർ ജനിച്ചു കഴിഞ്ഞു , നമ്മളെ സ്വീകരിക്കാൻ ഒരുങ്ങി കഴിഞ്ഞു "
" അവിടെ ഭൂമിയിൽ മതം എന്നൊരു വിപത്തു നമ്മളെ കാത്തിരിക്കുന്നു , അതും നമ്മൾ തരണം ചെയ്യണം അതൊരു വേർകൃത്യം ആണ് 
, നമ്മുടെ മാതാപിതാക്കൾ രണ്ടു മത വിശ്വാസികൾ ആണ് "
" നമ്മളോ ?"
" അത് തീരുമാനിക്കാൻ സമയം ആയിട്ടില്ല , നമ്മുടെ സ്വതന്ത്ര മനോഗതിയുടെ പരിധിയിൽ വരുന്ന തീരുമാനങ്ങൾ  ആണത് , ഉചിതമായതു നമ്മുക്ക് സ്വീകരിക്കാം , ആത്മാവിനു ജാതിയില്ല , മതം ഇല്ല , സ്നേഹം മാത്രം ,  , ഭാഷയില്ല , എവിടെയും സ്നേഹത്തിന്റെ  വെളിച്ചം മാത്രം.

"മനുഷ്യ ശരീരം സ്വീകരിക്കുന്നതിനൊപ്പം നമ്മൾ സ്വതന്ത്ര ചിത്തരായി പെരുമാറും "  ഞാൻ നിനക്ക് മുൻപേ ഭൂമിയിൽ എത്തും " ഭൂമിയിലെ മൂന്ന് വർഷങ്ങൾക്കപ്പുറം നീ വരും " 
" കേൾക്കാൻ നല്ല രസം "
" സ്നേഹത്തിൽ പിറക്കുന്ന നമ്മൾ , നമ്മുടെ സ്വതന്ത്രചിന്ത മാത്രം ഉപയോഗിച്ച് , സ്നേഹത്തിന്റെ ഭാഷ വിട്ടു ഓരോ തീരുമാനങ്ങളും പ്രവൃത്തികളും ചെയ്തു , താപത്തെ വിളിച്ചു വരുത്തും , ആ താപത്താൽ നമ്മൾ എല്ലാത്തിനെയും ശപിച്ചു , ജീവിതം  വെറുത്തു ജീവിച്ചു തീർക്കും "
" ഇത് കേൾക്കുവാൻ രസം ഇല്ല 
" അനുഭവിക്കാനും "
" നമ്മുടെ പേരുകൾ എങ്ങനെ ആയിരിക്കും ?
" ഞാൻ സൂര്യന്റെ മറ്റൊരു പേര് സ്വീകരിക്കും "
" ഞാൻ താമരയുടെ പേര് സ്വീകരിക്കട്ടെ ?
അവർ രണ്ടുപേരും ആ പൂങ്കാവനത്തിൽ സംഗീത ധാരയിൽ ലയിച്ചു നടന്നു നീങ്ങി .
പിറ്റേന്നാൾ പുരുഷനാകാൻ തീരുമാനിച്ച ആത്മാവ് ചോദിച്ചു 
" വേദനകൾ ഇല്ലാത്ത , സന്തോഷം മാത്രം നിറഞ്ഞ ഈ ലോകത്തിൽ നിന്നും നാം എന്തിനാണ് കഷ്ടപ്പാട് നിറഞ്ഞ ഭൂമിയിലേക്ക്‌ പോകുന്നത് ?"
" നമ്മളുടെ കഴിഞ്ഞ മനുഷ്യ ജന്മത്തിൽ ചെയ്തു കൂട്ടിയ എല്ലാത്തിനും നമ്മൾ ഉത്തരം പറയണം , അതിനുള്ള അവസരം നമുക്ക്  കിട്ടുകയാണ്‌, സമാധാനത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കൾ ആകണോ അതോ നമ്മുടെ സ്വതന്ത്ര ഇച്ഛാശക്തിയിൽ നന്മക്കു ചേരാത്തത് സ്വീകരിക്കണോ എന്ന് നമുക്ക് തീരുമാനിക്കാം  "
" ഈ ജൻമം ഞാൻ നല്ലവനായി ജീവിക്കും "
" ആരുകണ്ടു നീ മനുഷ്യ രൂപം സ്വീകരിക്കുമ്പോൾ എന്ത് ചെയ്യുമെന്ന് "
" എനിക്ക് ഇവിടം വിട്ടു പോകാൻ സമയമായി എൻ്റെ 'അമ്മ എന്നെ സ്വീകരിക്കാൻ ദേ തയ്യാറാകുന്നു , ഞാൻ പോകട്ടെ "
" നീ എന്നെ മറക്കുമോ ?"
" സാധിക്കില്ലല്ലോ, നമ്മൾ ആത്മാവിന്റെ രൂപത്തിൽ ഉള്ളപ്പോൾ എടുത്ത തീരുമാനം അല്ലെ ?"
ഭൂമിയേല്ക്കു പോകാൻ തയ്യാറായ ആത്മാവിനോട് വിട പറഞ്ഞു , സ്ത്രീ ആകാൻ തീരുമാനിച്ച ആത്മാവ് കാത്തിരുന്നു

അങ്ങനെ അവൻ ഭൂമിയിൽ ജനിച്ചു ..ക്രിസ്തീയ മാതാപിതാക്കളുടെ രണ്ടാമത്തെ പുത്രനായ അവനെ അവർ സ്നേഹ പൂർവം വിളിച്ചു 
 
" സണ്ണി "

മൂന്ന് വർഷങ്ങൾക്ക് ശേഷം അവളും  ഭൂജാതയായി .ഹിന്ദു മാതാപിതാക്കളുടെ ഒറ്റ പുത്രിയായി അവൾ പിറന്നു . അച്ഛൻ അവളുടെ ചെവിയിൽ ആദ്യമായി ആ പേര് വിളിച്ചു
" കമല , കമല , കമല 

ഭൂമിയിൽ എത്തിയതോടെ അവർ എടുത്ത തീരുമാനം എല്ലാം വിസ്‌മൃതിയിൽ മറഞ്ഞു.

സണ്ണി യുവാവായി , കമല സുന്ദരി ആയ ഒരു യുവതിയും . ഒരേ പട്ടണത്തിൽ വസിച്ചിട്ടും , തിരിച്ചറിയാതെ അവർ യാത്ര തുടർന്നു. 
സണ്ണി പല പെൺകുട്ടികളെ പരിചയപെട്ടു, ചിലരോടെല്ലാം ഇഷ്ടം തോന്നി, ചിലരെ അടുത്തറിഞ്ഞു , പക്ഷെ മനസ്സ് പറഞ്ഞു 
" ഇതല്ല നീ തേടുന്നവൾ "
 അവൾ എവിടെയായിരിക്കും ?
 എങ്ങനെ ആയിരിക്കും , ഞാൻ കാത്തിരിക്കും അവൾക്കായി , 
കമല മെഡിക്കൽ കോളേജിൽ നിന്നും എം. ബി. ബി. സ് , പാസ്സായി,  കഥയും , നോവലും എഴുതുന്നു ഒരു ഡോക്ടർ .
കമലയെ പലരും മോഹിച്ചു , അവളിലും ചിലർ മോഹം ജനിപ്പിച്ചു പക്ഷെ ഭ്രമിപ്പിച്ചവർ ആരും അവളിൽ ചലനം സൃഷ്ടിച്ചില്ല. അവളും കാത്തിരുന്നു അവനായി .
ഒരിക്കൽ ഒരു അപകടത്തിൽ  രക്തം വാർന്നു , മൃതപ്രായനായി, ആശുപത്രിയിൽ ഒരാളെ  കൊണ്ടുവന്നു , അയാളെ കൊണ്ടുവന്നത് സണ്ണി , കണ്ടമാത്രയിൽ തന്നെ അവളുടെ മനസ്സ് പറഞ്ഞു എനിക്കറിയാം  ഈയാളെ , എവിടെയോ കണ്ടതുപോലെ, സ്നേഹത്തിന്റെ , സാന്ത്വനത്തിന്റെ ഒരു കിന്നരഗാനം അവൾക്കു കാതിൽ മുഴങ്ങുന്നതുപോലെ തോന്നി. 
മുന്ജന്മനത്തിന്റെ തുടർച്ച ,....
അവനും ഡോക്ടറോട് ഒരിഷ്ടം തോന്നി , നല്ല പെരുമാറ്റം , ആർദ്രമായ ഒരു മനസ്സ് കണ്ടു; അവൻ അവളിൽ.
അവർ പിന്നെയും പിന്നെയും കണ്ടുമുട്ടി .
" കമല നീ എന്റേതാണ് "
 ഹൃദയമിടിപ്പോടെ അവളും പറഞ്ഞു 
" ഞാൻ നിനക്കായിട്ടാണ് ഈ ഭൂമിയിൽ ജനിച്ചത് "
ജാതിയുടെയും , മതത്തിൻറെയും അതിർവരമ്പുകൾ മറികടന്നു , അവർ ഒന്നായി .

പിന്നെയവർ കലഹിച്ചും , സ്നേഹിച്ചും , ഇണങ്ങിയും ,പിണങ്ങിയും ....അങ്ങനെ ചിലതെല്ലാം അടുത്ത ജന്മത്തിനു മാറ്റി വെച്ച്  ജീവിതം തുടർന്നു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക