Image

പ്രബുദ്ധരായ മലയാളികളോട് ഒരു വാക്ക് (അമ്മു ആന്‍ഡ്രൂസ്)

Published on 11 March, 2020
പ്രബുദ്ധരായ മലയാളികളോട് ഒരു വാക്ക് (അമ്മു ആന്‍ഡ്രൂസ്)
ഇറ്റലി കൊറോണ ഉൽപ്പാദിപ്പിക്കുന്നില്ല. ഒന്നുകൂടി പറയാം, ഒരു വിധത്തിലും 'Made  in  Italy' ഉൽപ്പന്നമല്ല കൊറോണ വൈറസ്. വവ്വാലുകളിൽ നിന്നും മനുഷ്യരിലേക്ക് പകർന്ന, ചൈനയിൽ  പൊട്ടിപ്പുറപ്പെട്ട, കൊറോണ എന്ന വൈറസ്, ആരോഗ്യമുള്ള ഒരാൾക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയില്ല എങ്കിലും,  സാംക്രമിക ശേഷി വളരെ കൂടുതലാണ്. ഒരു ഫ്‌ളൈറ്റ് യാത്രയിൽ തന്നെ നമ്മൾ അറിയാതെ കൊറോണ വൈറസ് വാഹകരാകുകയാണ്. നൂറുകണക്കിന് ആൾക്കാരിലേക്ക് പകർന്ന ശേഷം മാത്രമായിരിക്കും ആദ്യ വ്യക്തിക്ക്  ഒരു ചെറിയ തലവേദനയെങ്കിലും വരുന്നത്.

കൊറോണ വൈറസ് പൊതുവെ അപകടകാരിയല്ലെങ്കിലും, ഓരോ ദിവസവും നൂറിനോടടുത്ത മരണനിരക്കുകളാണ് എല്ലാവരെയും ഭീതിയിലാഴ്ത്തുന്നത്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ഈ വൈറസ് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്നാൽ മറ്റ് അസുഖങ്ങളുള്ള, താരതമ്യേന  പ്രതിരോധശക്തി കുറഞ്ഞ വ്യക്തികളിൽ രോഗാവസ്ഥ മൂർഛിക്കാനും മരണം സംഭവിക്കാനുമുള്ള സാധ്യതകളുണ്ട്. ഇറ്റലിയിലെ സ്ഥിതിഗതികൾ  വെച്ച് നോക്കുകയാണെങ്കിൽ എണ്ണൂറോളം കൊറോണ ബാധിതർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇറ്റലിയിലെ പ്രമുഖ  രാഷ്ട്രീയ നേതാവായ ‘നിക്കോള സിംഗെരെത്തി’ കൊറോണ ബാധയെത്തുടർന്ന് ഐസൊലേറ്റ് ചെയ്തതും രോഗം ഭേദമായതിനെ തുടർന്ന് പുറത്തിറങ്ങി കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നതുമായ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത് വളരെയധികം ശ്രദ്ധനേടുകയും ജനങ്ങളിലെ ഭീതി കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു.

ലോകം ചൈനയോട് ചെയ്യാത്ത രീതിയിലുള്ള അവഗണനയും ആക്രോശങ്ങളും ചീത്തവിളികളുമാണ് ഇറ്റലിയിൽ നിന്നും നാട്ടിലെത്തിയ മലയാളികൾ ദിനംപ്രതി കേൾക്കേണ്ടി വരുന്നത്. അവരെ തല്ലണം, ഓടിക്കണം  എന്നൊക്കെ ആക്രോശിക്കുന്ന രീതിയിലുള്ള വാട്സ് ആപ്പ് വോയിസ് ക്ലിപ്പുകളും ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സ്‌കൂൾ വെക്കേഷൻ തുടങ്ങുന്ന മാർച്ച് മാസം നോക്കി, മാസങ്ങൾക്ക് മുന്നേ ടിക്കറ്റ് ബുക്ക് ചെയ്ത്, നാളുകളെണ്ണി  കാത്തിരുന്നാണ്  ഓരോ പ്രവാസിയും  നാട്ടിലേക്ക്  വരുന്നത്. ഇറ്റലിയിൽ  കുടുംബമായി ജീവിക്കുകയെന്നത്  വളരെയധികം ചിലവേറിയ ഒന്നായത് കൊണ്ടാണ് മിക്കവരും കുട്ടികളെ നാട്ടിൽ വിട്ടിട്ട്  ഇവിടെ ജോലി ചെയ്തു ജീവിക്കുന്നത്. ഒരു യൂറോയെങ്കിൽ ഒരു യൂറോ, ഒരുപാട് കഷ്ടപ്പെട്ടും ത്യാഗങ്ങൾ സഹിച്ചുമാണ് സമ്പാദിക്കുന്നത്. ഇനി മറ്റൊരു പ്രശ്നം; ഇവിടെ കൊറോണയുടെ വ്യാപനം  കൂടിയപ്പോൾ  ടൂറിസം, റെസ്റ്റോറന്റ്  മേഖലകളിൽ  ജോലി ചെയുന്ന മിക്കവർക്കും  ജോലി നഷ്ടപ്പെടുകയും ചെയ്തു. ഉടനെ ഈ അവസ്ഥയിൽ മാറ്റമൊന്നും ഉണ്ടാകാൻ സാധ്യത കാണുന്നില്ലാത്തതിനാലും, ഒറ്റയ്‌ക്ക് ഇവിടെ നിന്നാലുള്ള ചിലവുകൾ ആലോചിച്ചുമാണ് മിക്കവരും നാട്ടിലേക്ക് വരുന്നതിനെ  കുറിച്ച്  ആലോചിക്കുന്നത്. നാട്ടിൽ നിന്നുള്ള പ്രതികരണങ്ങൾ  കണ്ട് മനസുമടുത്ത, നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന പലരും ടിക്കറ്റ്  ക്യാൻസൽ  ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഇത്രമാത്രം പ്രവാസികളുള്ള കേരളത്തിൽ, ദിവസവും നൂറുകണക്കിന് പ്രവാസികൾ പല രാജ്യങ്ങളിൽ  നിന്നും, പല ട്രാൻസിറ്റ് പോയിന്റുകളിലും സമയം ചിലവഴിച്ചു നാട്ടിലെത്തിച്ചേരുന്നവർ അറിയാതെ തന്നെയാണ്  വാഹകരായി  മാറുന്നത്. കൊറോണയ്ക്ക് അങ്ങനെ ഇറ്റലിയെന്നോ ചൈനയെന്നോ ഇല്ല; മലയാളിയെന്നോ  ഇറ്റാലിയനെന്നോ ചൈനീസെന്നോ അമേരിക്കക്കാരനെന്നോ ഇല്ല. മിക്ക ട്രാൻസിറ്റ്  പോയിന്റുകളും മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലാണ്. അവയൊന്നും തന്നെ കൊറോണ വിമുക്തവുമല്ല. പറഞ്ഞുവന്നത്, കേരളത്തിൽ കൊറോണ വന്നു ചേരാൻ ദൗർഭാഗ്യവശാൽ ഇറ്റലി  ഒരു നിമിത്തമായി എന്നേയുള്ളൂ. ഏതൊരു രാജ്യത്തു നിന്നും വരുന്നവർക്കും ഈ അവസ്ഥ തന്നെ ഉണ്ടാകാം.

ഇതൊരിക്കലും ഭയപ്പെടേണ്ട  ഒരു വൈറസ് അല്ല, പക്ഷെ കരുതലാണ്  ആവശ്യം. വ്യക്തി ശുചിത്വം എന്ന് കേൾക്കുമ്പോൾ  നിസ്സാരമായി തോന്നാം, എന്നാൽ അങ്ങനെയല്ല. മാസ്ക് ധരിക്കുന്നതല്ല, കൈകൾ ശുദ്ധമാക്കി സൂക്ഷിക്കുന്നതാണ് പ്രധാനം. പുറത്തു  പോകുമ്പോൾ നിങ്ങൾ എത്ര തവണ  മുഖത്ത് കൈകൾ കൊണ്ട് വരുന്നുണ്ട് എന്ന് ശ്രദ്ധിച്ചാൽ, ഇതൊരു നിസ്സാര സംഗതിയല്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അതിനാൽ ശ്രദ്ധിക്കുക. നന്നായി ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കാൻ ശ്രദ്ധിക്കുക. കഴിവതും യാത്രകളും പൊതുപരിപാടികളും  ഒഴിവാക്കുക.

(റാന്നി വിഷയത്തെ കുറിച്ച്  രണ്ട് വാക്ക് കൂടെ പറഞ്ഞോട്ടെ: പലപ്രാവശ്യം കരുതി വെച്ചിരുന്നതാണ്. ആവേശക്കമ്മിറ്റിക്കാരുടെ ആവേശം കണ്ടപ്പോൾ  വേണ്ട എന്ന് തോന്നിയത്  കൊണ്ടും  ഈ സമയം വാഗ്വാദങ്ങൾക്കുള്ള സമയമല്ല എന്ന് തോന്നിയതിനാലും  പറഞ്ഞില്ല എന്നേയുള്ളൂ. പ്രസ്തുത  വിഷയത്തിൽ  ഇറ്റലിയിൽ  നിന്നും വന്ന കുടുംബത്തിന്റെ ഭാഗത്ത്  നിന്നുണ്ടായ അതേ വീഴ്ച സർക്കാരിന്റെ ഭാഗത്തു  നിന്നും ഉണ്ടായിട്ടുണ്ട്. ഒരു കാരണവശാലും  യാത്ര രേഖകൾ  മറച്ചു വെച്ച്  ഒരാൾക്ക് ഇമ്മിഗ്രെഷൻ  ക്ലിയറൻസ്  കടക്കാൻ പറ്റില്ല. യൂറോപ്പിലേക്കുള്ള ടൂറിസ്റ്റ് വിസയുടെ കാര്യത്തിൽ എൻട്രൻസ് - എക്സിറ് സ്റ്റാമ്പിങ്  മാത്രമേയുള്ളൂ എന്ന് പറയുന്ന വാദം ശരിയാണ്. എന്നാൽ, ഇറ്റാലിയൻ  സോജോർണോ  എന്ന വിസയിൽ നാലുവർഷം ഇറ്റലിയിൽ ജീവിച്ച്, ഫെബ്രുവരി 21 മുതൽ പ്രശ്‌നബാധിത പ്രദേശമായി മാറിയ veneto  റീജിയണിലെ വെനീസ് എയർപോർട്ടിൽ  നിന്നും exit  സ്റ്റാമ്പ് അടിച്ച പാസ്സ്പോർട്ടുമായി ഫെബ്രുവരി 29 ന് വന്ന ഒരാൾക്ക് എങ്ങനെയാണ്  ഇമൈഗ്രെഷൻ  ക്ലിയറൻസ്  കിട്ടിയത്  എന്നൊരു ചോദ്യം ചോദിക്കുകയാണ്. Veneto  റീജിയനിൽ ആണ് ആദ്യ കൊറോണ പോസിറ്റീവ് കേസും ആദ്യ മരണവും റിപ്പോർട് ചെയ്തതും. നാല് വര്ഷം കൂടി നാട്ടിൽ വന്നപ്പോൾ ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സന്ദർശിച്ചതും  ഏതൊരു പ്രവാസിയെയും പോലെ അവർ ചെയ്തു. അവരുടെ സ്ഥാനത്ത്, നമ്മളിൽ ആരായാലും ചെയ്യാവുന്ന ഒരു കാര്യം മാത്രമാണത്.

ഇനി കൊറോണ പോസിറ്റീവ് എന്ന് അറിഞ്ഞിട്ടും ആശുപത്രിയിൽ  കിടക്കാൻ തയ്യാറായില്ല എന്ന വാദം: കൊറോണ പോസിറ്റീവ് ആകുന്ന എല്ലാ വ്യക്തികളെയും  ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ട ഒരു സാഹചര്യമില്ല. ഇതിനു ചികിത്സ ഇല്ല എന്നത് തന്നെ കാരണം. മറ്റ്‌  ആരോഗ്യപ്രശ്നങ്ങൾ  ഇല്ലെങ്കിൽ അയാൾ സ്വന്തം വീട്ടിൽ തന്നെ ഐസൊലേറ്റ് ചെയ്തു കഴിഞ്ഞാൽ മതിയാകും.

ചൈനയിലെ ആദ്യ കൊറോണ പോസിറ്റീവ്  കേസ് നെടുമ്പാശേരി  എയർപോർട്ടിൽ വന്നപ്പോൾ മുതൽ കർശന പരിശോധനകളിലൂടെയാണ്  ഓരോ യാത്രികനെയും  കടത്തി വിടുന്നത് എന്ന അവകാശവാദത്തോട് ഒരു തരത്തിലും  യോജിക്കാൻ പറ്റുന്നില്ല. യൂറോപ്പിലൊക്കെ  കൊറോണ പടരുന്നതിന്  മുൻപ്, ചൈന കഴിഞ്ഞാൽ ഏറ്റവുമധികം കൊറോണകേസുകൾ  റിപ്പോർട്ട്  ചെയ്ത സിംഗപ്പൂരിൽ നിന്നും എത്രയോ മലയാളികൾ നാട്ടിൽ വന്ന് കല്യാണങ്ങളിൽ  പങ്കെടുത്തു മടങ്ങിയിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം കല്യാണ സീസൺ ആയിരുന്നല്ലോ. സിംഗപ്പൂരിലുള്ള മലയാളികളായ ആരോഗ്യപ്രവർത്തകർ ഈ വിഷയത്തിൽ  ആശങ്ക പ്രകടിപ്പിക്കുകയും  ചെയ്തിരുന്നു.

പ്രത്യേകം  ശ്രദ്ധിക്കുക: റാണിയിലുള്ള ഇറ്റാലിയൻ മലയാളികളുടെ  നടപടിയെ വെള്ളപൂശി കാണിക്കുകയല്ല  ഉദ്ദേശം. യാതൊരു വിധ ന്യായീകരണവും  ഉദ്ദേശിക്കുന്നുമില്ല. ഇപ്പോഴും അവർ ചെയ്തത് തെറ്റ്  തന്നെ എന്ന് വിശ്വസിക്കുന്നു. എന്നാൽ ഇത്രയും ആക്രോശങ്ങളോ ഭീഷണികളോ അവർക്ക് നേരെ ഉതിർക്കാതെ, 'വന്നത് വന്നു, ഇന്നല്ലെങ്കിൽ നാളെ ഇത്രയും പ്രവാസികളുള്ള കേരളത്തിൽ കൊറോണ എത്തിച്ചേർന്നേനെ' എന്ന് മാത്രം ഓർക്കാൻ വേണ്ടി പറഞ്ഞു എന്ന് മാത്രം. ദൗർഭാഗ്യവശാൽ അവരൊരു  നിമിത്തമായി എന്നുമാത്രം.

അല്ലേലും നമ്മൾ മലയാളികൾ  പൊളിയല്ലേ. നല്ല ആരോഗ്യമുള്ള ജനത. ഇതിലും വലിയ വിപത്തുകളെ ചാടി കടന്ന കെകെ ജോസഫുമാരല്ലേ ഓരോ മലയാളിയും. നമ്മൾ ഒന്നിച്ച്  ഈ വിപത്തിനെ  നേരിടും.
Join WhatsApp News
Flags of Facts flying high 2020-03-12 05:51:27
Beautifully narrated facts. A Hatsup salute to your bold way of telling the Truth. Hope, Malayalees will read more and understand instead of running after foolishness.-andrew
Baffled 2020-03-12 09:12:41
Father and daughter: that is too much. We can handle one not two!
josecheripuram 2020-03-12 13:55:28
Somehow the Malayalee's in Kerala think that they are superior to the"Pravasis".May be it's jealousy that they could not get a chance to go to foreign countries.Some blame is attributed to "Pravasis"That show off their Nothingness(Pogacham).
സോര്‍ണ്ണ പൂക്കുല പോലെ 2020-03-12 15:19:02
മുഖം മനസ്സിൻ കണ്ണാടി അല്ലേ!. നല്ല മനസ്സ് ഉള്ളവർക്കു മാത്രമേ ഇതുപോലെ ഉള്ള മനോഭാവം ഉണ്ടാകുകയുള്ളൂ. ഇതുപോലെ എഴുതുന്നവരെ കാണുമ്പോൾ ചില ചവർ എഴുത്തുകാർ ഭയം കൊണ്ട് വിറക്കുന്നു; വായനക്കാർ അവരെ തിരസ്കരിക്കും എന്ന ഭയം. ജ്യോതി ലക്ഷ്മി, അമ്മു, ഇവരെ പോലെ നിർഭമായി ഹിപ്പോക്രസി ഇല്ലാതെ സത്യം വിളിച്ചു പറയുന്ന എഴുത്തുകാർ ആണ് നമുക്ക് വേണ്ടത്. ഇ മലയാളി ജ്യോതി ലക്ഷ്മിക്ക് കൊടുത്ത അവാർഡ് ഇതിൻ്റെ അഗീകാരം ആണ്. കാള മൂത്രം പോലെ എഴുതുന്ന ചില കൊമ്പൻമ്മാർ നിങ്ങളെ ചീത്ത വിളിക്കുവാനും സാദ്യത ഉണ്ട്. നിങ്ങൾ ഒരു പുലികുട്ടി എന്ന് തോനുന്നു, നിർഭയമായി എഴുതു. വൻ തിരമാല അടിക്കുമ്പോൾ തീരത്തെ ഞെട്ടിക്കും, കുഞ്ഞു ഓളങ്ങൾ തീരത്തു അനേകം പൂക്കളെ വിരിയിക്കും. കുട്ടിയുടെ എഴുത്തും പുഞ്ചിരിയും പൂക്കൾ വിരിയുന്ന പൂന്തോട്ടം. എല്ലാ ഭാവുകങ്ങളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക