Image

ബുര ന മാനോ.. ഹോളി ഹേ (അപ്രിയം തോന്നരുത്, ഹോളിയാണ്) - സുധീര്‍ പണിക്കവീട്ടില്‍

Published on 09 March, 2020
ബുര ന മാനോ.. ഹോളി ഹേ (അപ്രിയം തോന്നരുത്, ഹോളിയാണ്) - സുധീര്‍ പണിക്കവീട്ടില്‍
പൂങ്കുയിലുകള്‍ വസന്ത-രാഗിണികള്‍ പാടി പ്രക്രുതിയെ പുളകം കൊള്ളിക്കുന്ന ഫല്‍ഗുനമാസത്തിലെ (നമ്മുടെ മീനമാസം) പൗര്‍ണ്ണമിനാളില്‍ ഉത്തരഭാരതത്തിലെ ജനങ്ങള്‍ വര്‍ണ്ണങ്ങള്‍ വാരിവിതറികൊണ്ടു ഹര്‍ഷോന്മത്തരായി ''ഹോളി" ആഘോഷിക്കുന്നു. പരസ്പരസ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും നിറങ്ങള്‍ മാരിവില്‍വിടര്‍ത്തുന്ന ഈ ആഘോഷം ശിശിരമാസത്തോട്  വിടചൊല്ലികൊണ്ട് വസന്തകാലത്തെ എതിരേല്‍ക്കുന്നതിന്റെ പ്രതീകമാണു്.. നിറങ്ങളുടെ ഈ ഉത്സവത്തില്‍ "ചാതുര്‍ വര്‍ണ്ണങ്ങളുടെ'' വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു. ഓരോ നിറവും സ്‌നേഹത്തിന്റെ വിവിധഭാവങ്ങളെ ഉള്‍കൊള്ളുന്നു. ഇത്തരം ആഘോഷങ്ങളുടെ സവിശേഷത അതു നമ്മെ നമ്മുടെ സാംസ്കാരിക പൈത്രുകത്തെ ഓര്‍മ്മിപ്പിക്കുകയും എക്കാലവും നമ്മള്‍ നന്മയുള്ളവരായിരിക്കണമെന്ന സന്ദേശത്തിന്റെ മഹത്വം മനസ്സിലാക്കിക്കുകയും ചെയ്യുന്നു എന്നാണു്.   കൂടാതെ സമൂഹജീവിയായ മനുഷ്യരെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കുകയും അവര്‍ക്ക് അവരുടെ അഭിരുചികള്‍ കണ്ടെത്താന്‍ അവസരം ലഭിക്കുകയും ചെയ്യുന്നു. തണുപ്പു കാലത്തിനു ശേഷം ഇളം ചൂടോടെ വസന്തം വന്നുപിറക്കുമ്പോള്‍ അതു മനുഷ്യരെ ആലസ്യമുള്ളവരാക്കാന്‍ സാദ്ധ്യതയുണ്ട്. ഹോളിദിവസം വാരിവിതറുന്ന നിറങ്ങളും പിന്നെയുള്ള കുളിയും അവര്‍ക്ക് ഉത്തേജനം നല്‍കുന്നു. ഓരോ വിശേഷദിവസങ്ങളുടെ പുറകിലും ഓരോ ഗുണപാഠങ്ങള്‍ ഉണ്ട്. ഹോളിയെ ചുറ്റിപ്പറ്റി പല കഥകളും പ്രചാരത്തിലുണ്ട്. അവയില്‍ ചിലത് ഇതാ.

ഹോളി ആഘോഷം പുരാതനഭാരതത്തിലെ ഒരു ആചാരമായിരുന്നു. തിന്മയുടെ മേല്‍ നന്മ ആധിപത്യം സ്ഥാപിച്ചതിന്റെ ഓര്‍മ്മയ്ക്കായി ഇതു പരമ്പരാഗതമായി ആചരിച്ചുവരുന്നു. കഠിനതപസ്സ് ചെയ്തു  വരങ്ങള്‍ വാങ്ങിയ ഹിരണ്യകശിപു എന്ന രാജാവ് തന്റെ പ്രജകളോട് ദൈവത്തിനുപകരം അദ്ദേഹത്തെ പൂജിക്കാനും, അദ്ദേഹത്തോട് പ്രാര്‍ഥിക്കാനും കല്‍പ്പന പുറപ്പെടുവിച്ചു. എന്നാല്‍ ഈശ്വരവിശ്വാസിയായ  അദ്ദേഹത്തിന്റെ മകന്‍ പ്രഹ്ലാദന്‍ ആ കല്‍പ്പന  അനുസരിക്കാന്‍ തയ്യാറയില്ല. തന്മൂലം മകനെ കൊല്ലാന്‍ പലവട്ടം ശ്രമങ്ങള്‍ നടത്തിയെങ്കിലും മകനു ആപത്തൊന്നും സംഭവിച്ചില്ല. അവസാനം രാജാവ് തന്റെ സഹോദരിയായ "ഹോളിക''യുടെ സഹായം തേടി. തീകൊണ്ട് പൊള്ളുകയില്ലെന്ന വരം അവള്‍ക്കുണ്ടായിരുന്നു. അതനുസരിച്ച് രാജാവ് തന്റെ മകനെ അവളുടെ മടിയില്‍ ഇരുത്തി കൊണ്ട് ചുറ്റിനു തീകൊളുത്തി. വരങ്ങള്‍ കൊടുക്കുമ്പോള്‍ ദൈവങ്ങള്‍ ചില നിബന്ധനകള്‍ വക്കുന്നത് വരം വാങ്ങുന്നവര്‍ ശ്രദ്ധിക്കാറില്ല. ഹോളികക്കുള്ള വരത്തിലും അവള്‍ തനിയെ തീയ്യില്‍ പ്രവേശിക്കുമ്പോള്‍ അപകടമുണ്ടാകില്ലെന്നായിരുന്നു വരം. പ്രഹ്ലാദനെ മടിയില്‍ വച്ചിരുന്നപ്പോള്‍ അവര്‍ ദഹിച്ചുപോയി. ദൈവത്തിലുള്ള ഏകാഗ്ര ഭക്തിമൂലം പ്രഹ്ലാദന്‍ രക്ഷപ്പെട്ടു. ഹോളിക തീയില്‍ ദഹിക്കപ്പെട്ടതിന്റെ ഓര്‍മ്മക്കായി ഹോളിദിവസം സന്തോഷസൂചകമായ അഗ്നികുണ്ഡം തയ്യാറാക്കാറുണ്ട്. നിരുപയോഗമായ സാധങ്ങള്‍ കൂട്ടിയിട്ട് ഉണ്ടാക്കുന്ന തീനാളങ്ങള്‍ക്ക് ചുറ്റുംനിന്ന് തിന്മയെ അഗ്നി ഇരയാക്കിയതിലുള്ള സന്തോഷം ജനങ്ങള്‍ പങ്കിടുന്നു.

ശ്രീക്രുഷ്ണന്റെ ജന്മഭൂമിയായ മഥുരയില്‍ നിന്നും പത്തു മൈല്‍ അകലെയുള്ള വ്രുന്ദാവനത്തില്‍ നിന്നുമായിരിക്കും ഹോളിയുടെ  ഉല്‍ഭവം എന്നും കണക്കാക്കുന്നു.. അവിടെ ജനിച്ചുവളര്‍ന്ന ഉണ്ണിക്രുഷ്ണനു നീലകളര്‍ന്ന ഇരുണ്ടനിറമായിരുന്നു. പൂതന എന്ന രാക്ഷസി വിഷമുള്ള മുലപ്പാല്‍ കുടിപ്പിച്ച് കുട്ടിക്രുഷ്ണനെ നീല നിറമാക്കിയതാണത്രെ. എന്നാല്‍ കളിക്കൂട്ടുകാരി രാധക്ക്് സ്വര്‍ണ്ണത്തിന്റെ നിറവും. ഇതു നന്ദലാലിനെ നിരാശനാക്കി. വളര്‍ത്തമ്മയായ യശോദാമ്മായോടു ചോദിച്ചു. "എന്താണമ്മേ ഞാന്‍ കറുത്തും രാധ വെളുത്തുമിരിക്കുന്നത്.'' ഈ ചോദ്യം അനവധി തവണ കേട്ട്  അരിശംപൂണ്ട യശോദ ക്രുഷ്ണനോട് പറഞ്ഞു. "നീ അവളുടെ മേല്‍ എന്തെങ്കിലും നിറം വിതറി അവളുടെ നിറം മാറ്റിക്കളയുക.'' ഉണ്ണിക്കണ്ണനു അങ്ങനെ ചെയ്യാന്‍ ഉത്സാഹം തോന്നി. രാധയുടെ ശ്വേതനിറത്തില്‍ ഏഴുവര്‍ണ്ണങ്ങളും വാരി തൂവ്വി നന്ദകിഷോര്‍ ആനന്ദിച്ചു, അതുകണ്ടു കൂട്ടുകാരും മറ്റ് ഗോപികമാരുടെ പിറകെ കൈ നിറയെ വര്‍ണ്ണ പൊടികളുമായി ഓടി. വ്രുന്ദാവനം ഗോപികമാരുടെ നൂപുരധ്വനികളാല്‍ മുഖരിതമായി. ആഹ്ലാദത്തിന്റെ അനര്‍ഘനിമിഷങ്ങള്‍ അവിടെ മന്ദഹസിച്ചു  നിന്നു. അങ്ങനെ എല്ലാവരെയും നിറത്തില്‍ മുക്കുക എന്ന ആചാരം പ്രബലമായി.  ഇത് എല്ലാവരും ആസ്വദിക്കുകയും ചെയ്തു.  ഹോളിദിവസം നിറവുമായി വരുന്നവര്‍ നിറം തൂവ്വുന്നതിനു മുമ്പ് പറയുന്നു. ബുര ന മാനോ, ഹോളി ഹെ. അതെ, എല്ലാ വ്യതാസങ്ങളും മറന്ന് എല്ലാവരും ഒന്നായി ആഘോഷിക്കുന്ന ഒരു വിശേഷ ദിവസമാണ് ഹോളി.  മനുഷ്യ മനസ്സുകള്‍   മാരിവില്‍വര്‍ണ്ണങ്ങളില്‍ എഴുതുന്ന സ്‌നേഹ സന്ദേശം. അതുകൊണ്ട് നിറങ്ങള്‍ ശരീരത്തില്‍ വീഴുമ്പോള്‍ പരിഭവക്കരുത്, ഹോളിയാണെന്ന് എല്ലാവരും ഉറച്ച  ശബ്ദത്തില്‍ ഉറക്കെ പറയുന്നു.

നിറങ്ങള്‍ നിറഞ്ഞൊഴുകുന്ന ഈ ആഘോഷത്തിനെ കര്‍ഷകര്‍ വസന്തോത്സവുമായും കണക്കാക്കുന്നു. വിളഞ്ഞു കിടക്കുന്ന ഗോതമ്പ് വയലുകള്‍ സ്വര്‍ണ്ണനിറമാകുന്നു. കൊയ്ത്തരിവാളും കയ്യിലേന്തി നാടന്‍പാട്ടുകള്‍ പാടി കറ്റകള്‍ അരിഞ്ഞുവക്കുന്ന കര്‍ഷകര്‍ അഗ്നിദേവനു വിളവിന്റെ ഒരു അംശം അര്‍പ്പിച്ചതിനു ശേഷം ധ്യാനമണികള്‍ സ്വന്തം ആവശ്യത്തിനുപയോഗിക്കുന്നു.  സമ്രുദ്ധിയുടേയും സന്തോഷത്തിന്റേയും ജീവിതദ്രുശ്യങ്ങള്‍ എങ്ങും പുളകം പൂണ്ടുനില്‍ക്കുന്ന അസുലഭ കാലഘട്ടം.

ഈ ലേഖകന്‍ വടക്കെ ഇന്ത്യയിലായിരുന്നപ്പോള്‍ ഈ ആഘോഷം ആസ്വദിച്ചിട്ടുണ്ട്. ആ ദിവസം പൊതുനിരത്തുകളിലും, വീട്ടുമുറ്റങ്ങളിലു, മൈതാനങ്ങളിലും, ജനങ്ങള്‍ നിറമുള്ള പൊടി പരസ്പരം വാരിവിതറി ഹോളി ആഘോഷിക്കുക പതിവാണു്. പ്രത്യേകിച്ച്് കോളേജ് കാമ്പസ്സുകളില്‍ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ സങ്കോചമില്ലാതെ ഇടപഴകുമായിരുന്നു. ''ഗുലാല്‍" ( ചുവന്ന പൊടി) കയ്യിലേന്തി ഓടിയടുക്കുന്ന ആണ്‍കുട്ടികളില്‍ നിന്നും ഓടിയകലുന്ന പെണ്‍കുട്ടികള്‍. ചില വിരുതന്മാര്‍ പൊടി പെണ്‍കുട്ടികളുടെ നെറുകയില്‍ സിന്ദൂരമണിയിക്കുന്ന പോലെ വിതറുന്നു. ഈ വക കളിവിനോദങ്ങളൊക്കെ പെണ്‍കുട്ടികളോട് അടുക്കാനുള്ള അടവുകള്‍ മാത്രം. ഹിന്ദിയില്‍ ഒരു ഷയരിയുണ്ട് ഇങ്ങനെ. (Gulal tho bus ek bahana hai, bus unke kareeb jane ka, hum to kab se rang chuke hai, jabse unke nayan jhuke hai, kushi mein doobi toli hai, bura na mano holi hey.)  ഇതിന്റെ മലയാള മൊഴിമാറ്റം ഏകദേശ ഇങ്ങനെയാകാം.  ഈ ഇളംചുവപ്പൂള്ള പൊടിവിതറാനുള്ള വെമ്പല്‍  അവളുടെ അടുത്തുപറ്റാനുള്ള ഒരു അടവ് മാത്രമാണു്. ഞാന്‍ എന്നേ  അവളുടെ പ്രേമകടാക്ഷങ്ങളില്‍ വീണുപോയിരിക്കുന്നു. എല്ലാവരും കൂട്ടത്തോടെ ആനന്ദത്തില്‍ ആറാടുകയാണു്, അപ്രിയം തോന്നരുത് ഹോളിയാണ്.

ചിലര്‍ ബഹുവര്‍ണ്ണ പൊടിവിതറുമ്പോള്‍ മറ്റു ചിലര്‍ പീച്ചാങ്കുഴലിലൂടെ വെള്ളം ചീറ്റിക്കുന്നു. അങ്ങനെ കൂടികുഴഞ്ഞ നിറങ്ങളുടെ പൊടിയില്‍ മുങ്ങി നില്‍ക്കുന്ന നല്ല ഉയരമുള്ള ശാലീനസുന്ദരിയായ ഒരു പഞ്ചാബി പെണ്‍കുട്ടിയെ നോക്കി കവിഹ്രുദയമുള്ള ചുള്ളനായ ഒരു മലയാളി  സഹപാഠി ചെറുക്കന്‍ പാടി ''കളഭത്തില്‍ മുങ്ങി വരും കളിതോഴി നിന്നെ കാണാന്‍ വന്നു ഞാന്‍.." അപ്പോഴേക്കും അവളുടെ മേല്‍ ചായം കലക്കിയ  വെള്ളം കോരിയൊഴിച്ചുകൊണ്ട് ഒരു കൂട്ടം കുട്ടികള്‍ ഓടിപോയി. നനഞ്ഞ നേരിയ അവളുടെ ക്ലൗസ്സും, ശരീരത്തോട് ഒട്ടിയ സാരിയും അതില്‍ പറ്റിപിടിക്ലിരിക്കുന്ന വര്‍ണ്ണധൂളികളും നോക്കി  അയാള്‍ വീണ്ടും പാടി '' നനയുന്നത് നിന്റെ കഞ്ചുകമോ, നിന്നെ പൊതിയും താരുണ്യമോ".  അര്‍ത്ഥം മനസ്സിലായിക്ലെങ്കിലും പ്രേമഭാവലോലനായി കോള്‍മയിര്‍ പൂണ്ടുനില്‍ക്കുന്ന യുവാവിനെ നോക്കി അവളും കുളിര്‍കോരി നിന്നു. അവിടെ വച്ച് അയാളുടെ ബാച്ച്‌ലര്‍ ഡിഗ്രിക്ക് സമാപ്തിയാകുമായിരുന്നു, ഭാഷയും ദേശവും ബന്ധങ്ങള്‍ക്ക് അതിര്‍ത്തി കല്‍പ്പിച്ചില്ലായിരുന്നെങ്കില്‍.  ഇങ്ങനെ ഹോളിദിവസം ജീവിതത്തിന്റെ എല്ലാതുറകളിലും നിഷക്കളങ്കമായ പ്രേമം പൂവ്വിടുന്നത് കാണാം.

പൂമ്പൊടി നിറച്ച  ഒത്തിരി പൂഞ്ചെപ്പുകള്‍ തട്ടിമറിക്ല്‌കൊണ്ട് പ്രക്രുതിയിലെ പുഷ്പങ്ങളും, ക്രുത്രിമ വര്‍ണ്ണപൊടികളുമായി മനുഷ്യരും അടിച്ചു പൊളിക്കുന്ന ദിവസമാണു് ഹോളി. വടക്കെ ഇന്ത്യയില്‍ മാത്രമൊതുങ്ങി നിന്ന ഈ ഉത്സവം ഇന്ന് ഭാരതത്തില്‍ എല്ലായിടത്തും ഇന്ത്യക്കാര്‍ താമസിക്കുന്ന വിദേശത്തും കൊണ്ടാട പ്പെടുന്നു. ആഘോഷങ്ങളുടെ മേളയില്‍ നനവുള്ള ഒരു മാര്‍ദ്ദവവികാരം ഈറനുടുത്ത് നിന്ന് ചിലരെയെല്ലാം മനസ്സുകൊണ്ട് ഒന്നു തൊടാന്‍ നോക്കുന്നു. ഓരോ ഉത്സവങ്ങളിലും ഹ്രുദയങ്ങള്‍ തമ്മിലടുക്കുന്നു. വിശേഷആഘോഷങ്ങള്‍ നിറയുന്ന വസന്തകാലത്തെ പ്രണയകാലം എന്ന് വിശേഷിപ്പിക്കവുന്നതാണു്. നിലവിളക്കേന്തി വരുന്ന ഉഷസ്സ് എന്ന സുന്ദരി; വര്‍ണ്ണാഭമായ പൂച്ചെണ്ടുകള്‍ കൈകളിലേന്തി കല്യാണപന്തലൊരുക്കുന്ന പൂമരങ്ങള്‍; കുയിലുകളുടെ കല്യാണകച്ചേരി, മറ്റു പക്ഷികളുടെ തകിലുമേളങ്ങള്‍, പൂവ്വമ്പുമായി അക്ഷമനായി നില്‍ക്കുന്ന മലരമ്പന്‍... അപ്പോള്‍ ഉണരാത്ത  ഹ്രുദയങ്ങള്‍ ഉണ്ടായിരിക്കയില്ല. കുശുമ്പും കുന്നായ്മയും, പാരവപ്പും നടത്തി സ്വന്തം ജീവിതവും മറ്റുള്ളവരുടെ ജീവിതവും ദുസ്സഹമാക്കുന്നതിനേക്കാള്‍ എത്രയോ സുന്ദരമാണു ഈ മനോഹരമായ ജീവിതം ആഘോഷിക്കുന്നത്. ഒരു സിനിമഗാനം ഉദ്ധരിക്ല്‌കൊണ്ട് ഈ കൊച്ചുകുറിപ്പു അവസാനിപ്പിക്കുന്നു.  "കാലം ശരശയ്യ തീര്‍ത്തു മയങ്ങുമീ കാണാത്ത കുരുക്ഷേത്ര ഭൂവില്‍, കലിയുഗം കാണാത്ത കുരുക്ഷേത്ര ഭൂവില്‍, സോക്രട്ടീസ്മാര്‍ ധ്യാനിച്ചിരിക്കുമീ സ്വര്‍ണ്ണ സോപാനത്തിന്‍ അരികില്‍ മനുഷ്യാ... ഹേ...മനുഷ്യാ  വലിച്ചെറിയു നിന്റെ വിഷ പാത്രം''....പകരം സ്‌നേഹത്തിന്റെ നിറങ്ങള്‍ നിറയ്ക്കൂ, പരസ്പരം അവ തൂവ്വികൊണ്ട് ജീവിതം സന്തോഷപ്രദമാക്കു.

ചുവപ്പ് നിറം നിങ്ങളുടെ കവിളുകള്‍ക്ക്, സ്വര്‍ണ്ണ നിറം നിങ്ങളുടെ മുടികള്‍ക്ക്,  നീല നിറം നിങ്ങളുടെ കണ്ണുകള്‍ക്ക്,  ഇളംചുവപ്പ് നിങ്ങളുടെ ചുണ്ടുകള്‍ക്ക്, മഞ്ഞ നിറം നിങ്ങളുടെ സ്വപ്നങ്ങള്‍ക്ക്,  വെളുത്ത നിറം നിങ്ങളുടെ മനസ്സിനു, പച്ച നിറം നിങ്ങളുടെ ജീവനു, ഹോളിയുടെ ഈ സപ്തവര്‍ണ്ണങ്ങള്‍ നിങ്ങളുടെ ജീവിതം വര്‍ണ്ണഭമാക്കട്ടെ.
എല്ലാവര്‍ക്കും ഹോളി ആശംസകള്‍.

Join WhatsApp News
josecheripuram 2020-03-10 08:59:43
Very informative article,I thought Holy was the celebration of Rama's win over Ravana.I would like to know more about our "Ethihasa".Friend keep writing.
ഗിരീഷ് നായർ 2020-03-10 00:30:00
നിറങ്ങളുടെ ഈ ഉത്സവത്തിൽ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും പങ്കെടുക്കുന്നു എന്നതാണ് ഹോളിയുടെ ഒരു പ്രത്യേകത. ഓരോ നിറവും സ്‌നേഹത്തിന്റെ വിവിധ ഭാവങ്ങളെ ഉൽകൊള്ളുന്നു. ഹോളി പോലുള്ള ഉത്സവങ്ങൾ സമൂഹത്തെ സ്നേഹം പങ്കുവെക്കാനും നന്മ ഉള്ളവരാക്കാനും നമ്മുടെ സാംസ്കാരിക പൈകൃതത്തെ വരും തലമുറയെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഈ ലേഖനം രണ്ടു പ്രാവശ്യം പ്രസിദ്ധികരിച്ചതാണ്ങ്കിലും ശ്രീ സുധീർ സർ നിറമുള്ള ഒരു പ്രഗൽഭ ലേഖനം പുതുതായ വായനക്കാർക്ക് നല്കിയിരിക്കുന്നു. നന്മ നേരുന്നു.
Vayanakkaran 2020-03-10 21:28:58
ജാതി മത വർണ ഭേദങ്ങൾക്കു പ്രത്യേകം പ്രത്യേകം നിറച്ചാർത്തു നൽകി സ്വന്തം ജാതിയുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കപ്പെടണം എന്ന് വാശി പിടിക്കുന്ന മതഭ്രാന്തന്മാർ രാജ്യവും സമൂഹങ്ങളും ഭരിക്കുമ്പോൾ അതില്ലാതാക്കി സ്നേഹത്തിന്റെ നിറച്ചാർത്തുകളിൽ സാഹോദര്യം വിതറി ഏകത്വത്തിന്റെ വർണിമ പകരുന്ന ജനങ്ങൾ കൈ കോർക്കട്ടെ! കയീ രംഗേ തും എക്‌സാത് ലഗാ സക്തേ ഹോ ലേകിൻ ദിൽസേ ഖിൽനേവാല പ്യാർക്കോ സിർഫ് ഏകീ രംഗ് ഹോത്താ ഹെ വോ രംഗ് ദേക്കെ ദിൽ തടപ് രഹാഹേ കിതനാഭീ സാൽ ഹോ വോ രംഗ് മിഡ്ത്താ നഹി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക