Image

ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ എബ്രഹാം തെക്കേമുറിയെ ആദരിച്ചു

പി പി ചെറിയാന്‍ Published on 09 March, 2020
ഇന്ത്യ പ്രസ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ എബ്രഹാം തെക്കേമുറിയെ ആദരിച്ചു
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ (നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍) നോവലിസ്റ്റും സാഹിത്യ വിമര്‍ശകനും, എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബ്രഹാം തെക്കേമുറിയെ ആദരിച്ചു.

അമേരിക്കന്‍ ജീവിതത്തില്‍ 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ തെക്കേമുറിയുടെ ആദ്യ നോവലായ പറുദീസായിലെ യാത്രക്കാര്‍ രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്.

മാര്‍ച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സില്‍ ചേര്‍ന്ന യോഗത്തില്‍ ചാപ്റ്റര്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.

ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത് സാംസ്‌ക്കാരിക–സാമൂഹ്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തെക്കേമുറി ഇന്ത്യ പ്രസ് ക്ലബിന്റെ സ്ഥാപകന്‍ കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ്, ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ സാഹിത്യ സംഘടനകളുടെ സ്ഥാപകന്‍ കൂടിയാണ്. കേരള അസോസിയേഷന്‍ ഓഫ് ഡാലസ് കൈരളി എഡിറ്റര്‍ എന്ന നിലയിലും സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ചതായി പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അനുസ്മരിച്ചു.

ഐപിസിഎന്‍എ ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, സിബു വി. ജോര്‍ജ്, തോമസ് കോശി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യ പ്രസ്സ് ക്ലബ് നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തിനും അംഗീകാരത്തിനും തെക്കേമുറി നന്ദി പറഞ്ഞു.ഡാലസില്‍ നിന്നു മാത്രമല്ല അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ചു മലയാള ഭാഷയെ പോഷിപ്പിക്കുവാന്‍ തന്നാലാവുന്നതും ശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. ചാപ്റ്റര്‍ ട്രഷറര്‍ ബെന്നി ജോണ്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി പി. പി. ചെറിയാന്‍ നന്ദിയും പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക