Image

സ്ത്രീയൊരു ശ്രീകോവില്‍ (എഴുതാപ്പുറങ്ങള്‍ 54: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

Published on 07 March, 2020
 സ്ത്രീയൊരു ശ്രീകോവില്‍ (എഴുതാപ്പുറങ്ങള്‍  54: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)
(വനിതാദിനം മാര്‍ച്ച് 8 )

വനിതകള്‍ക്ക് ഒരു വനിതാദിനം ആവശ്യമുണ്ടോ?  വനിതകളെ മാറ്റി നിര്‍ത്തി ഒരു മനുഷ്യജീവിതമുണ്ടോ? ബൃഹദാരണ്യക ഉപനിഷദ്  ഒരു അര്‍ദ്ധനാരീശ്വര സങ്കല്പം പറയുന്നുണ്ട്. അതായത് പുരുഷന്‍ രണ്ടായി പിളര്‍ന്നു സ്ത്രീയും പുരുഷനുമായി യോജിച്ചപ്പോള്‍ അവിടെ ജീവന്‍ സൃഷ്ടിക്കപ്പെട്ടു. അവരിലൂടെ സന്താനപരമ്പരകള്‍  ജനിച്ചു. അവര്‍ സ്ത്രീയും പുരുഷനുമായി. അപ്പോള്‍ സ്ത്രീ/പുരുഷന്‍ എന്ന വിവേചനമുണ്ടായി. സ്ത്രീക്ക് മാത്രമായി പുരുഷന്‍ നിയമങ്ങള്‍ എഴുതി വച്ചു.

പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ മികച്ചവര്‍ എന്ന ഒരു ധാരണ അല്ലെങ്കില്‍ വിശ്വാസം നിലനിന്നുവരുന്നത് മനുഷ്യര്‍  ആശ്രയിക്കുന്ന മതസംഹിതകളും ആചാരങ്ങളും അങ്ങനെ പ്രതിഫലിപ്പിക്കുന്നതുകൊണ്ടായിരിക്കും. ഏദന്‍തോട്ടത്തില്‍ വച്ചു  വിലക്കപ്പെട്ട കനി തിന്നതിനെ ദൈവം ചോദ്യം ചെയ്യുമ്പോള്‍ ഒരു കൂസലുമില്ലാതെ ആദ്യത്തെപുരുഷനായ ആദം പറയുന്നു കൂട്ടുകാരിയായി ദൈവം കൊടുത്ത ഹവ്വ തന്നിട്ടാണ് തിന്നതെന്നു.      വാസ്തവത്തില്‍ അവിടെ നമ്മള്‍ കാണുന്നത് ദുര്‍ബലനായ  പുരുഷനെയും ധീരയായ ഹവ്വയെയുമാണ്. അവള്‍ കൊടുത്താല്‍ എന്തും തിന്നുന്നവന്‍ അല്ലാതെ സ്വന്തം അഭിപ്രായമില്ലാത്തവന്‍ എന്ന് ആദത്തെ പഴിചാരാന്‍ ഹവ്വ തയ്യാറായില്ല. പുരുഷനായ ദൈവവും കൂടുതല്‍ ശിക്ഷിച്ചത് ഹവ്വയെയാണെന്നു കാണാം. എങ്കിലും പറുദീസയില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ മുള്ളും പറക്കാരയും മുളക്കുമെന്ന് ദൈവം ശപിച്ച മണ്ണില്‍ ആദത്തിനുഒപ്പംനിന്ന്അദ്ധ്വാനിച്ചുകൊണ്ട് ഫലങ്ങള്‍ ഉണ്ടാക്കുന്നതില്‍ അവളും പങ്കാളിയായി.
പ്രസവവും,മുലയൂട്ടലും സ്ത്രീകളെ വീട്ടിനുള്ളിലേക്ക് തള്ളിയെങ്കിലും അവളുടെ കഴിവുകള്‍ നഷ്ടപ്പെട്ടില്ല.  പുരുഷമേധാവിത്വം സ്ത്രീകള്‍ക്കായി വിലക്കുകളുമായി വന്നപ്പോഴാണ് അവള്‍ അബലയും, ചപലയുമായത്. മനുസ്മൃതിയില്‍  പറയുന്നത് ന സ്ത്രീ സ്വാതന്ത്ര്യംഅര്‍ഹതി എന്നാണു. അവള്‍ സംരക്ഷിക്കപ്പെടേണ്ടവള്‍ അവള്‍ക്ക് സ്വാതന്ത്ര്യം വേണ്ടാ എന്ന ദുര്‍വ്യാഖ്യാനമുണ്ടാക്കിയത് പുരുഷമേധാവിത്വം തന്നെ.സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീട് പണിയുന്നുവെന്നു ബൈബിള്‍ പറയുന്നു. സ്ത്രീ വീടിനു വിളക്കാണ്.ഋഗ്വേദവും പറയുന്നത് വീടിന്റെ അടിത്തറ വാസ്തവത്തില്‍ ഭാര്യയാണെന്നാണ്.   വിവാഹശേഷം ഒരു പെണ്‍കുട്ടി ഗൃഹണി (ഭാര്യ) ആകുന്നു തന്മൂലം അവള്‍ അര്‍ദ്ധാങ്കിണി  ആകുന്നു. അതായത് ഭര്‍ത്താവിന്റെ  പകുതി.രണ്ടുപേരും ചേര്‍ന്ന് ഗൃഹം ഉണ്ടാകുന്നു. അവള്‍ അവിടെ സാമ്രാജിനീ (രാജ്ഞി) ആകുന്നു.ഭാരതീയര്‍ അവരുടെ ദൈവങ്ങളെ അവരുടെ സഹകാരികളായ ദേവതകളെ ചേര്‍ത്തു  പറയുന്നു. സീതരാമാ, രാധ കൃഷ്ണ, ഉമാ മഹേഷ്,  ലക്ഷ്മി നാരായണന്‍. ഇതിലൊക്കെ ദേവതമാരെ ആദ്യംഉച്ചരിയ്ക്കാന്‍ പഠിപ്പിച്ചത്ഒരുപുരുഷന്റെശക്തിയില്‍ ഒരുസ്ത്രീയ്ക്കുള്ളപ്രാധാന്യംഎടുത്ത്കാണിയ്ക്കാനായിരിയ്ക്കാം.

ഇന്നത്തെകാലഘട്ടത്തെ വിലയിരുത്തിയാല്‍ വനിതാദിനം എന്നതുകൊണ്ട് നമ്മള്‍ ലക്ഷ്യമിടേണ്ടത് സ്ത്രീസ്വാതന്ത്രത്തിനും, സ്ത്രീസമത്വത്തിനും വേണ്ടിയുള്ള മുറവിളിയല്ല. കാരണം ഇന്നത്തെ സ്ത്രീസ്വാതന്ത്രയാണ്. ഇന്ന്‌നമ്മുടെ മുന്നിലുള്ള സമസ്യസ്ത്രീ ഇന്നിവിടെ സ്വാതന്ത്രയായിട്ടും ഇവിടെ ജനിച്ചുവീഴുന്ന ഓരോപെണ്‍കുരുന്നും എന്തുകൊണ്ട് ഇവിടെസുരക്ഷിതയല്ല എന്നതാണ്.ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം നടക്കുന്നരാജ്യമെന്ന കുപ്രസിദ്ധിയിലേക്ക് ആര്‍ഷഭാരതം   തള്ളിയിടപ്പെട്ടിരിയ്ക്കുന്നു. ഹിമാലയത്തിന്റെ സാനുക്കളിലിരുന്നു വേദമന്ത്രങ്ങള്‍ ചൊല്ലിയ ഋഷികളുടെ  നാട് ഇങ്ങിനെ ഒരുദയനീയ അവസ്ഥയെ നേരിട്ടിരിയ്ക്കുന്നത് എന്നത്‌ലജ്ജാവഹം തന്നെയാകാം.

സ്ത്രീസമൂഹത്തിലേയ്ക്ക് സ്വതന്ത്രയായി ഇറങ്ങി, അവള്‍ ആവശ്യമായവിദ്യാഭ്യാസംനേടി, എല്ലാരംഗങ്ങളിലും പുരുഷനോടൊപ്പം അവള്‍ എത്തി എന്നതാണോ ഇന്ത്യയുടെഒരു അവസ്ഥയ്ക്ക് കാരണം.

നമ്മള്‍ ഭാരതത്തിലെ പുരാണങ്ങളിലേക്കും ഇതിഹാസങ്ങളിലേക്കും പോകുമ്പോള്‍ അന്നൊക്കെ സ്ത്രീക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം നല്‍കിയതായി കാണുന്നുണ്ട്. ഋഗ്വേദകാലഘട്ടത്തിലാണ് സ്ത്രീകള്‍ സമൂഹത്തില്‍ മാന്യസ്ഥാനം അനുഭവിച്ചിരുന്നത്. വൈദികകാലഘട്ടത്തിന്റെ ഒടുവില്‍ സതി, പര്‍ദ്ദ മുതലായ ആചാരങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്പിക്കപ്പെടുകയുണ്ടായി. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ ഒരിടത്ത് പോകാനോ സ്വന്തമായി ഒരു തീരുമാനം എടുക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഈ നിയന്ത്രണം പില്‍ക്കാലത്ത് അനിയന്ത്രിതമായി,  സ്ത്രീ വെറും ഒരു ഉപഭോഗ വസ്തുവായി.ശൈശവവിവാഹവും, ദേവദാസി സമ്പ്രദായവും നിലവില്‍ വന്നു.
ഭാരതസ്ത്രീകള്‍ ഭാവശുദ്ധിയും പുരുഷവിധേയത്വവുമായി കഴിയുമ്പോള്‍ പാശ്ചാത്യവനിതകള്‍ ലിംഗസമത്വത്തിനുവേണ്ടിയും സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടിയും മുന്നോട്ടുവന്നു. ഫ്‌ലോറന്‍സ് നൈറ്റിങ്കേല്‍ പറഞ്ഞു സ്ത്രീക്ക് പുരുഷനെപ്പോലെ തന്നെ എല്ലാ കഴിവുകളുമുണ്ട് പക്ഷെ അവസരങ്ങള്‍ ഇല്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തോടെ ഫെമിനിസത്തിന്റെ ആരംഭമായി.  ഈ കാലഘട്ടം നിയമപരമായ അസമത്വത്തിനും വോട്ടുചെയ്യാനുള്ള അവകാശങ്ങള്‍ക്കുമായി വിനിയോഗിക്കയുണ്ടായി. അതിനുശേഷം സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാ വിവേചനകള്‍ക്കുമെതിരായി അവര്‍ രംഗത്തു  വന്നു.

നമ്മുടെ ഭാരതത്തെ സംബന്ധിച്ചേടത്തോളം അവിടെ ധാരാളം ദുരാചാരങ്ങള്‍ നിലവിലുള്ള ഒരു സമൂഹമാണെന്നുള്ളതാണ്. ഭാരതത്തില്‍ ഫെമിനിസം എന്ന ആശയം ഉണ്ടായത് സതി നിര്‍ത്തലാക്കാനുള്ള   ഇംഗളീഷ്കാരുടെ ശ്രമങ്ങള്‍ തുടങ്ങിയപ്പോഴാണ്. കൂടാതെ സ്വതന്ത്രസമരത്തില്‍ മഹാത്മജി സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്തിയപ്പോള്‍  സ്ത്രീകള്‍ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്നു. ഇവിടെ ജാതിവ്യവസ്ഥ നിലനിന്നിരുന്നതുകൊണ്ട്  ഇപ്പോഴും ഒരു പരിധിവരെ ഓരോ വിഭാഗത്തിലെയും സ്ത്രീകള്‍ വൈവിദ്ധ്യമാര്‍ന്ന അവശതകള്‍ അനുഭവിച്ചുപോന്നു.
സ്ത്രീകളുടെ ആവശ്യങ്ങള്‍ക്കായി അവര്‍തന്നെ മുന്നോട്ടുവന്നപ്പോള്‍ യൂറോപ്പ്, അമേരിക്ക തുടങ്ങിയ പരിഷ്കൃതരാജ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ക്ക് കഴിഞ്ഞു.പക്ഷെ ഇന്ത്യപോലുള്ള രാജ്യത്ത് ലിംഗസമത്വവും സ്ത്രീസ്വാതന്ത്ര്യവും പൂര്‍ണമായി,  ലഭിക്കുക സാധ്യമല്ല. കാരണം നമ്മള്‍ അന്ധവിശ്വാസങ്ങള്‍ക്കും ജാതിമതചിന്തകള്‍ക്കും  അടിമകളുമാണ്.  എന്നിരുന്നാലുംഇത്തരം അവസ്ഥകളെ അഭിമുഖീകരിച്ച് സ്ത്രീസമൂഹം ഇന്ന്മുന്നോട്ടുവന്നിരിയ്ക്കുന്നു എന്നത് അഭിമാനകരംതന്നെ.

ഏഴുവര്‍ഷങ്ങള്‍ക്ക്  മുമ്പ് ഡല്‍ഹിയില്‍ ഓടികൊണ്ടിരുന്ന ബസ്സില്‍വച്ച് ഒരു യുവതിയെ ബലാല്‍സംഗം ചെയ്തു കൊന്നപ്പോള്‍ സമൂഹത്തിലെ സദാചാരമാന്യമാര്‍ പറഞ്ഞുസൂര്യന്‍ അസ്തമിച്ചാല്‍ ഒരുപെണ്‍കുട്ടിയും വീടിനുപുറത്ത്‌പോകരുത് എന്ന്. ഈ പ്രസ്താവനയില്‍ ലിംഗസമത്വത്തിനു എവിടെയാണ്പ്രാധാന്യം. കേരളത്തിലെ പൊതുവഴിയിലോ, റെയില്‍വേ സ്‌റ്റേഷനിലോ രാത്രിപതിനൊന്നുമണിയ്ക്കുശേഷംഒരുസ്ത്രീതനിയെയാത്രചെയ്യുന്നത്കണ്ടാല്‍ സിഗരറ്റുംപുകച്ച് അവളുടെപിന്നാലെ പോകാനും, കുശലാന്വേഷണങ്ങള്‍ നടത്താനും തരംകിട്ടുകയാണെങ്കില്‍ അവളെ ഒരുസ്പര്‍ശിയ്ക്കാനും തുനിയുന്ന ഒരുയുവസമൂഹംഇന്നും നിലനില്ക്കുന്നുഎന്നത്യാതാര്‍ത്ഥ്യമാണ്. അപ്പോള്‍ സ്ത്രീപുരോഗമിച്ചിട്ടെന്താണ്കാര്യം ഇവളുടെസുരക്ഷിതത്വത്തിനുതീര്‍ച്ചയായുംമാറേണ്ടത്അവളെസമീപിയ്ക്കുന്നപുരുഷന്റെമനോഭാവമാണ്.  സ്ത്രീയെ സംരക്ഷിക്കുക പുരുഷന്റെ ഉത്തരവാദിത്വമാണ്.  ഇന്നും പെണ്‍കുട്ടികളെ ബാധ്യതയായും, ആണ്‍കുട്ടികളെ ആസ്തിയായും കാണുന്ന സമൂഹമാണ് നമ്മുടേത്. പെണ്‍കുട്ടികളെ എല്ലാം ധാര്‍മികതയും അടിച്ചേല്‍പ്പിച്ച് വളര്‍ത്തുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അങ്ങനെ ഒരു ശിക്ഷണം  നല്‍കുന്നില്ല.  സ്ത്രീയിലുംപുരുഷനിലും പ്രകൃതി ഏല്‍പ്പിച്ചിട്ടുള്ള ചിലപ്രത്യേക സ്വഭാവത്താല്‍ സ്ത്രീയെസംരക്ഷിയ്‌ക്കേണ്ടത് പുരുഷന്റെ കടമതന്നെയാണ്. അതുകൊണ്ട് ബോധവത്ക്കരണം ആവശ്യമായിട്ടുള്ളത് പുരുഷന്‍മാര്‍ക്കാണ്..

വനിതാദിനം എന്നത്വെറുംഒരുദിവസത്തെ ആഘോഷത്തില്‍ മാത്രം ഒതുക്കിനിര്‍ത്താതെ, സാമൂഹ്യവും, സാംസ്കാരികവും, രാഷ്ട്രീയവും, സാമ്പത്തികവുമായ മേഖലകളിലൊക്കെ ഇന്ന് സ്ത്രീ സാന്നിധ്യമുണ്ടെങ്കിലും സ്വംയംപര്യാപ്തത അതിന്റെപൂര്‍ണ്ണഅര്‍ത്ഥത്തില്‍ സ്ത്രീസമൂഹം എങ്ങിനെനേടിയെടുക്കണംഎന്നതിനെകുറിച്ചുംനമ്മള്‍ ചിന്തിയ്‌ക്കേണ്ടതുണ്ട്.
ഭാരതീയസ്ത്രീകള്‍ പ്രഭാതവേളയില്‍ പഞ്ചകന്യകളായ അഹല്യ, ദ്രൗപതി, സീത, താര, മണ്ഡോദരിഎന്നിവരെസ്മരിയ്ക്കുന്നു.  ഇവരെ പഞ്ചകന്യകള്‍ എന്ന് പറയുന്നത് അവരുടെ കന്യകാത്വത്തെ അടിസ്ഥാനമാക്കിയല്ല . മറിച്ച് അവര്‍ ഭര്‍ത്താക്കന്മാരുടെ മേല്‍വിലാസമില്ലാതെ  അറിയപ്പെടുന്നുവെന്നതുകൊണ്ടാണ്. സ്വതന്ത്രയായ സ്ത്രീകളുടെ നാമം സ്മരിച്ചാല്‍ നല്ലതു വരുമെന്ന വിശ്വാസം പുരാണങ്ങളില്‍ പോലും ഉണ്ട്.പുരാണങ്ങളുടെകാലഘട്ടത്തിലുംസ്ത്രീയുടെ സ്വയംപര്യാപ്തതയ്ക്കു പ്രാധാന്യം നല്‍കിയിരുന്നു എന്നതാണ് മനസ്സിലാകുന്നത്. സ്വാതന്ത്ര്യം എന്നത് പാശ്ചാത്യസംസ്കാരം പിന്തുടര്‍ന്ന് വസ്ത്രധാരണത്തില്‍ മാറ്റംവരുത്തുകഎന്നല്ല സ്ത്രീനേടിയെടുത്ത സ്വാതന്ത്രവും വിദ്യാഭ്യാസവും സമൂഹത്തിനുവേണ്ടി ഉപയോഗിയ്ക്കുക എന്നതാണ്.

വിവരവും വിദ്യാഭ്യാസവും നേടിയെടുത്തഭാരതീയ സ്ത്രീ ഇന്നുംസു രക്ഷയില്ലായ്മയുടെ നടുമുറ്റത്ത്തന്നെയാണ് എന്ന അവസ്ഥയെപ്പറ്റികൂടുതല്‍ ചിന്തിയ്‌ക്കേണ്ടതുണ്ട്. സ്ത്രീധനം, അന്ധവിശ്വാസം, മതംമാറ്റിയുള്ള വിവാഹങ്ങള്‍, പ്രായഭേദമന്യേ അഭിമുഘീകരിച്ചുകൊണ്ടിരിയ്ക്കുന്ന പീഡനങ്ങള്‍എന്നിങ്ങനെ നിരവധിപ്രശ്‌നങ്ങള്‍ നവോദ്ധാനത്തിന്‍റെ പിന്നിട്ടവഴികളില്‍ പരിഹാരംകാണാന്‍ കഴിയാതെ അവശേഷിയ്ക്കുണ്ട്എന്നതാണ ്‌നമ്മള്‍ ഓര്‍ക്കേണ്ടത്. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങളാകണംഇനിനമ്മള്‍ തേടേണ്ടത്.

ചരിത്രത്തിന്റെ താളുകളിലൂടെ കണ്ണോടിക്കുമ്പോള്‍ ഐക്യത്തോടെ സ്ത്രീഅവളുടെ ലക്ഷ്യത്തെനേടിയെടുത്തനിരവധിസന്ദര്‍ഭങ്ങള്‍ നമുക്ക് വിലയിരുത്താന്‍ കഴിയും. ഇനിയും സ്ത്രീകളുടെകൂട്ടായ്മയ്ക്ക് പലതുംനേടാന്‍ കഴിയും. സ്ത്രീകൂട്ടായ്മ എന്നത്അര്‍ത്ഥമാക്കുന്നത് പുരുഷനെ ഒഴിവാക്കിനിര്‍ത്തികൊണ്ടുള്ള ഒരുകൂട്ടായ്മ എന്നല്ല, സ്ത്രീകള്‍ക്ക് നേരെകയ്യോങ്ങുന്ന, അവളെ പീഡിപ്പിയ്ക്കുന്ന ഒരുപുരുഷ മേധാവിത്വത്തെയാണ് നമ്മള്‍ ഒറ്റപ്പെടുത്തേണ്ടത്. വളയിട്ടകൈകള്‍ പൊരുതേണ്ടത് പുരുഷമേധാവിത്വത്തോടാണ് പുരുഷനോടല്ല. സ്ത്രീയും പുരുഷനുംഎന്ന രണ്ടുപരസ്പരം കോര്‍ത്തിണക്കിയ കണ്ണികളോട്കൂടി മാത്രമേ ശക്തമായ ഒരുസമൂഹം പടുത്തുയര്‍ത്താന്‍ കഴിയൂ.

ഇന്ന് സ്ത്രീകളെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശനം അവളുടെ സുരക്ഷയാണ്.  പ്രായഭേദമന്യേ, സ്ഥലകാല വ്യത്യാസമില്ലാതെ പുരുഷന്റെ ആനന്ദത്തിനുവേണ്ടി പീഡിയ്ക്കപ്പെട്ടവള്‍ സമൂഹത്തിന്റെ അപവാദങ്ങള്‍ക്ക് പാത്രീഭവിയ്ക്കപ്പെട്ട ജീവിയ്ക്കുമ്പോള്‍ അവളുടെ മാനസികാവസ്ഥയിലേക്ക് ഇറങ്ങിച്ചെന്നു, സ്ത്രീയുടെ സുരക്ഷാ പുരുഷനെ ബോധവാന്മാരാക്കുന്നതിലൂടെ നേടിയെടുക്കും എന്നപ്രതിജ്ഞയാണ് നമ്മള്‍ എടുക്കേണ്ടത്.

കുറ്റംചെയ്തിട്ടും നിയമനടപടികളാലും, മതരാഷ്ടീയ ഇടപെടലുകളാലും ജീവിതം ആസ്വദിയ്ക്കുന്ന ആ പുരുഷനെയാണ് നമ്മള്‍ സ്ത്രീസ്വാതന്ത്രത്തിലൂടെ കല്ലെറിയേണ്ടത്.'അമ്മ, ഭാര്യ, മകള്‍ എന്ന സ്ത്രീഭാവത്തെ തിരിച്ചറിയാന്‍ വളര്‍ന്നുവരുന്ന തലമുറയെ പഠിയ്ക്കുന്ന അക്ഷരങ്ങളുടെ ഒരുകോവിലായാണ് സ്ത്രീതുടരേണ്ടത്. ഇനി വരുന്ന പുരുഷതലമുറ ആള്‍ക്കൂട്ടത്തിനിടയില്‍ അവന്റെ അമ്മയെ ഭാര്യയെ സഹോദരിയെ മകളെ തിരിച്ചറിയണം. ഈ സംസ്കാരം സമൂഹത്തെ പഠിപ്പിയ്‌ക്കേണ്ട കര്‍ത്തവ്യം നമ്മള്‍ ഓരോ അമ്മയും തന്റെ മകനിലൂടെ ഏറ്റെടുക്കണം.  
  
അമേരിക്കന്‍ ലീഡര്‍ ബ്രിഗംയോങ് (Brigham Young) പറഞ്ഞവരികള്‍ ഓര്‍മ്മപ്പെടുത്തുകയാണ് “നിങ്ങള്‍ ഒരുപുരുഷനെ പഠിപ്പിച്ചാല്‍ ഒരുപുരുഷനെ മാത്രമാണ് പഠിയ്ക്കുന്നത്; നിങ്ങള്‍ ഒരു സ്ത്രീയെ പഠിയ്ച്ചാല്‍ നിങ്ങള്‍ ഒരു സമൂഹത്തെയാണ് പഠിയ്ക്കുന്നത് (You educate a man: you educate a man. You educate a woman; you educate a generation) എന്ന്.കാരണം ഒരുസമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിയ്ക്കുന്നത് സ്ത്രീതന്നെയാണ്. വനിത അല്ലെങ്കില്‍ ഒരുസ്ത്രീ എന്നു ംഒരുസമൂഹത്തില്‍ പ്രാധാന്യമര്‍ഹിയ്ക്കുന്നു. അതിനാല്‍ വനിതാദിനംഎന്നത്സ്ത്രീയ്ക്ക്അവളില്‍തീര്‍ച്ചയായുംഅഭിമാനിയ്ക്കാനും, ഇനിയും അവള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ചിന്തിയ്ക്കുവാനുള്ള ദിവസമാണ്.


Join WhatsApp News
ഗിരീഷ് നായർ 2020-03-08 04:19:18
സ്ത്രീകൾ അല്പമൊന്ന് മുന്നേറിയാൽ അടുക്കളയിൽ നിന്നു അരങ്ങത്തേക്ക്, അടുക്കള മോശവും അരങ്ങ് കേമവും എന്ന ധ്യനിയിൽ ആണ് പഴമക്കാർ പറഞ്ഞിരുന്നത്. വീടിന്റെ ശ്രീകോവിൽ ആണവൾ. വനിതാ ദിനമായ ഇന്ന് അവൾക്ക് അഭിമാനിക്കാം. അവൾ ആയുടെയും മുന്നിൽ തല കുനിക്കേണ്ടവളോ, ആരുടെയും കാരുണ്യത്തിൽ ജീവിക്കേണ്ടവളോ, ആരാലും അതിക്രമിപ്പിക്കേണ്ടവളോ അല്ല. അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വനിതാ ദിനത്തിന്റെ പ്രശസ്തി കൂടുകയാണ്. ആദ്യം സ്ത്രീയും പുരുഷനും കൈകോർത്തു നല്ലൊരു കുടുംബം പാടുത്തുയർത്തിയാൾ മാത്രമേ അവൾക്ക് ഒരു നല്ല സമൂഹം പടുത്തുയർത്താൻ കഴിയൂ.... ശ്രീമതി ജ്യോതിലക്ഷ്മി വസ്തുതകളും സത്യങ്ങളും കൊണ്ട് നിറച്ച ഈ കൊച്ചു ലേഖനത്തിൽ ഒരു ശക്തമായ സന്ദേശം വായനക്കാർക്കായി നൽകുന്നു. വനിതാദിന ആശംസകൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക