Image

ഫൊക്കാന സമ്മേളനം എബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പിന്‍ വലിച്ചു

Published on 07 March, 2020
ഫൊക്കാന സമ്മേളനം എബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പിന്‍ വലിച്ചു
ന്യു യോര്‍ക്ക്: പ്രസിഡന്റ് മാറ്റി വച്ചുവെന്നു അറിയിച്ചുവെങ്കിലും സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഫൊക്കാനയുടെ ജനറല്‍ കൗണ്‍സില്‍ ചേര്‍ന്ന് സുപ്രധാനമായ ചില തീരുമാനങ്ങളെടുത്തു. 40-ല്‍ പരം അംഗങ്ങള്‍ ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു.

ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിനെ സസ്‌പെന്‍ഡ് ചെയ്തത് ഉടന്‍ പിന്‍ വലിക്കാന്‍ യോഗം തീരുമാനിച്ചു. ചിക്കാഗോയില്‍ നിന്നുള്ള നാഷണല്‍ കമ്മിറ്റി അംഗം പ്രവീണ്‍ തോമസുമായുള്ള പ്രശ്‌നങ്ങളെച്ചൊല്ലി അഡൈ്വസറി ബോര്‍ഡ് ആണു ഏബ്രഹാമിനെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രസിഡന്റ് മാധവന്‍ നായര്‍, എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, സസ്‌പെന്‍ഷനിലുള്ള വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍ എന്നിവരുടെ അഭാവത്തില്‍ രാജന്‍ പടവത്തിലിനെ യോഗാധ്യക്ഷനായി തെരെഞ്ഞെടുക്കുകയായിരുന്നു.

സംഘടനയുടെ നടത്തിപ്പിനായി കൊണ്ടു വന്ന സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസിജുവര്‍ വേണ്ടന്നു വയ്ക്കാന്‍ യോഗം തീരുമാനിച്ചു. സ്വന്തമായി ഭരണഘടനയുള്ളപ്പോള്‍ മറ്റൊരു പ്രൊസിജുവറിന്റെ ആവശ്യമില്ല.

പന്ത്രണ്ട് വര്‍ഷമായി കണക്കുകളൊന്നും ഫൊക്കാനയില്‍ അവതരിപ്പിക്കുന്നില്ല എന്നു യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കണ്‍ വന്‍ഷന്‍ നടത്തിയ ഭാരവാഹികള്‍ 150 ദിവസത്തിനകം കണക്ക് അവതരിപ്പിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തിട്ടില്ല. അടുത്ത കണ്‍ വന്‍ഷനു മുന്‍പ് അവര്‍ കണക്ക് അവതരിപ്പിച്ചില്ലെങ്കില്‍ കഴിഞ്ഞ തവണത്തെ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവരെ സംഘടനയില്‍ നിന്നു സസ്‌പെന്‍സ്ഡ് ചെയ്യുവാനും തീരുമാനിച്ചു.

ഫൊക്കാനയുടെ ഭരണഘടന കാലാനുസ്രുതം പരിഷ്‌കരിക്കാന്‍ മൂന്നംഗ കമ്മിറ്റിയേയും നിയോഗിച്ചു. ബോബി ജേക്കബ്, ജോസഫ് കുര്യപ്പുറം, രാജന്‍ പടവത്തില്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.

ഇത് പിളര്‍പ്പോ ഭിന്നതയോ ഒന്നുമല്ലെന്നും അറ്റ്‌ലാന്റിക് സിറ്റിയില്‍ നടക്കുന്ന കണ്‍ വന്‍ഷന്‍ വന്‍ വിജയമാക്കുമെന്നും പങ്കെടൂത്തവര്‍ പറഞ്ഞു. ഈ സമ്മേളനം മാറ്റി വച്ചത് ഭൂരിപക്ഷത്തിന്റെ അഭിപ്രായം അവഗണിച്ചായിരുന്നു. അതിനാലാണു സമ്മേളനം ചേര്‍ന്നത്.

സമ്മേളനത്തിനു കോറം പ്രശ്‌നമല്ല. കോറമില്ലാതെ കഴിഞ്ഞ തവണ സമ്മേളനം മാറ്റിയതിനാല്‍ അടുത്ത സമ്മേളനത്തിനു കോറം ആവശ്യമില്ലെന്നാണു വ്യവസ്ഥ.

അതേ സമയം, മേലാല്‍ ഇത്തരം പ്രശ്‌നം ഉണ്ടാവരുതെന്ന അന്ത്യ ശാസനം നല്കി അഡൈ്വസറി ബോര്‍ഡും ഏബ്രഹാം കളത്തിലിന്റെ സസ്‌പെന്‍ഷന്‍ പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചു വരിക ആയിരുന്നുവെന്നും അറിയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക