Image

ആഗോള വനിതാദിനം 2020: ചില വിചിന്തനങ്ങള്‍! - ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ)

ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ) Published on 07 March, 2020
ആഗോള വനിതാദിനം 2020: ചില വിചിന്തനങ്ങള്‍!     -   ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ)
ആഗോളവ്യാപകമായി, മാര്‍ച്ച് എട്ടാം തീയതി വനിതാദിനം ആഘോഷിക്കുവാന്‍ ഒരുമ്പെടുന്നു, ഒരുക്കങ്ങള്‍ നടക്കുന്നു. ലോക ജനസംഖ്യയുടെ പകുതിയോടടുത്തുള്ള നാരീജനങ്ങളുടെ നാവിനും നാഡിക്കും ഊര്‍ജജം പകരുന്ന, ഊര്‍ജ്ജം പ്രകടമാക്കുന്ന ആ ദിനത്തെ സര്‍വപ്രകാരേണ സ്വീകരിക്കുകയും അംഗീകരിക്കയും ആഘോഷിക്കുകയും ചെയ്യേണ്ടതുണ്ട്. അവിടെ സ്ത്രീ/ പുരുഷ ഭേദമില്ല, മതഭേദമില്ല, ദേശഭേദമില്ല, വര്‍ണ്ണ/വര്‍ഗ്ഗ ഭേദമില്ല, രാഷ്ട്രീയമില്ല. വനിതാദിനമെന്നു വിളിക്കപ്പെടുമെങ്കിലും, യഥാര്‍ത്ഥത്തില്‍ സ്ത്രീയും പുരുഷനും ഉള്‍കൊള്ളുന്ന മനുഷ്യകുലത്തിന്റ്റെ സുദിനമാണത്.നമ്മുടെമാതാവിനെയും,മകളെയുംമാവിയെയും,മണവിയെയും മറ്റും മറ്റും പ്രത്യേകമായി മനസിലാക്കുവാനും മാനിക്കുവാനും മാറ്റിവെച്ചിരിക്കുന്ന ദിനം. മാനവസമുദായത്തിനു അവര്‍ നല്‍കുന്ന മഹത്തായ സേവനങ്ങളെയും,സമുദായം അവര്‍ക്കു കല്പിച്ചു നല്‍കുന്ന സ്ഥാനത്തേയുംകുറിച്ചു് വിചിന്തനം നടത്താനും വിലയിരുത്തുവാനും വര്‍ഷാവര്‍ഷം വന്നണയുന്ന ഏക സുദിനം! മറ്റേതൊരു ദിനത്തെയെന്നപോലെ ഗണിച്ചുതള്ളാന്‍ നമുക്കാവില്ല. അത് നിങ്ങളുടെയും എന്റ്‌റെയും അമ്മയുടെതാണ്, സഹോദരിയുടേതാണ്, മകളുടേതാണ്, പ്രേയസിയുടേതാണ്, പ്രണയിനിയുടേതാണ്! പ്രാചീനകാലംമുതലേ ഭാരതീയ സംസ്‌ക്കാരം സ്ത്രീകള്‍ക്ക് സമുന്നതസ്ഥാനം നല്‍കി ആദരിച്ചിരുന്നു. നമ്മുടെ വേദങ്ങളും ഇതിഹാസങ്ങളും ഉപനിഷത്തുകളും പുരാണങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. നൂറിലധികം വരുന്ന ഉപനിഷത്തുകളില്‍ സുപ്രധാനമാണ് 'തൈത്തരീയം'. അതിലെ ഉദാത്തമായ ഒരു ഉപദേശമാണ്:

 'മാതൃദേവോ ഭവ, 

  പിതൃദേവോ ഭവ,

  ആചാര്യദേവോ ഭവ,

  അതിഥിദേവോ ഭവ' എന്നത്. 

മാതാവിനെയും പിതാവിനെയും ഗുരുവിനെയും അതിഥിയെയും ഈശ്വരതുല്യമായി കരുതി കാലം കഴിക്കണമെന്ന് തൈത്തരീയം അനുശാസിക്കുന്നു. 'മാതാപിതാഗുരു ദൈവം' എന്നൊരു ഉക്തിയും നമുക്ക് സുപരിചിതമാണ്. രണ്ടിലും ഉന്നത സ്ഥാനം കല്പിച്ചിരിക്കുന്നത് മാതാവിനുതന്നെ. അമ്മയല്ലാതൊരു ദൈവമില്ല, അതിലും വലിയൊരു കോവിലില്ല എന്ന് അര്‍ത്ഥശങ്കയ്ക്കിടമില്ലാതെ പാടിയതാരാണ്? ആരുടെ ചൊടികളിലാണ് ആ രണ്ടു മനോഹര വരികള്‍ ഈണം ഇടാത്തത്? ഒന്നാമതായി പൂജിക്കപ്പെടേണ്ട ദേവതയാണ് 'അമ്മ. അമ്മതന്നെയാണ് ആദ്യത്തെ ഗുരുവും. സ്ത്രീജീവിതം സഫലമാകുന്നത് മാതാവാകുന്നതിലൂടെയാണ്. അങ്ങനെ സഫലമായ, സമ്പൂര്‍ണ്ണത പ്രാപിച്ച സ്ത്രീയാണ് അമ്മ. ആദരിക്കപ്പെടേണ്ട മഹത്തായ ഗുണവിശേഷങ്ങള്‍ മുറ്റിയ സ്ത്രീ എന്ന അര്‍ത്ഥം ധ്വനിപ്പിക്കുന്ന 'മഹിള' എന്നും അവള്‍ വിളിക്കപ്പെടുന്നു. വാത്സല്യത്തിന്റ്റെ വസതി എന്നര്‍ത്ഥം ദ്യോതിപ്പിക്കുന്ന 'വനിത' എന്നും സ്ത്രീയെ വിശേഷിപ്പിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. ഭൂമിയില്‍ ജനിച്ചവരുടെയെല്ലാം പൂജ അര്‍ഹിക്കുന്നുവള്‍ എന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്ന മാതാവ് എന്നും അവള്‍ വിശേഷിപ്പിക്കപ്പെടുന്നു. അനേകം ശ്രേഷ്ഠഗുണങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്ന സീമന്തിനി എന്നും അംഗസൗഷ്ഠവം ഉള്ളവള്‍ എന്ന അര്‍ത്ഥത്തില്‍ അംഗന എന്നും സ്ത്രീയെ നാം വിളിക്കുന്നു. 

സൃഷ്ടിയുടെ കാണപ്പെടുന്ന പ്രതീകമാണ് സ്ത്രീ. എന്നാല്‍ സൃഷ്ടി അവളെ അലംഭാവയാക്കുന്നില്ല. സൃഷ്ടിച്ചതിനെ പോറ്റുന്നതിനും പരിപാലിക്കുന്നതിനും അതിനുവേണ്ടി ത്യാഗം സഹിക്കുന്നതിനും അവള്‍ക്ക് മടിയില്ല. സ്ത്രീയുടെ ത്യാഗവും സ്‌നേഹവും പരിപാലനവും തലമുറകളെ നിലനിറുത്തുന്നു. സംസ്‌ക്കാരത്തെ സജീവമാക്കി നിറുത്തുന്നു. വിദ്യ പകര്‍ന്നു നല്‍കുന്നു. ജീവിതം സുന്ദരമാക്കുന്നു. സുഗമമാക്കുന്നു. ഇത്തരുണത്തില്‍, നാം നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യം ഉദിക്കുന്നു! അങ്ങനെ നാനാപ്രകാരേണ മാന്യതയും മഹത്ത്വവും നന്ദിയും നന്മയും പൂജയും അര്‍ഹിക്കുന്ന സ്ത്രീക്ക് നമ്മുടെ സമൂഹം നല്‍കുന്ന സ്ഥാനം എന്താണ്? ഒരു രണ്ടാംതരം സ്ഥാനമാണ് സ്ത്രീക്ക് സമുദായം കല്പിച്ചിരിക്കുന്നത് എന്ന് പറഞ്ഞാല്‍ നമുക്കതിനെ ഖണ്ഡിക്കാനാവുമോ? വേദകാലത്തു് സ്ത്രീത്വത്തെ സംപൂജ്യമായി കരുതിയിരുന്നു. പുരുഷന്‍ പൂര്‍ണ്ണത കൈവരിക്കുന്നത് സ്ത്രീയിലൂടെയാണെന്ന് ഹൃഗ്വേദം നിരീക്ഷിക്കുന്നു. സ്ത്രീയുടെ ഔന്യത്തവും മഹത്ത്വവും വാത്സല്യവും വിളഞ്ഞു നില്‍ക്കുന്ന എത്രയെത്ര സ്ത്രീരത്‌നങ്ങളെ ഇതിഹാസങ്ങളില്‍ നാം കണ്ടുമുട്ടുന്നു. തിക്താനുഭവങ്ങളെയും പീഡനങ്ങളെയും നിന്ദനങ്ങളെയും നിരാകരിച്ചുകൊണ്ട് നിലകൊണ്ടവരല്ലേ സീതയും, കുന്തിയും, ദ്രൗപതിയും മറ്റും മറ്റും. വാസ്തവത്തില്‍, ഓരോ സ്ത്രീയും ഓരോരോ കാരണങ്ങളാല്‍ സ്ത്രീരത്‌നമെന്നോ മഹിളാമണിയെന്നോ ഉള്ള വിശഷണത്തിന് അര്‍ഹരല്ലേ? പ്രഥമ പ്രാമാണിക പ്രമാണസംഹിതയായി കണക്കാക്കപ്പെടുന്നതാണ് മനുസ്മൃതി. 'എവിടെ സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്നു! സുരക്ഷിതരായിരിക്കുന്നു! അവിടെ ഐശ്വര്യം വാഴുന്നു! അതുകണ്ട് ദേവന്മാര്‍ സന്തോഷിക്കുന്നു'. മനുസ്മൃതി ഉല്‍ഘോഷിക്കുന്നു.

 മഹാത്മാ ഗാന്ധി 1930 ഒക്ടോബര്‍ നാലാം തീയതിയിലെ യങ് ഇന്ത്യയില്‍ കുറിച്ചു: 'സ്ത്രീകള്‍ അബലകള്‍ എന്നാരോപിക്കുന്നത് അപകീര്‍ത്തിപ്പെടുത്തലാണ്. മൃഗീയ ശക്തിയുടെ അഭാവമാണ് ഉദ്ദേശിക്കുന്നതെങ്കില്‍, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ ഏറെ കുറഞ്ഞവരാണ്. ധാര്‍മ്മിക ശക്തിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍, സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ വളരെയധികം ഉയരത്തിലാണ്. സ്ത്രീയുടെ ശ്രേഷ്ഠമായ ഒരു നന്മയല്ലേ സഹജാവബോധം? വളരെക്കൂടുതല്‍ ത്യാഗമനോഭാവമില്ലേ? വളരെയധികം ധൈര്യമില്ലേ? അനന്തമായ സഹനശക്തിയുടെ ഉറവിടമല്ലേ അവള്‍? സ്ത്രീയുടെ പിന്‍ബലമില്ലെങ്കില്‍ പുരുഷന്‍ വെറുംപിണം. മനുഷ്യരാശിയുടെ നിലനില്‍പ്പ് സമാധാനത്തില്‍ അധിഷ്ഠിതമാണെങ്കില്‍, സ്ത്രീകളുടെ കരങ്ങളില്‍ അത് സുരക്ഷിതമായിരിക്കും. ഹൃദയങ്ങളോടു സംവദിക്കാന്‍ സ്ത്രീകളെക്കാള്‍ സഫലമായി ആര്‍ക്കു കഴിയും'. അബലയായ സ്ത്രീയെപ്പറ്റി സുപ്രസിദ്ധ ആഫ്രിക്കന്‍ കവിയും നലം തികഞ്ഞ സാഹിത്യവിമര്‍ശകനുമായ  ചിന്‍വീസിന്‍ ഇബേക്കവെ പറഞ്ഞത് ശ്രദ്ധിക്കുക: 'ലോകത്തെ നയിക്കുന്നത് പുരുഷനായിരിക്കാം, എന്നാല്‍ ലോകത്തെ നയിക്കുന്ന പുരുഷനെ നയിക്കുന്നത് അവന്‍ അബലയെന്നു അവഹേളിക്കുന്ന സ്ത്രീയാണ്'. 

ആംഗല കവിയായായ ജോണ്‍ മില്‍ട്ടണ്‍ തന്റ്റെ പറുദീസാ നഷ്ടം എന്ന രചനയില്‍ പറയുന്നു: 'ആകാശത്തുനിന്നും മനുഷ്യന് വീണുകിട്ടിയ ഏറ്റവും അമൂല്യമായ സമ്മാനമാണ് സ്ത്രീ, എല്ലായ്‌പ്പോഴും ആഹ്‌ളാദിപ്പിക്കുന്ന ഒരേയൊരു സമ്മാനം!

കാലപ്രവാഹത്തില്‍, സ്വതേ സ്വാര്‍ത്ഥമതിയായ പുരുഷന്‍, സ്ത്രീ അബലയാണെന്നു വരുത്തിവച്ചു. പ്രസവവും കഞ്ഞിവയ്പ്പും കുഞ്ഞുങ്ങളെ പരിപാലിക്കലും അവളുടെ ചുമതലയായി. സ്വത്തവകാശം പണിയെടുക്കുന്ന പുരുഷനായി.അബലയായ സ്ത്രീ നിസ്വയുംമായി. അവള്‍ പുരുഷന്റ്റെ അടിമയായി മാറിയതില്‍ അതിശയമില്ല!  

സ്ത്രീകള്‍ പൂജിക്കപ്പെടുന്നിടത്തു് ദേവതമാര്‍ വിരാജിക്കുന്നു എന്ന് ഉല്‍ബോധിപ്പിച്ച മനു ഇപ്രകാരം എഴുതിവെച്ചു:

 'പിതാ രക്ഷതി കൗമാരേ, 

ഭര്‍ത്താ രക്ഷതി യൗവ്വനേ, 

പുത്രോ രക്ഷതി വാര്‍ധ്യക്കേ,

 ന സ്ത്രീ സ്വാതന്ത്രമര്‍ഹതി' 

ഏതുനിലയിലും സ്ത്രീ പരിപാലന അര്‍ഹിക്കുവെന്നാണ് മനു പറഞ്ഞുവെച്ചത്. എന്നാല്‍, സ്ത്രീയെ ഏതു വിധേനയും അടിമയായി കാണണമെന്ന് ആഗ്രഹിച്ചവര്‍ അവസാനത്തെ വരിയിലെ സ്വാതന്ത്ര്യം എന്ന  വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്തു. അങ്ങനെ, സ്ത്രീ, ഏതവസ്ഥയിലും സ്വാതന്ത്ര്യം അര്ഹിക്കുന്നില്ലെന്നൊരു ചിന്താഗതിക്ക് അവര്‍ തന്ത്രപരമായി 

കുറിഞ്ഞികുത്തി. 

ഷേക്‌സ്പീയര്‍ മനസ്സില്‍ കാണാത്ത എത്രയെത്ര മാനങ്ങളാണ് ചില വിമര്‍ശകവീരന്മാര്‍ അദേഹത്തിന്റ്റെ ചില വരികളില്‍ തിരുകാന്‍  ത്വര കാണിക്കുന്നത്. എത്രയെത്ര അര്‍ത്ഥഗര്‍ഭമായ സുവിശേഷ സൂക്തങ്ങളെയാണ് തല്പരകക്ഷികള്‍ അര്‍ത്ഥചാഞ്ചല്യം വരുത്തി ഇഷ്ടസാഫല്യത്തിനായി ഉല്‍ഘോഷിക്കുന്നത്?  

ആ കുറിഞ്ഞി കത്തിപടരാതെയും എന്നാല്‍  അണയാതെയും ഇന്നും പുകഞ്ഞുകൊണ്ടിരിക്കുന്നതായി നാം കാണുന്നു. അതിനെ  നിര്‍വീര്യമാക്കേണ്ടത് ഇന്നിന്റ്റെ ചുമതലയും ആവശ്യവും അവകാശവും ആണെന്ന സ്ത്രീയുടെ തിരിച്ചറിവ് ശുഭോദര്‍ക്കമാണ്. ഐക്യരാഷ്ട്ര സമിതി ഇക്കാര്യത്തില്‍ മുന്‍കൈ എടുത്തത് യുക്തമായിട്ടുണ്ട്. 

രണ്ടു ശതാബ്ദക്കാലത്തെ ബ്രിട്ടീഷ് ഭരണവും, നിരവധി  ഭാരതീയ സാമൂഹ്യ പരിഷ്‌ക്കരണവാദികളും ഭാരതത്തിലെ സ്ത്രീ സമുദായത്തിന്റ്റെ ശ്രേയസ്സിനുവേണ്ടി വളരെയേറെ അധ്വാനിക്കുകയുണ്ടായി.എന്നിരുന്നാലും സ്വതന്ത്രഭാരതത്തിലെ ശക്തരായ രണ്ടു പ്രധാനമന്ത്രിമാര്‍ വനിതാ ക്ഷേമവിഷയത്തില്‍ കാണിച്ച നിര്‍ഭാഗ്യകരമായ നിലപാടുകളും നിഷ്‌ക്രിയത്വവും പറയാതെ വയ്യ.1985ല്‍ ഭാരതത്തിന്റ്‌റെ അത്യുന്നത നീതിപീഠം, മൊഴിചൊല്ലപ്പെട്ട  മുസ്ലിം സ്ത്രീകളുടെ ജീവനാംശ വിഷയത്തില്‍ അവര്‍ക്കനുകൂലമായി സുപ്രധാനമായ ഒരു വിധി എഴുതി. മതമൗലികവാദികള്‍ക്കു വശംവദനായി പ്രധാനമന്ത്രി രാജീവ് ഗാന്ധി മുന്‍കൈയെടുത്തു് 1986 ല്‍ പ്രസ്തുത വിധിയെ മറികടക്കാനുള്ള നിയമ നിര്‍മ്മാണം നടത്തി. മുസ്ലിം വനിതകളോടു കാണിച്ച നീചമായ ചതി എന്നു പറഞ്ഞാല്‍ അധികമാകയില്ല! ഭാരതത്തിന്റ്റെ ഏക വനിതാ പ്രധാന മന്ത്രിണിയായിരുന്ന ഇന്ദിരാ ഗാന്ധി ഒന്നര പതിറ്റാണ്ടോളം അധികാരം കയ്യാളി. അനേക വര്‍ഷം ഭരണകക്ഷിയുടെ അധ്യക്ഷയായിരുന്നു. ഇക്കാലത്തിനുള്ളില്‍ അവര്‍ ഭാരതത്തിലെ അവശതയനുഭവിക്കുന്ന സോദരിമാര്‍ക്കുവേണ്ടി ചെറുവിരല്‍പോലും ഉയര്‍ത്തിയതായി പറയാനാവില്ല.

 2017  ല്‍, ഉന്നതന്യായപീഠം, മുസ്ലീം ഭാര്യമാരെ  മൂന്നു പ്രാവശ്യം തലാക്ക് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കുന്നതിനെ ഭരണഘടനാവിരുദ്ധമായി വിധിച്ചത് നല്ലൊരു തുടക്കത്തിന്റ്റെ നാന്ദിയല്ലേ?

 കേരളത്തിലെ കൃസ്ത്യന്‍ വനിതകളുടെ സാമ്പത്തിക സമത്വത്തിനുവേണ്ടി കോടതികയറി വിജയിച്ച 'മേരി റോയി'യെ നാം ഇവിടെ സ്മരിക്കണം. 

കന്യാസ്ത്രി മഠങ്ങളിലെ ലൈംഗിക ചൂഷണങ്ങക്കെതിരെ വഞ്ചി സ്‌ക്വയറില്‍ 

സമരിച്ചവരും, മഠത്തിലെ പീഠനങ്ങള്‍ക്കും അസമത്വത്തിനുമെതിരെ പ്രതികരിച്ച സിസ്റ്റര്‍ ലൂസി കളപ്പുരയുമാണ് കേരളത്തിന്റ്റെ സമീപകാല സ്ത്രീസമത്വസമരത്തിന്റ്റെ താരങ്ങള്‍.

മുലക്കരവും തലക്കരവും ഇല്ലാതാക്കിയ, മാറുമറക്കാന്‍ മറുകെണ്ടെന്ന സ്ഥിതിയുണ്ടാക്കിയ ഉത്രം തിരുനാളിനെയും ആയില്യം തിരുനാളിനെയും നാം നമിക്കണം.

 സ്വതന്ത്ര ഭാരതത്തിലെ സര്‍ക്കാരുകളും സ്ത്രീകളുടെ ഉന്നമനത്തിനായി പലവിധത്തിലുള്ള നയപരിപാടികളും നിയമനിര്‍മ്മാണവും നടപ്പിലാക്കി. എന്നിട്ടും വഞ്ചി തിരുനക്കരയില്‍ നിന്നും കാര്യമായ ദൂരത്തെത്തിയിട്ടില്ല! സതി എന്ന ദുരാചാരം ചിലര്‍ രഹസ്യമായി ആചരിക്കുന്നു. ശിശുവിവാഹത്തിന്റ്റെ കാര്യവും വിഭിന്നമല്ല. സ്ത്രീ ഭ്രൂണഹത്യ വിരാമമില്ലാതെ തുടരുന്നു. പെണ്‍കുഞ്ഞുങ്ങളെ പ്രസവിക്കുന്ന ഭാര്യമാര്‍ക്ക് മരണമോ മര്‍ദനമോ മൊഴിചൊല്ലലോ നേരിടേണ്ടിവന്നേക്കാം. സ്ത്രീധനപ്രശ്‌നം, തീപൊള്ളലേറ്റു മരിക്കുന്നതിനോ പാചകവാതക്കുറ്റി അപകടത്തില്‍ പട്ടു പോകുന്നതിനോ കാരണമായേക്കാം. നിര്‍ഭയയായി പുറത്തിറങ്ങി നടന്നാല്‍ മാനഹാനിയോ ജീവഹാനിയോ രണ്ടുമോ സംഭവിച്ചെന്നുവരാം. വീടിന്റ്റെ സുരക്ഷതയില്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങളും നവതി കഴിഞ്ഞ മുത്തശ്ശികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത് സാധാരണമായിരിക്കുന്നു. ഇതിനുകാരണമായി സ്ത്രീശരീരത്തിന്റ്റെ അഴകളവുകള്‍ പ്രദര്‍ശിപ്പിച്ചുള്ള വസ്ത്രധാരണത്തെ പഴിക്കുന്ന, പണത്തിന്റ്റെ പിന്നാലെ പരക്കംപായുന്ന ധ്യാനഗുരുക്കളെ ഹാ നിങ്ങള്‍ക്കു കഷ്ടം! പിഞ്ചുകുഞ്ഞുങ്ങളുടെയും കുഴിയിലേക്ക് കാലും നീട്ടിക്കഴിയുന്ന മുത്തശ്ശിമാരുടെയും ദുര്യോഗം കാണാന്‍ നിങ്ങളുടെ കണ്ണുകളിലെ തടി തടയാകുന്നുവെന്ന് ജനമറിയുന്നു!   

 സാക്ഷര കേരളം സ്ത്രീപീഡന വിഷയത്തില്‍ നിരക്ഷര സംസ്ഥാനങ്ങളെ പിന്നിലാക്കിയിരിക്കുന്നതായി സ്ഥിതിവിവരണക്കണക്കുകള്‍ തെളിവാക്കുന്നു.

 പെണ്ണുങ്ങള്‍ പഠിക്കുന്നത് അനാവശ്യവും അപകടകരവും ആണെന്ന് ചിന്തിക്കുന്നവര്‍ സാക്ഷര കേരളത്തില്‍ ഇന്നും ജീവിച്ചിരിക്കുന്നുവോ? പരീക്ഷയില്‍ പുരുഷന്മാര്‍ക്കു മുന്നില്‍ സ്ഥാനം നേടിയ പെണ്‍കുട്ടിക്ക് ആ സ്ഥാനം കൊടുക്കാതിരിക്കാന്‍ 1963ല്‍ കേരള സര്‍വകലാശാലയിലെ ചില പ്രഫസ്സര്‍മാര്‍ ശ്രമിക്കുകയുണ്ടായി. സര്‍വകലാശാലയുടെ എം .എസ് സി കെമിസ്റ്ററി പരീക്ഷയില്‍ ഒന്നാം റാങ്കിന് അര്‍ഹയായത് ആലപ്പുഴക്കാരി ഓമന ആയിരുന്നു. ഒരു പെണ്ണിന് റാങ്ക് കിട്ടുന്നത് കുരങ്ങിന് പൂമാല കിട്ടുന്നതുപോലെയാണെന്ന് ചില പ്രൊഫസര്‍മാര്‍ വാദിച്ചു. എന്നാല്‍ വിഭാഗ മേധാവിയുടെ ഉറച്ച നിലപാടില്‍ മറ്റു പ്രൊഫസര്‍മാര്‍ക്ക് സ്വരം നഷ്ടപ്പെട്ടു.  

അഭ്യസ്തവിദ്യരുടെ നാട്ടിലെ, ഉന്നതവിദ്യാസമ്പന്നരായ, വിദ്യയും സംസ്‌ക്കാരവും ഭാവിതലമുറക്ക് പകര്‍ന്നു നല്‍കേണ്ടവരുടെ സംസ്‌ക്കാരശൂന്യമായ മാനസികാവസ്ഥയല്ലേ ആ പ്രൊഫസ്സര്‍മാര്‍ പ്രകടിപ്പിച്ചത്? നമ്മളില്‍പലരും അതേ മാനസികാവസ്ഥയില്‍ മരുവുന്നവരല്ലേ?  

ഭാരതം പോലൊരു വികസ്വര രാജ്യത്തെ പകുതിയോളം വരുന്ന സ്ത്രീജനങ്ങളുടെ പ്രശ്‌നങ്ങളും പരാധീനതകളുമാണ് നാം ഇതുവരെ പരിശോധിച്ചത്. വികസിത രാജ്യങ്ങളിലെ വനിതകള്‍ വളരെദൂരം മുന്നോട്ടു ഗമിച്ചിട്ടുണ്ടെങ്കിലും ബഹുവിധമായ വിവേചനങ്ങളും അവശതകളും ഇന്നും യുക്തമായ ലിംഗപരമായ തുല്യത എന്ന ലക്ഷ്യത്തില്‍നിന്നും അവരെ അകറ്റി നിറുത്തിയിരിക്കുന്നു. 

  അന്തര്‍ദേശീയ തലത്തില്‍ വനിതാദിനം ഈമാസം എട്ടാം തീയതി ആഘോഷിക്കുവാന്‍ ഒരുമ്പെടുമ്പോള്‍ ആഗോളതലത്തില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്!നങ്ങള്‍ പരിശോധിക്കുന്നത് ഉചിതമായിരിക്കും. 

വികസിത രാജ്യങ്ങളില്‍ ജീവിതത്തിന്റ്റെ മിക്കവാറും എല്ലാ തുറകളിലും സ്ത്രീകള്‍ക്ക് ഗണ്യമായ സ്ഥാനവും തുല്യതയും സ്വാതന്ത്യവും നേടാന്‍ ഇടയായിട്ടുണ്ട്. എന്നിരുന്നാലും സ്ത്രീലൈംഗികതയെയും പ്രതുല്‍പ്പാദന വിഷയത്തിലുള്ള സ്വാതന്ത്ര്യത്തെയും കടിഞ്ഞാണിട്ടു നിറുത്താന്‍  ചില മതമേധാവികളും മതഭ്രാന്തന്മാരും കിണഞ്ഞു പരിശ്രമിക്കുന്നു. സ്ത്രീകളുടെ ആരോഗ്യകാര്യങ്ങളിലുള്ള അവരുടെ കൈകടത്തല്‍ മാരകസാഹചര്യങ്ങളിലേക്കു തള്ളിവിട്ടിട്ടുള്ളതിനുള്ള ഉദാഹരണങ്ങള്‍ നിരവധിയാണ്. ഏറ്റക്കുറച്ചിലോടെ എല്ലാ മതങ്ങളും ഇക്കാര്യത്തില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നു. ആയിരക്കണക്കിലുള്ള കൃസ്തീയ മതങ്ങല്‍ സ്ത്രീകളുടെ ലൈംഗികതയേയും പ്രത്യുല്‍പ്പാദനശേഷിയെയും കടുത്ത യാഥാസ്ഥികമനോഭാവത്തോടെയാണ് സമീപിക്കുന്നത്. ചിന്തകനായ അഗസ്റ്റിന്‍ പുണ്യവാന്‍ 14/ 15 നൂറ്റാണ്ടുകളില്‍ ചില വിചിത്ര അനുമാനങ്ങള്‍ അവതരിപ്പിച്ചു. മിക്കവാറും എല്ലാ കൃസ്തീയമത വിഭാഗങ്ങളും ഈ ആധുനിക യുഗത്തിലും  അദ്ദേഹത്തിന്റ്റെ അനുമാനങ്ങളെ അപ്പാടെ പിന്തുടരുന്നു.

 സന്താനോല്പാദന ലക്ഷ്യത്തോടെയല്ലാതുള്ള സ്ത്രീപുരുഷ ലൈംഗികവേഴ്ച കഠിനപാപമാണെന്നതായിരുന്നു അഗസ്റ്റിന്‍ പുണ്യവാളന്റ്റെ പതിനാലാം നൂറ്റാണ്ടിലെ  കണ്ടുപിടിത്തം.

പൗരുഷ്യമാര്‍ന്ന വിശ്വാസത്തിന്റ്റെ ഉടമയായിട്ടാണ്  വിശ്വാസ തീക്ഷ്ണത തിളങ്ങിയ തന്റ്റെ അമ്മ മോനിക്കായെ അദ്ദേഹം വിശേഷിപ്പിച്ചത്. സ്ത്രീയില്‍ പൗരുഷ്യം ദര്‍ശിച്ചവന്‍! സ്ത്രീത്വം ദര്‍ശിക്കാത്തവന്‍! സമനില തെറ്റിയവര്‍ക്കല്ലേ അങ്ങനെ കാണാനാവൂ? . സ്ത്രീയുടെ ലിംഗ അനന്യതയെ (ഴലിറലൃ ശറലിേേശ്യ) അദ്ദേഹം നിരാകരിച്ചു. സ്ത്രീയെ പുരുഷന്റ്റെ സഹായിയായി സൃഷ്ടിച്ചത് സന്താനോല്‍പ്പാദനത്തിനുവേണ്ടി മാത്രമാണെന്നും അദ്ദേഹം വിശ്വസിച്ചു. അഗസ്റ്റിന്റ്റെ മേല്‍പറഞ്ഞ അനുമാനങ്ങളെല്ലാം ക്രിസ്തീയസഭകളുടെ സ്ത്രീകളോടുള്ള സമീപനത്തില്‍ പ്രകടമാണ്. പല കൃസ്തീയ മതസമൂഹങ്ങളും അഗസ്റ്റിന്‍ പുണ്യവാളനെ പരണയിലിരുത്തിയെങ്കിലും ആഗോള കത്തോലിക്കാപ്പള്ളി ഈ നവയുഗത്തിലും അഗസ്റ്റിനെ താലോലിക്കുന്നു. എല്ലാവിധത്തിലുമുള്ള, ഏതു സാഹചര്യത്തിലുമുള്ള  കൃത്രിമ ജനനനിയന്ത്രണനടപടികളെ പള്ളിമേലാളന്മാര്‍ അപലപിക്കുന്നു. വിവരമുള്ള സഭാംഗങ്ങള്‍ യുക്തിക്കുനിരക്കാത്ത ഇമ്മാതിരി പള്ളിപഠനങ്ങളെ പടേ തള്ളിക്കളയുന്നു. അല്ലാത്തവര്‍ ഈയാംപാറ്റകളെപോലെ ദുരന്തം അനുഭവിക്കുന്നു. അഗസ്റ്റിന്റ്റെ അറുപഴഞ്ചന്‍ സിദ്ധാന്തത്തിന്റ്റെ പേരില്‍ തെരെഞ്ഞെടുപ്പുകളെയും സര്‍ക്കാരുകളുടെ നിയമനിര്‍മ്മാണങ്ങളെയും കോടതികളുടെ തീരുമാനങ്ങളെയും ആരോഗ്യരക്ഷാ പദ്ധതികളെയും ആശൂപത്രി നടത്തിപ്പിനെയും സ്വാധീനിക്കാന്‍ പള്ളികള്‍ പതിനെട്ടടവുകളും പയറ്റുന്നു, പാടുപെടുന്നു, പണമൊഴുക്കുന്നു. മറ്റൊരു ക്രിസ്തുമതാചാരനായ ടെര്‍ട്ടൂലിയന് മാലിന്യക്കൂമ്പാരത്തിനു മുകളില്‍ കെട്ടിയുയര്‍ത്തിയ മാളികയാണ് സ്ത്രീ. നരകത്തിലേക്കു നയിക്കുന്ന ആനവാതില്‍ എന്നും അദ്ദേഹം സ്ത്രീയെ വിശേഷിപ്പിച്ചു. വിഷം ചീറ്റുന്ന പാമ്പായും കൊമ്പില്ലാത്ത പിശാചായുമാണ് ഡൊമിനിക്കന്‍ ദൈവശാസ്ത്രജ്ഞനായ സെന്റ്റ് ആല്‍ബര്‍ട്ട്‌സ് സ്ത്രീയെ കണ്ടത്. പല ക്രിസ്തുമതസമൂഹങ്ങളും ഈ കാഴ്ചപ്പാടുകളെയെല്ലാം കൈവിടാന്‍ മടിക്കുന്നു. 

2018 ഒക്ടോബറിലേ ആഗോള മെത്രാന്‍ സിനഡ്, സഭയിലെ വനിതാഗണത്തിന് ഉത്തരവാദിത്വമുള്ള പദവികളും, തീരുമാനങ്ങളില്‍ പങ്കാളിത്തവും നല്‍കുന്നത് നീതി നിര്‍വഹണമായി കാണണമെന്നാവശ്യപ്പെട്ടു. അതിനു പ്രതികരണമായി ഫ്രാന്‍സിസ് പാപ്പാ, ഇവൃശേെ ശ െമഹശ്‌ല എന്നൊരു പ്രമാണപത്രം പുറപ്പെടുവിച്ചു. സഭയിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ തുല്യതക്കും നീതിക്കും നൈയാമികമായ അവകാശം ഉണ്ടെന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ അദ്ദേഹം പറഞ്ഞുവെച്ചു. മെത്രാന്‍ സമിതിയുടെ നിര്‍ദ്ദേശത്തെ അംഗീകരിക്കാന്‍ അദ്ദേഹം അറച്ച് നില്‍ക്കുന്നു. അല്ലെങ്കില്‍ എന്തിനെയോ പേടിച്ചു നില്‍ക്കുന്നു! കേവലം അധരവ്യായാമത്തില്‍ എല്ലാം ഒതുക്കുന്നുവോ ഫ്രാന്‍സിസ് പാപ്പാ, എന്ന് സഭാംഗങ്ങള്‍ സംശയിച്ചുതുടങ്ങിയിരിക്കുന്നു!   

അമേരിക്കന്‍ വനിതകള്‍ നേടിയെടുത്ത ഒരു സുപ്രധാന ലൈംഗിക സ്വാതന്ത്ര്യ വിജയമായിരുന്നു 1973  ലെ സുപ്രീം കോടതിയുടെ ഞീല ് ണമറല വിധിയിലൂടെ കരഗതമായത്. അന്നുമുതല്‍  ആ വിധിയെ അട്ടിമറിക്കാനുള്ള കൂട്ടുകെട്ടിലാണ് ചില പള്ളികളും പാര്‍ട്ടിക്കാരും പിന്‍തിരിപ്പന്മാരും.

 ഇസ്ലാംമതവും ബുദ്ധമതവും യഹൂദമതവും മറ്റെല്ലാ മതങ്ങളും സ്ത്രീയെ പുരുഷന്റ്റെ ചൊല്പടിയില്‍ നിറുത്താനുള്ള ചട്ടവട്ടങ്ങളാണ് ചമച്ചുവച്ചിരിക്കുന്നത്. അവയെ തച്ചുടക്കാനുള്ള ശ്രമങ്ങളുടെ അന്തിമ വിജയം ഏറെ അകലെയാണ്. അതില്‍ നിരാശപ്പെടേണ്ടതില്ല.

2020 വനിതാദിനത്തെ ഉയര്‍ത്തിക്കാണിക്കുന്നത് ലിംഗസമത്വത്തിന്റ്റെ വര്ഷമായിട്ടാണ്. ലിംഗസമത്വത്തിന് തടസ്സമായി വര്‍ത്തിക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്യുന്നതിനായി സ്ത്രീപുരുഷ ഭേദമെന്യേ എല്ലാവരും മുന്നോട്ടു വരണമെന്ന വനിതാ വര്‍ഷാഘോഷ സംഘാടകരുടെ ആഹ്വാനം ഉചിതമായിട്ടുണ്ട്. 

ഈ വര്‍ഷത്തെ വനിതാ ദിനാഘോഷവേളയില്‍ സ്ത്രീയും പുരുഷനും ഒന്നുചേര്‍ന്ന് സ്വീകരിക്കേണ്ട ഒരു നിലപാടുണ്ട്: പൊതുജീവിതത്തില്‍ മതങ്ങളുടെ ഇടപെടലുകള്‍ പാടില്ല!

 അവിശ്വസനീയമായ സ്ത്രീശക്തിയാല്‍ മനുഷ്യസമുദായത്തിന്റ്റെ അടിത്തറക്ക്  ഭദ്രത വരുത്തുവാന്‍ ഈ ആഘോഷങ്ങള്‍ ഹേതുവാകട്ടെയെന്ന് നമുക്ക് ആശംസിക്കാം! പ്രതീക്ഷിക്കാം!!

ആഗോള വനിതാദിനം 2020: ചില വിചിന്തനങ്ങള്‍!     -   ജോര്‍ജ് നെടുവേലില്‍ (ഫ്‌ളോറിഡ)
Join WhatsApp News
A C George 2020-03-07 02:10:39
Mr. George Neduvelil Sir, Filled with facts and truths, you gave a powerful message during this world Women's Day (Loka Vanitha Dinam). Thank you.
Fight for Rights. 2020-03-07 10:22:48
A well written factual article. From the very beginning of human history, women were regarded as inferior to men. The Hebrew religion; & Christianity & Islam that originated from it notoriously suppressed the equality of Women and is still continuing. As society progress in culture & Science we all anticipated that women will be treated better & equally. Unfortunately, society is going back to the primitive, barbaric ages. The present-day religions and politics are the culprits. So; women of the world, unite and capture civil power from the males with ego and change the Laws for better & equal rights.- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക