Image

വെയിൽമരങ്ങൾ..(കഥ: സന റബ്സ് )

Published on 06 March, 2020
വെയിൽമരങ്ങൾ..(കഥ: സന റബ്സ് )
"ഇറങ്ങുന്നില്ലേ അച്ഛാ...?"  ശരത് വാതിൽക്കൽ വന്നു വിളിച്ചപ്പോഴും  അയാൾ മുടി ചീകിക്കഴിഞ്ഞിരുന്നില്ല. 

" എന്താ അച്ഛാ... " ശരത് ചോദിച്ചു. 

"ഒന്നുമില്ല, കഴുത്ത് തിരിക്കാൻ വയ്യ. കൈക്കും വേദന... "

ശരത് മുന്നോട്ടു വന്നു ചീപ്പെടുത്തു അച്ഛന്റെ മുടി മുകളിലേക്ക് ചീകി ഒതുക്കി വെച്ചു. കൃതാവിലേക്ക് ഇറങ്ങിയ മുടികളെയും  ഒതുക്കിവെച്ചു. 

"അച്ഛാ... ഷേവ് ചെയ്തില്ലേ....? "

" ഇല്ല മോനെ.. സുഖം തോന്നിയില്ല."

"വയ്യെങ്കിൽ അച്ഛന് എന്നോട് പറഞ്ഞൂടെ..  കല്യാണം കൂടാൻ പോകുമ്പോൾ ഇങ്ങനെ തളർന്ന മുഖവും കൊണ്ടാണോ പോകുന്നെ? "

"ഓ... അങ്ങനെയങ്  പോട്ടെ ഇന്ന്.. ഒരു ഉന്മേഷം തോന്നണില്ല. നീ നിർബന്ധം പിടിച്ചത്കൊണ്ടാണ്  ഈ കല്യാണം കൂടാൻ വെച്ചത്‌ തന്നെ. വാ പോകാം.. "

ആയാസപ്പെട്ടു എഴുന്നേറ്റ് അയാൾ മകനെ നോക്കി. കൈകെട്ടി അച്ഛനെത്തന്നെ നോക്കി നിന്ന ശരത് അവിടെ കട്ടിലിൽ വന്നിരുന്നു. 

"എന്താടാ....? "

" അല്ല, അച്ഛനിപ്പോ  ന്താ പ്രശനം?  ഇന്നലെ മഴമോൾ കമിഴ്ന്നു കിടന്നു നോക്കിയപ്പോൾ പറഞ്ഞല്ലോ നീ വലുതാകുമ്പോൾ ഞാൻ ഉണ്ടാവുമോ?  ഞാൻ ഉണ്ടെങ്കിൽ സ്കൂളിൽ കൊണ്ടാക്കിത്തരാം എന്നൊക്കെ... "

" ശരിയല്ലേ.. ഞാനിനി എത്ര കാലം..?"

" ഓ.. അപ്പൊ മരിക്കാൻ കച്ചകെട്ടി ഇരിക്കുന്നു എന്ന് അല്ലേ...? "

അയാൾ ചിരിച്ചു മകന്റെ മുഖത്ത് തട്ടി. "വാ പോകാം... "

ശരത് അയാളുടെ കൈ പിടിക്കാൻ കൈകൾ നീട്ടി. "ഇല്ലെടാ.. അത്രേം ആയിട്ടില്ല... "

"ഞാൻ ഒരു കാര്യം ആലോചിക്കുന്നു അച്ഛാ... "

"എന്താടാ...? "

"അച്ഛനെ ഒന്നൂടെ കെട്ടിച്ചാലോ എന്ന്.... "

"ഹഹഹ.... " ഇത്തവണ അയാൾ ഉറക്കെ ചിരിച്ചു. 

ശരത് കാര്യമായ ആലോചനയിൽ ആയിരുന്നു.  അച്ഛൻ ഈയിടെ വല്ലാതെ ഏകാന്തതയിൽ വീഴും പോലെ തോന്നുന്നു. താനും ഭാര്യയും കുട്ടികളും രാവിലെ ഇറങ്ങിയാൽ വീട്ടിൽ അച്ഛൻ മാത്രമേ ഉള്ളു.  പിന്നെ ഒരു പട്ടിയും. പട്ടിക്ക്  അച്ഛനെ ഇഷ്ടമാണ്. തിരിച്ചും. 

പക്ഷേ മിണ്ടാൻ ഒരാൾ വേണ്ടേ.... 

വൈകുന്നേരം മുതൽ അപ്പൂപ്പന്റെ കൂടെയാണ് മക്കൾ എപ്പോഴും. എങ്കിലും അച്ഛൻ മറ്റെന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ.... 

"അച്ഛൻ ഇന്നലെ ചെരുപ്പ് ഇടാൻ പ്രയാസപ്പെട്ടു.. ഞാൻ മുറിയിൽ ചെന്നപ്പോൾ ആയാസപ്പെട്ടു ഇരിക്കുന്നു. ഞാൻ ഇട്ടുകൊടുത്തു. ബാത്റൂമിൽ കൊണ്ട് ചെന്നാക്കി. സാരല്ല മോളെ എന്ന് പറയുന്നുണ്ട്.  പക്ഷേ അച്ഛന് വയ്യ.. " സിമി രാത്രിയിൽ പറഞ്ഞുകൊണ്ടിരുന്നു. 

"ഉം... " ശരത് മൂളി 

"നമുക്ക് അച്ഛനും കുട്ടികളുമായി പാർക്കിൽ പോകാം നാളെ.. "

"പാർക്കിൽ പോകുന്നതിലും അച്ഛന് ഇഷ്ടം പാർട്ടി ആഫീസിൽ പോകുന്നതായിരിക്കും." ശരത് പഴയ ഓർമ്മയിൽ പറഞ്ഞു. പാർട്ടിപ്രവർത്തനം കഴിഞ്ഞു വളരെ വൈകി  വീട്ടിൽ അച്ഛൻ വരാറുള്ളത് അയാൾ ഓർത്തു.  പലയിടത്തും സമരങ്ങളും ലാത്തിച്ചാർജ്കളും ഉണ്ടായി  അച്ഛനും കൂട്ടുകാരും ഒളിവിൽ പോയിരുന്നു. കോണ്ഗ്രെസ്സ് എന്നോ മാര്കിസ്റ് എന്നോ നോക്കാതെ അനീതിക്കെതിരായ ഒറ്റയാൾ പട്ടാളങ്ങൾ പോലും സർക്കാർ പേടിച്ചിരുന്ന കാലം. 

ഒരുദിവസം പാതിരാവിൽ വാതിലിൽ മുട്ട് കേട്ട്  അമ്മ എഴുന്നേറ്റു. അച്ഛനായിരുന്നു.  എന്തോ കടലാസുകൾ വിറകുകൂട്ടത്തിൽ ഒളിപ്പിച്ചത്‌ എടുത്തിട്ട് പോകുമ്പോൾ തന്നെയും എടുത്തു വേലിക്കരികിൽ നിൽക്കുന്ന അമ്മയെ കണ്ടു അച്ഛൻ തിരികെ വന്നു. തന്നെ വാരിയെടുത്തു ഉമ്മ വെച്ച് മുണ്ടിന്റെ കോന്തലയിൽ നിന്നും എന്തോ എടുത്തു അമ്മയുടെ നേരെ നീട്ടി. 

 പുഴുങ്ങിയ രണ്ട്  കോഴിമുട്ട!!

എവിടെനിന്നോ കഴിക്കാൻ കിട്ടിയത്  എടുത്തു വെച്ച് കൊണ്ട്വന്നിരിക്കുന്നു. 

ദൂരെ ദൂരെക്ക്  ഓടി മറയുന്ന അച്ഛന്റെ രൂപം ഇപ്പോഴും ഓർമ്മയിൽ ഉണ്ട്. 

ശരത്തിനു ശ്വാസം മുട്ടുംപോലെ തോന്നി. അയാൾ എണീറ്റിരുന്നു. 

അച്ഛൻ ഉറങ്ങിക്കാണുമോ.... ശരത്  എഴുന്നേറ്റു അച്ഛന്റെ മുറിയിലേക്ക് നടന്നു. 

വലതു വശം തിരിഞ്ഞു ശാന്തമായി ഉറങ്ങുന്ന അയാളെ ശരത് കുറെ നേരം നോക്കിനിന്നു. 

അമ്മ മരിച്ചതിൽപിന്നെ വല്ലാതെ പുറത്തേക്കു പോകാറില്ല. അല്പം വാതത്തിന്റെ അലട്ടലും മുട്ട്കാലിന്റെ ചിരട്ട മാറ്റി വെച്ച ബുദ്ധിമുട്ടും ഉണ്ട്.  

കൈവിരലുകൾക്ക് വേദനയും ഉണ്ട്. 

"അച്ഛാ.. ഇന്ന് വൈകീട്ട് പുറത്ത് പോകാം കേട്ടോ... " രാവിലെ ശരത് ഓഫീസിൽ പോകാൻ നേരം അയാളുടെ മുറിയിൽ എത്തി. 

അച്ഛൻ ഭംഗിയായി വേഷം ധരിച്ചു നിൽക്കുന്നു. ഷർട്ടിന്റെ ബട്ടൺ ഇട്ടാൽ മതി ഇനി. 

"എവിടെ പോകുന്നു?  പുതിയാപ്ലാ ആയല്ലോ..." ശരത് കളിയാക്കി. 

" ഒന്നൂല്ല... പുറത്തേക്ക് പോയാലോ എന്ന് തോന്നി.. നീ ഒരു ടാക്സി വിളിക്ക്... "

"എങ്ങോട്ടാ...? "

" വെറുതെ ടൗണിൽ.. മുൻപ് നടന്ന വഴികൾ ഒക്കെ ഒന്നൂടി കാണാൻ.. കാറിൽ ഇരുന്ന് മതി."

 ശരത് ഭാര്യയെയും കുട്ടികളെയും  സ്കൂളിൽ വിട്ടു ടാക്സിക്കാരനെ വിളിച്ചു കാര്യം പറഞ്ഞു.  ഓഫീസിൽ തന്റെ ക്യാബിനിലേക്കു കയറുമ്പോൾ ഓഫീസിൽ ഹാളിലെ ടീവി സ്‌ക്രീനിൽ ഒരു കുഞ്ഞിനെ എടുത്തുയർത്തുന്ന ഒരച്ഛൻ... പുലർവെളിച്ചത്തിലെ പൊന്കതിർ നിറവിൽ ആ കുട്ടിയുടെ പൊട്ടിച്ചിരി അവിടെ മുഴങ്ങുന്നു.  മഞ്ഞുതുള്ളികളിൽ പോലും കുഞ്ഞു സൂര്യന്മാർ കൺചിമ്മുന്നു. 

ടാക്സി കാത്തിരുന്ന അയാൾ മകനെ മുന്നിൽ കണ്ടു അമ്പരന്നു. 

" നിനക്ക് ഓഫീസില്ലേ ..?"

" ഉണ്ട്.. പക്ഷേ ഞാനും ണ്ട് അച്ഛന്റെ കൂടെ... "

" എങ്ങോട്ട്...? "

"അച്ഛൻ പോകുന്നിടത്തേക്ക്... "

അയാൾ ശരത്തിനെ കൗതുകത്തോടെ നോക്കി. പണ്ട് താൻ പുറത്ത് പോകുമ്പോൾ ശാഠ്യത്തോടെ മുണ്ടിൽ  പിടിക്കുന്ന അതേ കൊച്ചുകുട്ടി. 

"ഞാൻ എവിടേയ്ക്കാച്ചാ നീ പുറപ്പെടുന്നേ... "

"അച്ഛൻ എവിടെപ്പോകുന്നോ അവിടേയ്ക്ക്..."

അയാൾ എഴുന്നേറ്റു. ശരത് എഴുന്നേറ്റു അച്ഛന്റെ ഷർട്ട്‌ന്റെ ബട്ടൻ ഇട്ടുകൊടുത്തു. അയാൾ ചിരിച്ചു. 

"ആരെങ്കിലും ഇതൊന്നു ഇട്ടു തന്നിരുന്നെങ്കിൽ എന്ന് ഓർക്കാറുണ്ട് പലപ്പോഴും."

"എന്നിട്ട്...? "

"നീ ഓഫീസിൽ പോകുന്ന തിരക്കല്ലേ.  സിമിയും. ഇനി മഴമോൾ വലുതാവട്ടെ. അപ്പോഴേക്കും ഞാൻ ഉണ്ടെങ്കിൽ... "

" ഒന്ന് നീട്ടി വിളിക്കാൻ എന്താ അച്ഛാ മടി... " ശരത് അയാളെ കെട്ടിപ്പിടിച്ചു. 

ഇവിടെ എപ്പോഴും ഇരിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ ഏതു മകനാണ് ജോലി ഇല്ലാതെയിരുന്ന് അച്ഛനെയും അമ്മയെയും നോക്കാൻ പറ്റുക.  

"അച്ഛാ.... ജോലി കളയാൻ പറ്റുമോ അച്ഛാ... സത്യത്തിൽ അച്ഛന്റെ കൂടെ അമ്മ ഉണ്ടായിരുന്നെങ്കിൽ വല്ലാതെ ആഗ്രഹിക്കുന്നു."

"സാരമില്ല.. നീയില്ലെ.. സിമി എന്റെ സ്വന്തം മോളാ... നിനക്കറിയില്ലേ...  വാ പോകാം... "

കാറോടിക്കുമ്പോൾ അയാൾ വാ തോരാതെ സംസാരിച്ചു.  പണ്ട് മകനെയും കൊണ്ട് നടന്ന വഴികളെല്ലാം ഇപ്പോൾ മാളുകളും ഹോട്ടലുകളും ആയി മാറി. 

"ഡാ വടക്കുംനാഥനെ കണ്ടിട്ട് കുറച്ചായി. നീയങ്ങോട്ടു കാർ കയറ്റിക്കോ... " ശരത്തിന്റെ കൈ പിടിക്കാതെ അയാൾ കാർ ഇറങ്ങി  മുന്നോട്ട് നടന്നു. ഒരു കൊച്ചുകുട്ടി അയാളുടെ ഉള്ളിൽ നിന്നും വാർദ്ധക്യത്തെ തോൽപ്പിക്കാൻ കുതറുന്നു. ശരത് ഓടി അടുത്തെത്തി. 

"അച്ഛാ... സൂക്ഷിച്ച്.. വീണാൽ അത് ഈ പ്രായത്തിൽ ലാസ്റ്റ് ബെൽ ആണ്... "

വഴിയിലെ കച്ചവടക്കാരിൽ നിന്നും അയാൾ പാവക്കുട്ടിയുടെ മുഖമുള്ള കീ ചെയിൻ വാങ്ങിച്ചു. 

"മഴമോൾക്കാണോ...?"

"എന്താടാ... എനിക്ക് പറ്റില്ലേ?  മുറിയിൽ വാതിൽക്കൽ കൊളുത്തിയിടാം... "

"ഓഹോ... ഇപ്പഴും തരളിതൻ ആണല്ലേ.... " ശരത് പ്രത്യേക ഈണത്തിൽ  അയാളെ ഇടംകണ്ണിട്ട് നോക്കി ചിരിച്ചു. 

"എനിക്ക് രണ്ട് കയ്യും വീശി ഈ മൈതാനത്ത്‌കൂടി നടക്കണം. ഇന്ത്യൻ കോഫിഹൌസിൽ കയറി ഒരു ചൂടുള്ള മസാലദോശയും  സുലൈമാനിയും കുടിക്കണം."

"ശരി. തല്ക്കാലം ഈ കൈകളിൽ കയറി വീശിയാൽ മതി." 

അവർ ഹോട്ടലിലേക്കു കയറി. അയാളെ പരിചയമുള്ള പലരും വന്നു കുശലം പറഞ്ഞു. നരച്ച മുടിയുള്ള മുഖത്ത് കുട്ടിത്തവും ഗൗരവവും സ്നേഹവും നിറഞ്ഞ കുറെ അച്ഛന്മാരെ ശരത് കണ്ടു. അവരെല്ലാം ശരത്തിന്റെ അച്ഛന്റെ കൂട്ടുകാർ ആരുന്നു. 

"എങ്ങനെ അറിഞ്ഞു ഇപ്പോൾ അച്ഛനിവിടെ വരുമെന്ന്.... " ശരത്തിനു അത്ഭുതം മറച്ചുവെയ്ക്കാൻ ആയില്ല. 

"അതിനല്ലെടാ മോനെ ഫോൺ ഉള്ളത്. നിങ്ങൾ ചെയ്യും പോലെ നമ്മൾ വാട്സ്ആപ്പും ചാറ്റും ഇല്ല. ഫോൺ വിളിച്ചു സംസാരിക്കും. ഞങ്ങൾക്കും മിണ്ടണ്ടെ?  നിങ്ങളൊക്കെ വൈകുന്നേരമല്ലേ കൂട്ടിൽ കേറൂ... "

അതെ... ശരീരത്തിന് പ്രായമായാലും ഉള്ളിലെ കുട്ടിത്തം മറയില്ലാതെ പുറത്ത് വരുന്ന സമയത്ത് മറ്റൊരു 'മുതിർന്ന കുട്ടി' യോട് മിണ്ടിപറഞ്ഞു ഇരിക്കാൻ.... താൻ ഒറ്റയ്ക്കാണോ എന്ന ഭയത്തെ മറികടക്കാൻ തന്നിൽ തന്നെയുള്ള കുട്ടിയെ മാറത്തു ചേർത്തി പുറത്തു തട്ടുന്ന അച്ഛൻ.... 

പാവക്കുട്ടിയുടെ കീചെയിൻ അവിടെത്തെ മുഴുവൻ കൈകളുടേയും ലാളനകൾ ഏറ്റുവാങ്ങി. 

"എടാ മോനെ... " അടുത്തിരുന്ന അങ്കിൾ തോണ്ടിവിളിച്ചു. 

"എടാ മോനെ... അതൊരു പാവക്കുട്ടിയല്ല ഇപ്പോൾ... സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിക്കുന്ന മനസ്സുകളുടെ കൈയിൽ കിട്ടിയ ഒരു ചിമിഴഴക്   ഹൃദയമാണ്."

ശരത്തിനു പലപ്പോഴും കണ്ണ് നിറഞ്ഞു. 

എങ്ങനെയാണ് ഈ നിശബ്ദതയെ ഭേദിക്കുക.. 

രാവിലെ എണീറ്റു അച്ഛന്റെ അടുത്തിരുന്നു പേപ്പർ വായിക്കുന്ന ആ കുട്ടിയാവാൻ... 

ജോലിക്ക് പോകുമ്പോൾ ആ മുണ്ടിൽ പിടിച്ചു പിന്നോട്ട് വലിക്കുന്ന കുട്ടിയാവാൻ.... 

ഉരുള ഒരുട്ടുമ്പോൾ വായ് തുറക്കുന്ന പൈതൽ ആവാൻ..... 

പച്ചക്കറി വാങ്ങാനും മത്സ്യം വിലപേശാനും കൂടെ നിൽക്കുന്ന കുട്ടിയാവാൻ... 

സ്കൂൾ നോട്ട് ബുക്കിൽ അച്ഛൻ എന്നെഴുതി അച്ഛനെ കാണിച്ചു ഉമ്മ വാങ്ങാൻ... 

എല്ലാം എല്ലാം തന്റെ അച്ഛനും ചെയ്തുകൊടുക്കാൻ അയാൾ ഉള്ളിൽ ആർത്തലച്ചുകൊണ്ട് പെയ്തു.  എന്റെ യവ്വനം അച്ഛനെടുക്ക് അച്ഛാ... എനിക്കച്ഛന്റെ മോനായാൽ മതി... ആ കൊച്ചുകുട്ടിയായാൽ മതി. 

അച്ഛന്റെ മോതിരമിട്ട വിരലിൽ ശരത്തിന്റെ കൈകൾ ഉണ്ടായിരുന്നു. ആ കൈകളുടെ ആവേഗമറിഞ്ഞ അയാൾ മകനെ നോക്കി പുഞ്ചിരിച്ചു. ആ കണ്ണുകൾ പറഞ്ഞു. 

"ഞാൻ എവിടേം പോണില്ലെടാ.. നീയൊന്ന് അടങ്ങിയിരിക്കാമോ.... നിന്നെ വിട്ട് ഞാൻ എവിടെ പോകാൻ.... "

                  ........................................................... 

Join WhatsApp News
Boby Varghese 2020-03-07 08:50:23
Beautiful. Very beautiful.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക