Image

മിത്രം (കവിത -ഡോ.എസ്. രമ)

Published on 05 March, 2020
മിത്രം (കവിത -ഡോ.എസ്. രമ)
ആത്മമിത്രത്തിന്നകാല
വിയോഗത്തിലവനി-
ടങ്ങളിലന്യനാകുമതിവേഗം
ഓര്‍മ്മയോളങ്ങളിടയ്‌ക്കൊക്കെ
കണ്ണുനീര്‍തുള്ളികളാകും...

അവിചാരിതമൊരു
യാത്രയിലാകസ്മികതയിലവിടെയിറങ്ങവെ
പാറാവുകാരന്റെ കണ്ണിലെ
നക്ഷത്രതിളക്കമ-
ദൃശ്യമൊരാത്മാവിന്റെ-
യന്വേഷണമായി..
കാറ്റിന്റെ മര്‍മ്മരങ്ങളാരു-
മറിയാതെ കഥകള്‍ ചൊല്ലി..

ഭൂതകാലത്തിലെ മറക്കാനാകാത്ത
നാഴികകല്ലുകളെപ്പറ്റിയൊപ്പം
വന്നവരോടു ചൊല്ലി ഞാനും

ഹൃദയത്തില്‍ കയ്യൊപ്പ്
ചേര്‍ത്തൊരാത്മാവിന്റെ
സന്തോഷതിമിര്‍പ്പിലാ
തരുക്കളപ്പോള്‍ തലകുലുക്കി..

പരിചാരികയുടെ ചായക്ക്
പാകത്തിന് മാത്രമോ
മധുരമെന്നാരോ
രഹസ്യമായ് തിരക്കി...
ഇരുവര്‍ക്കുമിടയില്‍
ജനിച്ചസ്തമിച്ചൊരായിരം
കാര്യങ്ങളപ്പോള്‍
മനസ്സിലാര്‍ത്തിരമ്പുമൊരു
കടലായി...

മുക്കും മൂലയും ചുറ്റി ചുറ്റിയാ
പഴയ കാലമത്രയും
ചികഞ്ഞെടുത്തൊപ്പമുള്ളവരോട്
പങ്കുവക്കാതിരിക്കാന്‍
കഴിയുവതെങ്ങിനെ?

മടങ്ങുമ്പോഴിനിയൊരിക്കലും
സഫലമാകാത്ത
സ്വപ്നങ്ങളൊരു തേങ്ങലായി..
ഇലയനക്കങ്ങളില്‍
നിന്നു പോലും
വേര്‍പെട്ടൊരാത്മാവപ്പോള്‍
സെമിത്തേരിയിലെ മാര്‍ബിള്‍
ഫലകങ്ങള്‍ക്കിടയിലേക്ക്
തിരികെപ്പോയി....
മിത്രം (കവിത -ഡോ.എസ്. രമ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക