Image

കൊറോണയെ ആര്‍ക്കാണ് പേടി? (പകല്‍ക്കിനാവ് 190: ജോര്‍ജ് തുമ്പയില്‍ )

ജോര്‍ജ് തുമ്പയില്‍ Published on 05 March, 2020
കൊറോണയെ ആര്‍ക്കാണ് പേടി?  (പകല്‍ക്കിനാവ് 190:   ജോര്‍ജ് തുമ്പയില്‍ )
ചൈനയിലെ വുഹാന്‍ നഗരത്തില്‍ 2019 ഡിസംബര്‍ 31-ന് പടര്‍ന്ന ന്യൂമോണിയ പിന്നീട് കൊറോണ രോഗമായി ലോകമെങ്ങും വ്യാപിച്ചിരിക്കുകയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി എന്നു ലോകാരോഗ്യസംഘടന തന്നെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. രോഗം പടരാതിരിക്കാന്‍ പലേടത്തും വലിയ ജാഗ്രതകള്‍ സ്വീകരിച്ചിരിക്കുന്നു. അമേരിക്കയില്‍ നിരവധി കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അറുപതു ദിവസത്തിനുള്ളില്‍ ആദ്യ മരണവും യുഎസില്‍ സംഭവിച്ചു. വാഷിംഗ്ടണ്‍ സ്‌റ്റേറ്റിലെ സിയാറ്റിലിലായിരുന്നു ഇത്. കാലിഫോര്‍ണിയ, ഓറിഗണ്‍ എന്നിവിടങ്ങളിലും ചിലര്‍ക്ക് വൈറസ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ന്യൂജേഴ്‌സിയിലെ മൊന്‍മത്തില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗിയെ നിരീക്ഷിക്കുന്നു. ന്യുയോര്‍ക്ക് സിറ്റിയില്‍ ഇതേ വരെ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ലോകത്താകെ ഒരു ലക്ഷത്തോളം പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് കണക്ക്. മൂവായിരത്തോളം പേര്‍ മരിച്ചത് വെറും രണ്ടു മാസത്തിനുള്ളില്‍. യുഎസ് അടക്കം പല രാജ്യങ്ങളും രോഗം ബാധിച്ചയിടങ്ങളിലേക്കുള്ള വ്യോമയാന ഗതാഗതം നിര്‍ത്തി. പലരും പുറത്തു നിന്നുള്ളവരെ സ്വീകരിക്കാന്‍ മടിക്കുന്നു. അത്രയ്ക്കും ഭയാനകമാണ് കാര്യങ്ങള്‍.

കാര്യങ്ങള്‍ ഇങ്ങനെ ഭീതികരമായി തുടരുമ്പോഴും സമൂഹമാധ്യമങ്ങളില്‍ ഇപ്പോഴും കൊറോണ വലിയ തമാശയായി മുന്നേറുകയാണ്. കൊറോണയെ ആര്‍ക്കും ഭയമില്ലെന്നും, ഇതു തങ്ങളുടെ ഏഴയല്‍പക്കത്ത് പോലുമെത്തില്ലെന്ന മട്ടിലാണ് സന്ദേശങ്ങള്‍ പരക്കുന്നത്. തെറ്റിദ്ധാരണ പടര്‍ത്തുന്ന നിരവധി സന്ദേശങ്ങള്‍ ഇവിടെ പറന്നു കളിക്കുന്നു. ഇത്തരം നവമാധ്യമങ്ങളോടു ശക്തമായ എതിര്‍പ്പുള്ളതിനാല്‍ ഈ ലേഖകന്‍ ഇപ്പോഴും ഫേസ്ബുക്ക് പോലെയുള്ള വിവരപങ്കിടല്‍ മാധ്യമത്തില്‍ പങ്കാളിയല്ല. എന്നാല്‍, അടിയന്തരാവശ്യമുള്ള ഇന്‍സ്റ്റന്റ് മെസേജിങ് സംവിധാനമായ വാട്‌സ് ആപ്പില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും കഴിയുന്നില്ല. ഇവിടെയാണ് ഇപ്പോള്‍ തെറ്റിദ്ധാരണ പരത്തുന്നതും അസ്വാഭാവികവുമായ വാര്‍ത്തകള്‍ പരക്കുന്നത്, അതും തലയ്ക്ക് മീതേ കൊറോണ വൈറസ് തൂങ്ങിയാടുമ്പോള്‍. ശുദ്ധ അസംബന്ധമായ ഇത്തരം വാര്‍ത്തകള്‍ ശരിയെന്ന മട്ടില്‍ പറത്തി വിടുന്നത് വിവരവും വിദ്യാഭ്യാസമുള്ളവരാണെന്നതും ഓര്‍ക്കണം. അത്തരത്തില്‍ രണ്ടു കാര്യങ്ങളെക്കുറിച്ചു പറയാം. 
ചൈനയുടെ അടുത്ത അയല്‍വാസിയാണെങ്കിലും ഇന്ത്യ കൊറോണ വൈറസ് രഹിതമാണെന്നും ഇതിനുള്ള വലിയ കാര്യങ്ങള്‍ ഇനി പറയുന്നതാണെന്നും കാണിച്ചു കൊണ്ടുള്ള ഒരു വാട്‌സ് ആപ്പ് സന്ദേശം നിരവധി ഗ്രൂപ്പുകളിലാണ് ഈ ലേഖകന്‍ കാണാനിടയായത്. ഈ ഗ്രൂപ്പുകളിലെല്ലാം തന്നെ ആതുരസേവനരംഗത്ത് വലിയ സംഭവാനകള്‍ നല്‍കുന്ന വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവും ഉണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നു.

വാട്‌സ ആപ്പ് സന്ദേശം ഏതാണ്ട് ഇപ്രകാരമായിരുന്നു. അതില്‍ ഇന്ത്യയില്‍ കൊറോണ പരക്കാതിരിക്കാന്‍ പത്തു ന്യായങ്ങളാണ് പറയുന്നത്. കൊറോണ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയുള്ളതായിട്ടും, അയല്‍രാജ്യമായിട്ടും ഇന്ത്യ രക്ഷപ്പെട്ടു നില്‍ക്കുന്നതിന്റെ കാരണങ്ങള്‍ കേട്ടാല്‍ ബോധമുള്ള ആരും ചിരിച്ചുപോകും. സംഗതി ഇങ്ങനെ-
1) ഇന്ത്യന്‍ ജീനുകള്‍ കൊറോണ വൈറസ് പരത്തുന്ന രോഗത്തെ കാര്യമായി പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണത്രേ. (ഇന്ത്യക്കാര്‍ക്കു മാത്രമായി എന്തൊരു ജീന്‍! ബംഗ്ലാദേശികളും പാക്കിസ്ഥാനികളും നേപ്പാളുകാരും, ഭൂട്ടാന്‍കാരും എന്തിന് ബദ്ധവൈരികളായ സിക്കീമുകാര്‍ക്കും ഇന്ത്യക്കാരില്‍ നിന്നും വിഭിന്നമായ ഏതു തരം ജീന്‍ ആണാവോ ശരീരത്തില്‍ ഉള്ളത്.)
2) കുറഞ്ഞ ശുചിത്വം ഇന്ത്യക്കാരെ ഈ വൈറസില്‍ നിന്ന് പ്രതിരോധിക്കാന്‍ പ്രേരിപ്പിച്ചു.
3) ഇന്ത്യന്‍ കറിയില്‍ ആന്റിവൈറല്‍ ഘടകങ്ങള്‍ അടങ്ങിയിരിക്കാം.
4) നമ്മുടെ ഭക്ഷണത്തിലെ ഉയര്‍ന്ന അളവിലുള്ള മുളകുകള്‍ സി 19 വഴി പടരുന്ന ശ്വാസകോശ അണുബാധ തടയാന്‍ സഹായിക്കുന്നു.
5) കൈ കഴുകുന്ന ഇന്ത്യന്‍ ശീലവും രോഗത്തെ പ്രതിരോധിക്കുന്നതില്‍ വലിയൊരു പങ്കു വഹിച്ചേക്കാം.
6) മിക്ക ഇന്ത്യക്കാരും ചൂടുള്ള ഭക്ഷണം കഴിക്കുന്നു, ഭക്ഷണം പങ്കിടുന്നില്ല. ഇത് അണുബാധ വ്യാപിക്കുന്നത് തടയുന്നു.
7) ഹസ്തദാനം നടത്താത്തതിനാലും അതു കൊണ്ടു തന്നെ ജനങ്ങള്‍ പരസ്പരം സ്പര്‍ശിക്കാത്തതിനാലും വൈറസ് ബാധ ഉണ്ടാകാതെ സഹായിക്കുന്നു.
8) സി 19 നെ കൊല്ലുന്ന ചൂടുള്ള കാലാവസ്ഥയാണ് ഇന്ത്യയിലുള്ളത്. 
9) ഇന്ത്യക്കാര്‍ ധാരാളം സസ്യഭുക്കുകളാണ്, നോണ്‍-വെജിറ്റേറിയന്‍മാര്‍ക്ക് പോലും പച്ചക്കറികളിലേക്ക് മാറാനുള്ള വലിയ സാഹചര്യമാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം സി 19 പേടിക്ക് ശേഷം മാംസം കഴിക്കുന്നത് ഇന്ത്യയില്‍ ഗണ്യമായി കുറഞ്ഞു.
വാസ്തവത്തില്‍, ലോകാരോഗ്യസംഘടനയും ചൈനയും 1.38 ബില്യണ്‍ ജനസംഖ്യയുള്ള ഒരു രാജ്യം കൊറോണ വൈറസ് രഹിതമാകുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുകയാണ്! വാട്‌സ് ആപ്പ് സന്ദേശം അവസാനിച്ചിരിക്കുന്നു. ഒറ്റനോട്ടത്തില്‍ ബൗദ്ധികമായി ആരെയും കീഴടക്കുന്ന ഒരു സന്ദേശമാണിത്. പ്രത്യേകിച്ച് ഇന്ത്യന്‍ വികാരമുണര്‍ത്തുന്ന ഒരു പോസ്റ്റ്. വായിച്ചു കഴിഞ്ഞാലുടന്‍ ആര്‍ക്കെങ്കിലുമൊക്കെ ഷെയര്‍ ചെയ്യാന്‍ തോന്നിക്കുന്ന പോസ്റ്റ്. ഇതിനെ എങ്ങനെയാണ് മറ്റുള്ളവര്‍ കാണുന്നതെന്നു പോലും ചിന്തിക്കാതെയാണ് ഇതു പടര്‍ത്തുന്നത്. അവരുടെ മുന്നില്‍ ഇന്ത്യക്കാര്‍ സ്വയം അപഹാസ്യരാവുകയുള്ളുവെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ലല്ലോ.
ഇനി മറ്റൊന്ന് കാണാം. ഇത് ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെയാണ് പടരുന്നത്. ഇതിന്റെ ലിങ്കുകള്‍ വാട്‌സ് ആപ്പിലും പ്രചരിക്കുന്നുണ്ട്. സംഗതി ന്യൂയോര്‍ക്ക് ടൈംസും വായനക്കാരെ അറിയിച്ചതോടെയാണ് കോമഡി സീരിയസായി മാറിയത്. സംഗതി ഇതാണ്-
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനിടയില്‍ ചില അമേരിക്കന്‍ ബിയര്‍ പ്രേമികള്‍ കൊറോണ എന്ന ബിയര്‍ ഒഴിവാക്കുന്നുവെന്ന് പുതിയ സര്‍വേയില്‍ പറയുന്നു. സര്‍വേ പ്രകാരം 38 ശതമാനം ബിയര്‍ കുടിക്കുന്നവര്‍ കൊറോണബിയര്‍ മാരകമായ വൈറസ് പടരുന്നതിനാല്‍ വാങ്ങില്ലെന്ന് വാദിച്ചു. 'കൊറോണ വൈറസ് കാരണം കൊറോണ ബിയര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ് അനുഭവിക്കുന്നുണ്ടെന്നതില്‍ തര്‍ക്കമില്ല,' സ്ഥാപകനായ റോണ്‍ ടൊറോസിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, ഏതൊരാള്‍ക്കുമറിയാം ബിയറും വൈറസും പേരില്‍ ഒഴികെ അറിയപ്പെടുന്ന ഒരു ബന്ധവുമില്ലെന്ന്. സര്‍വേയില്‍ സമ്മതിച്ച ഒരു കാര്യമുണ്ട്. കൊറോണ ബിയര്‍ പതിവായി കഴിക്കുന്നുവെന്ന് പറഞ്ഞ 14 ശതമാനം പേര്‍ പരസ്യമായി പാനീയത്തിന് ഓര്‍ഡര്‍ നല്‍കില്ലെന്ന് അഭിപ്രായപ്പെട്ടു. കൊറോണ ബിയറുമായി വൈറസ് ബന്ധമുണ്ടോയെന്ന് ഉറപ്പില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 16 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.

737 ബിയര്‍ കുടിയന്മാരെയാണ് സര്‍വേ ചോദ്യം ചെയ്തത്. അല്‍ബാനി യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍ അടുത്തിടെ കൊറോണ ബിയറുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഒരു ഓഫ് കാമ്പസ് പാര്‍ട്ടി നടത്തിയത് മാധ്യമങ്ങളില്‍ വന്നതാണ് ഇത്തരമൊരു സര്‍വ്വേയ്ക്ക് കാരണമായത്. കൊറോണ ബിയറിന് കൊറോണ വൈറസുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്ന് ഏതൊരു സാധാരണക്കാരനും അറിയാമായിരുന്നിട്ടും എന്തിനാവും വിദ്യാഭ്യാസ സമ്പന്നരെന്ന് അവകാശപ്പെടുന്നവര്‍ പോലും ഇതു വേണ്ടെന്നു വയ്ക്കുന്നത്. അടിസ്ഥാനപരമായ ഭയമാവും കാരണം, അല്ലാതെന്ത്! എന്തായാലും ഒരു അപേക്ഷയുണ്ട്, ദയവായി ഇത്തരം തമാശകള്‍ പങ്കുവയ്ക്കാനുള്ള ഒരു സാഹചര്യമില്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്. അപ്പുറത്തെ വീട്ടിലുള്ളവന്റെ ദയനീയാവസ്ഥ കണ്ട് ഊറിച്ചിരിക്കുന്നത് എന്തിന്റെ പേരിലാണെങ്കിലും നമുക്ക് എതിര്‍ക്കാം. അത് മാനുഷികമല്ല, പൈശാചികമാണ്. അത്രമാത്രം ഓര്‍മ്മിക്കുന്നത് നന്ന്.

കൊറോണയെ ആര്‍ക്കാണ് പേടി?  (പകല്‍ക്കിനാവ് 190:   ജോര്‍ജ് തുമ്പയില്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക