Image

മുത്തശ്ശിമരം പേരക്കുട്ടിയോട് (കവിത: സുജാത കെ. പിള്ള )

Published on 05 March, 2020
മുത്തശ്ശിമരം പേരക്കുട്ടിയോട്  (കവിത: സുജാത കെ. പിള്ള )

നിനക്കെന്തറിയാം
മനുഷ്യനെ, പ്രകൃതിയെ, ഭൂമിയെ..

ഗർഭ ഗൃഹത്തിൽ വച്ചേ
എന്നെ അലസിപ്പിക്കാൻ
നോക്കീയവർ

കൺതുറന്നപ്പോൾ 
കയ്യും കാലുമറ്റ് ചലനമില്ലാത്ത മുത്തശ്ശൻ
ചങ്കിലെ പിടപ്പിനിയും മാറിയില്ല...

ഈ മെല്ലെ വീശുന്ന കാറ്റ്
നീ വിശ്വസിക്കേണ്ട,
നമ്മുടെ പ്രാണനെടുക്കാനും
ഇതിനറിയാം
കഴിഞ്ഞ നൂറ്റാണ്ടിൽ
നമ്മുടെ മുത്തശ്ശിയെ
നിലവിളിച്ച്, താഴ്വേരുകൾ
മേലോട്ടായി  
കിടന്ന രൂപം
ഓ..ഓർമ്മിക്കാനാവുന്നില്ല.

എപ്പോഴും പേടിക്കണം 
ചുറ്റുമുളള എല്ലാത്തിനെയും...
ഭൂമിയെ, 
നിനക്കെന്തറിയാം?
ചേർത്തുപിടിച്ചണയ്ക്കു-
മ്പോഴും പൊട്ടിത്തെറിക്കാം.
ഇടറിയ ചില ചലനങ്ങൾ എപ്പോഴുമാകാം. 
നമ്മൾ വാത്സ്യല്ലിച്ചു മുത്തം നൽകി,  ഊട്ടിയുറക്കി വളർത്തിയ ചില്ലകൾ 
താഴെവീണ് ചലനമറ്റ് 
ഏതുനിമിഷവും പിടയാം. 

എല്ലാത്തിനെയും പേടിക്കണം.
എപ്പോഴും പേടിക്കണം.

ഊരേ ഉടയവൻ തന്നുളളൂ. 
ഓടിയൊളിക്കാൻ ചലനശേഷിയോ, 
അലറിവിളിക്കാൻ കണ്ഠമോ തന്നില്ല.
നിശ്ശബ്ദം സഹിക്കണം
ഉയിർത്തെഴുന്നേറ്റവന്റെ
ഒരു കണ്ണോ,  യുഗപുരുഷന്റെ
പിറവിയോ ഉണ്ടാകുന്നതു വരെ കാത്തിരിക്കണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക