Image

കറവപ്പശു (കഥ: ആഷ്‌ന അഷിൻ)

Published on 05 March, 2020
കറവപ്പശു  (കഥ: ആഷ്‌ന അഷിൻ)
 "നല്ല മുന്തിയ ഇനം കറവപ്പശുവാണ്, അമ്മിണി... ഇതിനെമാത്രം ആരൊക്കെ എതിർത്താലും കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. അങ്ങേപ്രത്തേതിനെ വേണേൽ ഗിരിയോട് വന്ന് കൊണ്ടുപൊക്കോളാൻ പറ. "
               
കുഞ്ഞുനാൾ മുതലേ വീട്ടിലെ പയ്യിന്റെയും താറാവിന്റെയും ഒച്ച കേട്ട് ശീലമായിപ്പോയ മണിയമ്മയുടെ തൊഴുത്തിലിപ്പോൾ രണ്ട് പശുക്കളെ ആകെ ഉള്ളു. തൊഴുത്തെന്ന് വെറുതേ പറഞ്ഞുവെന്നേ ഉള്ളു, ഒരു ചായിപ്പ്. മൂത്തമകന് റെയ്ൽവേയിൽ പണി കിട്ടിയപ്പോൾ ഓടിട്ടവീടിന് ഗുമ്മില്ലന്ന് പറഞ്ഞ് എഞ്ചിനീയർ വന്ന് രണ്ട് നിലയാക്കി. ഇളയവൻ കാനഡയിൽ പോയപ്പോൾ മണിയമ്മയുടെ വാശിയുടെ പുറത്ത് മാത്രം നിലകൊണ്ട തൊഴുത്തും വെറും ചായിപ്പിലേക്ക് ഒതുങ്ങിക്കൂടി. വല്ലപ്പോഴും അതിഥികളായി എത്തുന്ന മക്കൾക്കും മരുമക്കൾക്കും അവശേഷിക്കുന്ന പശുക്കളും അധികപ്പറ്റായി തോന്നിത്തുടങ്ങി എന്ന് മനസ്സിലായത് ശങ്കരൻ രാവിലെ വന്ന് "പശുവിനെ നോക്കാൻ നാളെ ഗിരി വരുമെന്ന്  പറഞ്ഞപ്പോഴാണ്. 
         
 "കല്യാണി നിന്റെ പെങ്കൊച്ചിന് ചെറുക്കനെ നോക്കണ്ടേ.. "
           
"ഓ.. ഇപ്പോ എന്തിനാ മണിയമ്മേ..? "
"നല്ലൊരു ചെക്കന്റെ ആലോചന വന്നെന്ന് കേട്ടല്ലോ..? "
"ഓ.. എന്ത് നല്ലത്.. കേറിചെല്ലുമ്പോൾ അറിയാം... "
              
ആ സ്ത്രീയോട് പിന്നെ എന്താണ് പറയേണ്ടത് എന്നറിയാതെ ഒരു നിമിഷം മൗനം പാലിച്ചു. പെണ്മക്കൾ വയസ്സറിയിക്കുമ്പോഴേ അമ്മമാർക്ക് ഉള്ളിൽ തീയാണ്. ഈ അമ്മ മാത്രം എന്താ ഇങ്ങനെ. ഗൃഹനാഥൻ കിടപ്പിലായിട്ട് വർഷങ്ങളായി. ഇപ്പോൾ ഓക്സിജൻ സിലിണ്ടർ ഇല്ലെങ്കിൽ യമദേവനൊപ്പം പോകാൻ പാകത്തിനാണ് കാര്യങ്ങൾ. അയാൾ കിടപ്പിലായതിന്റെ അന്ന് അവസാനിച്ചതാണ് ആ പെങ്കൊച്ചിന്റെ പഠിപ്പും കൗമാരവും, അന്ന് ക്ഷയിച്ചതാണ് അതിന്റെ ആരോഗ്യം. മൂത്തത് ഒരു ചെക്കനാണെന്ന് പറഞ്ഞിട്ടെന്താ കാര്യം. കുടിച്ചും കളിച്ചും നടന്ന് എവിടുന്നോ ഒരു എട്ടും പൊട്ടും തിരിയാത്ത പെണ്ണിനെയും വിളിച്ചിറക്കിക്കൊണ്ട് വന്നു. ഇപ്പോൾ ഒരു കുഞ്ഞും ഉണ്ട്. ഈ ഇവിടെ നിന്നും ഇപ്പോൾ വലിയ വർത്താനം പറഞ്ഞ് പോയ സ്ത്രീക്കോ, വീട്ടിലും നാട്ടിലും പരദൂഷണം പറച്ചിൽ അല്ലാതെ വരുമാനം കിട്ടുന്ന പണി ഒന്നും ഇല്ല, വേണ്ടാന്ന് വെച്ചിട്ടാണ് !!!.
         
എല്ലുമുറിയെ പണിയെടുത്ത് പോറ്റാൻ ഒരു മകൾ വീട്ടിൽ ഉണ്ടല്ലോ !!! ആ കുട്ടിയെ കാണുമ്പോൾ ഒരു "മാടിന്റെ ജന്മം" ആയിട്ട് ആണ് എനിക്ക് തോന്നാറുള്ളത്.അതിരാവിലെ കുളിച്ചൊരുങ്ങി ഓടുന്നത് കാണാം, കമ്പനിയിലേക്ക്. മുഖം എപ്പോഴും ദേഷ്യഭാവത്തിൽ ആയിരിക്കും. എന്തെങ്കിലും കഴിച്ചിട്ടാണോ പോകുന്നതെന്ന് അറിയില്ല. തിരിച്ച് എത്തുമ്പോൾ ചിലപ്പോൾ ആറേഴ് മണി ആകും. സീസൺ സമയം ആണെങ്കിൽ പത്ത് മണി ഒക്കെ കഴിയും. മിക്കവാറും അപ്പുറത്തെ വീട്ടിലെ രാഘവേട്ടന്റെ ഓട്ടോയ്ക്ക് ആകും വരാറുള്ളത്. അയാൾ ഒരു മാന്യനായത് കൊണ്ട് ഇതുവരെയും ഒരാപത്തും ആ കുഞ്ഞിനെ ഒന്ന് നോക്കുക പോലും ചെയ്തില്ല. 
       
കാനഡയിലെ ഇളയവനെ കണ്ട് സംസാരിക്കുവാൻ ഉള്ള സംവിധാനവും അത് ഉപയോഗിക്കാൻ ഉള്ള രീതിയും അവൻ തന്നെ പഠിപ്പിച്ചു തന്നിരുന്നു. ഫോണിൽ കുത്തിയിരുന്നപ്പോൾ യാദൃശ്ചികമായാണ് ആ കുട്ടിയുടെ സ്റ്റാറ്റസ് കണ്ടത്.-"എന്റെ ഒപ്പം കൂടാൻ ആരും ആഗ്രഹിക്കരുത്.. അതിനേക്കാളേറെ ആ ബന്ധം മുറിച്ച് മാറ്റുവാൻ ദൈവം ആഗ്രഹിക്കുന്നുണ്ട് "-
    
രണ്ട് ദിവസം മുമ്പ് ആ മുഖത്ത് ഒരു തെളിച്ചം കണ്ടിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ പിറ്റേ ദിവസം പെണ്ണ് കാണാൻ ഒരാൾ വരുന്നുണ്ടെന്ന്  അവൾ പറഞ്ഞു . മനസ്സ് കൊണ്ട് ഞാനും ആശ്വസിച്ചു. പാവത്തിന് നല്ലൊരു ചെക്കനെ തന്നെ കൊടുക്കണേ എന്ന് പ്രാർത്ഥിച്ചു. ആരോഗ്യമുണ്ടായിട്ടും ഈ പാവത്തിന്റെ ചോര വറ്റിച്ച് കഴിക്കുവാൻ നിൽക്കുന്ന വീട്ടുകാരുടെ മുന്നിൽ ഇനിയും വിഡ്ഢിയാകാതെ എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ. 
     
പക്ഷെ ഇന്നലെ സൂസമ്മ പശുവിന് കാടിവെള്ളം കൊടുക്കാൻ വന്നപ്പോൾ  പറയുകയുണ്ടായി  "ആ കൊച്ചിന്റെ കല്യാണം അതിന്റെ അമ്മപിശാച് മുടക്കിയല്ലോ ചേച്ചി.... "

"എന്താ സൂസമ്മേ... എന്താ ഉണ്ടായേ..ചെറുക്കൻ കൂട്ടർ വന്നില്ലേ!!? "

"വരേം ചെയ്തു മിണ്ടുകേം ചെയ്തു. പോകാൻ നേരം ചെക്കൻ അവന്റെ പെങ്ങളെ കൊണ്ട് നമ്മുടെ കൊച്ചിന്റെ ഫോൺ നമ്പർ ചോദിപ്പിച്ചു അത് ആ അമ്മപിശാചിന് വലിയ കുറ്റമായിപ്പോയി, തെറ്റായിപ്പോയി. ഇന്ന് ഈ നമ്പർ മേടിക്കൽ ഒക്കെ നാട്ടിൽ സാധാരണം അല്ലേ മണിച്ചേച്ചിയേ...? കാലം മാറിയില്ലേ.കെട്ടിച്ച് വിട്ടാൽ വെറുതേ ഇരുന്ന് തിന്നാൻ പറ്റില്ലല്ലോ.. അച്ഛന്റെ ഓക്സിജൻ സിലിണ്ടർ നിറക്കാൻ അഞ്ഞൂറ് രൂപക്ക് വേണ്ടി ആ കുട്ടി കിടന്ന് ഓടുന്നത് കണ്ടാൽ ചങ്ക് പൊടിഞ്ഞ് പോകും. തണ്ടും തടിയും ഉണ്ടെങ്കിലും വേണ്ടില്ല. ഇരുപത്തഞ്ച് കഴിഞ്ഞതാണെന്ന് അതിന്റെ വലിപ്പം കണ്ടാൽ പറയോ..കരണ്ട്.. കരണ്ട്.. ഹോ.. കഷ്ട്ടം "

അമ്മിണിയുടെ ഇടറിയ കാറിച്ച കേട്ട് അങ്ങോട്ട് നോക്കി. അവളെ മാത്രം ഇവിടെ നിർത്താം എന്നതിന് പിന്നിൽ തനിക്കൊരു കൂട്ട്  എന്ന വികാരം മാത്രം അല്ലല്ലോ, ശമ്പളം കിട്ടുമ്പോൾ അമ്മയെ ഓർക്കാത്ത മക്കൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ജീവിച്ച് പോകാൻ പത്ത് കാശ് കയ്യിൽ വേണമല്ലോ..?
Join WhatsApp News
Hisham P 2020-03-05 05:50:32
wonderful story
Ashin Rehim 2020-03-05 06:45:31
Good story..
Rubish 2020-03-05 23:26:42
നല്ലഴുത്ത് 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക