Image

നിർമ്മല മലയാളം (ആൻസി സാജൻ)

ആൻസി സാജൻ (ancysajans@gmail.com ) Published on 04 March, 2020
നിർമ്മല മലയാളം (ആൻസി സാജൻ)
എഴുത്തിലെ ചെറിയൊരു മഞ്ഞുകാലം കഴിഞ്ഞാൽ കഥകളുടെ വസന്തവുമായി വീണ്ടും നിർമ്മലയെത്തും എന്ന് മുൻപൊരിക്കൽ ചെയ്ത അഭിമുഖത്തിൽ ഞാൻ പറഞ്ഞു നിർത്തിയിരുന്നു.

 ഇപ്പോൾ ആ വസന്തകാലത്തിന്റെ കൊടിയേറ്റമാണ് .. ഗൃഹലക്ഷ്മി വനിതാ മാസികയിലൂടെ മഞ്ഞിൽ ഒരുവൾ എന്ന നിർമ്മലയുടെ നോവൽ പ്രസിദ്ധീകരിച്ചു തുടങ്ങിയിരിക്കുന്നു. അമേരിക്കൻ പശ്ചാത്തലത്തിലുള്ള ഈ നോവൽ അമേരിക്കൻ പ്രവാസ ജീവിതത്തിന്റെ ഇപ്പോഴത്തെ വേറിട്ട മുഖമാണ് വരച്ചുകാട്ടുന്നത്. പാമ്പും കോണിയുമെന്ന ആദ്യ നോവലിൽ കുടിയേറ്റത്തിന്റെ ആണിക്കല്ലായ ആദിമ നഴ്സുമാരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് വായനക്കാർ കണ്ടത്. അവർക്ക് ശേഷമുള്ള ഇപ്പോഴത്തെ തലമുറ ഐ ടി രംഗത്താണ് മിക്കവാറും ചുവട് വയ്ക്കുന്നത്. ഏത് കാലത്തായാലും തൊഴിൽപരമായ നെട്ടോട്ടമാണ് അമേരിക്കൻ മലയാളിക്ക് ജീവിതം.

ഡോളർ പാടങ്ങൾ കൊയ്തു മറിച്ച് സമ്പന്നരായവരുടെ മക്കളുടെയും അതിനടുത്ത തലമുറയുടെയും കഥയിലെത്തുമ്പോഴും സാഹചര്യങ്ങൾ മാറുന്നില്ല.
ധാന്യപ്പുരകളിൽ കൂട്ടിയിട്ട ഭൗതിക നേട്ടങ്ങൾക്കപ്പുറം ഹൃദയത്തിൽ ഒറ്റപ്പെടലിന്റെ മഞ്ഞുറയുന്ന അനുഭവം തുടരുകയാണ്.

പുതിയ നോവലിലും ഉള്ള് കൊണ്ട് നിലവിളിക്കുന്ന അമേരിക്കൻ മലയാളികളുടെ ഗൃഹാതുരതയും തനിച്ചാക്കപ്പെടുന്നതിന്റെ ദു:ഖവുമാണ് കനത്തതും കഠിനവുമായ മഞ്ഞ് വീണ മനസ്സ് പോലെ മരവിച്ച് നിൽക്കുന്നത്.
ഏതായാലും മറുനാടൻ ജീവിതത്തിലും കൈവിടാതെ ചേർത്തു പിടിക്കുന്ന മലയാളത്തിന്റെ മധുരമാണ് നിർമ്മല .

മലയാളം എഴുതാനും വായിക്കാനും അതിൽ ആനന്ദിച്ച് നിൽക്കാനും എപ്പോഴും മനസ്സു വയ്ക്കുന്ന സാഹിത്യകാരി.

എറണാകുളത്തെ കളമശ്ശേരിയിൽ നിന്നും കാനഡയിലെത്തി 25 വർഷത്തിലേറെയായി കുടുംബവുമൊത്ത് അവിടെ തുടരുകയാണ് നിർമ്മല. ഐ ടി രംഗത്താണ് ജോലി.

 ബാല്യകാലത്ത് എഴുത്ത് തുടങ്ങിയെങ്കിലും 2001 മുതലാണ് മലയാളം ആനുകാലികങ്ങളിൽ കഥകൾ എഴുതാൻ തുടങ്ങിയത്.നിരവധി പുരസ്കാരങ്ങളും നേടുകയുണ്ടായി.'ആദ്യത്തെ പത്ത്' ,സ്ട്രോബറികൾ പൂക്കുമ്പോൾ, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞ മോരും ചുവന്ന മീനും തുടങ്ങിയ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ച് ശ്രദ്ധേയയായി.

സുജാതയുടെ വീടുകൾ തകഴി പുരസ്കാരവും ആദ്യത്തെ പത്ത് പോഞ്ഞിക്കര റാഫി അവാർഡും നേടി.ഡി.സി ബുക്സ്  പ്രസിദ്ധീകരിച്ച പാമ്പും കോണിയും ഏറെ ശ്രദ്ധിക്കപ്പെട്ട നോവലാണ്. ആദ്യകാല നഴ്സുമാരുടെ ജീവിതപ്പകർച്ചയായ ഈ കഥയിൽ സ്വന്തം കുടുംബവും സാഹചര്യങ്ങളും സുരക്ഷിതമാക്കാനുള്ള മലയാളി സ്ത്രീകളുടെ തത്രപ്പാടുകളുടെ പരമസത്യങ്ങളാണ് നിറയുന്നത്..ഒപ്പം, പ്രവാസിയുടെ വിയർപ്പു പൊടിഞ്ഞിടത്ത് കേരളം സാമ്പത്തിക ഭദ്രത നേടിയതിന്റെ ചരിത്രവും.
അറുപതുകളിൽ തുടങ്ങിയ അമേരിക്കൻ കുടിയേറ്റ കഥയാണ് പാമ്പും കോണിയും.ഓരോ പ്രവാസിക്കും തന്റെ കഥ എന്ന തോന്നും ഇത് വായിക്കുമ്പോൾ. നാട് വിട്ട് ജീവിതം തേടിപ്പോയ ഓരോ പുരുഷന്റെയും സ്ത്രീയുടെയും കഥ.

പുതിയ നോവലിലും നിർമ്മല പറയുന്നത് ഭൗതിക സുഖങ്ങൾക്ക് നടുവിലും ഒറ്റയ്ക്കായിപ്പോകുന്ന പാവം മനുഷ്യ ഹൃദയങ്ങളുടെ സങ്കടം തന്നെയാണ്. കാലം പോകെ കൊഴിഞ്ഞു വീഴുന്ന പ്രണയഭംഗികളും കൊഞ്ചലുകൾ കൂട്ടി വളർത്തിയ കുഞ്ഞുങ്ങളുടെ വളർച്ചയോടൊപ്പം പിടി തരാത്ത അകലത്തിലേയ്ക്ക് കുതറി ഓടിപ്പോകുന്ന അവരുടെ സ്നേഹവുമാണ്. എത്തിപ്പിടിക്കാൻ ഉയരെ കൊമ്പുകളുണ്ടെന്ന് കരുതി ആഞ്ഞു കുതിയ്ക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവിതം ആരും ഓർക്കുന്നില്ല. അതിനു നേരവുമില്ല.

സ്വയം തീർക്കുന്ന  മഞ്ഞു മാളങ്ങളിൽ മരവിച്ചിരിക്കാനാണ് അവരുടെ യോഗം.

ഗൃഹലക്ഷ്മിയിലെ 'മഞ്ഞിൽ ഒരുവൾ' എന്ന നോവലിലൂടെ  നിർമ്മല  ഏറെ ശ്രദ്ധിക്കപ്പെടുമെന്നത് തീർച്ചയാണ്. പുതുമയുള്ള ഈ കഥപറച്ചിൽ മലയാളി ഏറ്റെടുക്കുമെന്നതും ഉറപ്പാണ്.

കാനഡയിലെയും അമേരിക്കയിലെയും മലയാളി സമൂഹത്തിലും സാഹിത്യ വേദികളിലും നിർമ്മല സുപരിചിതയാണ്.കേരളത്തിന് അഭിമാനമാണ് ഈ എഴുത്തുകാരി.മലയാളത്തെ മറക്കാനും അവഗണിക്കാനും ആരെയും അനുവദിക്കാതെ കാവൽ നിൽക്കുന്ന നിർമ്മലയെപ്പോലുള്ള എഴുത്തുകാർ കൂടുതൽ ബഹുമതിയർഹിക്കുന്നു.
നിർമ്മല മലയാളം (ആൻസി സാജൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക