Image

നിങ്ങള്‍ക്ക് സ്വയം ഇഷ്ട്ടപ്പെടാനും കെട്ടിപ്പിടിക്കാനും സാധിക്കുമോ (സുലേഖ മേരി ജോര്‍ജ്)

സുലേഖ മേരി ജോര്‍ജ് Published on 04 March, 2020
നിങ്ങള്‍ക്ക് സ്വയം ഇഷ്ട്ടപ്പെടാനും കെട്ടിപ്പിടിക്കാനും സാധിക്കുമോ (സുലേഖ മേരി ജോര്‍ജ്)
1985 august 25 ന് അപ്പച്ചന്‍ എന്നെ കൈപിടിച്ച് ആ വലിയ മനുഷ്യന്റെ കയ്യില്‍ ഏല്‍പ്പിച്ചു. എന്റെ വായനകളും കാണുന്ന സിനിമകളും രൂപപ്പെടുത്തിയ ഒരു സ്ത്രീ സങ്കല്‍പ്പം എന്നില്‍ ഉണ്ടായിരുന്നു.ഭര്‍ത്താവിനു രാവിലെ ബ്രഷും  പേസ്റ്റും  എടുത്തുകൊടുത്ത്,കുളിച്ചു കഴിഞ്ഞാല്‍ ഉടുക്കേണ്ട വസ്ത്രം എടുത്തു കൊടുക്കുന്ന,ഒരേ പാത്രത്തില്‍ നിന്നും കഴിക്കുന്ന 'പൂമുഖ വാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കള്‍ ' ആകുന്ന ഭാര്യയാകാന്‍ തയ്യാറെടുത്തു ചെന്ന എന്നെ ഇളിഭ്യയാക്കിക്കൊണ്ടു എന്റെ കാന്തന്‍ പറഞ്ഞു' എനിക്കെന്റെ കാര്യങ്ങള്‍ ഞാന്‍ തന്നെ ചെയ്താണ് ശീലം.അതുകൊണ്ട് അമ്മു എന്റെ പുറകെ നടക്കേണ്ടതില്ല'
 10മാസം പ്രായം ഉള്ളപ്പോള്‍ പോളിയോ വന്ന് ദേഹമാസകലം തളര്‍ന്ന്, പിന്നീട് പലതരം ചികിത്സയിലൂടെ ഒരു മുളവടിയുടെ സഹായത്തോടെ എഴുന്നേറ്റു നടന്ന ഒരു differently abled മനുഷ്യനാണ് അദ്ദേഹം. അപ്പോള്‍ സഹായിക്കേണ്ട അവസരങ്ങള്‍ ധാരാളം. ഞാനാണെങ്കില്‍ ശുശ്രുഷിക്കാന്‍ വെമ്പുന്ന മനസ്സുള്ള ഒരാളും.
എന്നിട്ടോ...ഞാന്‍ നോക്കുമ്പോ  പുള്ളിയുണ്ട് വടിയും കുത്തിപ്പിടിച്ചു പുഴയിലേക്ക് പോകുന്നു. ഉടുത്ത മുണ്ടൊക്കെ തനിച്ച് അലക്കി കുളിച്ചു കേറിപ്പോരുന്നു.
Cooking വളരെ ഇഷ്ട്ടം.വടിയും കുത്തിപ്പിടിച്ച് പാചകം ചെയ്യും.
പക്ഷെ, അതെനിക്ക് സഹായത്തേക്കാള്‍ അധികം ഉപദ്രവം ആണ് ഉണ്ടാക്കിയത്. 'പാവം,ബാബു, കാലു വയ്യെങ്കിലും അവനാണ് അടുക്കളയില്‍'. എന്നു കേള്‍ക്കുമ്പോള്‍ ഞാനാകെ പുകയും. 4 കൈകള്‍ ഉണ്ടെങ്കില്‍ എന്നു വിചാരിച്ചു 4 മണിക്കെഴുന്നേറ്റു ജോലി തുടങ്ങി 7.30 ന്റെ ട്രെയിനില്‍   ഓടിക്കയറി കോടതിയിലെ ടെന്‍ഷന്‍  മുഴുവന്‍ സഹിച്ചു വീട്ടില്‍ എത്തി എങ്ങനെയോ കിടക്കപ്പായില്‍ വീഴുന്ന ഒരു സ്ത്രീക്കുള്ള ഒരു പരിഗണനയും എനിക്ക് ബന്ധുക്കളില്‍ നിന്നും കിട്ടിയില്ല.

അതു പോകട്ടെ. പറഞ്ഞു വന്നത് അതല്ല. അന്നെന്നോട് കണ്ണന്‍ എന്നു ഞാന്‍ ചെല്ലപ്പേരിട്ട എന്റെ കൂട്ടുകാരന്‍ പറഞ്ഞുതന്ന ഒരു കാര്യമുണ്ട്. ഇപ്പോഴും വളരെ ശരി എന്നു അനുഭവം കൊണ്ടു മനസ്സിലായത്.

'നിങ്ങള്‍ ചെറുപ്പത്തിന്റെ ചോരത്തിളപ്പില്‍  ജോലികള്‍ ചെയ്തു നല്ല ഭാര്യയും നല്ല മരുമകളും ഒക്കെ ആകാന്‍ ശ്രമിക്കും. ഭര്‍ത്താവ് അങ്ങനെ ഒരു ഗ്ലാസ്  വെള്ളം പോലും എടുത്തു കുടിക്കാന്‍ കഴിയാത്തത്ര അലസനാകും. പിന്നീട്,40-50 വയസ്സൊക്കെ ആകുമ്പോള്‍ നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങും. ഭര്‍ത്താവിന് തന്റെ സുഖജീവിത ശീലങ്ങള്‍ മാറ്റാന്‍ പറ്റില്ല. നിങ്ങളുടെ മനസ്സിനൊത്തു ശരീരവും ഓടില്ല. അപ്പോഴെന്തായി.'
പലരുടെയും ജീവിതങ്ങള്‍ എനിക്കിപ്പോള്‍ ആ പറഞ്ഞത് ശരിയാണെന്നു തോന്നിക്കാറുണ്ട്.
'ഞാനില്ലെങ്കില്‍' തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്യേണ്ടിവരും എന്ന് വിശ്വസിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കുണ്ടായിരുന്നു. അവളുടെ മരണശേഷവും ദിനചര്യകള്‍ക്കു യാതൊരു മാറ്റവുമില്ലാതെ അയാള്‍ ജീവിക്കുന്നു.

പാഠം:  self love ,selfishness എന്ന വാക്കുകള്‍ തമ്മില്‍ അജഗജാന്തരം ഉണ്ട്. ഈ കുഞ്ഞു ജീവിതത്തില്‍ കുടുംബത്തെ മാത്രം കെട്ടിപ്പിടിച്ചാല്‍ പോരാ, സ്വയം ഇഷ്ട്ടപ്പെടാനും കെട്ടിപ്പിടിക്കാനും പറ്റണം.

നിങ്ങള്‍ക്ക് സ്വയം ഇഷ്ട്ടപ്പെടാനും കെട്ടിപ്പിടിക്കാനും സാധിക്കുമോ (സുലേഖ മേരി ജോര്‍ജ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക