Image

രണ്ടാമത്തെ രാവ് (കവിത : അമല സജി , മെൽബൺ)

Published on 03 March, 2020
രണ്ടാമത്തെ രാവ് (കവിത :  അമല സജി , മെൽബൺ)



മഞ്ഞുവരച്ച 
നൊമ്പരം കൊണ്ട് 
ഒരു മരമിലകളെ 
സ്വപങ്ങള്‍ക്ക് കാവലാക്കി 

ഓരോ മുത്തത്തിനും 
പകരമായി 
നീ ചിണുങ്ങരുതെന്നു കാറ്റുകള്‍ക്ക്‌ 
താക്കീതും  നല്‍കി

ജനാലകള്‍ 
പാതിയടച്ചവള്‍ കിടന്നു 
തിരികെ വരുമെന്നു 
നിനക്കാത്ത രാത്രിയില്‍ 
പുതപ്പിനെ കിള്ളി കിള്ളി വകഞ്ഞ് 
വിരല്‍ നീട്ടി  നൂണ്ടു പടരുന്ന കാമുകനായി   

തണുപ്പ് 
ശരീരമാകെ തലോടുന്നു  
കമ്പളം മൂടാതെ ചിന്തകള്‍ മിഴിനട്ടിരുന്നു 

വഴുവഴുപ്പന്‍ 
നാവുള്ള നിലാവ്  
ജനരുകില്‍വന്നവ്യക്തമായ് മൂളി  
എല്ലാ  സിഗരറ്റിനും ആണിന്റെ ഗന്ധമാണ്!

മുല്ലപ്പൂമണം 
സ്ത്രീയുടെ മനസാണ്   
അവള്‍  പറഞ്ഞു 
രാജാവില്ലാത്ത കൊട്ടാരത്തെ ആക്രമിച്ച്  
കീഴടക്കിയവന്റെ വിജയദിനത്തെയാണ്‌ 
ആദ്യരാതിയെന്നു  വിളിക്കുന്നത്‌

അന്നേരം  
മരങ്ങളില്‍ 
ഇലകള്‍ തളിര്‍ത്തു വന്നു 
കാറ്റുകള്‍ ചിണുങ്ങിയോടി 
മഞ്ഞടര്‍ത്തിക്കളഞ്ഞു വൃക്ഷം ആദ്യമായ്
പൂത്തു വിരിഞ്ഞു 

വാത്മീകം കുടഞ്ഞു കളഞ്ഞൊരു പെണ്ണ് 
മുറിയാകെ നിറഞ്ഞൊഴുകുന്നത് 
അവള്‍ കണ്ടു നിന്നു 
തെരുവിലൂടെ ഒരു ജാഥ കടന്നു പോകുന്നു 
എല്ലാവര്‍ക്കും  അവളുടെ  മുഖമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക