Image

കുറുമ്പക്കര (കഥ: രാഹൂല്‍ ശങ്കുണ്ണി)

Published on 03 March, 2020
കുറുമ്പക്കര (കഥ: രാഹൂല്‍ ശങ്കുണ്ണി)
ബിവറേജ് ക്യൂവില്‍ വസന്ത രാജുവിനെ പരതി. അയാളുടെ ജോലി തീര്‍ന്ന സമയം കണക്കുകൂട്ടി പിന്നില്‍ നിന്നും തുടങ്ങി ഒടുവില്‍ കണ്ടെത്തുമ്പോള്‍ രാജു കൗണ്ടറിനു മൂന്നാള്‍ മാത്രം അകലത്തിലായിരുന്നു. ഒറ്റക്കുതിപ്പിന് അയാളുടെ പോക്കറ്റില്‍ നിന്നും പൈസ പൊക്കിയതും ‘ഠപ്’ എന്ന ശബ്ദത്തില്‍ അയാള്‍ അവളെ അടിച്ചു വീഴ്ത്തി. ദമ്പതിമാര്‍ നിലത്തുവീണ നോട്ടുകള്‍ക്ക് മത്സരിക്കവെ രാജുവിന്റെ ക്യൂവിലെ സ്ഥാനം തിരിച്ചു കിട്ടാനാവാത്ത വിധം പൊയ്‌പോയി. പണം പെറുക്കിയെടുത്തു നീങ്ങിയ വസന്തയുടെ പിന്നാലെ ചാറ്റല്‍ മഴ നനഞ്ഞ് അയാളും നടന്നുപോയി. രണ്ടു മൂന്നു ദിവസങ്ങളായി രാജു ഏതോ ചിന്തയ്ക്ക് അടിപ്പെട്ടിട്ടുണ്ടെന്ന് വസന്തയ്ക്ക് തോന്നി.  അതാണ് ഇന്ന് അനായാസം പണം കൈക്കലാക്കാന്‍ ഒത്തതുതന്നെ. സാധാരണ ദൂരെ നിന്ന് കാണുമ്പോള്‍ തന്നെ കൈയിലുള്ള പണം ക്യൂവിലുള്ള വേറെ ഏതെങ്കിലും കുടിയനെ ഏല്പിച്ച് തന്നെ നേരിടാന്‍ തയാറായി നില്‍ക്കുന്നതാണ് . ഇന്നതുണ്ടായില്ല.
   
പാതി വഴിയില്‍ വസന്ത തിരിഞ്ഞുനിന്ന് ഒരമ്പത് രൂപ രാജുവിന് നീട്ടി പറഞ്ഞു : “  വേണമെങ്കില്‍ പോയി വാ”.
    “വേണ്ട”, അയാള്‍ പറഞ്ഞു.
    രാത്രി വസന്ത രാജുവിനെ സമീപിച്ച് അയാളുടെ കാല്‍ മെല്ലെ തടവിക്കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു: “കൊച്ച് ഉറങ്ങിയോ?”
    “ഉറങ്ങി. എപ്പോഴും ഫോണും നോക്കി ഇരിക്കുവാ ഇപ്പോളത്തെ പണി. എങ്ങനെയെങ്കിലും അവളെ കുറച്ചു കൂടി പഠിപ്പിക്കണമായിരുന്നുവെന്നാ ഞാന്‍ ഇപ്പോ ആലോചിക്കാറ്. ബുദ്ധിയുള്ള കൊച്ചായിരുന്നു”.
    അല്‍പസമയം കഴിഞ്ഞ് രാജു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു: “ ഇന്നലെ  ഒരു കാര്യമുണ്ടായി”.
    “എന്താ, എന്താ ?” വസന്ത ഉല്‍ക്കണ്ഠയോടെ ചേര്‍ന്നിരുന്നു.
    “കാര്‍ത്തികേയന്‍ സാറ് എന്നോട് അങ്ങേരുടെ ജീവിതകഥ പറഞ്ഞെടീ ”.
    വസന്തക്ക് ശ്വാസം നേരെ വീണു. വാടകവീട് ഒഴിയണമെന്ന് ഔസേപ്പ് മുതലാളി പറഞ്ഞുകാണുമെന്ന് അവള്‍ ഭയന്നു പോയിരുന്നു. “ഓ ! അങ്ങേര് ആളുകളോട് ഒക്കെ സംസാരിക്കുമോ ? നിങ്ങള്‍ അവിടെ  പണിക്കുപോകുന്നത് നേര് പറഞ്ഞാ എനിക്ക് പേടിയാ. നാട്ടിലൊറ്റക്കുഞ്ഞും അയാളോട് മിണ്ടില്ല. നിങ്ങള്‍  അവിടെ പണിക്ക് പോകുന്നതുകൊണ്ട് നമ്മളോടും നാട്ടുകാര്‍ക്ക് ദേഷ്യമുണ്ടെന്നാ എനിക്ക് തോന്നുന്നത് ”.
    “അങ്ങേര് കൊഴപ്പക്കാരനൊന്നുമല്ലെടീ ”.
    “കൊഴപ്പം ഒണ്ടോ എന്നൊന്നും എനിക്കറിയില്ല കുറുമ്പക്കരക്കാര്‍ക്ക് അയാളെ കണ്ടുകൂടാ”.
    “അസൂയയാടീ. അയാള്‍ക്ക് കാശുണ്ട്. തടിമിടുക്കും”.
   
വസന്ത ഒന്നിളകിയിരുന്നു. “തടിമിടുക്കിന്റെ കാര്യം ശരിയാ. എന്നാ പൊക്കോം തടീമാ. ഞങ്ങടെ കൊച്ചുന്നാളിലൊരു ആസനാര് മൊതലാളിയുണ്ടായിരുന്നു.     കൊന്നത്തെങ്ങോളം പൊക്കം. ഇങ്ങേര്‍ക്ക് അതിലും ഉണ്ട്. ഒരാനേടെ വണ്ണോം ! പക്ഷേ അങ്ങേരേക്കാള്‍ കാശുള്ളവര്‍ കുറുമ്പക്കരേലില്ലേ, സുരേന്ദ്രന്‍ മൊതലാളീം ഒക്കെ?”
“സുരേന്ദ്രന്‍ മുതലാളീടെ നൂറിരട്ടി ഇങ്ങേര്‍ക്ക് ഉണ്ടെടീ ”.
വസന്ത വാ പൊളിച്ചു.“നിങ്ങളോട് പറഞ്ഞോ?”. പെട്ടെന്നു തന്നെ വസന്ത ഒന്നുകൂടി ചോദിച്ചു: “നമുക്കെന്തെങ്കിലും സഹായം കിട്ടിമോ ? കൊച്ചിന്റെ കാര്യത്തിന് ?”
രാജു നിശബ്ദനായി ഇരുന്നു. വസന്ത വ്യഗ്രതയോടെ കൂട്ടിച്ചേര്‍ത്തു: “അവര്‍ക്കൊക്കെ ഒന്ന് രണ്ട്  ലക്ഷം ചെറിയ തൊകയല്യോ? ഒന്ന് ചോദിക്ക് അണ്ണാ”. അതിന് മറുപടി പറയാതെ രാജു ഒരു ബീഡിക്ക് തീ കൊളുത്തി. എന്നിട്ട് ഒന്ന് ചുമച്ചിട്ട് പറഞ്ഞു: “അങ്ങേര് അനാഥനാടീ. അച്ചനുമമ്മേം മരിച്ച് ഒരമ്മാവന്റെ കൂടെയായിരുന്നു. ആ വീട്ടിലെ വഴക്കും അടീം ഒക്കെ കാരണം അങ്ങേര് കൊച്ചുന്നാളിലേ ഇറങ്ങിപ്പോയി. ഹോട്ടലിലുമൊക്കെ നിന്നു. പിന്നെ ബോംബേലെത്തി”.
    “ എന്നിട്ട്”.
    “ അവിടെ ഇങ്ങേര് ഒരു ഗുണ്ടയായിരുന്നു”. രാജു ശബ്ദം താഴ്ത്തി: “ കൊന്നിട്ടൊക്കെയുണ്ട്”. വസന്ത ‘ശ്’ എന്നൊരു ശബ്ദമുണ്ടാക്കി വാപൊത്തി. “ നിങ്ങള് സൂക്ഷിക്കണം”.
    “അയാള് ജീവിക്കാന്‍ വേണ്ടി ചെയ്തതല്യോടീ. ഒരു വയസ്സന്‍ മാര്‍വാഡീടെ ഗുണ്ടയായിരുന്നു. ആ വകയിലിങ്ങേര്‍ക്ക് ഒരു വലിയ ഭാഗ്യമുണ്ടായി”.
   
വസന്ത ചെവി കൂര്‍പ്പിച്ചു. രാജു തുടര്‍ന്നു. : “മാര്‍വാഡി ഇങ്ങേരുടെ പേരില്‍ കുറെയേറെ വസ്തു വാങ്ങി. കിഴവന്‍ അങ്ങ് ചത്തു പോവ്‌കേം ചെയ്തു”. വസന്ത പിന്നേയും ‘ശ്’  എന്ന ശബ്ദമുണ്ടാക്കി ചോദിച്ചു. “അതെല്ലാം ഇങ്ങേര്‍ക്ക് കിട്ടിയോ ?”. “ കിട്ടി. മാര്‍വാഡീടെ ആള്‍ക്കാര് ഇയാളെ കൊല്ലാനൊക്കെ വന്നു. ഇയാള്‍ അതൊക്കെ നേരിട്ടു. എല്ലാം വിറ്റുപെറുക്കി വേറേതോ നഗരത്തിലേക്ക് മാറി. അവിടുന്നാ നമ്മുടെ കുറുമ്പക്കരയില്‍ വന്നിരിക്കുന്നത്”.
   
“ഇങ്ങനെ ഒരു കഥ ഇയാള്‍ക്ക് ഉണ്ടായിരുന്നോ ! ”, വസന്ത അത്ഭുതം കൂറി. “ഇങ്ങേരെ എനിക്ക് നേരത്തേ പേടിയാ. ഇതെല്ലാം കേട്ടു കഴിഞ്ഞ് നിങ്ങളെ അവിടെ വിടാനും എനിക്ക് പേടി തോന്നുന്നു”.
    “അയാള്‍ക്ക് നൂറുകോടിയുടെ സമ്പാദ്യമുണ്ടെടീ. എന്നോട് പറഞ്ഞതാണ്. ഇപ്പൊ അങ്ങേര്‍ക്ക് കല്യാണം ഒക്കെ കഴിച്ച് ഒരു കുടുംബമാകണമെന്നുണ്ട്”,  രാജു പഞ്ഞു.
   
“അയാക്കൊരു നാപ്പത്തഞ്ച് വയസ്സെങ്കിലും കാണില്യോ. നല്ല ബ്രോക്കര്‍മാര് വിചാരിച്ചാ അയാടെ പ്രായത്തിനും ശരീരത്തിനും ഒക്കുന്ന പെണ്ണുങ്ങളെ ഒപ്പിച്ചു കൊടുക്കുവാരിക്കും. രണ്ടാം കെട്ടിനെയൊന്നും നോക്കാത്തതാ നല്ലത് ”, പൊടുന്നനെ അയാളോട് സ്‌നേഹം ഉണ്ടായതുപോലെ വസന്ത പറഞ്ഞു . രാജു എഴുന്നേറ്റ് വസന്തയുടെ കൈയില്‍ പിടിച്ചു. എന്നിട്ട് നേരിയ വിറയലോടെ  പറഞ്ഞു:  “അയാള്‍ എന്നോട് മിനിക്കുട്ടീടെ കാര്യം ചോദിച്ചു”. അതങ്ങ് പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ലാഘവത്വം  തോന്നി.

രണ്ടു ദിവസമായി അയാള്‍ ഇത് മനസ്സില്‍ കൊണ്ടു നടക്കുന്നു. ഇത് അവതരിപ്പിക്കുന്ന നിമിഷം വസന്ത ഒരു ആട്ട് ആട്ടും എന്ന് അയാള്‍  ഉറപ്പിച്ചിരുന്നു. അത് ഉണ്ടായില്ല. അവള്‍ തരിച്ചിരിക്കുകയായിരുന്നു.
   
“അതെങ്ങനെ ശരിയാകും! അവള്‍ ഒരു നരുന്തല്യോ, അയാള്‍ ഒരു കൂറ്റനും. അങ്ങേര്‍ക്ക് നിങ്ങടത്രേം, പോട്ട് എന്റത്രേമെങ്കിലും പ്രായോം കാണില്യോ ?”
   
“നമ്മുടെ കാര്യങ്ങളെല്ലാം നോക്കിക്കോളാമെന്ന് അയാള്‍ പറഞ്ഞു. മൂത്ത പിള്ളാരേം സഹായിക്കാമെന്നും”. അയാള്‍ പ്രതീക്ഷയോടെ അവളെ നോക്കി.
    ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടെ വസന്ത ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു : “എന്തെങ്കിലും ചതിയുണ്ടോ അണ്ണാ ? ജാതീം പണോം ഒന്നും നോക്കാതെ അയാളെന്താ ... ”
    “രാവിലെയാകട്ട,് എനിക്കൊറങ്ങണം ”എന്ന് പറഞ്ഞ് വര്‍ത്തമാനം അവസാനിപ്പിച്ചെങ്കിലും തനിക്ക് ഉറങ്ങാനാകില്ലെന്ന് രാജുവിന് അറിയാമായിരുന്നു. ഒരു രഹസ്യം അയാള്‍ വസന്തയില്‍ നിന്ന് മറച്ചു. കാര്‍ത്തികേയന്‍ വളരെ വ്യക്തമായി പറഞ്ഞതാണത്. അയാള്‍ക്ക് എണ്ണമറ്റ സ്ത്രീകളുമായി ബന്ധമുണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. 
   
“എല്ലാം പെണ്ണുങ്ങള്‍ അറിയണ്ട ”, അയാള്‍ ഉള്ളില്‍ മന്ത്രിച്ചു.
    വിവാഹ ആലോചന പതുക്കെ വസന്തക്ക് സ്വീകാര്യമായി. ഒപ്പം മിനിക്കുട്ടിയുടെ ചേച്ചിമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും. മിനിക്കുട്ടി അതേ സമയം ആ വിഷയത്തില്‍ അഭിപ്രായം ഒന്നും പ്രകടിപ്പിച്ചില്ല. വസന്ത ഏതായാലും രാജുവിന് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍ മറന്നില്ല. “എല്ലാം നിങ്ങടെ തീരുമാനമാണേ !” 
    മകളെ നോക്കിയിരുന്നപ്പോള്‍ കാര്‍ത്തികേയന്‍ പറഞ്ഞത് രാജു ഓര്‍ത്തു: “കൊച്ചിനോട് സകലതും പറഞ്ഞ് സമ്മതമാണെങ്കില്‍ മാത്രം വരൂ”.
    “ പെണ്ണുങ്ങള്‍ എല്ലാം അറിയണ്ട ”, അയാള്‍ വീണ്ടും മന്ത്രിച്ചു.
   
‘കുറുമ്പക്കരക്കുറുമ്പര്‍’എന്ന വാട്‌സാപ്പ് ഗ്രൂപ്പാണ് മിനിക്കുട്ടിയുടെ കല്യാണ വാര്‍ത്ത സകലരേയുമറിയിച്ചത്. വിഭാര്യനും  റിട്ടയേര്‍ഡ് മിലിട്ടറിയും മാര്‍ക്കറ്റില്‍വെച്ച് കാര്‍ത്തികേയനുമായുണ്ടായ തര്‍ക്കത്തില്‍ പ്രഹരമേറ്റ് അപമാനിതനാകുന്നത് വരെ എന്തിനും പോന്നവനെന്ന് കുറുമ്പക്കരക്കാര്‍ കരുതുകയും ചെയ്തിരുന്ന താഴത്തുവീട്ടില്‍ തങ്കച്ചന്‍ എന്നയാള്‍  നിയന്ത്രിച്ചുപോന്ന ഗ്രൂപ്പാണ് അത്. ‘ തങ്കച്ചായന്‍ റീമൂവ്ഡ് യൂ’  എന്ന സന്ദേശം തേടിവന്നതുവരെ മിനിക്കുട്ടിയും ഗ്രൂപ്പില്‍ പതുങ്ങിക്കിടന്ന് തന്റെ കല്യാണത്തെ കുറിച്ച് ഒഴുകി വന്ന തമാശകളും പരിഹാസങ്ങളും നിരീക്ഷിച്ചുകൊണ്ടിരുന്നു. മിനിക്കുട്ടിയുടെ കല്യാണ വാര്‍ത്ത പരന്നതു മുതല്‍ കുറുമ്പക്കരയെ അഭൂതപൂര്‍വ്വമായ ഒരു വിനോദധാര തഴുകി ഇക്കിളിപ്പെടുത്താന്‍ തുടങ്ങി. വീഥികളില്‍ തമ്മില്‍ കണ്ടവര്‍ അതു പറഞ്ഞ് പൊട്ടിച്ചിരിച്ചു. തമ്മില്‍ വേണ്ടത്ര പരിചയം ഇല്ലാത്തവരും ചിരിയമര്‍ത്തിയ ഒരു നോട്ടം പരസ്പരം പങ്കുവെച്ചു നടന്നു പോയി.
   
വിവാഹശേഷം മിനിക്കുട്ടി ഭര്‍ത്താവിന്റെ മണിമാളികയുടെ മൂന്നാം നിലയിലുള്ള മട്ടുപ്പാവില്‍ പ്രത്യക്ഷയായിത്തുടങ്ങി. പ്രൗഢ ഭാവത്തോടെ അവള്‍  കുറുമ്പക്കരയെ സാകല്യത്തില്‍ നോക്കിക്കണ്ടു. ഉന്നതങ്ങളിലെ അവളുടെ നില്‍പ്പ് കുറുമ്പക്കരയെ  അസ്വസ്ഥമാക്കാന്‍ തുടങ്ങിയെങ്കിലും അവള്‍ ഏകയായി കാണപ്പെടുന്നതെന്ത് എന്ന വിഷയം അടക്കം പറച്ചിലുകളില്‍ കയറി  വരാന്‍ തുടങ്ങി. തുടര്‍ന്ന് മധുവിധുവിനായി പുറപ്പെട്ട ‘ഭീമനും’ പെണ്ണും തിരികെയെത്താന്‍ വൈകുന്നതിനെ ചൊല്ലിയും ഊഹാപോഹങ്ങളുണ്ടായി. താക്കോല്‍ക്കൂട്ടവുമായി മണിമാളികയില്‍ നിന്നും മടങ്ങി വന്ന വസന്തയെ തടഞ്ഞു നിര്‍ത്തി അതേപ്പറ്റി പ്രശ്‌നമുന്നയിച്ച കോയിക്കല്‍ വീട്ടില്‍ വസുമതിയമ്മ, പീസ് കോട്ടേജില്‍ ഗ്രെയ്‌സി ഫിലിപ്പ് എന്നിവര്‍ക്ക് അസ്വസ്ഥജനകമായ വിവരമാണ് കിട്ടിയത്. രാജ്യത്തെ പ്രധാന സ്ഥലങ്ങളെല്ലാം കണ്ട് ഒരു മാസം കഴിഞ്ഞേ ദമ്പതിമാര്‍ തിരികെയെത്തുകയൂള്ളു. വാര്‍ത്ത  ‘ കുറുമ്പക്കരക്കുറുമ്പറി’ല്‍ മൗനം നിറച്ചു. മധുവിധു എന്ന വിഷയത്തെ കുറുമ്പക്കര അതിന്റെ  വീഥികളിലും പീടികകളിലും ദേവാലയപ്പറമ്പുകളിലും സമഗ്രമായി ചര്‍ച്ച ചെയ്തു. എത്ര ഉദാസീനവും കാല്‍പ്പനിക വിരുദ്ധവുമായാണ് ഈ അസുലഭ പക്ഷത്തെ ഗ്രാമത്തിലെ നവ ദമ്പതിമാര്‍ കൈകാര്യം ചെയ്തുപോന്നത് എന്ന് കുറുമ്പക്കര വിസ്മയിച്ചു. മൂന്നാറിലും കൊടൈക്കനാലിലും പോയ ഏഴെട്ട് ദമ്പതിമാര്‍ കുറുമ്പക്കരയിലുണ്ട്. നെയ്യാറ്റിന്‍കര മുതല്‍ ആലപ്പുഴ  വരെയുള്ള സ്ഥലങ്ങളിലെ ബന്ധുവീടുകളില്‍ പോയത് മധുവിധുവിന്റെ കണക്കില്‍ എഴുതിയവരാണ് കൂടുതല്‍. ലോകത്തെ സമസ്ത സൗന്ദര്യവും കുറുമ്പക്കരയിലെ പുഞ്ചപ്പാടത്തില്‍ കണ്ടെത്താന്‍ നവവധുവിനെ പരിശീലിപ്പിച്ച നിര്‍ദ്ധനനായ യുവകവിയുമുണ്ട്.
   
തിരികെയെത്തിയ ശേഷം മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയ മിനിക്കുട്ടിയെ കുറുമ്പക്കരയിലെ  നാനാ ജാതി മതസ്ഥരായ സ്ത്രീകള്‍ ഒളികണ്ണിട്ടു നോക്കി നടന്നു പോയി. “എന്തൊക്കെയാണെങ്കിലും രാജുവിന്റെ മോളല്ലേ ? ”,  പഞ്ചായത്ത് മെമ്പര്‍ ലിസിയമ്മ ആശ്വസിച്ചു. “കെട്ടിയവന് തന്തേടെ പ്രായമില്ലേ, പിന്നെന്താ നെഗളിക്കാന്‍!”, മഹിളാ പ്രധാന്‍ ഏജന്റ് രമാദേവി ആശ്ചര്യം കൂറി. കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും തിരിച്ചുകിട്ടാനാകാത്ത  വിധം നഷ്ടമായ മധുവിധുവിനെ ചൊല്ലി സ്ത്രീകള്‍ പുരുഷന്മാരെ വേട്ടയാടാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.  പുരുഷന്മാരും ഈ പ്രതിസന്ധിയെ ഫലപ്രദമായി നേരിടാനാകാതെ ഉഴറി. അവര്‍ ഒറ്റക്കും കൂട്ടാമായും തല പുകച്ചു.
    “ നമുക്കൊരു ടൂറിസ്റ്റു ബസ് വിളിച്ച് കുടുംബത്തേം കൂട്ടി നാലഞ്ച് ദിവസം കറങ്ങിയാലോ ?”
    “ അപ്പൊ നാല്‍ക്കാലികളേം പ്രായം ചെന്നവരേം ആര് നോക്കും ?”
    “ അല്ലേലും കൂട്ടമായി പോയാലൊന്നും പെണ്ണുങ്ങള്‍ക്ക് പിടിക്കത്തില്ല.”
    “ അന്നേ പോകണമായിരുന്നു.”
    “ ഇതൊരു വല്ലാത്ത ഊരാക്കുടുക്ക് തന്നെ”.
    കൂടുതല്‍ ഗുരുതരമായ ഒരു സ്ഥിതിവിശേഷം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആര്‍പ്പാക്കര പള്ളി പെരുന്നാള്‍ ദിവസം  വൈകിട്ടോടെ  ‘ കുറുമ്പക്കര കുറുമ്പറി’ല്‍ വാര്‍ത്ത വന്നു. ‘ഭീമനും പെണ്ണും യൂറോപ്പിലേക്ക് പുറപ്പെടുന്നു. അത് കഴിഞ്ഞു വന്നാലുടന്‍ അമേരിക്കക്ക് ’.
 
“ കാശ് എവിടുന്നാ ഇതിനൊക്കെ?”
    “ഭീമന് നൂറുകോടിയുടെ സ്വത്ത് ഉണ്ടെന്ന് രാജു വായനശാലേടെ മുന്‍പിലെ സ്ലാബില്‍ കിടന്ന് സോമേനാടും ശശിയോടും പറഞ്ഞു. അത് മുഴുവന്‍ പെണ്ണിനെ ലോകം കാണിച്ച് മുടിക്കാനാണെന്ന് ഭീമന്‍ പറയുന്നത്രേ”. അശനിപാതം ഏറ്റ പോലെയാണ് കുറുമ്പക്കര പുതിയ വാര്‍ത്തയെ സ്വീകരിച്ചത്. രാത്രിയോടെ നാളെ മുതല്‍ വലിയ നോട്ടുകള്‍ക്ക് വിലയില്ല എന്നൊരു വാര്‍ത്തയും എത്തിയെങ്കിലും അതാരും ഗൗരവത്തിലെടുത്തില്ല.

    കാര്‍ത്തികേയനും ഭാര്യയും വിദേശത്തേക്ക് പുറപ്പെട്ടതോടെ കുറുമ്പക്കരയുടെ വേഗം കുറഞ്ഞു. അമ്പത് തെങ്ങില്‍ കയറിയിരുന്ന നാണു മൂപ്പര്‍ പത്തെണ്ണത്തില്‍ പണി നിറുത്തി. കൂട്ടികള്‍ സ്കൂളില്‍ പോകാതെ വീടുകളിലിരുന്നു. പാടങ്ങളില്‍ കള നിറഞ്ഞു.  എവിടെയും ആത്മവിശ്വാസക്കുറവ് പ്രകടമായി.
   
മിനിക്കുട്ടിക്ക് വയറ്റിലുണ്ടായാല്‍ യാത്ര മുടങ്ങുമെന്ന് സ്ത്രീകള്‍ പ്രത്യാശിച്ചു. വസന്തയുമായുള്ള ലഘു സംഭാഷണശേഷം ആ പ്രതീക്ഷയും നഷ്ടപ്പെട്ടു. മിനിക്കുട്ടി ഉടനെ ഒരു കുഞ്ഞിനെ ആഗ്രഹിക്കുന്നില്ലത്രേ. അതോടെ സ്ത്രീകള്‍ കൂടുതല്‍ ക്ഷുബ്ധരായി. ദിനേശന്‍ വക്കീലിന്റെ വീട്ടില്‍ പുരുഷന്മാരുടെ യോഗം കൂടി.   
   
“നമുക്ക് കുറച്ച് അസൂയ ഉണ്ടെന്നതൊക്കെ സത്യമാണ്. ഭീമനോടും പെണ്ണിനോടും”,  കരയോഗം സെക്രട്ടറിയാണ്  ചര്‍ച്ച തുടങ്ങി വെച്ചത്. “പക്ഷെ അവരീ രീതിയില്‍ പോയാല്‍ നമുക്ക് ഈ നാട്ടില്‍ സമാധാനമായി ജീവിക്കാന്‍ കഴിയില്ല. അതിന് എന്ത് വേണമെന്ന് വക്കീല് പറയണം”.
   
“ ഒരു ദ്വിമുഖ പദ്ധതിയാണ് എന്റെ മനസ്സിലുള്ളത്. ആദ്യം നമുക്കിടയില്‍ ഈ പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ കുറച്ച് ഐക്യം ഉണ്ടാകണം. അതിനായി ദേശീയത, പരലോകം ഇക്കാര്യങ്ങളൊക്കെ പറഞ്ഞ് കുറുമ്പക്കരയിലെ വാഴ വെട്ടിക്കളയുന്നത്, കന്നാലികളെ അഴിച്ചു വിടുന്നത് ഒക്കെ തല്‍ക്കാലത്തേക്ക് നിറുത്തി വെക്കണം. തല്‍ക്കാലത്തേക്ക് എന്നു മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എല്ലാവരും ഒരുമിച്ച് നില്‍ക്കണം”.
    “ രണ്ടാമത് ?”
    “ പറയാം, അദ്രൂമാന്റെ കടയില്‍ നിന്നല്ലെ ഭീമന്‍ സാധനങ്ങള്‍ വാങ്ങുന്നത് ? ഇനി വരുമ്പോള്‍ കൊടുക്കരുത്. അവന്റെ സ്വഭാവത്തിന് അവന്‍ തല്ലും. പിന്നെ അവന്‍ കോടതി വരാന്തയില്‍ നിന്ന് മാറാതെ ഞാന്‍  നോക്കിക്കൊള്ളാം. ആശയം ഏവര്‍ക്കും ഇഷ്ടപ്പെട്ടു. ആ സാധുക്കള്‍ അറിയാതെ കൈയടിച്ചുപോയി. അദ്രുമാന്‍ മാത്രം ആലോചനയിലാണ്ടു.
   
സ്‌കൈ ഡൈവിങ്, കനല്‍നൃത്തം, ഗിരിശൃംഗങ്ങള്‍, വന്മരങ്ങള്‍, അംബരചുംബികള്‍, പടക്കപ്പലുകള്‍ ഒക്കെ കണ്ടെങ്കിലും മിനിക്കുട്ടിയെ പേര്‍ത്തും പേര്‍ത്തും മോഹിപ്പിച്ച കാഴ്ചകള്‍ വേറെയായിരുന്നു. ബീച്ചില്‍ ഒരു നീഗ്രോപ്പെണ്ണ് പിറന്ന പടി കിടന്ന് പുക വലിച്ചത,് ബാറുകളില്‍ തൂവെള്ളപ്പെണ്ണുങ്ങള്‍ ചിന്താധീനരായിരുന്ന് മദ്യപിച്ചത്, ഏഴടി ഉയരമുള്ള ഒരു പെണ്ണ് കോട്ടിട്ട സായിപ്പിനെ നിസ്സാരമായി ഉമ്മവെച്ചു നടന്നകന്നത് ഒക്കെ. വിമോചനത്തിന്റെ നീരുറവകള്‍ പൊട്ടിക്കാന്‍ പോന്ന അത്തരം കാഴ്ചകളാണ് മിനിക്കുട്ടിയുടെ മനസ്സില്‍ തറഞ്ഞുകയറിയത്.
        
മിനിക്കുട്ടിയുമായി തിരികെയെത്തിയ ദിവസം കാര്‍ത്തികേയന്‍ അദ്രുമാന്റെ കടയിലെത്തി. തന്നെ അവഗണിച്ച് മറ്റുള്ളവര്‍ക്ക് അദ്രുമാന്‍ സാധനങ്ങള്‍ കൊടുക്കുന്നത് കാര്‍ത്തികേയന്‍ നേരിയ വിസ്മയത്തോടെ കണ്ടുനിന്നു. ഒടുവില്‍ ഹൃദയസ്തംഭനം ഉണ്ടാക്കാന്‍ പോന്ന ഒരു നോട്ടം അദ്രുമാനു സമ്മാനിച്ച് അയാളെ നിര്‍വീര്യനാക്കിയ ശേഷം കൈയെത്തി ഓരോ കവര്‍ വീതം തേയില, പഞ്ചസാര, വെളിച്ചെണ്ണ, ഉപ്പ് എന്നിവയും രണ്ടു പാക്കറ്റ് മൂക്കുപ്പൊടിയും സ്വയമെടുത്ത ശേഷം മൂന്ന് നൂറു രൂപാ നോട്ടുകള്‍ അദ്രുമാന്റെ കൈയില്‍ പിടിപ്പിച്ച് മന്ദം നടന്നകന്നു. അതേ സമയം അഴിഞ്ഞ കയറുമായി കൊമ്പു കുലുക്കി ഓടിവന്ന പഞ്ചായത്തു ജോലിക്കാരന്‍ അശോകന്റെ ജേഴ്‌സിപ്പശുവിനെ അനായാസം കീഴ്‌പ്പെടുത്തി പഞ്ചായത്തു കിണറില്‍ തന്നെ കെട്ടിയിടുകയും ചെയ്തു. അദ്രുമാന്റെ കടയില്‍ അതിക്രമിച്ചു കയറിയ കഴ    ുവേറിയെ നേരിടാന്‍ പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങിയ അന്‍പതംഗ സംഘം മണിമാളികയുടെ ഗേറ്റിനു മുന്‍പില്‍ ആദ്യം പകച്ചു നിന്നു. പിന്നെ ഗേറ്റ് തുറന്ന് മുദ്രാവാക്യം വിളികളുമായി മുന്നോട്ട് നീങ്ങി. രാജുവും വസന്തയും ചകിതരായി അവിടെ പ്രത്യക്ഷപ്പെട്ട് ഇതികര്‍ത്തവ്യതാമൂഢരായി നിലകൊണ്ടു. മുദ്രാവാക്യം വിളികള്‍ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മാളികയുടെ വാതില്‍ തുറന്ന് മിനിക്കുട്ടി പുറത്തേക്ക് ഓടിയിറങ്ങി. ആള്‍ക്കൂട്ടം പകച്ചു നില്‍ക്കെ അവള്‍ മുറ്റത്തു  നിന്ന അരളി മരത്തിന്റെ മൂട്ടില്‍ കുനിഞ്ഞിരുന്ന് ഓക്കാനിക്കാന്‍ തുടങ്ങി. വസന്ത ഓടിയെത്തുന്നതിനു മുമ്പ് ലിസിയമ്മ, റഷീദാ ബീവി, പ്രസന്ന കുമാരി, ശാന്താ വിജയന്‍ എന്നിവര്‍ മിനിക്കുട്ടിയുടെ പരിചരണം ഏറ്റെടുത്തു.
   
“ ഇനി യാത്രയൊക്കെ സൂക്ഷിച്ചു മതി”, ലിസിയമ്മ മിനിക്കുട്ടിയെ ഝടിതിയില്‍ ഉപദേശിച്ചു.
   
തത്സമയം രാംരാജ്  മുണ്ടും ബനിയനും സ്വര്‍ണ്ണ ചെയിനുമണിഞ്ഞ് മീശ പിരിച്ച് പുറത്തുവന്ന കാര്‍ത്തികേയനെ ജനക്കൂട്ടം ദീപാരാധന കാണുന്നതുപോലെ നിന്നുകണ്ടു. അനവസര സംഭാഷണത്തിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച എല്‍ പി സ്ക്കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ്സ്    ഗോമതിയമ്മ പിശാചു ബാധിച്ചത്‌പോലെ മുന്നോട്ട് നീങ്ങുന്നത് കരയോഗം സെക്രട്ടറിയും ഗോമതിയമ്മയുടെ കനിഷ്ഠ സഹോദരനുമായ അറപ്പുരവിള ശശീന്ദ്രന്‍ നായര്‍ പരിഭ്രാന്തിയോടെ കണ്ടു. അയാള്‍ സ്വബോധം വീണ്ടെടുക്കുമ്പോഴേക്കും കാര്‍ത്തികേയന്റെ മുന്‍പിലെത്തിയ ഗോമതിയമ്മ ഇരുകൈകളും അരയില്‍ കുത്തി നിവര്‍ന്നു നിന്ന് സ്വല്‍പമൊന്നാടി രണ്ടും കല്പിച്ചു പറഞ്ഞ തമാശ കേട്ട് ഏവരും ഞെട്ടിത്തരിച്ചു. “ ഭീമസേനാ, ഘടോല്‍ക്കചന്‍ വരാറായി! ”.
   
ഇത് പറഞ്ഞു കഴിഞ്ഞതും തന്റെ നിയോഗം പരിസമാപ്തിയിലെത്തിയെന്ന് ഉത്തമ ബോധ്യം വന്ന ഗോമതിയമ്മ ആള്‍ക്കുട്ടത്തിലേക്ക് രക്ഷാമാര്‍ഗ്ഗം തിരഞ്ഞു. അപ്രതീക്ഷിതമായ പരിണതിയാണ് ഗോമതിയമ്മയുടെ ഇടപെടലിന് ഉണ്ടായത്.  കാര്‍ത്തികേയന്റെ കൂട്ടുപുരികങ്ങള്‍  ആദ്യമൊന്ന് വിറകൊണ്ടു. തുടര്‍ന്ന് ഇടതു കവിളിലെയും വലതു കവിളിലെയും മാംസപേശികള്‍ പക്ഷാഘാതത്തില്‍ നിന്നും ഉണര്‍ന്ന പോലെ തുടിക്കാന്‍ തുടങ്ങി. പൊടുന്നനെ അയാളുടെ മുഖത്തിനുണ്ടായ വക്രീകരണത്തിന്റെ പൊരുള്‍ കഥകളി നടനും    
 
    കുറുമ്പക്കര സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ഏറ്റവും വേണ്ടപ്പെട്ട അധമര്‍ണ്ണനുമായ   പാലോട് മാധവനുണ്ണിത്താന്‍ അവര്‍കള്‍ക്കു മാത്രം മനസ്സിലായി. എന്നോ പിണങ്ങിപ്പോയ പോയ ഹാസം കാര്‍ത്തികേയന്റെ മുഖത്തു തിരികെയെത്താന്‍ ശ്രമിക്കുന്നതിന്റെ ലക്ഷണമാണ് അത്.  മാധവനുണ്ണിത്താന്‍ അവര്‍കളുടെ അനുമാനത്തെ ശരിവച്ചുകൊണ്ട് കാര്‍ത്തികേയന്‍ സന്നിപാതജ്വരം ബാധിച്ചപോലെ കുലുങ്ങാനും ഒപ്പം  ചിരിക്കാനും തുടങ്ങി. അപ്പോള്‍ അയാളുടെ കണ്‍കോണില്‍ പൊടിഞ്ഞ അശ്രുബിന്ദു കണ്ടെത്തിയ മാധവന്‍ ഉണ്ണിത്താന്‍ അതില്‍ അനാഥത്വത്തിന്റെ വേദനയും പിതാവായതിന്റെ നിര്‍വൃതിയും ഒരേ സമയം സംയോജിച്ചിരിക്കുന്നു എന്ന് നിരീക്ഷിച്ചു.  കാര്‍ത്തികേയനില്‍ തുടങ്ങിയ  ചിരി വിദ്യുത് വേഗത്തില്‍ കാണികളിലേക്കും സംക്രമിച്ചു. മിനിറ്റുകളോളം പൊട്ടിച്ചിരി അവിടെ അലകളിളക്കി. കുട്ടികളാകട്ടെ മുറ്റത്തു കൈകുത്തി മറിഞ്ഞ് ഉത്സവപ്രതീതി സൃഷ്ടിച്ചു. പടിഞ്ഞാറു നിന്നും പീസ് കോട്ടേജിലെ പിടയെ ഓടിച്ചുകൊണ്ടുവന്ന അദ്രുമാന്റെ പൂവന്‍ ആള്‍ക്കൂട്ടം കണ്ടു തിരിഞ്ഞോടി രക്ഷപ്പെട്ടു. പിടയാകട്ടെ മിനിക്കുട്ടി പിടിച്ചുകൊണ്ടു നിന്ന അരളിയില്‍ തന്നെ പറന്നുകയറി കിതപ്പടക്കിയെങ്കിലും ആള്‍ക്കൂട്ടത്തെ കണ്ട് വീണ്ടും ഉല്‍ക്കണ്ഠാകുലയായി. ‘ ങഹ് ’ എന്ന ഒച്ചയിലൂടെ ഒരു പിടക്കോഴിയുടെ ജീവിതം  എത്രകണ്ട് ദുഃഖമയമാണെന്ന് വിധാതാവിനോട്  പരാതിപ്പെട്ടു. തിരികെ പോകാന്‍ നേരം റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ പാപ്പച്ചനും കൂട്ടുകാരും കാര്‍ത്തികേയനെ കുപ്പി പങ്കിടാന്‍ ക്ഷണിച്ചു. “ പെരുത്ത് സന്തോഷം ഉണ്ടെടാ മക്കളേ. ഇന്ന് നമുക്ക് പൂവനെ കണ്ടിക്കാം ” എന്ന് അദ്രുമാന്‍ മക്കളോട് പറഞ്ഞതു കേട്ട് അരളിയിലിരുന്ന പിടക്കോഴി അത്ഭുതമെന്നേ പറയേണ്ടൂ, കൊടിയ വിഷാദത്തിലേക്ക് നീങ്ങിയതുപോലെ കാണപ്പെട്ടു.
   
ഉദരക്ഷോഭം ശമിക്കുന്നതു വരെ വിശ്രമിക്കാനും  പിറ്റേന്നു ഡോക്ടറെ കാണാനും മിനിക്കുട്ടി തീരുമാനമെടുത്തു. അസ്തമയത്തോടെ അവള്‍ കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോഴേക്കും  കാര്‍ത്തികേയന്‍ കാര്‍ട്ടൂണ്‍ കാണുന്നതു നിറുത്തി മുറി തുടയ്ക്കാനാരംഭിച്ചിരുന്നു. മിനിക്കുട്ടി വരുന്നതുകണ്ട് അയാള്‍ പണി നിറുത്തി അവള്‍ക്ക് കടന്നുപോകാന്‍ സ്ഥലം ഒതുക്കി. അയാളെ മറികടന്ന് അവള്‍ മുകളിലേക്ക് പടി കയറി. രണ്ടാമത്തെ നിലയായപ്പോഴേക്കും  അവള്‍ പിറുപിറുക്കാന്‍ തുടങ്ങിയിരുന്നു. “നാട്ടിലെ എല്ലാ പെണ്ണുങ്ങളും നിങ്ങളെ ഉള്ളാലെ ഇഷ്ടപ്പെട്ടിരുന്നു എന്ന് എനിക്കറിയാമായിരുന്നു. ഞാനും നിങ്ങളെ മോഹിച്ചിരുന്നു. നിങ്ങളുടെ കല്യാണാലോചന വന്നപ്പോള്‍ എനിക്ക് സന്തോഷം കൊണ്ട് കരച്ചില്‍ വന്നു. പക്ഷെ എന്റെ സങ്കല്പങ്ങളെല്ലാം നിങ്ങള്‍ ആദ്യമേ തകര്‍ത്തു. നിങ്ങള്‍ അതൊന്നും എന്നോട് പറയരുതായിരുന്നു. അച്ഛന് ആ വിവേകം ഉണ്ടായിരുന്നു. നിങ്ങള്‍ അതു പറഞ്ഞതോടെ എനിക്ക് നിങ്ങളെ നോക്കാന്‍ തന്നെ പ്രയാസമായി. നിങ്ങളുടെ തടിയന്‍ ദേഹത്തിനുള്ളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ കുടികൊള്ളുന്നതുപോലെ എനിക്ക് അനുഭവപ്പെടുന്നു. അവര്‍ക്ക് നിങ്ങളുടെ ദേഹത്തിലേക്ക് അനായാസം വരാനും പോകാനും കഴിയുന്നപോലെയൊക്കെ . . . ഇനി നിങ്ങള്‍ എന്നെ സകല രാജ്യങ്ങളുമല്ല പതിന്നാല് ലോകങ്ങളും കൊണ്ടുപോയി കാണിച്ചു തന്നാലും ...” അവള്‍ അപ്പോഴേക്കും മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ എത്തിക്കഴിഞ്ഞിരുന്നു. അവളെ കാത്തു നിന്ന പോലെ രണ്ടുമൂന്നു സ്ത്രീകള്‍ ഇടവഴിയില്‍ നിന്ന് അങ്ങോട്ട്  നോക്കുന്നുണ്ടായിരുന്നു. അവര്‍ അവളെ നോക്കി കൈവീശി. ഒന്നു സന്ദേഹിച്ചു നിന്ന ശേഷം അവള്‍ തിരിച്ചും കൈവീശാന്‍  തുടങ്ങിയതോടെ അവര്‍ക്കിടയിലേക്ക് ഇരുട്ട് ഉയര്‍ന്നു വന്നു.



Join WhatsApp News
പി ജെ ജെ ആന്റണി 2020-09-22 15:28:57
വായനാസുഖം പകരുന്ന കഥ. സമകാലത്തിന്റെ പ്രമേയഭംഗി . എങ്കിലും ഒടുവിൽ പാരമ്പര്യം ഉറകുത്തുന്ന ഒരു പ്രതീതി അതുവരെയുള്ള ആകർഷണീയത ചോർത്തിക്കളയുന്നില്ലേ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക