Image

ടോം ജോസ്‌ തടിയമ്പാടിന്‌ ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ അവാര്‍ഡ്‌

Published on 19 May, 2012
ടോം ജോസ്‌ തടിയമ്പാടിന്‌ ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ അവാര്‍ഡ്‌
ലണ്ടന്‍: ബ്രിട്ടീഷ്‌ മലയാളി ടീം അംഗങ്ങള്‍ക്കിടയില്‍ നിന്നും പുറത്തു നിന്നും ലേഖനങ്ങള്‍ തരുന്നവരുടെ ഇടയില്‍ നിന്നും ഏറ്റവും മികച്ച പ്രതിഭയെ ആദരിക്കുന്ന ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ ട്രോഫി ഈ വര്‍ഷം മുതല്‍ നടപ്പിലാകും. ആദ്യ വര്‍ഷത്തെ അവാര്‍ഡിന്‌ അര്‍ഹനായിരിക്കുന്നത്‌ ലിവര്‍പൂളില്‍ നിന്നുള്ള ടോം ജോസ്‌ തടിയമ്പാടാണ്‌. സ്വന്തം വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട്‌ ബ്രിട്ടീഷ്‌ മലയാളിയില്‍ ടോം ജോസ്‌ എഴുതിയിട്ടുള്ള ലേഖനങ്ങളുടെ അടിസ്ഥാനത്തില്‍ ആണ്‌ ടോമിന്‌ ഈ വര്‍ഷത്തെ എഡിറ്റേഴ്‌സ്‌ ട്രോഫി നന്നകുന്നത്‌.

മാഞ്ചസ്റ്ററില്‍ അടുത്ത ഞായറാഴ്‌ച നടക്കുന്ന ബ്രിട്ടീഷ്‌ മലയാളി ബീ ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌ നിശയില്‍ വച്ചായിരിക്കും ടോമിന്‌ പുരസ്‌കാരം നല്‍കുക. ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്‌ ഈ അംഗീകാരം. ബ്രിട്ടീഷ്‌ മലയാളിയ്‌ക്ക്‌ വേണ്ടി വാര്‍ത്തകള്‍ തയ്യാറാക്കുന്ന രണ്ട്‌ ഡസനോളം ആളുകളെയും സ്ഥിരമായി ലേഖനങ്ങള്‍ നല്‍കുന്ന എട്ടോളം പേരെയും പരിഗണിച്ചതില്‍ നിന്നാണ്‌ ടോം ജോസിനെ തെരഞ്ഞെടുത്തത്‌.

വേറിട്ട ചിന്തകള്‍ കൊണ്ട്‌ യുകെയിലെ മലയാളികള്‍ക്കിടയില്‍ വ്യത്യസ്‌തനായി നില്‍ക്കുന്ന വ്യക്തിയാണ്‌ ടോം ജോസ്‌. ബ്രിട്ടീഷ്‌ മലയാളി ടീം അംഗമായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ടോമിന്റെ കൂടുതല്‍ രചനകളും ആദ്യം വെളിച്ചം കാണുന്നത്‌ ബ്രിട്ടീഷ്‌ മലയാളിയിലൂടെയാണ്‌. യുകെയിലെ സാമൂഹിക ജീവിതത്തില്‍ നിറഞ്ഞ്‌ നില്‍ക്കുന്ന ഒട്ടേറെ ബഹുമുഖ പ്രതിഭകളുമായി ടോം ജോസ്‌ നടത്തിയ അഭിമുഖങ്ങള്‍ ബ്രിട്ടീഷ്‌ മലയാളിയില്‍ പ്രസിദ്ദീകരിച്ചിട്ടുണ്ട്‌. പാമേല മൗണ്‌ച്‌ ബാറ്റേണുമായി ടോം ജോസ്‌ നടത്തിയ അഭിമുഖം, മതപരമായ ചോദ്യങ്ങള്‍ കൊണ്ടു നടത്തുന്ന വെല്ലുവിളികള്‍, വാക്‌പയറ്റ്‌ എന്ന പംക്തിയിലൂടെ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ എന്നിവയെല്ലാം ജന ശ്രദ്ധ നേടിയിരുന്നു. ബ്രിട്ടീഷ്‌ മലയാളിയില്‍ വാക്‌പയറ്റ്‌, എഡിറ്റേഴ്‌സ്‌ കോര്‍ണര്‍ എന്നീ പംക്തികളിലാണ്‌ ടോം പ്രധാനമായും ലേഖനങ്ങള്‍ എഴുതുന്നത്‌. മനോരമ, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളും ടോമിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇടുക്കി ജില്ലയിലെ തടിയമ്പാട്‌ കൊച്ചുപറമ്പില്‍ തോമ ജോസഫിന്റെയും മേരിയമ്മയുടെയും മകനായി പിറന്ന ടോം ലിവര്‍പൂളിലെ ഊട്ടിങ്‌ അവന്യൂവിലാണ്‌ ഇപ്പോള്‍ താമസിക്കുന്നത്‌. ഭാര്യ സിനി മാത്യു എന്‍എച്ച്‌സ്‌ ഹോസ്‌പിറ്റലിലെ നഴ്‌സാണ്‌. ലിവര്‍പൂളില്‍ സ്വകാര്യ ബസ്‌ കമ്പനിയിലെ ഡ്രൈവറായ ടോമിനെ കമ്പനി ഈയ്യിടെ ഏറ്റവും മികച്ച അഞ്ചു ഡ്രൈവര്‍മാരില്‍ ഒരാളായി തിരഞ്ഞെടുത്തു. എട്ടു വയസ്സുകാരനായ ആന്റണിയും ആറു വയസ്സുള്ള അനു മരിയയുമാണ്‌ മക്കള്‍.

സ്വന്തം വ്യക്തിത്വം നില നിര്‍ത്തുന്ന എഴുത്തുകാരന്‍ എന്നതിനപ്പുറം അതി ശക്തമായ സാമുഹ്യ ഇടപെടല്‍ നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയാണ്‌ ടോം ജോസ്‌. ഏറ്റവും ഒടുവില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം അന്താരാഷ്‌ട്ര ശ്രദ്ധ നേടാന്‍ ലിവര്‍പൂളില്‍ ടോമിന്റെ നേതൃത്വത്തില്‍ നടത്തിയ സത്യാഗ്രഹം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലെ ഒട്ടേറെ മാധ്യമങ്ങള്‍ ഇത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. യുഎന്‍ സെക്രട്ടറി ജനറലിനും ബ്രിട്ടീഷ്‌ പ്രധാനമന്ത്രിക്കും വരെ ടോം ഈ വിഷയം ചൂണ്ടിക്കാട്ടി കത്ത്‌ അയച്ചു.

സുനാമി വന്ന്‌ അനേകം പേര്‍ വഴിയാധാരമായപ്പോള്‍ ടോം നേരിട്ട്‌ പിരിവ്‌ നടത്തി ഒന്നര ലക്ഷത്തില്‍ അധികം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്‌തിരുന്നു. ഇടുക്കിയിലെ വിപിഎംഎസ്‌ ബസ്‌ അപകടത്തില്‍ തളര്‍ന്നുപോയ സുജാത കുര്യനെ സഹായിക്കാന്‍ 50,000 രൂപ നല്‍കിയ ടോം ഇടുക്കി ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്ക്‌ ഭക്ഷണം നല്‍കുന്നതിനും സഹായം എത്തിച്ചിട്ടുണ്ട്‌. ഈ സാമൂഹ്യ പ്രതിബദ്ധതയില്‍ നിന്നാണ്‌ തന്നിലെ എഴുത്തുകാരന്‍ ജനിക്കുന്നതെന്നും ടോം പറഞ്ഞു. ബ്രിട്ടീഷ്‌ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ, റസിഡന്റ്‌ എഡിറ്റര്‍ കെ. ആര്‍ ഷൈജുമോന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഓരോ വര്‍ഷവും എഡിറ്റേഴ്‌സ്‌ ട്രോഫിക്ക്‌ അര്‍ഹത ഉള്ളവരെ തിരഞ്ഞെടുക്കുക. ഇരുവരും ചേര്‍ന്ന്‌ ടോമിന്‌ അവാര്‍ഡ്‌ വേദിയില്‍ വെച്ച്‌ ഇത്‌ സമ്മാനിക്കും.
ടോം ജോസ്‌ തടിയമ്പാടിന്‌ ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ അവാര്‍ഡ്‌ടോം ജോസ്‌ തടിയമ്പാടിന്‌ ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ അവാര്‍ഡ്‌ടോം ജോസ്‌ തടിയമ്പാടിന്‌ ബ്രിട്ടീഷ്‌ മലയാളി എഡിറ്റേര്‍സ്‌ അവാര്‍ഡ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക