Image

പിരിയുവതെങ്ങിനെ..? ( കവിത : രമണിയമ്മാൾ)

കവിത : രമണിയമ്മാൾ Published on 01 March, 2020
പിരിയുവതെങ്ങിനെ..? ( കവിത : രമണിയമ്മാൾ)
അകമേയാഴ്ന്നിറങ്ങിപ്പോയ്
പിരിമുറുക്കത്തിന്റെ വേരുകൾ..
രക്തമിറ്റാത്ത മുറിവുകളുടെ 
നോവുകൾ, ഉളളുനീറ്റലുകൾ...

ഈ വഴി രണ്ടായ് 
പിരിയുന്നിടത്തിലായ്
പിരിയേണം നാമിരുവരും 
ഇടതും വലതുമായ്...

സ്മരണകൾ ,നോവുകളിരമ്പുന്ന സാഗരം...

പഴികോർത്തു,  തമ്മിൽ
പിരിഞ്ഞേക്കാമെന്നൊരു
വിടുവാ പുലമ്പിപ്പോയ് 
നാവു പിഴച്ചുപോയ്....

എവിടെയുമെത്തില്ല യാത്രകൾ 
നമ്മളോ രണ്ടു  
സമാന്തര രേഖകൾ..
പഴികോർത്തു; മുന്നേറാനാവതില്ലെത്ര നാൾ..

വിധിയെ പഴിച്ചാലും 
വിവശരാണേറെ നാം..
വിടചൊല്ലിയകലാൻ മടിക്കുന്നു കാമനകൾ
പിടിവാശി തന്നെ ജയിക്കട്ടെയെന്നോ...

ഇടറുന്ന ചുവടോടെ
ഇടം വലം തിരിയവേ 
ഒരുമാത്ര മിഴികളിൽ മിഴികോർത്തുപോയില്ലേ...
തുളുമ്പിയടർന്നില്ലേ
കണ്ണീർ മുത്തുകൾ ..
നെഞ്ചിന്റെ കൂട്ടിൽ  കിളിക്കുഞ്ഞു 
കരഞ്ഞില്ലേ..

മൗനങ്ങളേവം കെഞ്ചിത്തളർന്നില്ലേ
മനസ്സിലെ  പായൽ ചുരണ്ടിയുണക്കി 
വെയിൽ പൂക്കും ചില്ലയിൽ 
ചേക്കേറാമിനിയെന്ന്..

ദയനീയം  മിഴികളിൽ  നിറയുന്ന യാചന
ഒരു നാളുമീ നമ്മൾ പിരിയല്ലെയെന്നല്ലേ...?


Join WhatsApp News
ഏച്ചു വച്ചാല്‍ 2020-03-02 06:42:11
'What is broken may remain so; ഏച്ചു വച്ചാല്‍ മുഴച്ചു നില്‍ക്കും- നാരദന്‍
താളം തെറ്റുമ്പോള്‍ 2020-03-02 06:48:19
പിരിയില്ല പിരിയില്ല എന്നൊക്കെ ഏറ്റു പറഞ്ഞു 'എല്ലാം നിനക്കുവേണ്ടി!; നീ ഇല്ലാതെ ജീവിക്കില്ല, ഞാൻ കൂടെ ചാവും - എന്നൊക്കെ പറഞ്ഞവരെ അറിയാം. ഇണ ചത്താൽ ഉടൻ മാട്രിമോണിയൽ കോളത്തിൽ പരതുന്നവരും അവർ തന്നെ. താളം തെറ്റുമ്പോൾ നിർത്തം നിറുത്തുന്നത് തന്നെ അല്ലെ നല്ലതു!- ചാണക്യന്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക