Image

പാല്‍ കുടി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നു ഗവേഷകര്‍

Published on 29 February, 2020
പാല്‍ കുടി സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്നു ഗവേഷകര്‍
ദിവസേനയുള്ള പാലും പാല്‍ ഉത്പന്നങ്ങളുടെ ഉപയോഗവും സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാന്‍ സാധ്യതയെന്ന് ഗവേഷകരുടെ വെളിപ്പെടുത്തല്‍. സ്ത്രീകളില്‍ മിതമായ അളവില്‍ പാല്‍ കുടിക്കുന്നതു പോലും രോഗസാധ്യത വര്‍ധിപ്പിക്കുമെന്ന് യു എസി ലെ ലോമ ലിന്‍ഡ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടു.

തീരെ ചെറിയ അളവില്‍ അതായത് ഒരു കപ്പിന്റെ മൂന്നിലൊന്ന് അല്ലെങ്കില്‍ നാലിലൊന്ന് കുടിക്കുന്നത് സ്തനാര്‍ബുദ സാധ്യത 30 ശതമാനം കൂട്ടുമെന്ന് ഗവേഷകയായ ഗാരി. ഇ. ഫ്രേസര്‍ പറയുന്നു. ദിവസം ഒരു കപ്പ് പാല്‍ കുടിക്കുന്നത് രോഗസാധ്യത 50 ശതമാനം കൂട്ടും. ദിവസം രണ്ടോ മൂന്നോ കപ്പ് പാല്‍ വീതം കുടിക്കുന്നവര്‍ക്ക് എഴുപതു മുതല്‍ എണ്‍പതു ശതമാനം വരെയാണ് രോഗ സാധ്യത എന്ന് തെളിഞ്ഞു. വടക്കേ അമേരിക്കയിലെ കാന്‍സര്‍ ബാധിക്കാത്ത 53000 സ്ത്രീകളിലാണ് ഈ പഠനം നടത്തിയത്. എട്ടു വര്‍ഷക്കാലം പഠനം നീണ്ടു നിന്നു.

സ്തനാര്‍ബുദത്തിന്റെ കുടുംബചരിത്രം, ശാരീരിക പ്രവര്‍ത്തനങ്ങള്‍, മദ്യോപയോഗം, ഹോര്‍മോണുകളുടെയും മറ്റ് മരുന്നുകളുടെയും ഉപയോഗം, സ്തനാര്‍ബുദ പരിശോധന, ഗൈനക്കോളജിക്കല്‍ ഹിസ്റ്ററി ഇവയും ചോദ്യാവലയിലൂടെ മനസ്സിലാക്കി.

പഠനം അവസാനിക്കാറാകുമ്പോഴേക്കും 1057 പേര്‍ക്ക് സ്തനാര്‍ബുദം ബാധിച്ചതായി കണ്ടു. മൃഗങ്ങളുടെ പാല്‍ അല്ലാതെ സോയ ഉല്‍പ്പന്നങ്ങളും രോഗസാധ്യതയും തമ്മില്‍ ബന്ധമൊന്നും കണ്ടില്ല. കൊഴുപ്പുള്ളതും ഇല്ലാത്തതുമായ പാല്‍ ഉപയോഗിക്കുന്നത് നേരിയ വ്യത്യാസം മാത്രമേ വരുത്തുന്നുള്ളൂ എന്നും പാല്‍ക്കട്ടി, തൈര് ഇവയും സ്തനാര്‍ബുദ സാധ്യതയുമായി ബന്ധമൊന്നും ഇല്ല എന്നും ഗവേഷകര്‍ പറഞ്ഞു. ഇന്റര്‍നാഷണല്‍ േജണല്‍ ഓഫ് എപ്പിഡെമിയോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക